എട്ടുകാലിവലയിലൂടെ കാണുന്ന മഴവില്ല്

എട്ടുകാലിവലയിലൂടെ കാണുന്ന മഴവില്ല്

മാണി പയസ്

പണ്ട് മലയാളി വെള്ളപ്പൊക്കം കണ്ടിരുന്നത് സിനിമാതീ യേറ്ററുകളിലെ സ്‌ക്രീനുകളില്‍ ആയിരുന്നു. സിനിമ തുടങ്ങുംമുമ്പ് പ്രദര്‍ശിപ്പിച്ചിരുന്ന ന്യൂസ് റീലുകളില്‍ ഉത്തരേന്ത്യയിലെ വെള്ളപ്പൊക്ക കെടുതികള്‍ വിശദമായി കാണിക്കും. ആസാം, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലെ ദൃശ്യങ്ങള്‍. അതോടു ചേര്‍ന്ന് പരുക്കന്‍ സ്വരത്തില്‍ പറഞ്ഞിരുന്ന കമന്ററിറികള്‍ മിമിക്രിക്കാര്‍ ഹാസ്യാനുകരണമാ ക്കി ആഘോഷിച്ചിരുന്നു. ഈ ന്യൂസ് റീലുകള്‍ കൃത്യമായി പ്ര ദര്‍ശിപ്പിക്കണമെന്നത് നിര്‍ബന്ധമായിരുന്നു. അക്കാര്യം പരിശോധിക്കേണ്ട അധികാരം സ്ഥലത്തെ പോസ്റ്റ്മാസ്റ്റര്‍ക്കായിരുന്നു. അദ്ദേഹം കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് അയയ്ക്കണം.
അക്കാലത്ത് വെള്ളപ്പൊക്ക കെടുതികളുടെ പേരില്‍ സഹായം ചോദിച്ച് കേരളത്തിലെ നാ ട്ടിന്‍പുറങ്ങളില്‍ ഉത്തരേന്ത്യന്‍ ഗ്രാമീണര്‍ എത്തിയിരുന്നു. പണവും പഴയ വസ്ത്രങ്ങളുമായിരുന്നു അവര്‍ക്കു വേണ്ടിയിരുന്നത്. ഇന്നിപ്പോള്‍ അവരെ കാണാനില്ല. കേരളം വെള്ളപ്പൊക്കത്തില്‍ പ്പെട്ട് ഉഴലുമ്പോള്‍ ഇങ്ങോട്ട് വരേണ്ടെന്ന് അവര്‍ തീരുമാനിച്ചതാകാം. ഒരുപക്ഷേ, അവരൊക്കെയാവാം അതിഥിതൊഴിലാളികളായി വന്നു നിറഞ്ഞത്.
മഴ പെയ്യുന്ന ഓരോ രാത്രിയും അവിവാഹിതനു നഷ്ടപ്പെടുന്ന സ്വര്‍ഗ്ഗമാണെന്ന് എഴുതിയത് കാല്പനികതയുടെ ഉപാസകനായ നന്തനാര്‍ ആണ്. ഇന്നിപ്പോള്‍ മഴപെയ്യുന്ന രാത്രികള്‍ മലയാളിയുടെ ഉറക്കം കെടുത്തുകയാണ്. സംഭവിച്ചേക്കാവുന്ന പ്രളയത്തെക്കുറിച്ചുള്ള ചിന്ത അവനെ ആകുലനാക്കുന്നു.
പ്രളയം മനുഷ്യജീവന്‍ അപഹരിക്കുന്നു. വസ്തുവകകള്‍ക്കും വിളകള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും നാശം വരുത്തുന്നു. മനുഷ്യരുടെ പൊതുവായ ആരോഗ്യനില തകരാറിലാക്കുന്നു. 2018-ലെ വന്‍പ്രളയത്തില്‍ ഇതിന്റെ മുഴുവന്‍ ദുരിതം കേരളം അനുഭവിച്ചതാണ്. 2019-ലെ പ്രളയത്തിനു ശക്തി കുറഞ്ഞിരുന്നതിനാല്‍ കെടുതികള്‍ കണ്ണീര്‍പ്പുഴയുടെ തടം തകര്‍ത്തില്ല.
കാലവര്‍ഷത്തോടൊപ്പം ന്യൂനമര്‍ദ്ദം അണിചേരുമ്പോഴാണ് കേരളത്തിന്റെ ഇടനെഞ്ചു തകരുന്നത്. അത് ഉരുള്‍പൊട്ടലായും ഡാമുകള്‍ നിറഞ്ഞു തുറുന്നുവിടുന്ന ജലപ്രവാഹമായും, ഒഴുകിപ്പോകാന്‍ ഇടമില്ലാതെ കണ്ടയിടങ്ങളിലെല്ലാം നിറയുന്ന പ്രളയമായും കേരളത്തെ കരയിക്കു ന്നു.
കരകവിഞ്ഞൊഴുകിയെന്നു നദികളെ കുറ്റം പറയുന്നതിനു മുമ്പ് തണ്ണീര്‍ത്തടങ്ങളും തോടുകളും ചാലുകളും നിരത്തി വില്ലകളും ഫ്‌ളാറ്റുകളും പണിതതിലെ വില്ലത്തരം നമ്മള്‍ ഏറ്റുപറയണം. പ്രകൃതി നല്കിയ അഴുക്കുചാലുകള്‍ മാത്രമല്ല ആസൂത്രണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച അഴുക്കുചാലുകള്‍ പോലും നികത്തി കൂടാരങ്ങള്‍ പണിയാന്‍ മടികാണിച്ചിട്ടില്ലാത്ത സമൂഹമാണിത്.
കോവിഡ് വര്‍ദ്ധിത വീര്യത്തോടെ നില്‍ക്കുന്ന ഇക്കാലത്ത് പ്രളയംകൂടി വന്നാല്‍ എന്തു സംഭവിക്കും? ദുരന്തനിവാരണ അതോറിറ്റി പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കിക്കഴിഞ്ഞു. എപ്പോള്‍ വേണമെങ്കി ലും ദുരിതാശ്വാസ ക്യാമ്പുകളിലേക്കു നീങ്ങുവാന്‍ ഒരുങ്ങിയിരിക്കണമെന്ന്. ഓരോ വര്‍ഷവും പ്രളയത്തെ ഭയന്ന് ജീവിക്കേണ്ട അവസ്ഥയിലേക്കു കേരളം എ ത്തിക്കഴിഞ്ഞു. 2018-ലെ പ്രളയത്തില്‍ ജീവിതം താറുമാറായ പ ലര്‍ക്കും അതു തിരികെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കുറി മഴകനത്തപ്പോള്‍ തന്നെ ഉരുള്‍പൊട്ടി വന്‍ദുരുന്തമുണ്ടായി.
മനുഷ്യചരിത്രം പരിശോധിച്ചാല്‍ പല കാലങ്ങളിലും പ്രളയം മനുഷ്യനെ കഠിനമായി പരീക്ഷിച്ചിട്ടുണ്ടെന്നു കാണാം. ലോകത്തിലെ എല്ലാ സംസ്‌കാരങ്ങളിലും ഈ പരീക്ഷണത്തിന്റെ വാമൊഴി കഥകളുണ്ട്. മാര്‍ക്ക് ഇസാക്ക് അത്തരം അനേകം കഥകള്‍ "Flood Stories from around the world" എന്ന പേരില്‍ സമാഹരിച്ചിട്ടുണ്ട്. എല്ലാ കഥകള്‍ക്കും തന്നെ ഒരേ സ്വഭാവമാണ്. മനുഷ്യന്റെ നന്ദിയില്ലായ്മയിലും അക്രമങ്ങളിലും മനംമടുത്ത ദൈവങ്ങള്‍ പ്രളയമുണ്ടാക്കി അവരെ കൊന്നൊടുക്കുന്നു. മനുഷ്യവംശം പാടേ നശിച്ചുപോകാതിരിക്കാന്‍ നല്ല ഒരു വ്യക്തിയെ കുടുംബത്തോടെ സംരക്ഷിക്കുന്നു. അയാള്‍ സകല ജീവജാലങ്ങളുടെയും പ്രതിനിധികളെയും ഫലവൃക്ഷങ്ങളുടെ വിത്തുകളെയും തന്റെ പെട്ടകത്തില്‍ സംരക്ഷിക്കുന്നു. പ്രളയം അവസാനിക്കുമ്പോള്‍ ജീവജാലങ്ങളുടെ ഒരു പുതിയ വംശം പിറവികൊള്ളുകയാണ്.
ഓരോ പ്രളയം കഴിയുമ്പോഴും കെടുതികള്‍ അനുഭവിക്കുന്ന കേരളീയര്‍ പുതിയ ജീവിതം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നു. എത്ര പേര്‍ക്ക് അതിനു കഴിയുന്നുണ്ടെന്ന് ആരും പരിശോധിച്ചിട്ടില്ല. അതിനു വേണ്ട പിന്തുണ അവര്‍ക്കു ലഭിക്കുന്നില്ലെന്നതാണു സത്യം. അത്തരക്കാര്‍ വീണ്ടും പ്രളയക്കെടുതിയില്‍ വീഴുന്ന അവസ്ഥ വന്നാല്‍ എത്ര സങ്കടകരമായിരിക്കും. സര്‍ക്കാരിന് ഒരു മുന്‍കരുതലിനും പഴുതില്ലേ? കൂടുതലായി പിന്തുണയ്ക്കാന്‍ ശക്തിയില്ലേ? ഈ അവസ്ഥയിലും നമുക്കു പ്രത്യാശയോടെ നീങ്ങാമെന്നേ പറയാനാവൂ.
ആര്‍തര്‍ റിംബോദിന്റെ 'പ്രളയശേഷം' എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്:
"പ്രളയത്തിനു ശക്തി കുറഞ്ഞപ്പോള്‍ ഒരു മുയല്‍, പൂക്കള്‍ ഇളകിയാടുന്ന പയറുചെടിക്കരികിലെത്തി. എന്നിട്ട് എട്ടുകാലി വലയിലൂടെ മഴവില്ലിനോടു പ്രാര്‍ത്ഥിച്ചു."
ദൂരെ തെളിയുന്ന പ്രത്യാശയാണ് മഴവില്ല്. ഒരു പ്രളയത്തിനും പകര്‍ച്ചവ്യാധിക്കും ജീവിത ത്തെ പാടേ തുടച്ചുനീക്കാനാവില്ല. എളിയ ജീവിതങ്ങളിലൂടെയാണെങ്കിലും ഭൂമിയില്‍ ജീവന്‍ അതിന്റെ തുടിപ്പ് നിലനിര്‍ത്തും. ഭൂമിയില്‍ പണ്ട് ഉണ്ടായിരുന്ന വലിയ ജീവികളാണു നിശ്ശേഷം ഇല്ലാതായത് എന്ന വസ്തുത ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. ബുദ്ധിശക്തികൊണ്ട് ഭൂമിയെ ഭരിക്കുന്നവന്‍ എന്നഭിമാനിക്കുന്ന 'വലിയവനായ' മനുഷ്യനെ കാത്തിരിക്കുന്ന വിധിയെ ന്താവും… അതു ഹതവിധി ആ വാതിരിക്കാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കാം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org