സാറയും അമ്മുവും പിന്നെ ജസിന്‍ഡയും

സാറയും അമ്മുവും പിന്നെ ജസിന്‍ഡയും

അടുത്ത കാലത്ത് പുറത്തിറങ്ങിയ മൈക്ക്, അമ്മു എന്നീ മലയാള സിനിമകള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നവയാണ്. സാറ എന്ന യുവതി മൈക്ക് എന്ന യുവാവായി മാറാന്‍ ആഗ്രഹിക്കുന്നു. അമ്മു ക്രൂരനായ ഭര്‍ത്താവില്‍നിന്ന് രക്ഷപ്പെടാന്‍ പരിശ്രമിക്കുന്നു.

സാറ കുട്ടിക്കാലം മുതല്‍ 'ഇവള്‍ക്ക് ഒരു ചെറുക്കനായി ജനിക്കാമായിരുന്നില്ലേ' എന്ന അമ്മയുടെ നിരാശകലര്‍ന്ന വാക്കുകള്‍ കേട്ടാണു വളര്‍ന്നത്. താന്‍ ആണായിരുന്നെങ്കില്‍ അമ്മയുടെ പ്രശ്‌നങ്ങള്‍ മാത്രമല്ല, തന്റെ പ്രശ്‌നങ്ങളും തീരുമെന്ന് അവള്‍ സങ്കല്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.

സാറയുടെ അപ്പന്‍ പാവം. ബിസിനസ്സ് പൊളിഞ്ഞതോടെ അമ്മ കുടുംബത്തിന്റെ നായികയായി. തായ്‌ക്കോണ്ടോ പഠിപ്പിക്കുന്ന കരുത്തനായ ചെറുപ്പക്കാരനുമായി അമ്മ ബന്ധം തുടങ്ങിയതോടെ അപ്പന്‍ ദൂരെ ഒരു എസ്‌റ്റേറ്റില്‍ ജോലി സ്വീകരിച്ച് സ്ഥലംവിട്ടു. ദുര്‍ബലന്റെ ഒളിച്ചോടല്‍.

ഓരോരുത്തരും തങ്ങളുടെ ഇഷ്ടമനുസരിച്ചു ജീവിക്കുന്നുവെന്നു തിരിച്ചറിഞ്ഞ സാറ ഒരു ദിവസം അമ്മയുടെ കാമുകനെ തല്ലിയശേഷം തന്റെ വിവാഹത്തിനായി കരുതിവച്ചിരുന്ന സ്വര്‍ണ്ണവുമെടുത്ത് വീടുവിട്ടിറങ്ങി. അപ്പനു പിന്നാലെ മകളുടെയും ഒളിച്ചോട്ടം.

അവളെ സഹായിക്കാന്‍ ആന്റണി എന്ന ചെറുപ്പക്കാരന്‍ തയ്യാറായി. ഒരു ദിവസം അമ്മയുടെ കാമുകന്‍ വന്ന് അവളെ ബലമായി പിടിച്ചുകൊണ്ടുപോയി വീട്ടില്‍ ബന്ധനത്തിലാക്കി. അയാള്‍ സാറയുടെ അമ്മയോടു പറയുന്നു: ''പെമ്പിള്ളേരായാല്‍ അടക്കി ഒതുക്കി വളര്‍ത്തണം.'' കൈക്കരുത്തില്‍ വിശ്വസിക്കുന്ന വ്യക്തിയുടെയും സമൂഹത്തിന്റെയും നിലപാട് അതാണ്.

ആ വാക്കുകള്‍ ലിംഗമാറ്റ ശസ്ത്രക്രിയവഴി ആണാകാനുള്ള സാറയുടെ ആഗ്രഹത്തെ ജ്വലിപ്പിക്കുകയാണു ചെയ്തത്. പിന്നീട് ആന്റണി വന്ന് അവളെ രക്ഷിച്ചു. തന്റെ സ്‌നേഹം തുറന്നു പറയാന്‍ അയാള്‍ ആഗ്രഹിച്ചെങ്കിലും ശസ്ത്രക്രിയ വഴി പുരുഷനാകാനുള്ള അവളുടെ ആവേശത്തിനു മുന്നില്‍ വാക്കുകള്‍ നഷ്ടപ്പെട്ടവനായി. സാറയുടെ ശസ്ത്രക്രിയയുടെ ദിവസം അയാള്‍ ഹിമാലയത്തിലേക്കു പോയി. അതും ഒളിച്ചോട്ടം തന്നെ. ആണായ സാറയെ കാണാന്‍ ഇഷ്ടമില്ലാത്തതു കൊണ്ടുള്ള പലായനം.

പിന്നീട് ആന്റണി മൈക്ക് എന്ന പേരില്‍ റേഡിയോ ജോക്കിയായി. സാറ ആണാകുമ്പോള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്ന പേരാണ് മൈക്ക്. അപ്രതീക്ഷിതമായി സാറ ആന്റണിയെ തേടിയെത്തി. സാറയുടെ മനസ്സ് മാറിയതിനാല്‍ ശസ്ത്രക്രിയ നടന്നില്ല. സാറ ആണാകാതെ ആന്റണിയോടൊപ്പം ജീവിതത്തിന്റെ മനോഹാരിതകളിലേക്കു മടങ്ങുന്നു.

പെണ്ണ് ആണാകുകയല്ല, ആണിന്റെ പിന്തുണ ആര്‍ജിക്കുക യാണു വേണ്ടതെന്ന സന്ദേശം ഈ സിനിമ നല്കുന്നു. എന്നാല്‍ 'അമ്മു' മുന്നോട്ടു വയ്ക്കുന്നത് സ്ത്രീ ആണിന്റെ കരുത്ത് ആര്‍ജിക്കണമെന്ന ചിന്തയാണ്.

ഒരു മാതൃകാഭാര്യയായി ജീവിക്കാന്‍ ഉറച്ചുകൊണ്ടാണ് അമ്മു ചെറുപ്പക്കാരനായ പൊലീസ് ഇന്‍സ്‌പെക്ടറുടെ ഭാര്യയായത്. മധുവിധുനാളുകള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ അ യാളുടെ ക്രൂരതകള്‍ക്ക് അവള്‍ ഇരയായി. ചെറിയ കാര്യങ്ങള്‍ക്കുപോലും മര്‍ദനം. അടി കിട്ടാത്ത ഒരു ദിവസം പോലും ഇല്ലെന്നായി.

അമ്മു എന്ന പേര് കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പണ്ടും ഇന്നും പരിചിതമായ ഒന്നാണ്. മാധവിക്കുട്ടിയുടെ കഥകളില്‍ ആവര്‍ത്തിച്ചുവരുന്നതാണിത്. മാധവിക്കുട്ടിയുടെ കഥാപ്രപഞ്ചത്തില്‍ അടക്കവും ഒതുക്കവുമുള്ള, ഉച്ചത്തില്‍ സംസാരിക്കാത്ത, ഭംഗിയുള്ള പെണ്‍കുട്ടി എന്ന സങ്കല്പമാണ് ഈ പേരിനോടു ചേര്‍ന്നു നില്‍ക്കുന്നത്. അത്തരം ഒരു കഥാപാത്രമാണ് അമ്മു എന്ന സിനിമയിലെ നായികയും.

അമ്മുവിന്റെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ ചിലര്‍ അവളെ സഹായിക്കാന്‍ തയ്യാറാകുന്നു. രണ്ടു കൊലപാതകങ്ങള്‍ നടത്തിയ മനുഷ്യന്റെ സഹായം സ്വീകരിക്കാനുള്ള ധൈര്യം പോലും അവള്‍ക്കുണ്ടാകുന്നു. അയാളുടെ നല്ല മനസ്സ് അവളും അവളുടെ മനസ്സിന്റെ നന്മ അയാളും തിരിച്ചറിയുന്നു. ഭര്‍ത്താവിന്റെ കപടമുഖം ചീന്തിയെറിഞ്ഞ് ജയിലിലേക്ക് അയയ്ക്കുന്നതോടെ അമ്മു ആദ്യവിജയം കുറിച്ചു. യഥാര്‍ത്ഥമായ ജീവിതവിജയം ഇനിയാണു നേടേണ്ടത്. സ്ത്രീകള്‍ പീഡനത്തില്‍ നിന്നു രക്ഷപ്പെടുന്നതു കൊണ്ടുമാത്രം പ്രശ്‌നം തീരുന്നില്ല. പുതിയൊരു ലോകം സ്വന്തമാക്കുമ്പോഴാണ് പുരുഷനു തുല്യയാകുന്നത്.

സ്ത്രീയെ പിറകോട്ടു വലിക്കുന്നത് താന്‍ സ്ത്രീയാണെന്ന ചിന്തയും അതിനോടു ബന്ധപ്പെട്ടു സമൂഹം അടിച്ചേല്പിക്കുന്ന പരാധീനതകളും അവളുടെ തന്നെ ഭയവുമാണ്. അതു തിരിച്ചറിഞ്ഞപ്പോള്‍ അമ്മുവിന് രക്ഷപ്പെടാനായി.

''അധികാരം കൊയ്യണം

ആദ്യം നാം.

അതിനുമേലാകട്ടെ

പൊന്നാര്യന്‍.'' എന്നത് ഇടശ്ശേരിയുടെ വരികളാണ്. ഏതു മാറ്റവും നീണ്ടു നില്‍ക്കുന്നതാകണമെങ്കില്‍ അധികാരത്തിന്റെ പിന്തുണ വേണം. അധികാര രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ കരുത്തു തെളിയിക്കുന്നുണ്ടെങ്കിലും സാമൂഹിക ശ്രേണിയിലെ അധികാര സങ്കല്പങ്ങളെ അട്ടിമറിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ രാജിവച്ചപ്പോള്‍ ഒരു പ്രമുഖ പത്രം ലേഖനത്തിനു കൊടുത്ത തലക്കെട്ട് 'മതി, ഇനി ജീവിക്കട്ടെ'' എന്നായത്. ജസിന്‍ഡ പുരുഷനായിരുന്നെങ്കില്‍ ഇങ്ങനെയൊരു തലക്കെട്ട് ഉണ്ടാകുമായിരുന്നില്ല. പുരുഷ കേന്ദ്രീകൃത ചിന്തയുടെ ഭാവനാ വിലാസമാണ് ഈ തലക്കെട്ട്.

രാജിപ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ ജസിന്‍ഡ കുടുംബ ജീവിതത്തിലേക്കു മടങ്ങിപ്പോകാനുള്ള താത്പര്യം പ്രകടിപ്പിച്ചുവെന്നതു സത്യമാണ്. പ്രധാനമന്ത്രിയായാലും സ്ത്രീ പൂര്‍ണ്ണത കൈവരിക്കുന്നത് വിജയകരമായ കുടുംബജീവിതം കൂടി നയിച്ചാലാണെന്ന സന്ദേശം ഇതില്‍ കണ്ടെത്തുകയാണ് പത്രം ചെയ്തത്. നമ്മുടെ സമൂഹത്തിലെ പൊതുവായ ധാരണയുടെ പ്രതിഫലനമാണിത്.

പ്രധാനമന്ത്രിയായിരിക്കെ ജസിന്‍ഡ പ്രസവിച്ചതും കൈക്കുഞ്ഞിനെ യു.എന്‍. പ്രതിനിധി സഭയില്‍ കൊണ്ടുപോയതും രാഷ്ട്രീയത്തില്‍ സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായി വാഴ്ത്തിയവര്‍ ഇപ്പോള്‍ നിശ്ശബ്ദരാണ്. പ്രസവിക്കുക എന്നതും കുട്ടികളെ പരിപാലിക്കുക എന്നതും ഏതവസ്ഥയിലും സ്ത്രീയുടെ ചുമതലയാണെന്ന പരമ്പരാഗത സങ്കല്പത്തിനു ബലം പകരുന്നതായിരുന്നു ആ ചിത്രങ്ങളെന്ന് ഇന്നു വായിച്ചെടുക്കാം. ജസിന്‍ഡയെ അനുകരിച്ച് നമ്മുടെ ഒരു വനിതാ കളക്ടര്‍ കൈക്കുഞ്ഞുമായി പ്രസംഗിച്ചത് വിവാദമാകുകയുണ്ടായി.

അതേസമയംതന്നെ ജസിന്‍ഡയുടെ രാജി ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക നില മോശമാണ്, കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നു, ഇവയ്ക്കു പുറമെ പ്രതിപക്ഷ നേതാവിനെപ്പറ്റി അസഭ്യം കലര്‍ത്തി അടക്കം പറഞ്ഞത് ഓണ്‍ ആയിരുന്ന മൈക്കിലൂടെ ലൈവായി കേട്ടത് പ്രതിച്ഛായ തകര്‍ത്തു. ഈ സാഹചര്യങ്ങളില്‍ നിന്ന് ഓടിയൊളിക്കാന്‍ കുടുംബത്തെ കൂട്ടുപിടിക്കുകയായിരുന്നുവെന്നാണ് വിമര്‍ശനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org