
മറയൂരില്‍ കിഴക്കോട്ട് ഒഴുകുന്ന പാമ്പാറിനു കുറുകെ നീളം കൂടിയ ഒരു തൂക്കുപാലം ഉണ്ടായിരുന്നു. തൂണുകളില്‍ ബന്ധിപ്പിച്ചിരിക്കുന്ന ഉരുക്കു ചങ്ങലകളില്‍ ഭാരം വഹിക്കുന്ന പ്രധാന ഭാഗങ്ങള്‍ തൂക്കിയിട്ട പാലത്തെയാണ് തൂക്കുപാലം എന്നു വിളിക്കുന്നത്. കാല്‍നടക്കാര്‍ക്കും ആവശ്യമെങ്കില്‍ കന്നുകാലികള്‍ക്കും ഉപയോഗിക്കാനുള്ളതാണ് ആടിക്കളിക്കുന്ന ഈ പാലം. ഈ പാലത്തിലൂടെ ബുള്ളറ്റ് ഓടിച്ചുപോയിരുന്ന ഒരാള്‍ മറയൂരിലുണ്ടായിരുന്നുവെന്ന് നാട്ടുകാരനായ സുഹൃത്ത് പറഞ്ഞപ്പോള്‍ അത്ഭുതവും ഞെട്ടലും ഒരുമിച്ചുണ്ടായി. ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് 135 പേര്‍ മരിച്ച ദുരന്തമുണ്ടായ ദിവസമാണ് സുഹൃത്ത് ഇക്കാര്യം പറഞ്ഞത്. കാല്‍നടക്കാര്‍ക്കു വേണ്ടിയുള്ള തൂക്കുപാലത്തിലൂടെ വണ്ടിയോടിക്കുന്നത് അക്രമമാണ്.
കേരളത്തെ ഒരു തൂക്കുപാലമായി സങ്കല്പിക്കുന്നതില്‍ തെറ്റില്ല. ആകൃതികൊണ്ടും ഇപ്പോള്‍ അരങ്ങേറുന്ന സംഭവങ്ങള്‍ കൊണ്ടും ആ സങ്കല്പം ഇണങ്ങുന്നതാണ്. കേരളമാകുന്ന തൂക്കുപാലത്തിലൂടെ കയ്യൂക്കുള്ളവരെല്ലാം തോന്നിയ മാതിരി വണ്ടികള്‍ ഓടിക്കുകയാണ്. ഏറ്റവും ഒടുവില ത്തെ ഉദാഹരണമാണ് ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും വണ്ടിയോട്ടങ്ങള്‍. സംസ്‌കാരത്തെയും പ്രായത്തെയും കുറിച്ചുള്ള എല്ലാ സാമാന്യ ധാരണകളെയും തകര്‍ത്തെറിയുകയാണിവര്‍.
സംഘടിതമായ കുറ്റകൃത്യങ്ങളുടെയും അഴിമതിയുടെയും നാടായി കേരളം മാറിക്കഴിഞ്ഞു. രണ്ടിനും പ്രധാനനേതൃത്വം നല്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളാണ്. കേഡര്‍ ഘടനകൊണ്ടും അധികാരത്തിലിരിക്കുന്നതുകൊണ്ടും അതില്‍ മുന്നില്‍ നില്‍ക്കുന്നത് സി പി എമ്മാണ്. സി പി എമ്മിന്റെ നയങ്ങളോട് ബുദ്ധിപരമായി പ്രതികരിക്കാന്‍ ആളുകുറവായതുകൊണ്ടാണ് ഗവര്‍ണര്‍ ആ റോള്‍ ഏറ്റെടുത്തപ്പോള്‍ കൈയടി ഉയരുന്നത്. ഗവര്‍ണര്‍ പറയുന്നത് തെറ്റാണെന്നല്ല, ഗവര്‍ണര്‍ അങ്ങനെ ചോദിക്കാമോ എന്നു മാത്രമാണ് വിമര്‍ശനം.
ജനാധിപത്യക്രമത്തിന്റെ ഭാഗമായി നിലനില്ക്കുന്ന പദവിയാണ് ഗവര്‍ണര്‍. അതിനാല്‍ പൊതുവായ കാര്യത്തില്‍ പ്രതികരിക്കാന്‍ വിളിച്ചു ചേര്‍ക്കുന്ന മാധ്യമ സമ്മേളനത്തില്‍ ചില മാധ്യമ പ്രതിനിധികളോട് കടക്കൂ പുറത്ത് എന്നു പറയുന്നത് ജനാധിപത്യ വിരുദ്ധമാണ്. ജനാധിപത്യത്തില്‍ ഫോര്‍ത്ത് എസ്റ്റേറ്റിനുള്ള സ്ഥാനം നിഷേധിക്കലാണ്. മുമ്പ് ഇതുപോലെ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നത് അത് ആവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ന്യായവാദമാക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി പറഞ്ഞപ്പോഴുണ്ടാകാത്ത മാധ്യമ പ്രതിഷേധം ഗവര്‍ണര്‍ പറഞ്ഞപ്പോള്‍ ഉണ്ടാകുന്നതിനെ ഇടതുപക്ഷ തന്ത്രമായി കാണാതെ മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യുന്ന തെറ്റു തിരുത്തലായി കാണുന്നതാണ് ഭംഗി. ഇതിന്റെ ഫലമായി പിണറായി സര്‍ക്കാര്‍ തയ്യാറാക്കി വച്ചിരുന്ന മാധ്യമ നിയന്ത്രണ ബില്‍ തല്‍ക്കാലം കോള്‍ഡ് സ്‌റ്റോറേജിലായി.
അക്രമങ്ങളും അനീതികളും സ്വജനപക്ഷപാതങ്ങളും ചൂഷണങ്ങളും അസത്യപ്രഘോഷണങ്ങളും വ്യാജവാഗ്ദാനങ്ങളും കണ്ടും കേട്ടം അനുഭവിച്ചും കേരളീയരുടെ മനസ്സുകള്‍ തഴമ്പുപിടിച്ചതായിരിക്കുന്നു. ഒന്നും ബാധിക്കാത്ത അവസ്ഥ. ക്രൈം കേരള സമൂഹം ഉള്‍ക്കൊണ്ടിരിക്കുന്നു. ഇതിനെ ലാറ്റിനമേരിക്കന്‍ യാഥാര്‍ത്ഥ്യമായാണ് പണ്ട് നമ്മള്‍ വായിച്ചിരുന്നത്. കേരളം ലാറ്റിനമേരിക്ക ആയിക്കഴിഞ്ഞു. ഇടതുപക്ഷ ശക്തിയും വലതുപക്ഷ പ്രതിരോധവും അനുയോജ്യമായ പശ്ചാത്തലം പ്രധാനം ചെയ്യുന്നു. വളരുന്ന ലഹരിക്കച്ചവടം ലാറ്റിനമേരിക്കന്‍ അവസ്ഥയിലേക്ക് കേരളത്തെ അതിവേഗം നയിക്കുന്നു. ലഹരി കയറി മനുഷ്യര്‍ ചെയ്യുന്ന കൊടുംക്രൂരതകള്‍ വര്‍ദ്ധിക്കുന്നു.
ഭാവിയെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികളും ഭരണനേതൃത്വവും നല്കുന്ന വ്യാജവാഗ്ദാനങ്ങള്‍ മാത്രമേ നമ്മുടെ മുന്നിലുള്ളൂ. മത്സ്യക്കുളത്തില്‍ അരിഞ്ഞിടുന്ന പച്ചിലകള്‍ വെട്ടിവിഴുങ്ങുന്ന വളര്‍ത്തു മത്സ്യങ്ങളെപ്പോലെയാണ് കേരളീയര്‍. വിഴുങ്ങുന്നു, വിസര്‍ജിക്കുന്നു. അതിനപ്പുറം ഒന്നും സംഭവിക്കുന്നില്ല.
ഏറ്റവും കൂടുതല്‍ കബളിപ്പിക്കപ്പെടുന്നത് കര്‍ഷകരാണ്. കേരളത്തില്‍ കന്നുകാലിത്തീറ്റ വിലകുറച്ച് ഉത്പാദിപ്പിക്കുവാന്‍ കര്‍ഷകരോട് ചോളം കൃഷി ചെയ്യാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ബഹുമാനപ്പെട്ട മൃഗസംരക്ഷണ വകുപ്പുമന്ത്രി. അങ്ങനെ കൃഷി ചെയ്തുണ്ടാക്കുന്ന ചോളം മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടിയ വിലയ്ക്ക് കേരള ഫീഡ്‌സ് സംഭരിക്കുമത്രേ.
ഈ വാഗ്ദാനം ഉറപ്പായി മാറണമെങ്കില്‍ കേരള ഫീഡ്‌സ് ലിമിറ്റഡ് കര്‍ഷകരുമായി കരാര്‍ ഒപ്പുവയ്ക്കണം. കര്‍ഷകര്‍ക്കു ചെലവാകുന്ന തുകയും കുറഞ്ഞത് 30 ശതമാനം ലാഭവും കരാറിന്റെ ഭാഗമായി ലഭ്യമാക്കണം. ഇല്ലെങ്കില്‍ കൊക്കോ കൃഷിക്കും ഇപ്പോള്‍ മറയൂരിലെ കരിമ്പുകൃഷിക്കും സംഭവിച്ചിരിക്കുന്ന അവസ്ഥ വരും.
കൊക്കോയുടെ കഥ പഴയതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമായതുകൊണ്ട് വിശദീകരിക്കേണ്ട കാര്യമില്ല. മറയൂരിലെ ഗുണമേന്മ കൂടിയ കരിമ്പുകൊണ്ട് ഉണ്ടാക്കുന്ന മറയൂര്‍ ഉണ്ട ശര്‍ക്കരയ്ക്കു പേറ്റന്റ് ലഭിച്ചിട്ടും നഷ്ടംമൂലം കര്‍ഷകര്‍ ഒന്നൊന്നായി കരിമ്പുകൃഷി നിര്‍ത്തുകയാണ്. തൊഴിലാളികളുടെ കൂലി വര്‍ധന, രാസവളത്തിന്റെവന്‍ വില, കരിമ്പിന്റെ വിലക്കുറവ്, തമിഴ്‌നാട്ടില്‍നിന്നും വരുന്ന ശര്‍ക്കരയ്ക്കു വിലകുറവായതിനാല്‍ കച്ചവടക്കാര്‍ അതു പ്രമോട്ട് ചെയ്യുന്നത് തുടങ്ങിയ ഘടകങ്ങളാണ് കാരണം. ഇതില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. കരിമ്പിനു മിനിമം വില ഉറപ്പാക്കാന്‍ എന്തെങ്കിലും ചെയ്യാനാകുമോ എന്ന ആലോചനയും ഉണ്ടാകുന്നില്ല.
കൊക്കോ പ്രയോജനപ്പെടുത്താന്‍ വീടുകളില്‍ ഹോംമെയ്ഡ് ചോക്കലേറ്റ് ഉണ്ടാക്കുന്നതുപോലെ മറയൂരിലെ ശര്‍ക്കര കൊണ്ട് വ്യത്യസ്തങ്ങളും ആകര്‍ഷകങ്ങളുമായ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണനം ചെയ്യുവാന്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്. പുതിയ കൃഷി സാധ്യതകള്‍ തേടുന്നതോടൊപ്പം കാലങ്ങളായി നിലനില്ക്കുന്നവ നശിക്കാതെയും നോക്കണം. സ്വിറ്റ്‌സര്‍ലന്റിനെ പാഠമാക്കാം.
സംഘടിത മേഖലകളിലുള്ള തൊഴിലുകള്‍ നഷ്ടപ്പെടാതെ നോക്കുക. അവയിലുള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കുക, അത്തരം തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിച്ച് തങ്ങളുടെ ആളുകളെ തിരുകിക്കയറ്റുക തുടങ്ങിയവയാണ് അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത്. സര്‍ക്കാര്‍ ജോലിയാണ് ഏറ്റവും ആര്‍ഷകമായ മേഖല. രാജ്യത്തിന്റെ വരുമാനത്തില്‍ അതിഭീമമായ പങ്ക് ശമ്പളവും പെന്‍ഷനുമായി ഒഴുകുകയാണ്. എന്നിട്ടും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി കൊണ്ടുവന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അട്ടിമറിച്ച് അധികാരം കിട്ടുമോയെന്നു നോക്കാന്‍ ദേശീയ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവരാണിവര്‍.
manipius59@gmail.com