'നോട്ട' ഭൂരിപക്ഷം നേടിയാല്‍...

'നോട്ട' ഭൂരിപക്ഷം നേടിയാല്‍...

സൂറത്തില്‍ മുകേഷ് ദലാലും 'നോട്ട'യും തമ്മില്‍ നേരിട്ട് മത്സരിക്കേണ്ടി വന്നിരുന്നെങ്കില്‍ ഒരുപക്ഷെ, 'നോട്ട' ജയിച്ചാലോ? ദലാല്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം നെഗറ്റീവ് ആണെന്ന തോന്നല്‍ ജനങ്ങളില്‍ വര്‍ധിച്ചിട്ടുണ്ടെങ്കില്‍ സംഭവിക്കാവുന്ന കാര്യമാണിത്. അത്തരം ഒരു സംഭവം ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുന്നതായിരിക്കും.

മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി അഞ്ചുതവണ എം പി ആയി തിരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് ഗുജറാത്തിലെ സൂറത്ത്. 1989 മുതല്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയാണ് ഇവിടെ നിന്നു ജയിക്കുന്നത്. അടുത്തകാലത്ത് ഇവിടെ ആം ആദ്മി പാര്‍ട്ടിക്കു വര്‍ധിച്ചു വരുന്ന ജനപിന്തുണ ബി ജെ പി യെ അസ്വസ്ഥപ്പെടുത്തുന്നുണ്ടായിരുന്നു. അതിനാലാവണം എതിരാളികളുടെ പത്രിക പിന്‍വലിപ്പിക്കല്‍ തന്ത്രം പരീക്ഷിച്ചത്. വോട്ടെടുപ്പിനേക്കാള്‍ വോട്ടെടുക്കാതെ ജയിക്കുകയാണ് സുരക്ഷിതമെന്നു കരുതിക്കാണും. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയും അവരുടെ ഡമ്മി സ്ഥാനാര്‍ത്ഥിയും തള്ളപ്പെടാന്‍ തക്ക രീതിയില്‍ പത്രിക സമര്‍പ്പിച്ച് ഉദിഷ്ടകാര്യം സാധിച്ചപ്പോള്‍, മറ്റു സ്ഥാനാര്‍ത്ഥികള്‍ പത്രികകള്‍ പിന്‍വലിച്ചു. അങ്ങനെ ബി ജെ പി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ദലാലിന്റെ വിജയത്തെ ദല്ലാളുമാരുടെ കുതന്ത്ര വിജയമാണെന്ന് ആക്ഷേപിച്ചാലും കോണ്‍ഗ്രസ്സിന്റെ ബുദ്ധിയില്ലായ്മയും അവരുടെ സ്ഥാനാര്‍ത്ഥിയുടെ പ്രതിബദ്ധതാരാഹിത്യവും കാണാതിരുന്നുകൂടാ. ആം ആദ്മി സ്ഥാനാര്‍ത്ഥിയായിരുന്നു സൂറത്തിലെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെപ്പോലെ ചതിക്കുമായിരുന്നില്ല. കാരണം, പോരാടാന്‍ കാരണങ്ങളുള്ളതുകൊണ്ടാണ് അവര്‍ രാഷ്ട്രീയത്തില്‍ വന്നിരിക്കുന്നത്. വിശ്വസ്തരായ സ്ഥാനാര്‍ത്ഥികളെപ്പോലും കണ്ടെത്താന്‍ കഴിയാത്ത കോണ്‍ഗ്രസ് നേതൃത്വത്തെ എന്തു പറഞ്ഞാണ് വിശേഷിപ്പിക്കുക. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കും അയാളെ പിന്തുണച്ചവര്‍ക്കും എതിരേ വ്യാജ ഒപ്പിട്ടതിനു കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി.

സൂറത്ത് സംഭവം ഇന്‍ഡോറിലും ആവര്‍ത്തിച്ചു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അക്ഷയ് കാന്തി ബം പത്രിക പിന്‍വലിച്ച് ബി ജെ പി യില്‍ ചേര്‍ന്നു. 2014 മുതല്‍ 2019 വരെ ലോക്‌സഭാ സ്പീക്കറായിരുന്ന സുമിത്ര മഹാജന്‍ 1989 മുതല്‍ 2014 വരെ തുടര്‍ച്ചയായി ഇവിടെ നിന്നാണ് ജയിച്ചത്. 2019-ല്‍ ബി ജെ പി ക്കാരനായ ശങ്കര്‍ ലാല്‍വാനി ജയിച്ചു. ഇത്തവണയും ശങ്കര്‍ സ്ഥാനാര്‍ത്ഥിയാണ്. ഇത്രമാത്രം ശക്തിയുള്ള മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിക്കേണ്ട കാര്യം ബി ജെ പി ക്കുണ്ടെന്നു കരുതാന്‍ ബുദ്ധിമുട്ടാണ്. കാന്തി ബം ബി ജെ പി യില്‍ ഇടിച്ചു കയറാന്‍ കിട്ടിയ അവസരമായി സ്ഥാനാര്‍ത്ഥിത്വത്തെ കണ്ടതാവണം. ഒരു ബം ബം ബം കളി....

അധികാരത്തിലിരിക്കുന്ന വ്യക്തിയുടെ ഏറ്റവും വലിയ ഉത്ക്കണ്ഠ അധികാരം നഷ്ടപ്പെടുന്നതിനെക്കുറിച്ചായിരിക്കും. അതുകൊണ്ട് 'തോന്നയ്ക്കല്‍ പഞ്ചായത്തിലെ അരിമണികള്‍ അരിച്ചു പെറുക്കുന്നതുപോലെ' ഇന്ത്യയിലെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും മോദിയുടെ സൂക്ഷ്മ നിരീക്ഷണമുണ്ട്. ആവശ്യമുള്ളിടത്ത് പുതുതന്ത്രങ്ങള്‍ പരീക്ഷിക്കുന്നുണ്ട്. അവ എത്രത്തോളം ജനാധിപത്യപരമാണെന്നത് മറ്റൊരു വിഷയമാണ്. ലക്ഷ്യം ജയം മാത്രമാണ്. ഇതിനെ മറികടക്കാനോ തുല്യത നേടാനോ തക്ക ഒരു തന്ത്രവും കോണ്‍ഗ്രസിനില്ല, ദൗര്‍ബല്യങ്ങള്‍ ഒന്നൊന്നായി വെളിപ്പെടുകയും ചെയ്യുന്നു.

ഉത്തര്‍പ്രദേശിലെ കനൗജി സ്ഥാനാര്‍ത്ഥിയായി സമാജ്‌വാദി നേതാവ് അഖിലേഷ് യാദവ് രംഗത്തു വന്നിട്ടും കോണ്‍ഗ്രസ്സുകാര്‍ രാഹുലിനെയും പ്രിയങ്കയെയും സ്ഥാനാര്‍ത്ഥികളാക്കാന്‍ ചര്‍ച്ച നടത്തുന്നതേയുള്ളൂ. അധികാരം നിലനിര്‍ത്താന്‍ ബി ജെ പി ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന ഉത്തര്‍പ്രദേശില്‍ അവരുടെ സീറ്റുകള്‍ കുറയ്ക്കാനാണ് പ്രമുഖ നേതാക്കള്‍ സ്ഥാനാര്‍ത്ഥികളാകുകയെന്ന തന്ത്രം പ്രതിപക്ഷ മുന്നണി കൈക്കൊണ്ടിരിക്കുന്നത്. അതിനോട് ആവേശത്തോടെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ്സിനാകുന്നില്ല. പ്രഖ്യാപനം നീളുന്തോറും സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയാകു മെന്നും അവസാന നിമിഷം രാഹുലിനെ രംഗത്തിറക്കിയാല്‍ ഗുണം ചെയ്യുമെന്നുമാണ് കോണ്‍ഗ്രസ്സ് നേതൃത്വം കരുതുന്നതത്രെ. വെടിക്കെട്ടിന്റെ സമയം കഴിഞ്ഞ് നേരം വെളുത്തശേഷം വെടിക്കെട്ട് കാഴ്ചവച്ചാല്‍ കാഴ്ചക്കാര്‍ക്ക് മതിപ്പു തോന്നില്ല. അതുപോലെയാകുമോ, കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടല്‍.

ഇതിനിടയില്‍ കോണ്‍ഗ്രസ്സിന് ആശ്വാസം പകരാന്‍ മറ്റൊരു കാര്യം ഉടലാര്‍ന്നു വന്നിട്ടുണ്ട്. സൂറത്തില്‍ മുകേഷ് ദലാലിനു വ്യക്തികളായ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതെ വന്നെങ്കിലും വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമായി നോട്ട (ചഛഠഅ) അവശേഷിച്ചിരുന്നു. ഒരു ഹര്‍ജിയില്‍ സുപ്രീംകോടതി ഇലക്ഷന്‍ കമ്മീഷന് നോട്ടീസ് അയച്ചു. ഒരു മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് 'നോട്ട'യ്ക്കു ലഭിച്ചാല്‍ ആ തിരഞ്ഞെടുപ്പ് അസാധുവാക്കി പുതിയ ഇലക്ഷന്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 'നോട്ട'യോട് തോറ്റ സ്ഥാനാര്‍ത്ഥികളെ തുടര്‍ന്നുള്ള ഇലക്ഷനില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2013 മുതലാണ് തിരഞ്ഞെടുപ്പില്‍ നോട്ട (ചഛഠഅ) രംഗപ്രവേശം ചെയ്തത്. ചീില ീള വേല അയീ്‌ല (ഇവരില്‍ ആരുമല്ല) എന്നാണ് ചഛഠഅ യുടെ മുഴുവന്‍ രൂപം. ഒരു വോട്ടര്‍ക്ക് സ്ഥാനാര്‍ത്ഥികളായ ആരെയും തിരഞ്ഞെടുക്കാന്‍ താത്പര്യമില്ലെങ്കില്‍ ചഛഠഅ യ്ക്ക് വോട്ടു ചെയ്യാം. 2013-ല്‍ ഛത്തീസ്ഗഢ്, മിസോറാം, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും ഡല്‍ഹിയിലേക്കും നടന്ന തിരഞ്ഞെടുപ്പുകളിലാണ് 'നോട്ട' ആദ്യം പരീക്ഷിച്ചത്.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 'നോട്ട'യ്ക്ക് 1.04% വോട്ടാണു കിട്ടിയത്. ഗോപാല്‍ഗഞ്ച് മണ്ഡലത്തില്‍ 'നോട്ട'യ്ക്കു കിട്ടിയ 5 ശതമാനമായിരുന്നു ഏറ്റവും കൂടുതല്‍.

സ്ഥാനാര്‍ത്ഥികളാരും യോഗ്യരല്ല എന്നു കണ്ടാല്‍ വോട്ട് ചെയ്യുന്നില്ല എന്ന നിലപാട് വെടിഞ്ഞ്, ഇവരാരുമല്ല ഞാന്‍ സ്വപ്നം കാണുന്ന സ്ഥാനാര്‍ത്ഥിയെന്നു പ്രഖ്യാപിക്കാനുള്ള അവസരം 'നോട്ട' നല്കുന്നു. അതേ സമയം നോട്ടയ്ക്ക് വോട്ട് ചെയ്യുന്ന വോട്ടര്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന വാദം ഉന്നയിക്കപ്പെടുന്നുണ്ട്. സ്ഥാനാര്‍ത്ഥികളുടെ കഴിവുകളും ദൗര്‍ബല്യങ്ങളും അറിഞ്ഞ്, അവര്‍ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളുടെ നന്മതിന്മകള്‍ മനസ്സിലാക്കി വോട്ട് ചെയ്യുകയെന്ന ചുമതലയില്‍ നിന്നാണ് വോട്ടര്‍ ഒളിച്ചോടുന്നതെന്നാണ് അവരുടെ വാദം.

സൂറത്തില്‍ മുകേഷ് ദലാലും 'നോട്ട'യും തമ്മില്‍ നേരിട്ട് മത്സരിക്കേണ്ടി വന്നിരുന്നെങ്കില്‍ ഒരുപക്ഷെ, 'നോട്ട' ജയിച്ചാലോ? ദലാല്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം നെഗറ്റീവ് ആണെന്ന തോന്നല്‍ ജനങ്ങളില്‍ വര്‍ധിച്ചിട്ടുണ്ടെങ്കില്‍ സംഭവിക്കാവുന്ന കാര്യമാണിത്. അത്തരം ഒരു സംഭവം ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുന്നതായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org