
മുത്തശ്ശി പേരക്കുട്ടിയെ മടിയില്‍ കിടത്തി കഥ പറയുകയാണ്. ഒരിടത്തൊരിടത്ത് സുന്ദരനും നല്ലവനുമായ ഒരു രാജകുമാരന്‍ ഉണ്ടായിരുന്നു. പ്രജകള്‍ക്കെല്ലാം കുമാരനെ വലിയ ഇഷ്ടമായിരുന്നു. കുമാരന് വെളുത്ത് നല്ല സൗന്ദര്യമുള്ള ഒരു കുതിരയുണ്ടായിരുന്നു. കുമാരന്‍ എല്ലാ ദിവസവും ആ കുതിരയുടെ പുറത്തുകയറി സവാരി ചെയ്യും.
ഒരു ദിവസം സവാരി ചെയ്ത് ഒരു പൂന്തോട്ടത്തിലെത്തി. അവിടെ പൂക്കള്‍ ശേഖരിച്ചുകൊണ്ട് അതിസുന്ദരിയായ ഒരു പെണ്‍കുട്ടി നില്‍ക്കുന്നു. അവള്‍ പൂക്കള്‍ പറിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചിരിക്കുകയാണ്. ഒരു സര്‍പ്പം കുറച്ചകലെ പത്തി വിടര്‍ത്തി നില്‍ക്കുന്നത് അവള്‍ അറിഞ്ഞില്ല. അതു കണ്ട കുമാരന്‍ കുതിരപ്പുറത്ത് പാഞ്ഞു ചെന്ന് വാള്‍കൊണ്ട് സര്‍പ്പത്തിന്റെ തലയറുത്തു. ശബ്ദം കേട്ട് പെണ്‍കുട്ടി തിരിഞ്ഞുനോക്കിയപ്പോള്‍ കുതിരപ്പുറത്ത് ഊരിപ്പിടിച്ച വാളുമായി ഒരു യുവാവ്. അരികില്‍ തലയറ്റ് ചോരയില്‍ മുങ്ങിക്കിടക്കുന്ന പാമ്പ്.
പൂക്കുട താഴെയിട്ട് പെണ്‍കുട്ടി 'അയ്യോ' എന്നു നിലവിളിച്ചു. കുമാരന്‍ പറഞ്ഞു: 'പേടിക്കേണ്ട. ഞാന്‍ ഭവതിയെ വീട്ടില്‍ കൊണ്ടു ചെന്നാക്കാം.' കുമാരന്‍ അവളെ കുതിരപ്പുറത്തു കയറ്റി വീട്ടില്‍ കൊണ്ടുചെന്നാക്കി. രാജകുമാരനോടൊപ്പം കുതിരപ്പുറത്തു വന്ന മകളെ കണ്ട് അച്ഛനും അമ്മയും അന്ധാളിച്ചു. അവര്‍ പറഞ്ഞപ്പോഴാണ് തന്നെ രക്ഷിച്ചത് രാജകുമാരനാണെന്ന് പെണ്‍കുട്ടി അറിഞ്ഞത്. കുമാരന്‍ അവരോട് യാത്ര പറഞ്ഞ് കൊട്ടാരത്തിലേക്കു പോയി.
കൊട്ടാരത്തില്‍ ചെന്ന കുമാരന് ആ പെണ്‍കുട്ടിയെ വീണ്ടും കാണണമെന്ന് തോന്നി.
പേരക്കിടാവ് കണ്ണടച്ചു കിടക്കുന്നതു കണ്ടപ്പോള്‍ ഉറങ്ങുകയാണെന്നു കരുതിയ മുത്തശ്ശി കഥ അവിടെ അവസാനിപ്പിച്ചു. അപ്പോഴാണ് കൊച്ചുമകന്റെ ചോദ്യം: 'എന്നിട്ട് രാജകുമാരന്‍ എന്തു ചെയ്തു?' അതിനുത്തരമായി മുത്തശ്ശി വീണ്ടും കഥ പറയാന്‍ തുടങ്ങി.
കഥ പറയാനും കേള്‍ക്കാനും താത്പര്യമുള്ള ജീവിയാണു മനുഷ്യന്‍. മറ്റു മനുഷ്യരെപ്പറ്റിയും ചുറ്റുമുള്ള ലോകത്തെപ്പറ്റിയും അറിയാനുള്ള കൗതുകമാണ് ഒരു പ്രധാന കാരണം. ഏതുകാര്യവും സംഖ്യകളും ഗ്രാഫുകളും ഉപയോഗിച്ചു പറയുന്നതിനേക്കാള്‍ കഥാരൂപത്തില്‍ പറയുന്നതാണ് മനുഷ്യന്റെ മനസ്സില്‍ വേഗത്തില്‍ കടക്കുകയും ഇരിപ്പുറപ്പിക്കുകയും ചെയ്യുന്നത്. നീതിയും നിയമവും ഭരണവും യുദ്ധവും സംബന്ധിച്ച വിഷമംപിടിച്ച കാര്യങ്ങള്‍ കഥകളിലൂടെ പഠിപ്പിച്ചിരുന്നുവെന്ന് പഞ്ചതന്ത്രം കഥകള്‍ വ്യക്തമാക്കുന്നു. അറബി നാടുകളില്‍ കഥപറച്ചില്‍ തൊഴിലാക്കിയ വര്‍ ഉണ്ടായിരുന്നു. അവര്‍ ചന്തസ്ഥലത്ത് കൂടാരം കെട്ടി കഥ പറയാനിരിക്കും. കഥ കേള്‍ക്കേണ്ടവര്‍ പണം നല്‍കി കൂടാരത്തില്‍ കയറി കഥകള്‍ കേട്ട് രസിക്കും.
ഏറെദൂരം നടന്ന് അക്കിത്തം മനയില്‍ ചെന്ന് പുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടു വീട്ടില്‍ വന്ന് ഒരു രാത്രികൊണ്ട് വായിച്ച് തിരിച്ചു കൊടുത്തിരുന്ന ബാല്യകാലത്തെപ്പറ്റി എം.ടി. വാസുദേവന്‍ നായര്‍ എഴുതിയിട്ടുണ്ട്. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ വായിക്കുമ്പോള്‍ പുക മുഴുവന്‍ മൂക്കിലേക്കും കഥ മനസ്സിലേക്കും പടര്‍ന്നു കയറിയിരുന്ന നാളുകളെക്കുറിച്ച് എം. മുകുന്ദനും രേഖപ്പെടുത്തിയിട്ടുണ്ട്.
എന്തിനാണ് വായിക്കുന്നത്? സന്തോഷം അനുഭവിക്കാന്‍ എന്ന ഉത്തരം കൃത്യമാകുമോ? ഇല്ല. കാരണം, ദുഃഖപര്യവസായിയായ കൃതികള്‍ വായിക്കുമ്പോള്‍ സന്തോഷം തോന്നുകയില്ല. വായനയുടെ രസം അനുഭവിക്കാന്‍ എന്നു പറഞ്ഞാലോ? എന്താണീ രസമെന്ന ചോദ്യം ഉയരും. അതിനു വ്യക്തമായ മറുപടി പറഞ്ഞത് 'നാട്യശാസ്ത്ര'ത്തിന്റെ ഉപജ്ഞാതാവായ ഭരതമുനിയാണ്. അദ്ദേഹം രസസിദ്ധാന്തം ആവിഷ്‌കരിച്ചു. ദൃശ്യ കലകളുടെ വിലയിരുത്തലിലാണ് അദ്ദേഹം രസ സിദ്ധാന്തം ഉപയോഗിച്ചതെങ്കിലും പിന്നീട് സാഹിത്യത്തിനും ഉപയോഗക്ഷമമായി. 'സാഹിത്യകാരന്‍ ജീവിതത്തെ നിഷ്‌കര്‍ഷണം ചെയ്തു രസനീയ രൂപത്തില്‍ പകര്‍ന്നുതരുന്ന സംസ്‌കാരം ആസ്വദിച്ചു തൃപ്തിപ്പെടുകയാണു വായനക്കാര്‍ ചെയ്യുന്നതെന്നു' പ്രൊഫ. ജോസഫ് മുണ്ടശ്ശേരി എഴുതിയിട്ടുണ്ട്.
ബാല്യം മുതല്‍ വായനാശീലമുണ്ടെങ്കില്‍ പട്ടടയില്‍ എത്തുവോളം വിട്ടുപിരിയാത്ത കൂട്ടുകാരനായി ആ ശീലമുണ്ടാകും. സമ്പത്തിലും ദാരിദ്ര്യത്തിലും സന്തോഷത്തിലും ഏകാകിയായിരിക്കുമ്പോഴുമെല്ലാം ഒപ്പമുണ്ടാകുന്ന സുഹൃത്ത്. ഏകാന്തതയിലാണ് മനുഷ്യന്‍ തന്നെപ്പറ്റിയും ജീവിതത്തെപ്പറ്റിയും ഗൗരവത്തോടെ ചിന്തിക്കാന്‍ തുടങ്ങുന്നത്. യഥാര്‍ത്ഥത്തില്‍ ഞാന്‍ ആരാണ്? അതൊരു കുഴപ്പം പിടിച്ച് ചോദ്യമാണ്. നീ ആരാണ്, എന്നു ചോദിക്കാനാണ് ഭൂരിപക്ഷം മനുഷ്യര്‍ക്കും ഇപ്പോള്‍ താത്പര്യം. അതിനു മറുപടി മറ്റൊരു മുഖത്തുനിന്നാണു വരേണ്ടത്. പക്ഷേ, ഞാന്‍ ആരാണെന്നു ചോദിക്കുമ്പോള്‍ ഞാന്‍ തന്നെ മറുപടി പറയണം. അപ്പോള്‍ അന്വേഷിക്കേണ്ടിവരുന്നു. അതിനുവേണ്ടി വായിക്കേണ്ടി വരുന്നു.
ഞാന്‍ ആരാണെന്ന് അന്വേഷിച്ചവര്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അവരുടെ അന്വേഷണഫലങ്ങള്‍ പുസ്തകങ്ങളായും മറ്റും പ്രകാശിതങ്ങളായിട്ടുണ്ട്. അതിലൂടെ ഞാനും കടന്നുപോകുന്നു. അതെഴുതിയവര്‍ ഇന്നില്ല. പക്ഷേ പുസ്തകങ്ങളിലൂടെ അവര്‍ ജീവിക്കുന്നു. മരണത്തെ പ്രതിരോധിക്കാനാവില്ല. എന്നാല്‍ മരിച്ചവര്‍ പുസ്തകങ്ങളിലൂടെ സംസാരിക്കുന്നതു തടയാന്‍ മരണത്തിനാവില്ല. പുസ്തകങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നവര്‍ മരിച്ചവരും ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലാത്തവരുമാകാം. പക്ഷേ, പുസ്തകത്തില്‍ അവര്‍ ഒരിക്കലും മരണമില്ലാത്തവരായി പ്രത്യക്ഷപ്പെടുന്നു.
മനുഷ്യന്റെ മുന്നിലുള്ള ഏറ്റവും വലിയ പ്രശ്‌നം മരണമാണ്. മരണത്തെ തോല്പിക്കുകയെന്നത് അവന്റെ എക്കാലത്തെയും സ്വപ്നമാണ്. മതങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത് മരണത്തെ തോല്പിച്ച് അനശ്വരത നേടാമെന്ന സന്ദേശമാണ്. മരിക്കുമ്പോള്‍ ആത്മാവ് സ്വതന്ത്രമാകുന്നു. മനുഷ്യന്‍ ശരീരം വെടിഞ്ഞ് ആത്മാവിന്റെ രൂപത്തില്‍ അനശ്വരതയുടെ ഭാഗമാകുന്നുവെന്ന് മതങ്ങള്‍ പറയുന്നു. സ്വര്‍ഗ്ഗമെന്നത് അനശ്വരതയെ കുറിക്കുന്ന ഏറ്റവും മനോഹരമായ പദമാണ്. സ്വര്‍ഗ്ഗം മതങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനമാണ്.
സ്വര്‍ഗ്ഗത്തില്‍ ആത്മാവായാണ് നിലകൊള്ളുന്നതെങ്കില്‍ മനുഷ്യന് പുസ്തകത്തില്‍ ശരീരത്തോടെ നിറഞ്ഞു നില്‍ക്കാന്‍ കഴിയുന്നു. പുസ്തകം വായിക്കുന്ന വ്യക്തി അതിനെ നിഴലുകളുടെയോ ആത്മാക്കളുടെയോ കഥയായല്ല, തന്നെപ്പോലെ രക്തവും മാംസവുമുള്ള മനുഷ്യരുടെ ജീവിതമായാണു കാണുന്നത്. അവരുടെ സങ്കീര്‍ണ്ണമായ അനുഭവങ്ങളും സംഘര്‍ഷം നിറഞ്ഞ ജീവിതങ്ങളും വായനക്കാരനു സാന്ത്വനമാകുന്നു. താന്‍ അനുഭവിക്കുന്ന ദുഃഖങ്ങളും പ്രശ്‌നങ്ങളും അഭിമുഖീകരിച്ച മനുഷ്യര്‍ വേറെയും ഉണ്ട്. അവര്‍ ആ പ്രശ്‌നങ്ങളെ നേരിട്ട രീതികള്‍ അയാള്‍ക്കു പാഠങ്ങളായി മാറുന്നു.
വായനക്കാരനെ എന്നന്നേക്കുമായി വിട്ടുപിരിഞ്ഞവരെ ഓര്‍മ്മിപ്പിക്കുന്നതായിരിക്കും ചില കഥാ പാത്രങ്ങള്‍. ഇക്കാര്യം വായനയെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. വായനക്കാരന് തന്റെ ആകുലതകളും വേദനകളും കഥാപാത്രങ്ങളോട് സ്വകാര്യത്തില്‍ പങ്കുവയ്ക്കാന്‍ കഴിയും. അത് ഒരു കഥാസിര്‍സ് അനുഭവത്തിനു തുല്യമാണ്. തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന ചിലരെങ്കിലും ഉണ്ടെന്ന ചിന്ത അയാള്‍ക്ക് വലിയ ആശ്വാസമാകും. വായനക്കാരനു മുന്നില്‍ വായനയുടെ ലോകം തുറക്കുന്നതിന് രാജ്യത്തിന്റെ അതിര്‍ത്തിയോ സമയത്തിന്റെ പരിധിയോ തടസ്സമാകുന്നില്ല. എപ്പോഴും കയറി ചെല്ലാവുന്ന, വാതിലുകള്‍ മലര്‍ക്കെ തുറന്നു കിടക്കുന്ന കൊട്ടാരം പോലെയാണ് അത്. ഇങ്ങനെയൊരു കൊട്ടാരം സ്വന്തമാക്കാന്‍ ചെയ്യേണ്ടത് മികച്ച വായനക്കാരനാകുക എന്നതു മാത്രമാണ്. അതിനുള്ള മുടക്കു മുതല്‍ തുച്ഛമാണ്. നാട്ടിലുള്ള മികച്ച ലൈബ്രറികള്‍ പോലും ചെറിയ തുകയാണ് മെമ്പര്‍ഷിപ്പ് ഫീസായി വാങ്ങുന്നത്. ആദ്യം വേണ്ടത് വായിക്കാനുള്ള ആവേശമാണ്. ഇന്നുവരെ ആ ആവേശം അനുഭവിച്ചിട്ടില്ലാത്തവര്‍ ഇനിയെങ്കിലും അതിനുള്ള അവസരം സ്വയം കണ്ടെത്തണം. അപ്പോള്‍ മനസ്സിലാകും, ഇതുവരെ നഷ്ടമായിരുന്നത് എത്ര മഹത്തായ അനുഭവമായിരുന്നുവെന്ന്.
manipius59@gmail.com