ആകാശം മുട്ടുന്ന കര്‍ഷക പ്രശ്‌നങ്ങള്‍

ആകാശം മുട്ടുന്ന കര്‍ഷക പ്രശ്‌നങ്ങള്‍
ഉത്പാദന ചെലവിന്റെ വന്‍വര്‍ധന, ഗുണമേന്മയില്ലാത്ത വിത്തും വളവും കാരണം സംഭവിക്കുന്ന ഉത്പാദനക്കുറവ്, കൃഷിനാശം, ശരിയായ നഷ്ടപരിഹാരം കിട്ടാതിരിക്കുന്നത്, വന്യമൃഗശല്യം എന്നിവ ഗുരുതരങ്ങളായ പ്രശ്‌നങ്ങളാണ്.

ഇന്ത്യയില്‍ മാത്രമല്ല യൂറോപ്പിലും കര്‍ഷകര്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്. കഴിഞ്ഞ മാസം ഫ്രാന്‍സിലെ കര്‍ഷകര്‍ പാരീസിലെ തിരക്കേറിയ റോഡുകള്‍ ദിവസങ്ങളോളം ഉപരോധിച്ചു. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നേരെ വളം സ്‌പ്രേ ചെയ്തു. യൂറോപ്യന്‍ പാര്‍ലമെന്റിനു നേര്‍ക്കു മുട്ടകള്‍ വലിച്ചെറിഞ്ഞു. ബ്രസ്സല്‍സിലെ ചരിത്ര പ്രാധാന്യമുള്ള പ്രതിമ തകര്‍ത്തു. സ്‌പെയിനിലും പോളണ്ടിലും ജര്‍മ്മനിയിലും ഗ്രീസിലും കര്‍ഷകര്‍ പ്രക്ഷോഭകാരികളായി. കാലാവസ്ഥാ വ്യതിയാനവും ഉക്രെയ്‌നിലെ യുദ്ധം മൂലമുള്ള പ്രശ്‌നങ്ങളും വരള്‍ച്ചയും മൂലം പൊറുതിമുട്ടിയ കര്‍ഷകര്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ ഹരിത നയങ്ങള്‍ നട്ടെല്ല് തകര്‍ക്കുന്ന അനുഭവമായി. പൊതുവേ കൃഷിയും നാട്ടുകാര്യങ്ങളുമായി കഴിയാന്‍ ഇഷ്ടപ്പെടുന്ന കര്‍ഷകരെ ഇതു പ്രക്ഷോഭത്തിലേക്ക് വലിച്ചെറിഞ്ഞു.

യൂറോപ്പിലെ ഭൂമിയുടെ 38% കാര്‍ഷിക ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്; അമേരിക്കയില്‍ 50% ഭൂമിയും. എന്നാല്‍ ജി ഡി പിയുടെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ രണ്ട് ശതമാനവും അമേരിക്കയില്‍ ഒരു ശതമാനവുമാണ് കാര്‍ഷിക രംഗത്തിന്റെ സംഭാവന. സാമ്പത്തിക ശക്തികളായ രാഷ്ട്രങ്ങളിലെ തൊഴിലാളികളില്‍ മൂന്ന് ശതമാനം മാത്രമാണ് കാര്‍ഷിക മണ്ഡലത്തില്‍ വ്യാപരിക്കുന്നത്. ഇതു കുറഞ്ഞു വരികയുമാണ്. ജി ഡി പി നോക്കി കൃഷിയുടെ പ്രാധാന്യം കുറച്ചു കാണുന്നത് അപകടകരമായ സ്ഥിതിവിശേഷമാണ്. റൊട്ടിക്കു പകരം ഇലക്ട്രിക് കാര്‍ തിന്നാനാവില്ലല്ലോ. പരിസ്ഥിതി സംരക്ഷിക്കാനുള്ള തീവ്രവാദ നിയമങ്ങള്‍ കാര്‍ഷിക രംഗത്തിന്റെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കപ്പെടുന്നവര്‍ കര്‍ഷകര്‍ മാത്രമല്ല.

ലോകാവ്യാപകമായി കാര്‍ഷികരംഗം യുദ്ധഭൂമിയായി മാറിയിരിക്കുന്നു. അധികാരത്തിലിരിക്കുന്നവര്‍ കര്‍ഷകരുടെ കോപം തണുപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിപക്ഷ കക്ഷികളും തീവ്രവലതുപക്ഷ സംഘടനകളും ആളിക്കത്തിക്കാന്‍ ഉദ്യമിക്കുന്നു. ''ദുരിതം വിതയ്ുന്നവര്‍ കോപം കൊയ്യുന്നു''വെന്നാണ് ഒരു പ്രക്ഷോഭകാരി പ്രതികരിച്ചത്.

കാലാവസ്ഥാവ്യതിയാനത്തെ നേരിടുന്നതിന് കൈക്കൊള്ളുന്ന നടപടികളില്‍ പലതും തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കും എന്നാണ് കര്‍ഷകരുടെ ഭയം. അവര്‍ക്കു നേരിടാന്‍ പ്രാദേശികമായ പ്രശ്‌നങ്ങളുമുണ്ട്. പോളണ്ടിലെ കര്‍ഷകരെ റോക്കറ്റ് വേഗത്തില്‍ തെരുവില്‍ ഇറക്കിയ കാര്യം ഉക്രെയ്‌നില്‍ നിന്ന് ധാന്യങ്ങള്‍ എത്തിയതാണ്. ജര്‍മ്മനിയിലെ കര്‍ഷകരെ പ്രക്ഷോഭത്തിലേക്ക് നയിച്ചത് ഡീസല്‍ സബ്‌സിഡി വെട്ടിക്കുറച്ചതും.

കാലാവസ്ഥാവ്യതിയാനത്തിനു കാരണമാകുന്ന സംഗതികള്‍ നിയന്ത്രിച്ചു ലോകത്തെ നാശത്തില്‍നിന്നു രക്ഷിക്കുക എന്ന ലക്ഷ്യം ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. അതെങ്ങനെ വേണം എന്നതാണ് പ്രശ്‌നം. ലോകത്തെ ഗ്രീന്‍ ഗ്യാസ് എമിഷന്റെ (ഹരിതവാതക ഉദ്വമനം) പത്തു ശതമാനം കാര്‍ഷികവൃത്തിയുടെ ഫലമായിട്ട് സംഭവിക്കുന്നതാണ്. 90 ശതമാനം മറ്റ് മണ്ഡലങ്ങളില്‍ നിന്നാണ്. 90% ശരിയാക്കിയിട്ടു മതി 10 ശതമാനത്തിന്റെ കാര്യം എന്നാണ് കര്‍ഷകര്‍ പറയാതെ പറയുന്നത്. എന്തായാലും യൂറോപ്യന്‍ യൂണിയന്‍ കാര്‍ഷിക രംഗത്തെ സുപ്രധാന പരിസ്ഥിതി സംരക്ഷണ നീക്കങ്ങളില്‍ നിന്ന് പിന്നാക്കം പോയിട്ടുണ്ട്.

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല കാര്‍ഷിക വ്യവസായ രംഗത്തിന്റെ പ്രതിനിധികളുമായി സംഭാഷണത്തിനു മുന്‍കൈയെടുത്തു. ഫ്രാന്‍സ് കര്‍ഷകര്‍ക്കു കൂടുതല്‍ പണം നല്‍കുന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായി യൂറോപ്യന്‍ യൂണിയന്‍ നടത്താന്‍ നിശ്ചയിച്ച വിപണി സംഭാഷണങ്ങളില്‍ നിന്ന് ഫ്രാന്‍സ് പിന്‍വാങ്ങാന്‍ തീരുമാനിച്ചതും ശ്രദ്ധേയമാണ്. ന്യൂസിലാന്‍ഡില്‍ കര്‍ഷകരോട് അനുഭാവമുള്ള പുതിയ ഭരണകക്ഷിയായ നാഷണല്‍ പാര്‍ട്ടി, ഫാം എമിഷന്‍സ് ടാക്‌സ് നടപ്പാക്കുന്നത് 2030 വരെ നീട്ടിവച്ചു. ലോകത്ത് ആദ്യമായാണ് കാര്‍ഷിക രംഗത്ത് ഇത്തരം ഒരു നികുതി നിര്‍ദേശം. ലോകത്ത് പൊതുവേ കര്‍ഷകരുടെ സമ്മര്‍ദങ്ങള്‍ ഫലം കാണുകയാണ്.

ഇന്ത്യയില്‍ 2020 ലും 2021 ലും ഡല്‍ഹി കേന്ദ്രമായി നടന്ന കര്‍ഷക സമരങ്ങളുടെ ഫലമായി കാര്‍ഷിക വിപണി പരിഷ്‌കാര ബില്ലുകള്‍ പിന്‍വലിക്കേണ്ടി വന്നു. 2024 ഫെബ്രുവരിയില്‍ കര്‍ഷകര്‍ സമരവുമായി മൂന്നാമതും രംഗത്തു വന്നു കഴിഞ്ഞു. ഈ വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ അനുയോജ്യമായ അവസരമായാണ് കര്‍ഷക സംഘടനകള്‍ കാണുന്നത്.

തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കു മികച്ച വില ലഭിക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. ഇന്ത്യയിലെ തൊഴിലാളികള്‍ കാര്‍ഷിക രംഗത്തുനിന്ന് നിര്‍മ്മാണ രംഗത്തേക്കും പിന്നീട് സര്‍വീസ് മേഖലയിലേക്കും തിരിയുമെന്ന് കണക്കുകൂട്ടിയവര്‍ പുതിയ തൊഴില്‍ വൈദഗ്ദ്ധ്യം ആര്‍ജിക്കാനാകാതെ കാര്‍ഷിക മേഖലയിലുള്ള വലിയ പങ്ക് അവിടെ തുടരുമെന്നതു മറന്നു. വന്‍കിട വ്യവസായങ്ങള്‍ വരുന്നതും അവിടെ തൊഴില്‍ ചെയ്യാന്‍ എന്‍ജിനീയര്‍മാരെ സൃഷ്ടിക്കുന്നതും കൊണ്ട് രാജ്യത്തെ തൊഴിലില്ലായ്മ അവസാനിക്കില്ല. അനേകം കോടിയാളുകള്‍ക്കു തൊഴില്‍ നല്‍കുന്ന കാര്‍ഷിക മേഖലയെ പിന്തുണച്ച് തൊഴില്‍ സംരക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കക്ഷത്തിലിരിക്കുന്നത് മറന്ന് ഉത്തരത്തില്‍ ഇരിക്കുന്നത് തപ്പരുത്.

ഗാന്ധിയന്‍ സാമ്പത്തിക ശാസ്ത്രത്തില്‍ കൃഷിക്കും കുടില്‍ വ്യവസായത്തിനും ഒന്നും രണ്ട് സ്ഥാനമാണ്. കര്‍ഷകര്‍ക്കു ചെയ്യാന്‍ കഴിയുന്ന കുടില്‍ വ്യവസായങ്ങള്‍ അവരുടെ വരുമാനം വര്‍ധിപ്പിക്കും. സമത്വത്തിലും സ്വയം പര്യാപ്തതയിലും അധിഷ്ഠിതമായ ഒരു സാമ്പത്തിക ഘടനയാണ് ഗാന്ധിജി ആഗ്രഹിച്ചത്. വന്‍കിട വ്യവസായങ്ങളിലൂന്നിയ ഭരണാധികാരികള്‍ അത് അവഗണിച്ചു.

ഇന്ത്യയിലെ ഭരണകൂടത്തിന്റെ മുമ്പിലുള്ള വലിയ പ്രശ്‌നം നിക്ഷേപക സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും ക്ഷേമ പദ്ധതികളില്‍ ഊന്നിയ സാമ്പത്തിക നടപടികളെയും എങ്ങനെ ഏകോപിപ്പിക്കാം എന്നതാണ്. ട്രില്യണ്‍ ഡോളര്‍ ജി ഡി പി ലക്ഷ്യമിടുമ്പോള്‍ നിക്ഷേപകരെ കൈനീട്ടി സ്വീകരിക്കുകയും വിവിധ ഇളവുകള്‍ നല്‍കി പ്രോത്സാഹിപ്പിക്കുകയും വേണം. തൊഴിലില്ലായ്മ വേതനം, മിനിമം തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കല്‍, ഫ്രീ കുക്കിംഗ് ഗ്യാസ്, കാഷ് ഇന്‍സെന്റീവ്, സൗജന്യ റേഷന്‍ കിറ്റുകള്‍ തുടങ്ങിയ വെല്‍ഫെയര്‍ സ്‌കീമുകളിലൂടെ വോട്ടുകള്‍ ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. കര്‍ഷകര്‍ ഉന്നയിക്കുന്ന മിനിമം താങ്ങുവില ഉറപ്പാക്കിയാല്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുമെന്നതാണ് സര്‍ക്കാരിനെ പിന്നാക്കം വലിക്കുന്നതെന്ന ആരോപണമുണ്ട്.

കാര്‍ഷികവൃത്തിയും ഹരിതവാതക ഉദ്വമനവും ഇന്ത്യയിലും പ്രശ്‌നമാണ്. ആ വിഷയത്തിലുള്ള നടപടികള്‍ ശക്തമാകുമ്പോള്‍ കര്‍ഷകരും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകും. കാലാവസ്ഥാവ്യതിയാനത്തിന്റെ തിക്തഫലം അനുഭവിക്കുന്ന സമൂഹമാണ് കര്‍ഷകരെങ്കിലും തൊഴില്‍ തൊട്ടുള്ള കളിക്ക് അവര്‍ സമ്മതിക്കില്ല. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയും ഉഷ്ണ തരംഗവും അനുഭവപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണ്. ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പ് നിലവിലുണ്ട്. ഭക്ഷ്യ സുരക്ഷയെയും തൊഴിലുകളെയും ആരോഗ്യത്തെ പൊതുവായും ഇതു ബാധിക്കും.

പ്രശ്‌നങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ കാണാന്‍ ജനങ്ങളെ അനുവദിക്കാതിരിക്കുക ഭരണാധികാരികളുടെ തന്ത്രമാണ്. തണുപ്പുകാലത്ത് ഡല്‍ഹി ശ്വസിക്കാന്‍ കൊള്ളാത്ത വായുവിന്റെ കേന്ദ്രമാകുന്നതിന് അനേകം കാരണങ്ങളുണ്ട്. അതില്‍ പ്രധാനം വാഹനങ്ങളുടെ പുകയാണ്. ഫാക്ടറികളില്‍ നിന്നുള്ള രാസപുക, കെട്ടിട നിര്‍മ്മാണ സ്ഥലങ്ങളില്‍ നിന്നുള്ള പൊടി എന്നിവയും കാരണങ്ങളുടെ പട്ടികയിലുണ്ട്. ഏറ്റവും ഒടുവില്‍ ഇതില്‍ ഉള്‍പ്പെട്ടതാണ് ധാന്യവിളകളുടെ കറ്റകള്‍ കത്തിക്കുന്നതു കൊണ്ടുള്ള പുക. ഇത് ഏറ്റവും കൂടുതല്‍ വരുന്നത് പഞ്ചാബില്‍ നിന്നാണ്. വാഹന പുകയേക്കാള്‍ കൂടുതല്‍ ദോഷം ഇതുകൊണ്ടാണെന്ന രീതിയില്‍ അവതരിപ്പിക്കുന്നത് കര്‍ഷകരെ കുപിതരാക്കിയിട്ടുണ്ട്. ജി എസ് ടി ക്ക് പുറമേ പഞ്ചസാരയ്ക്കും, പഞ്ചസാരയില്‍ അധിഷ്ഠിതമായ പാനീയങ്ങള്‍ക്കും ജ്യൂസുകള്‍ക്കും 20 മുതല്‍ 30 ശതമാനം വരെ ഹെല്‍ത്ത് ടാക്‌സ് ഏര്‍പ്പെടുത്തണമെന്ന പഠന റിപ്പോര്‍ട്ടും കര്‍ഷകരുടെ സന്തോഷം കെടുത്തി. ഉപ്പും ഫാറ്റും പഞ്ചസാരയുടെ നിരയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കേരളത്തിലെ കര്‍ഷകരും ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഉത്പാദന ചെലവിന്റെ വന്‍വര്‍ധന, ഗുണമേന്മയില്ലാത്ത വിത്തും വളവും കാരണം സംഭവിക്കുന്ന ഉത്പാദനക്കുറവ്, കൃഷിനാശം, ശരിയായ നഷ്ടപരിഹാരം കിട്ടാതിരിക്കുന്നത്, വന്യമൃഗശല്യം എന്നിവ ഗുരുതരങ്ങളായ പ്രശ്‌നങ്ങളാണ്. കേരളത്തില്‍ കൃഷിയില്‍ നിന്ന് നിന്ന് പിന്മാറുന്നവരുടെ സംഖ്യ വര്‍ഷംതോറും വര്‍ധിക്കുകയാണ്. അതിനിടയിലാണ് വൃക്ഷവിളയായി പ്രഖ്യാപിച്ച് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കാനുള്ള ബജറ്റ് നിര്‍ദേശമെന്ന തമാശ. നിയമത്തിന്റെ നൂലാമാലകള്‍ മൂലം തങ്ങളുടെ പറമ്പുകളിലെ ചന്ദനമരങ്ങള്‍ വെട്ടിക്കത്തിച്ച് മറ്റു കൃഷികളിറക്കിയ മറയൂരിലെ കര്‍ഷകര്‍ ഇതു വായിച്ച് ചിരിക്കുകയാണോ കരയുകയാണോ ചെയ്തിട്ടുണ്ടാകുക? കര്‍ഷകന് എന്നും കരയാനാണു യോഗം.

  • manipius59@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org