ഹസാരെ കോമാളിയോ മഹാത്മാവോ അല്ല

ഹസാരെ കോമാളിയോ മഹാത്മാവോ അല്ല

അണ്ണാഹസാരെ സ്വന്തം ഗ്രാമമായ റാലേഗണ്‍ അനിശ്ചിതകാലത്തേയ്ക്ക് എന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച നിരാഹാരസമരം ഏതാനും ദിവസംകൊണ്ട് അവസാനിപ്പിക്കുകയുണ്ടായി. അതേക്കുറിച്ചു ചിന്തിച്ചപ്പോള്‍ പ്രമുഖ കോളമിസ്റ്റായ സി.പി സുരേന്ദ്രന്‍ ഹസാരയെ വിമര്‍ശിച്ചെഴുതിയ വാക്കുകളാണ് ഓര്‍മയില്‍ വന്നത്. "അഴിമതി വിരുദ്ധ ഹാസ്യനാടകം കളിക്കുന്ന സദാചാരവാദിയായ നിഷ്ഠൂരന്‍" എന്നാണു സുരേന്ദ്രന്‍ വിശേഷിപ്പിച്ചത്. ഹസാരെ ചിലര്‍ക്ക് കോമാളിയും മറ്റു ചിലര്‍ക്കു മഹാത്മാവുമാണ്. ഹസാരെ ആരുമാകട്ടെ, അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളുടെ പ്രസക്തി ഇല്ലാതാകുന്നില്ല.

കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തയും നടപ്പിലാക്കുക; എം.എസ്. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യമാക്കി കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്തുക എന്നീ സുപ്രധാന കാര്യങ്ങളാണു ഹസാരെ മുന്നോട്ടുവയ്ക്കുന്നത്.

നിരാഹാരസമരത്തിന് നിര്‍ബന്ധിതനായ സാഹചര്യങ്ങള്‍ ഹസാരെ വിശദീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്‍റെ പടഹധ്വനികള്‍ മെല്ലെ ഉയര്‍ന്നുകൊണ്ടിരിക്കെ ഹസാരെ തന്‍റെ പാഞ്ചജന്യം മുഴക്കിയതാവാം. 2011 ഏപ്രിലിലും തുടര്‍ന്ന് ആഗസ്റ്റിലും ഡല്‍ഹിയിലെ രാംലീല മൈതാനത്ത് അഴിമതിക്കെതിരെ നടത്തിയ നിരാഹാരസമരത്തോടെയാണ് അണ്ണാ ഹസാരെ ദേശീയതലത്തില്‍ ശ്രദ്ധ നേടിയത്.

പലപ്പോഴും മറ്റുള്ളവര്‍ വച്ചുകെട്ടുന്ന അമിത പ്രതീക്ഷയുടെ ഭാരമാണു വ്യക്തികളെ തകര്‍ത്തുകളയുന്നത്. 2011-ല്‍ ഹസാരെയെ രക്ഷകനായി ഉയര്‍ത്തിക്കാട്ടാന്‍ മാധ്യമസ്ഥാപനങ്ങള്‍ പരസ്പരം മത്സരിക്കുകയായിരുന്നു. അദ്ദേഹത്തെ ജയപ്രകാശ് നാരായണനോടും ഗാന്ധിജിയോടും ഉപമിച്ചവരുണ്ട്. മഹാത്മാഗാന്ധിയുടെ ഉന്നത വിദ്യാഭ്യാസമോ കനപ്പെട്ട വായനയോ ധാര്‍മ്മിക ഔന്നത്യമോ വിശിഷ്ടമായ ചിന്താപദ്ധതികളോ പരീക്ഷണവ്യഗ്രതയോ അനുഭവ വൈവിധ്യമോ ബുദ്ധിശക്തിയോ ഹസാരെയ്ക്കില്ലെന്ന കാര്യം വിസ്മരിക്കപ്പെട്ടു. ഹസാരെയെ ജയപ്രകാശ് നാരായണനോടു താരതമ്യപ്പെടുത്തുന്നതിലും കഴമ്പില്ല.

ഗാന്ധിജിയുടെ വിശ്വാസസംഹിതയില്‍ വിവിധ മതങ്ങളുടെ ആത്മീയ-ബൗദ്ധിക ആശയങ്ങള്‍ മുഴങ്ങി കേള്‍ക്കാമെന്നു രാമചന്ദ്ര ഗുഹ നിരീക്ഷിച്ചിട്ടുണ്ട്. "സദാചാരത്തിനു നല്കിയിരിക്കുന്ന പ്രാധാന്യം ഗാന്ധിയെ ബുദ്ധമതത്തോടു ചേര്‍ത്തുനിര്‍ത്തുന്നു. അഹിംസയും സമ്പാദ്യങ്ങള്‍ ത്യജിക്കലും ജൈനമതത്തില്‍ നിന്ന് ഉള്‍ക്കൊണ്ടതാണ്. പൊതുസേവനത്തെ ഉയര്‍ത്തിക്കാട്ടുന്നതില്‍ ക്രിസ്തുമതത്തിന്‍റെ സ്വാധീനം കാണാം." അഹിംസയുടെ കാര്യം മാത്രം എടുത്താല്‍ മതി ഹസാരെ ഗാന്ധിജിയെപ്പോലെയല്ലെന്നു കാണാം.

റാലേഗണ്‍ സിദ്ധിയെ മാതൃകാഗ്രാമമാക്കുന്നതിന്‍റെ ഭാഗമായി മദ്യമുക്തമാക്കാന്‍ ഹസാരെയും സഹയാത്രികരും തീരുമാനിച്ചു. ഗ്രാമജനതയുടെ താത്പര്യമറിഞ്ഞു ഭൂരിപക്ഷം വ്യാജവാറ്റുകാരും ആ പണി നിര്‍ത്തി. നിര്‍ത്താന്‍ തയ്യാറാകാതിരുന്നവരുടെ മദ്യവില്പനയിടങ്ങള്‍ ഗ്രാമത്തിലെ യുവാക്കളുടെ സംഘം തല്ലിത്തകര്‍ത്തു. മൂന്നു തിരികിട മദ്യപാനികളെ തൂണില്‍ കെട്ടിയിട്ടു തല്ലിയതു ഹസാരെ നേരിട്ടായിരുന്നു. ആര്‍മി ബെല്‍റ്റായിരുന്നു ആയുധം. ഈ ഒരു സംഭവത്തില്‍നിന്നുതന്നെ ഹസാരെ അഹിംസയില്‍ വിശ്വസിക്കുന്നില്ലെന്നു വ്യക്തം. ഇന്ത്യന്‍ കരസേനയില്‍ ട്രക്ക് ഡ്രൈവറായിരുന്ന ഹസാരെ പിന്നീടു സൈനികനായി. 1965-ലെ ഇന്തോ-പാക്ക് യുദ്ധകാലത്ത് അതിര്‍ത്തിയില്‍ ഖെംകരണ്‍ സെക്ടറിലായിരുന്നു സേവനം. അക്കാലത്തു ശത്രു സൈനികരുടെ ആക്രമണത്തില്‍ മരണത്തില്‍ നിന്നു കഷ്ടിച്ചാണു രക്ഷപ്പെട്ടത്. നാഗാലാന്‍റിലെ സേവനകാലത്തു നാഗാ കലാപകാരികളുടെ ആക്രമണത്തില്‍ ഹസാരെ ഉള്‍പ്പെട്ടിരുന്ന പോസ്റ്റിലെ മറ്റെല്ലാ സൈനികരും കൊല്ലപ്പെട്ടു. 'പ്രകൃതിയുടെ വിളി'ക്കു പ്രത്യുത്തരം നല്കാന്‍ കാട്ടില്‍ പോയിരുന്നതുകൊണ്ടാണു ഹസാരെ രക്ഷപ്പെട്ടത്. ഈശ്വരന്‍ തന്നെ രണ്ടു തവണ രക്ഷപ്പെടുത്തിയതു മനുഷ്യസമൂഹത്തിനു കൂടുതല്‍ ഉയര്‍ന്ന സേവനങ്ങള്‍ നല്കാനാണെന്നു ഹസാരെ വിശ്വസിച്ചു. ആ വിശ്വാസമാണു പട്ടാളത്തില്‍ നിന്നു വിരമിച്ചശേഷം പൂക്കടക്കാരനായി മാറിയ ഹസാരെയെ സ്വന്തം ഗ്രാമത്തില്‍ എത്തിച്ചത്.

ഹസാരെയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ റാലേഗണ്‍ സിദ്ധിയില്‍ സ്ഥായിയായ മാറ്റങ്ങള്‍ വരുത്തി. ഫലപ്രദമായ ജലസേചനംമൂലം കാര്‍ഷികവിളവുകള്‍ കൂടിയതു ജനങ്ങളുടെ വരുമാനം കൂട്ടി, കടബാദ്ധ്യതകള്‍ കുറഞ്ഞു, മദ്യപാനം പോലുള്ള ദുര്‍ചെലവുകള്‍ ഇല്ലാതായി. ഗ്രാമത്തില്‍ സമാധാനാന്തരീക്ഷം സംജാതമായി. ഇവ അംഗീകരിക്കുമ്പോള്‍ തന്നെ ഹസാരെയുടെ സമീപനത്തില്‍ ബ്രാഹ്മണസ്വഭാവം ഉണ്ടെന്നു മുകുള്‍ ശര്‍മയെപ്പോലുള്ള വിമര്‍ശകര്‍ ആരോപിക്കുന്നു. ദളിത് കുടുംബങ്ങളെ നിര്‍ബന്ധിച്ചു സസ്യഭുക്കുകളാക്കി മാറ്റിയതും മറ്റും ഉദാഹണങ്ങളായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഹസാരെ ആര്‍.എസ്.എസ്. ബി.ജെ.പി. അനുഭാവിയാണെന്ന ആരോപണം ഈ അടുത്ത ദിവസങ്ങളിലും ഉയരുകയുണ്ടായി. അതു വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചു ഹസാരെ രാഷ്ട്രപതിക്ക് അയച്ച കത്തിലെ ഉള്ളടക്കം മനസ്സിലാക്കുമ്പോള്‍ ഹസാരെ എഴുതി: "ഈ രാജ്യം ഏകാധിപത്യത്തിലേക്കു നീങ്ങുന്നതു അഭിലഷണീയമല്ലാത്തതുകൊണ്ടാണ് ഈ കത്തയയ്ക്കുന്നത്. ഈ സര്‍ക്കാര്‍ ലോക്പാല്‍, ലോകായുക്ത നിയമങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വിസമ്മതിക്കുന്നു. ജനാധിപത്യതത്ത്വങ്ങളുടെ അന്തസ്സത്തയ്ക്ക് എതിരെയാണ് മോദി സര്‍ക്കാരിന്‍റെ പോക്ക്."

രാഷ്ട്രീയക്കാര്‍ എതിര്‍ പാര്‍ട്ടിക്കാരായ രാഷ്ട്രീയക്കാരേക്കാള്‍ കൂടുതല്‍ ഭയപ്പെടുന്നതു രാഷ്ട്രീയക്കാരല്ലാത്തവരില്‍ നിന്ന് ഉയര്‍ന്നുവരുന്ന ജനകീയവ്യക്തികളെയാണ്. രാഷ്ട്രീയക്കാരുടെ കള്ളത്തരങ്ങളും ദൗര്‍ബല്യങ്ങളും നാട്യങ്ങളുമില്ലാത്ത, പറയുന്ന വാക്കിനു വില കല്പിക്കുന്നവരായിരിക്കും ഈ വ്യക്തികള്‍. ഇവര്‍ അധികാരക്കസേരയില്‍ എത്തിയാല്‍ ഇന്നത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ പിന്തുടരുന്ന പ്രവര്‍ത്തനരീതികള്‍ പാടേ മാറ്റേണ്ടി വരും. കാരണം എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒരേ കോര്‍പ്പറേറ്റ്, ബിസിനസ്സ്, വ്യാപാര സ്രോതസ്സുകളില്‍ നിന്നാണു പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട ഫണ്ട് കണ്ടെത്തുന്നത്. അതിനാല്‍ ഏതു മുന്നണി അധികാരത്തില്‍ വന്നാലും ഭരണ രീതി മാറുകയില്ല. കാലങ്ങളായി ഭാരതീയര്‍ അനുഭവിക്കുന്ന യാഥാര്‍ത്ഥ്യമാണിത്. എച്ച്.എല്‍. മെന്‍കല്‍ ഒരിക്കല്‍ പറഞ്ഞു: "ഓരോ തിരഞ്ഞെടുപ്പും മോഷണസാധനങ്ങളുടെ മുന്‍കൂര്‍ ലേലമാണ്."

ഒരു പഞ്ചായത്തില്‍ ഒരു പുഴ ഒഴുകുന്നു. അതിലെ മണല്‍ എത്രത്തോളം വില്ക്കണമെന്നു തീരുമാനിക്കുന്നതു ഭരണസമിതിയായിരിക്കും. ഔദ്യോഗിക തീരുമാനത്തിന്‍റെ അനേകം ഇരട്ടി മണല്‍ നീക്കുവാന്‍ ലേലമെടുത്തയാള്‍ക്കു നിശ്ശബ്ദമായി അനുവാദം കൊടുക്കും. അതിനു കിട്ടുന്ന അഴിമതിപ്പണം ഭരണകക്ഷിയും പ്രതിപക്ഷവും ഒരു പോലെ വീതിക്കും. ഇന്നത്തെ പ്രതിപക്ഷം നളെ ഭരണപക്ഷം ആവുമ്പോഴും ഈ പരസ്പരസഹായം തുടരും. ഇതിന്‍റെ വിശാലമായ സഹായസഹകരണമാണ് ജില്ല, സംസ്ഥാന കേന്ദ്രഭരണങ്ങളില്‍ നടക്കുന്നത്. അഴിമതിയുടെ പേരിലുള്ള കേസും അറസ്റ്റുമൊക്കെ സാധാരണ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നാടകങ്ങള്‍ മാത്രം. ഈ പ്രൊഫഷണല്‍ നടീനടന്മാരുടെ ഇടയിലേക്കു സന്നദ്ധ സംഘടനകളുടെ അമേച്വര്‍ നടീനടന്മാര്‍ കടന്നുവരുന്നതു സ്ഥിരം നാടകവേദിക്കാര്‍ ഇഷ്ടപ്പെടുന്നില്ല. കാരണം അഡ്ജസ്റ്റുമെന്‍ കള്‍ തകരും. ആം ആദ്മി പാര്‍ട്ടിയെ പോലുള്ള പുതിയ നീക്കങ്ങളെ തകര്‍ക്കാന്‍ കോണ്‍ഗ്രസ്സും ബിജെപിയും ഒരുപോലെ ആഗ്രഹിക്കുന്നത് അതുകൊണ്ടാണ്. ഈ പശ്ചാത്തലത്തിലാണ് അണ്ണാ ഹസാരെയെപ്പോലുള്ളവര്‍ക്കെതിരെ പലതരം ആരോപണങ്ങളുമായി രാഷ്ട്രീയക്കാരും അവരുടെ ഒത്താശയോടെ ചില മാധ്യമപ്രവര്‍ത്തകരും മറ്റു പല കോണുകളില്‍ നിന്നുള്ളവരും രംഗത്തുവരുന്നത്. ഹസാരെയുടെ നീക്കങ്ങളെ നിസ്സാരവത്കരിക്കുന്നത് ഇത്തരക്കാരാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org