കുറേക്കാലം മുമ്പ് നമ്മുടെ നാട്ടില്‍ ഒരു പെണ്‍വാണിഭക്കേസ് കത്തിപ്പടര്‍ന്നപ്പോള്‍ ഒരു വലിയ നേതാവ് അതില്‍ വെള്ളമൊഴിച്ചത് പെണ്ണുങ്ങള്‍ ഉള്ളയിടത്ത് പെണ്‍വാണിഭം ഉണ്ടാകുമെന്നു പറഞ്ഞാണ്. ഒരു ബലാത്സംഗക്കേസ് വിവാദമായപ്പോള്‍ അദ്ദേഹം മൊഴിഞ്ഞത്, അമേരിക്കയില്‍ ചായ കുടിക്കുന്നതു പോലെയാണ് ബലാത്സംഗം നടക്കുന്നത് എന്നാണ്.
ഇതെല്ലാം അപ്പച്ചന്റെ തമാശപോലെയാണ് അവതരിപ്പിക്കപ്പെട്ടതെങ്കിലും രാഷ്ട്രീയ നേതൃത്വങ്ങളുടെ സ്ത്രീ വിരുദ്ധ മനോഭാവത്തിന്റെ ചവര്‍പ്പുരുചികളാണു പ്രദാനം ചെയ്തത്. അത് ഇന്നും തുടരുന്നുവെന്ന് സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നാലു വര്‍ഷം അടയിരുന്നതു വെളിപ്പെടുത്തുന്നു. ഇപ്പോള്‍ വിഷയം കോടതിയില്‍ എത്തിയിരിക്കുന്നു.
ഒരാള്‍ക്ക് തന്റെ ജീവിതം കൊണ്ട് എന്തും ചെയ്യാം. എന്നാല്‍ പണവും പദവിയും അംഗീകാരവും പ്രതിഭയും ഉപയോഗിച്ച് മറ്റുള്ളവരെ പീഡിപ്പിക്കാനും നശിപ്പിക്കാനും അവകാശമില്ല. ഏതു മഹാപ്രതിഭയെയും അപ്പോള്‍ ക്രിമിനലായേ കാണാന്‍ പറ്റൂ.
വിവരാവകാശകമ്മീഷനും കോടതിയും ഇടപെട്ടപ്പോള്‍ ഇരകള്‍ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നതോടെ സര്‍ക്കാരിന് അനങ്ങാപ്പാറയില്‍ ഇരിപ്പുറയ്ക്കാതെ വന്നു. ആസന്നമായിരിക്കുന്ന ഉരുള്‍പ്പൊട്ടലിന്റെ മുന്നോടിയെന്നോണം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, 'അമ്മ' സംഘടനയുടെ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ദിഖ് എന്നിവര്‍ക്ക് സ്ഥാനങ്ങള്‍ രാജിവയ്‌ക്കേണ്ടി വന്നു. ഗത്യന്തരമില്ലാതെ സര്‍ക്കാര്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും പിന്നാക്ക ഗ്രാമങ്ങളില്‍ ഇന്നും തുടരുന്ന ഊരുവിലക്ക് കേരളത്തിലെ പാര്‍ട്ടി ഗ്രാമങ്ങളിലും അരങ്ങേറുന്നുണ്ടെങ്കിലും അതിനു കലാ സാംസ്‌കാരിക രംഗത്ത് പിന്‍വാതില്‍ പ്രവേശനം അനുവദിച്ചത് സിനിമാരംഗത്തെ സംഘടനകളാണ്. അഭിനയവിലക്ക്, സംവിധാനവിലക്ക്, നിര്‍മ്മാണ വിലക്ക് എന്നിങ്ങനെ വിലക്കുകളുടെ വിലങ്ങുകളാല്‍ താഴിട്ടു പൂട്ടിയ അവസ്ഥയിലാണു മലയാള സിനിമ. എന്നാല്‍ രാത്രിയില്‍ നടികളുടെ മുറികളുടെ വാതിലില്‍ മുട്ടുന്നവരെ പൂട്ടാന്‍ ഒരു താഴുമില്ല, താക്കോലുമില്ല.
മലയാള സിനിമയില്‍ പണ്ടും സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെട്ടിരുന്നുവെന്നു വെളിപ്പെടുത്തിയത് പഴയകാല നായിക ശാരദയാണ്. ആ ചൂഷണത്തിന്റെ ഇരകളില്‍ ഒരാളായിരുന്നു സുന്ദരിയായ നടി. അവര്‍ ഒരു പ്രമുഖ നിര്‍മ്മാതാവ് തന്നോടും സ്ത്രീത്വത്തോടും കാണിച്ച വിശ്വാസവഞ്ചനയെപ്പറ്റി ഒരു സിനിമാപ്രസിദ്ധീകരണത്തില്‍ തുറന്നു സംസാരിച്ചു. സിനിമാമേഖലയിലെ പ്രമുഖരുടെ സമ്മര്‍ദം വര്‍ധിച്ചപ്പോള്‍, താന്‍ അങ്ങനെയൊരു ഇന്റര്‍വ്യൂ കൊടുത്തിട്ടില്ലെന്ന് അവര്‍ പരസ്യപ്രസ്താവന നടത്തി. അതിനെ ആധാരമാക്കി പ്രസിദ്ധീകരണത്തിനെതിരെ നിര്‍മ്മാതാക്കള്‍ കേസ് കൊടുത്തു.
ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 40 ശതമാനം കൈയാളുന്നത് ഒരു ശതമാനം ആളുകളാണ്. മലയാള സിനിമയില്‍ ഇപ്പോള്‍ ഉണ്ടാകുന്ന വരുമാനത്തിന്റെ ബഹുഭൂരിപക്ഷവും എത്തുന്നത് ഏതാനും നടന്മാരുടെ പോക്കറ്റിലേക്കാണ്.
അതോടെ പ്രശ്‌നങ്ങള്‍ തീരുമെന്നു നടി കരുതി. എന്നാല്‍ നിര്‍മ്മാതാവിനോട് അടുപ്പമുള്ള പ്രമുഖ നടന്‍ ഇവരോടൊപ്പം അഭിനയിക്കുന്നതു ചുരുക്കി. യഥാര്‍ത്ഥത്തില്‍ അപ്രഖ്യാപിത ഊരുവിലക്കാണ് അരങ്ങേറിയത്. നടിക്ക് അവസരങ്ങള്‍ കുറഞ്ഞു. വൈകാതെ അത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
സിനിമയിലെ കോക്കസ് തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നു എന്നതിനു തെളിവാണ് തന്നെപോലുള്ളവര്‍ക്ക് അവസരങ്ങള്‍ കുറഞ്ഞതെന്നു പ്രശസ്ത നടി പാര്‍വതി തിരുവോത്ത് കഴിഞ്ഞ ദിവസം പറഞ്ഞത് പഴയ ചരിത്രത്തോടു ചേര്‍ത്തുവായിക്കണം. നടി ശ്വേതാമേനോനും അവസരനഷ്ടക്കാര്യം പറയുകയുണ്ടായി. സാംസ്‌കാരിക രംഗമെന്നു വ്യവഹരിക്കുമ്പോള്‍ സാഹിത്യം, ചിത്രകല, സംഗീതം, നാടകം, സിനിമ തുടങ്ങിയ മേഖലകളാണു സൂചിതം. ഈ രംഗത്ത് അരാജകജീവിതം നയിക്കുന്നവര്‍ പണ്ടുമുണ്ട്, ഇന്നുമുണ്ട്. തികഞ്ഞ അരാജകജീവിതം നയിച്ച സാഹിത്യകാരനായ ഷെനെയെ വിശുദ്ധ ഷെനെ എന്നാണ് ഒരു തത്ത്വചിന്തകന്‍ വിശേഷിപ്പിച്ചത്. മലയാളത്തിലെ പ്രമുഖ വിമര്‍ശകന്‍ അതേറ്റുപാടി.
വ്യവസ്ഥാപിത മൂല്യങ്ങളെ അങ്ങനെ തന്നെ നിലനിര്‍ത്താന്‍ ബാധ്യതയുള്ളവരല്ല സാംസ്‌കാരിക പ്രവര്‍ത്തകര്‍. നിലവിലുള്ളതിലെ പുഴുക്കുത്തുകള്‍ ചോദ്യം ചെയ്യാന്‍ അവരില്‍ ചിലര്‍ ജീവിതം തന്നെ കുത്തഴിഞ്ഞ പുസ്തകം പോലെയാക്കും. ഒരാള്‍ക്ക് തന്റെ ജീവിതം കൊണ്ട് എന്തും ചെയ്യാം. എന്നാല്‍ പണവും പദവിയും അംഗീകാരവും പ്രതിഭയും ഉപയോഗിച്ച് മറ്റുള്ളവരെ പീഡിപ്പിക്കാനും നശിപ്പിക്കാനും അവകാശമില്ല. ഏതു മഹാപ്രതിഭയെയും അപ്പോള്‍ ക്രിമിനലായേ കാണാന്‍ പറ്റൂ. മലയാള സിനിമാരംഗത്ത് ഇങ്ങനെയുള്ള ക്രിമിനലുകളുണ്ടെന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. അവരുടെ മുഖംമൂടി പിച്ചിച്ചീന്തി വെളിച്ചത്തു നിര്‍ത്തണം. അതിനുള്ള അവസരമാണ് മലയാളിക്കു ലഭിച്ചിരിക്കുന്നത്.
ഗുസ്തിതാരങ്ങളുടെ വിഷയം രാജ്യം ഏറ്റെടുത്തത് ഡല്‍ഹിയില്‍ കണ്ടു. ബംഗാള്‍ ജനതയുടെ പ്രതിഷേധച്ചൂട് ഈ ദിവസങ്ങളില്‍ നമ്മള്‍ മനസ്സിലാക്കി. കേരളത്തിലെ വനിതകളെ മുഴുവന്‍ ഒരു പ്രത്യേകപക്ഷം മണിച്ചിത്രത്താഴിട്ടു പൂട്ടിയിരിക്കുകയാണോ? അതോ, നീയൊക്കെ ഇതെല്ലാം ഉണ്ടാകുമെന്നറിഞ്ഞു പോയതല്ലേ, അനുഭവിച്ചോ... എന്നൊരു മനോഭാവത്തിലാണോ വനിത സംഘടനാനേതാക്കള്‍.
അമേരിക്കയില്‍ 'മീ ടൂ' കാറ്റ് ആഞ്ഞടിച്ചപ്പോള്‍ കടപുഴകിയത് വന്‍മരങ്ങളാണ്. ഇവിടെ എന്തു സുനാമി വന്നാലും അതുക്കും മീതേ തോണിയിറക്കാന്‍ കഴിയുന്ന രീതിയില്‍ ശക്തരാണു ക്രിമിനലുകള്‍. കേന്ദ്രീകൃത ജനാധിപത്യവും അധികാര രാഷ്ട്രീയവുമായി മുന്നേറുന്ന പ്രമുഖ പാര്‍ട്ടി സാമൂഹിക വിരുദ്ധരെ വളര്‍ത്തുകയാണെന്ന ആരോപണം ശക്തമാണ്.
പീഡനപരാതിയുമായി പോകുന്ന സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്. എതിര്‍പക്ഷത്ത് പ്രമുഖരാണെങ്കില്‍ മാനസിക പീഡനങ്ങള്‍ക്കും മറ്റു തരത്തിലുള്ള പ്രത്യാക്രമണങ്ങള്‍ക്കും ഇരകളാകും. പീഡനപരാതിയുമായി മുന്നോട്ടു പോയ ഒരു ദേശീയ വനിതാ ജേര്‍ണലിസ്റ്റ് 2021-ല്‍ തന്റെ ഒരു വിജയം ആഘോഷിച്ചു. തന്നെ പീഡിപ്പിച്ച പ്രമുഖനെ ശിക്ഷിച്ചതിന്റെ പേരിലായിരുന്നില്ല ആഘോഷം. കുറ്റാരോപിതന്‍ ജേര്‍ണലിസ്റ്റിനെതിരെ കൊടുത്ത മാനനഷ്ടക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ടു എന്നതായിരുന്നു ആഘോഷ കാരണം. പീഡനപരാതി കൊടുത്ത സ്ത്രീയെ കേസില്‍ കുടുക്കുകയെന്ന തന്ത്രമാണ് എതിരാളി പയറ്റിയത്.
സിനിമയില്‍ ചെയ്യുന്ന ഓരോ ജോലിക്കും കൃത്യമായ പ്രതിഫലം നിശ്ചയിക്കപ്പെടണം. അതു കൊടുക്കാന്‍ കഴിവുള്ളവരേ നിര്‍മ്മാതാക്കളായി വരേണ്ടതുള്ളൂ. ഒരു ഫാക്ടറി തുടങ്ങുമ്പോള്‍ കൃത്യമായ ശമ്പളം കൊടുക്കുന്നതു പോലെയാവണം സിനിമയിലെ പ്രതിഫല വിതരണവും.
ഒരു സനിമയുടെ നിര്‍മ്മാണം ആരംഭിച്ചാല്‍ അതിന്റെ ജോലികള്‍ നടക്കുന്ന സ്ഥലങ്ങളെല്ലാം തൊഴിലിടങ്ങള്‍ എന്ന നിര്‍വചനത്തില്‍ വരണം. നിര്‍മ്മാതാവാണ് തൊഴിലുടമ. സ്ത്രീകളുടെ എന്നല്ല, എല്ലാ തൊഴിലാളികളുടെയും സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അയാളുടെ ചുമതലയാണ്. എന്നാല്‍ നിര്‍മ്മാതാവിന് പണം തരുന്ന എ ടി എം യന്ത്രത്തിന്റെ സ്ഥാനമേ മലയാള സിനിമയിലുള്ളൂ. താരനായകനും സംവിധായകനുമാണ് തമ്പ്രാക്കള്‍. അതിനാല്‍ തൊഴിലിടത്തിലെ സുരക്ഷിതത്വത്തിന്റെ ഉത്തരവാദിത്വം ഇവരിലും കൂടി നിക്ഷിപ്തമാക്കണം. വേലി തന്നെ വിളവു തിന്നുന്ന ഇപ്പോഴത്തെ പണി അവസാനിക്കണം.
നടീനടന്മാരുടെ സംഘടന, നിര്‍മ്മാതാക്കളുടെ സംഘടന, തിയേറ്റര്‍ ഉടമകളുടെ സംഘടന എന്നിവ മലയാള സിനിമയിലെ ശക്തരായ ത്രിമൂര്‍ത്തികളാണ്. ഇതോടൊപ്പം ഫെഫ്കയുമുണ്ട്. ഇവരെ മറികടന്ന് ഒരു ഈച്ചയും നിലവില്‍ മലയാള സിനിമാവിഹായസില്‍ പറക്കില്ല. അതുകൊണ്ടുതന്നെ പ്രതിഷേധിക്കാനോ, തെറ്റ് ചൂണ്ടിക്കാണിക്കാനോ അശക്തരായ വ്യക്തികള്‍ക്കു കഴിയില്ല. ചില നടന്മാര്‍ മൂന്നു പ്രമുഖ സംഘടനകളുടെയും ശക്തി ഒരുമിച്ചു കൈവരാന്‍ അഭിനയത്തോടൊപ്പം ചിത്രം നിര്‍മ്മിക്കുകയും തിയേറ്റര്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകരായി പ്രവര്‍ത്തിക്കുന്ന നടന്മാരുമുണ്ട്.
ഒ ടി ടി (Overþthe-top) പ്ലാറ്റ്‌ഫോമുകളെ കൂടുതലായി ആശ്രയിക്കുകയാണ് പുതുതായി രംഗത്തു വരുന്നവര്‍ക്ക് സുരക്ഷിതമായ മാര്‍ഗം. 'ഗര്‍ര്‍ര്‍' എന്ന പുതിയ സിനിമ ഒ ടി ടി യിലാണ് റിലീസ് ചെയ്തത്. സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് ഹോട്ട്‌സ്റ്റാര്‍ സീരീസ് ആയിരുന്നു 'ഗര്‍ര്‍ര്‍' എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും മാത്രമാണ് താരമൂല്യമുള്ളവര്‍. സംവിധായകന്‍ നവാഗതനാണ്. വിതരണക്കാരന്റെയും തിയേറ്ററുകാരന്റെയും തട്ടും ഇടത്തട്ടും ഒഴിവാകുന്നതു തന്നെ വലിയ കാര്യം. മിനിമം ചെലവില്‍ ഒരു പ്രൊഡക്ട് ഉണ്ടാക്കുക, മിനിമം ലാഭത്തിനു വില്ക്കുക. ആരോഗ്യകരമായ രീതിയില്‍ ഒരു ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ അതുവഴി കഴിയും. മലയാള സിനിമ ഇനി ആ രീതിയിലാണ് മുന്നേറേണ്ടത്. ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ താരങ്ങളും അവരുടെ നിര്‍മ്മാണ കമ്പനികളും നിര്‍മ്മിക്കട്ടെ. അവരുടെ ഫാന്‍സുകള്‍ അവ കൊണ്ടാടട്ടെ.
ഇന്ത്യയില്‍ ഭയാനകമായ രീതിയില്‍ വര്‍ധിച്ചുവരുന്നതാണ് സാമ്പത്തിക ഉച്ചനീ ചത്വം. ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 40 ശതമാനം കൈയാളുന്നത് ഒരു ശതമാനം ആളുകളാണ്. മലയാള സിനിമയില്‍ ഇപ്പോള്‍ ഉണ്ടാകുന്ന വരുമാനത്തിന്റെ ബഹുഭൂരിപക്ഷവും എത്തുന്നത് ഏതാനും നടന്മാരുടെ പോക്കറ്റിലേക്കാണ്. ഇതിന്റെ കൃത്യമായ കണക്കെടുത്താല്‍ ഞെട്ടാനിടയുണ്ട്. സിനിമയുടെ നിലനില്പിന്റെ പേരു പറഞ്ഞ് വാചാലമാകുമ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ കൊടുക്കുന്നുവെന്ന് അവകാശപ്പെടും. വരുമാനം ലഭിക്കുമ്പോള്‍ കണ്ണടച്ച് സ്വന്തം കീശകളിലേക്കു മാത്രമായി താങ്ങും. ഈ ചൂഷണത്തിന് അറുതി വന്നേ മതിയാകൂ. സിനിമയില്‍ ചെയ്യുന്ന ഓരോ ജോലിക്കും കൃത്യമായ പ്രതിഫലം നിശ്ചയിക്കപ്പെടണം. അതു കൊടുക്കാന്‍ കഴിവുള്ളവരേ നിര്‍മ്മാതാക്കളായി വരേണ്ടതുള്ളൂ. ഒരു ഫാക്ടറി തുടങ്ങുമ്പോള്‍ കൃത്യമായ ശമ്പളം കൊടുക്കുന്നതുപോലെയാവണം സിനിമയിലെ പ്രതിഫല വിതരണവും.
manipius59@gmail.com