
നിരാശരായ മനുഷ്യര്‍ക്കു പക വന്നാല്‍ പ്രത്യാഘാതം വലുതായിരിക്കും. അവരുടെ വാക്കുകളും പ്രവൃത്തികളും നിയന്ത്രണം ഭേദിക്കും. സംസാരിക്കുമ്പോള്‍ മാത്രമല്ല എഴുതുമ്പോഴും. കേരളത്തിലെ മതമൈത്രിയുടെ അവസ്ഥ അത്ര ഭദ്രമല്ലെന്നു തെളിയിക്കുന്ന വാക്കുകളും പ്രവൃത്തികളുമാണ് ചുറ്റിലും നിറയുന്നത്. പക നിറഞ്ഞ മനുഷ്യരാണ് അവയ്ക്കു പിന്നില്‍.
തന്റെ തോല്‌വിക്കു കാരണം ഒരു പ്രദേശത്തെ ബഹുഭൂരിപക്ഷം വരുന്ന പ്രത്യേക മതവിഭാഗക്കാരാണെന്ന് ഒരാള്‍ വിശ്വസിക്കുന്നു. അതിലുള്ള പക തീര്‍ക്കാന്‍ ആ മതവിഭാഗത്തെ കരിപൂശുന്ന പ്രസ്താവന നടത്തുന്നു. അതോടെ രാഷ്ട്രീയ തര്‍ക്കം മതപരമായ പ്രശ്‌നമായി മാറുന്നു. തുടര്‍ന്ന് വിവിധ മതങ്ങളിലെ തീവ്രവാദികള്‍ ചേരിതിരിഞ്ഞ് രംഗത്തുവരുന്നു. ഹിഡന്‍ അജണ്ട ഉണ്ടെന്നു സംശയിക്കാവുന്ന വിധത്തില്‍ ഭരണകൂടം നടത്തിയ നാടകീയ ഇടപെടല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു.
ജൂതവിരോധം ഹിറ്റ്‌ലര്‍ തുടങ്ങിയതല്ല. മധ്യകാലഘട്ടം മുതല്‍ യൂറോപ്പില്‍ അതുണ്ട്. പ്ലേഗ് മഹാമാരിയുടെ പേരിലും കിണറുകളില്‍ വിഷം കലര്‍ത്തി എന്നാരോപിച്ചും 1353 കാലഘട്ടത്തില്‍ ജൂതന്മാരെ കൂട്ടക്കൊല ചെയ്തിട്ടുണ്ട്. ഹിറ്റ്‌ലറുടെ യഹൂദ വിരോധത്തിനു വ്യക്തിപരമായ കാരണങ്ങള്‍ ഉണ്ടെന്നാണ് ആത്മകഥയിലെ സൂചനകള്‍. അതായത് ഹിറ്റ്‌ലറുടെ സ്വകാര്യ രോഷമാണ് ജൂതസമൂഹത്തിന്റെ കൂട്ടക്കൊലയ്ക്കും രണ്ടാം ലോക മഹായുദ്ധത്തിനും കാരണമായത്. പക തീര്‍ക്കാനും പകരം വീട്ടാനും നാക്കും തോക്കും കത്തിയും എടുക്കുന്നവര്‍ ഇതറിയണം.
ഇന്ത്യയില്‍ ഇന്നു ഭൂരിപക്ഷ മതവിഭാഗവും ന്യൂനപക്ഷ മതവിഭാഗങ്ങളും പരസ്പരം സംശയത്തോടെയാണ് വീക്ഷിക്കുന്നത്. കേരളത്തിലും അതുണ്ട്.
ഒരു പ്രമുഖ എഴുത്തുകാരന്‍ പറഞ്ഞ അനുഭവമാണ്. അദ്ദേഹത്തിന്റെ ബന്ധുക്കളിലെ വിദ്യാസമ്പന്നര്‍ക്കു പോലും ഒരു പ്രത്യേക മതവിഭാഗത്തോടു താത്പര്യമില്ല. വാട്ട്‌സാപ്പ് ഗ്രൂപ്പുകളുടെ സ്വാധീനത്തിന്റെ ഫലമാണ്. അദ്ദേഹം ചോദിച്ചു:
'ആ വിഭാഗക്കാരില്‍ ആരെയെങ്കിലും നിങ്ങള്‍ക്ക് പരിചയമുണ്ടോ?'
'ഉവ്വ്. ഞങ്ങളുടെ അയല്‍പക്കത്തുണ്ട്.'
'അവര്‍ എങ്ങനെയുണ്ട്?'
'അവര്‍ കുഴപ്പമൊന്നുമില്ല. നല്ല മനുഷ്യരാണ്.'
അയല്‍പക്കത്തുള്ളവര്‍ നല്ല മനുഷ്യരാണ്. എന്നാല്‍ അവരുടെ മതവിഭാഗക്കാരെ അവര്‍ക്ക് ഇഷ്ടമില്ല. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജവിവരങ്ങളുടെ നിരന്തരമായ പ്രവാഹം മനുഷ്യരുടെ ബുദ്ധിെയയും മനസ്സിനെയും മന്ദീഭവിപ്പിക്കുന്നു.
കറന്റ് ബുക്‌സ് തൃശൂര്‍ പ്രസിദ്ധീകരിച്ച എന്റെ 'നക്ഷത്രങ്ങളുടെ കുമ്പസാരം' എന്ന പുതിയ നോവലില്‍ മനുഷ്യരും ജീവജാലങ്ങളും തമ്മില്‍ ഉണ്ടാകേണ്ട പാരസ്പര്യത്തിന്റെ ചിത്രീകരണങ്ങളായി അത്ഭുതങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സസ്യങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും മനുഷ്യര്‍ക്കും പരസ്പരം ആശയവിനിമയം നടത്താനും കൂട്ടായ്മയോടെ മുന്നേറാനും കഴിയും. അതിന് ആദ്യം മനുഷ്യര്‍ പ്രകൃതിയുടെ അക്ഷരമാല പഠിക്കണം. എല്ലാറ്റിലും അതിശയം കാണുന്ന മനസ്സ് രൂപപ്പെടുത്തണം. ഒരു വിമര്‍ശകന്‍ നോവലിലെ അത്ഭുതങ്ങളെ വായിച്ചെടുത്തത് സഭയോടുള്ള ആരാധനയായിട്ടാണ്. തന്മൂലം നോവലിനെക്കുറിച്ച് പഠനം നടത്താമെന്നു പറഞ്ഞിരുന്നെങ്കിലും അതു ചെയ്യുന്നില്ലെന്ന് അറിയിച്ചു. ഒരു സാഹിത്യകൃതിയുടെ വായനയില്‍ പോലും മതം കടന്നുവരുന്നു എന്നാണിതു വ്യക്തമാക്കുന്നത്. ഇതേസമയം, പ്രമുഖ മലയാളം വാരിക നല്ലൊരു പഠനം പ്രസിദ്ധീകരിച്ചു.
നോവലിന്റെ ഡിടിപി കോപ്പി ആദ്യം വായിച്ച പ്രസിദ്ധീകരണശാലയുടെ പബ്ലിക്കേഷന്‍ മാനേജര്‍ പറഞ്ഞത്, ഈ കൃതി ക്രൈസ്തവ സന്യാസത്തെ കേന്ദ്രീകരിച്ചുള്ളതായതിനാല്‍ സമൂഹം മുന്‍വിധികളോടെ സമീപിക്കാന്‍ സാധ്യതയുണ്ടെന്നാണ്. അതു ശരിയാണെന്നു വിമര്‍ശകന്റെ വാക്കുകള്‍ തെളിയിച്ചു.
നമ്മുടെ സമൂഹത്തില്‍ എഴുത്തുകാര്‍ മുന്‍കൂര്‍ സെന്‍സര്‍ഷിപ്പിനു വിധേയരാകുന്നുണ്ട്. അതിനെ അതിലംഘിക്കാന്‍ ശ്രമിക്കുന്ന എഴുത്തുകാര്‍ക്കു ശക്തരായ ശത്രുക്കളുണ്ടാകും. മാതൃഭൂമി വാരികയ്ക്ക് 'മീശ' എന്ന നോവലിന്റെ പ്രസിദ്ധീകരണം ഇടയ്ക്കുവച്ച് നിര്‍ത്തേണ്ടി വന്നത് അതുകൊണ്ടാണ്. എന്നാല്‍ വിവാദത്തിലൂടെ നോവല്‍ ശ്രദ്ധേയമാകുകയും വന്‍തോതില്‍ കൊപ്പികള്‍ വിറ്റഴിയുകയും ചെയ്തു. ഇംഗ്ലിഷ് പരിഭാഷയ്ക്ക് 30 ലക്ഷം രൂപയുടെ ജെസിബി അവാര്‍ഡും ലഭിച്ചു. ഇതുകൊണ്ടാണോ എന്നറിയില്ല, ഈ എഴുത്തുകാരന്റെ പുതിയ നോവലില്‍ 'സാംസ്‌കാരിക പോലീസു'കാര്‍ക്ക് താത്പര്യം ഉണരാവുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെങ്കിലും ആരും അനങ്ങിയിട്ടില്ല.
ഒരു പ്രമുഖ സാമൂഹിക വിമര്‍ശകന്‍ എന്റെ നോവലിനെ വിമര്‍ശിച്ചത് ഇപ്രകാരമാണ്: ''പുസ്തകം വായിച്ചു. അതില്‍ എഴുതിയതല്ല, എഴുതാതെ വിട്ട ചരിത്രമാണ് പ്രധാനം. സ്റ്റാന്‍ സ്വാമിയല്ല ഫ്രാങ്കോ ആണ് ഇതിലെ മുഖ്യകഥാപാത്രം. പക്ഷേ, അദ്ദേഹം രംഗത്തില്ല.''
ക്രൈസ്തവ സന്യാസ ജീവിതത്തെ കേന്ദ്രീകരിച്ചുള്ള എന്റെ നോവലില്‍ സമകാലിക ക്രൈസ്തവ സമൂഹത്തിലെ വിവാദങ്ങള്‍ അവതരിപ്പിച്ചില്ല എന്നതാണ് അദ്ദേഹത്തിന്റെ ആക്ഷേപം.
ഈ നോവലില്‍ അദ്ദേഹം തേടിയത് തന്റെ സാമൂഹിക വീക്ഷണത്തെ ശരിവയ്ക്കുന്ന കഥാപാത്രങ്ങളുണ്ടോ എന്നാണ്. കൃതിയെ അദ്ദേഹം ആന്തരികമായല്ല ബാഹ്യമായാണ് വായിച്ചത്. സാമൂഹിക മാധ്യമങ്ങള്‍ ശക്തമായശേഷം സംഭവിച്ച ദുരന്തമാണ് അപരന്റെ മനസ്സ് കാണാതെ എന്തിനെയും ഉപരിപ്ലവമായി സമീപിക്കുക എന്നത്.
manipius59@gmail.com