കുട്ടികളുടെ ലോകം തിരിച്ചു കൊടുക്കുക

കുട്ടികളുടെ ലോകം തിരിച്ചു കൊടുക്കുക
കുട്ടികള്‍ക്ക് നിഷ്‌കളങ്കതയും സുരക്ഷിതത്വവും സ്‌നേഹവും തിരിച്ചുകൊടുക്കാന്‍ മുതിര്‍ന്നവര്‍ ജാതി, മത, വര്‍ഗ, വര്‍ണ്ണ, രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക വ്യത്യാസങ്ങള്‍ വിസ്മരിച്ച് കൈകോര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വിവാഹിതരാകാതെ ഗര്‍ഭം ധരിക്കുകയും ജീവിക്കാന്‍ സുരക്ഷിതമായ ഇടവും സംരക്ഷണവും ഇല്ലാത്തവരുമായ സ്ത്രീകളെ പ്രവേശിപ്പിച്ച് ഗര്‍ഭശുശ്രൂഷ നല്‍കുകയും പ്രസവിച്ചശേഷം കുട്ടികളെ അവരുടെ പൂര്‍ണ്ണസമ്മതത്തോടെ നിയമപരമായ നടപടി ക്രമങ്ങള്‍ക്ക് വിധേയമായി ദത്ത് കൊടുക്കുകയും ചെയ്യുന്ന ഒരു സ്ഥാപനം ഞാന്‍ സന്ദര്‍ശിക്കുകയുണ്ടായി. തദവസരത്തില്‍ അവിടുത്തെ അധികാരികള്‍ വ്യക്തമാക്കിയ ഒരു വസ്തുതയുണ്ട്. അടുത്തകാലം വരെ ഇവിടെ വരുന്ന യുവതികള്‍ കൂടുതലും കേരളീയരായിരുന്നു. ഇന്ന് ബംഗാളികളും ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരും തമിഴ് നാടോടിവിഭാഗക്കാരുമാണ് ഇവിടെ എത്തുന്നവരില്‍ കൂടുതല്‍. നമ്മുടെ നാട്ടില്‍ അന്യസംസ്ഥാനക്കാരുടെ സംഖ്യ വര്‍ദ്ധിച്ചതിന്റെ മറ്റൊരു ഫലമാണിത്. ഒപ്പം അവര്‍ അനുഭവിക്കുന്ന ചൂഷണങ്ങളുടെ തെളിവും. ഈ യുവതികള്‍ ഭൂരിപക്ഷവും ദത്ത് നല്‍കാന്‍ ആവശ്യമായ സമ്മതപത്രം നല്‍കിയാണ് മടങ്ങാറ്. എന്നാല്‍ ചിലര്‍ പിന്നീട് തിരികെവന്ന് കുട്ടികളെ കൊണ്ടുപോകുമെന്ന് പറഞ്ഞു മടങ്ങും. പലരും തിരിച്ചുവരില്ല. ആ കുട്ടികളെ ദത്ത് നടപടി ക്രമങ്ങളിലൂടെ നയിക്കാന്‍ കഴിയാത്തതിനാല്‍ കുടുംബത്തിന്റെ സംരക്ഷണവും നല്ല ജീവിതവും അവര്‍ക്ക് നഷ്ടമാകുന്നു.

പ്യാലി എന്ന മലയാള സിനിമ കണ്ടപ്പോഴാണ് മനസ്സ് ഇക്കാര്യങ്ങളിലേക്ക് സൂം ചെയ്തത്. പ്യാലി കഷ്ടിച്ച് മൂന്ന് വയസ്സുള്ള കാശ്മീരി പെണ്‍കുട്ടിയാണ്. നല്ല ഓമനത്തമുള്ളവള്‍. അവളെ ജീവനുതുല്യം സ്‌നേഹിക്കുന്ന സഹോദരനാണ് സിയ. കൂലിപ്പണിക്കിടയില്‍ താല്‍ക്കാലിക ലിഫ്റ്റ് തകര്‍ന്ന് മാതാപിതാക്കള്‍ മരിച്ച് അനാഥരായവര്‍. വെയിലേറ്റ് വാടിത്തളരുന്ന പനിനീര്‍പ്പൂക്കള്‍. കാഷ്മീരിന്റെ മനോഹാരിതയില്‍ വളരേണ്ടവര്‍.

കേരളത്തില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളികളായി പ്രവര്‍ത്തിക്കുന്ന കാശ്മീരികളുണ്ടോയെന്നത് സംശയമാണ്. തുണി, ഷാള്‍ കച്ചവടക്കാരായി കൊച്ചിയില്‍ കുറച്ചുപേരുണ്ട്. കുട്ടികളുടെ ഭംഗിക്ക് ന്യായീകരണം നല്‍കാനാണ് കാശ്മീരികളാക്കിയത് എന്ന് വ്യക്തം. ബിസിനസ് തകര്‍ന്നതുകൊണ്ടാണ് മാതാപിതാക്കള്‍ ഫ്‌ളാറ്റ് പണിക്ക് പോയതെന്ന് സൂചന നല്‍കുന്നുണ്ട്.

മാലാഖയെപ്പോലെ ഭംഗിയുള്ള അനുജത്തിയുമായി പന്ത്രണ്ടോ പതിമൂന്നോ വയസ്സുമാത്രമുള്ള സഹോദരന്‍ ചേരിയിലെ അപകടങ്ങള്‍ പതിയിരിക്കുന്ന സ്ഥലത്ത് താമസിക്കുന്നതായി കാണുന്നതുമുതല്‍ നമ്മുടെ മനസ്സ് അസ്വസ്ഥമാകും. കേരളീയ സമൂഹം അത്രമേല്‍ സുരക്ഷിതത്വമില്ലാത്തതും മനുഷ്യത്വഹീനവും ലഹരിക്കടിപ്പെട്ടതുമാണെന്ന അറിവാണ് അസ്വസ്ഥതയ്ക്ക് അടിസ്ഥാനം. കുട്ടിയെ ആരെങ്കിലും ഉപദ്രവിക്കുമോയെന്ന ആശങ്കയാണ് പ്രേക്ഷകരെ മുന്നോട്ടു നയിക്കുന്നത്. ആ ആകാംക്ഷ നിലനിര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

കുട്ടിയും കൂടെതാമസിക്കുന്നതുകൊണ്ട് വാടക ആയിരം രൂപ കൂട്ടിത്തരണമെന്നും ഇല്ലെങ്കില്‍ കുട്ടിയെ ജോലിക്കു വിടണമെന്നുമാണ് അവരെക്കൊണ്ട് പണിയെടുപ്പിക്കുന്ന ഹൃദയശൂന്യന്റെ ഉത്തരവ്. ട്രാഫിക് സിഗ്‌നലുകളില്‍ വാഹനങ്ങള്‍ നിര്‍ത്തുമ്പോള്‍ പലതരം സാധനങ്ങള്‍ വില്‍ക്കുകയാണ് കുട്ടികളുടെ ജോലി. വില്‍ക്കുന്നതിന്റെ കമ്മീഷനാണ് പ്രതിഫലം. അയാള്‍ കൊടുക്കുന്ന സാധനങ്ങള്‍ മാത്രമേ വില്‍ക്കാവൂ. വാടക കൂട്ടിക്കൊടുക്കാമെന്നു സമ്മതിച്ചാണ് തല്‍ക്കാലം സിയ അനുജത്തിയെ സംരക്ഷിച്ചത്.

തെരുവില്‍ അലയുന്ന കുട്ടികളെ കണ്ടെത്തി സര്‍ക്കാര്‍ സദനങ്ങളിലും സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന ഭവനങ്ങളിലും പ്രവേശിപ്പിക്കുന്ന ആളുകള്‍ ഒരു ദിവസം സിയയെയും പ്യാലിയെയും പിടികൂടി. തങ്ങളെ രണ്ടിടത്തായി പാര്‍പ്പിക്കാനാണ് അവരുടെ പരിപാടി എന്നറിഞ്ഞപ്പോള്‍ സിയ അനുജത്തിയെയും കൊണ്ട് രക്ഷപ്പെട്ടു. പിന്നീട് അവന്‍ ഒരു ആക്രിക്കടയില്‍ ജോലിക്കാരനായി. സംരക്ഷണവും വിദ്യാഭ്യാസത്തിനുള്ള സൗകര്യവും ഭക്ഷണവും ലഭിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ജീവിക്കുന്നതാണ് സിയയ്ക്കും പ്യാലിക്കും നല്ലതെന്ന് ആക്രിമുതലാളിയുടെ മകള്‍ ഉപദേശിക്കുന്നുണ്ട്. അവനു പക്ഷേ അനുജത്തിയെ വിട്ടുപിരിയാന്‍ കഴിയുകയില്ല.

സന്തോഷത്തിന്റെ ദിനങ്ങളിലൂടെ ആ കുട്ടികളുടെ ജീവിതം ഉരുളുമ്പോഴാണ് അവര്‍ സഞ്ചരിച്ചിരുന്ന സൈക്കിള്‍ അപകടത്തില്‍പ്പെട്ടത്. ആശുപത്രിയിലായസിയ, പ്യാലി എവിടെയാണെന്നറിയാതെ ദുഃഖച്ചുഴിയില്‍ വീഴുന്നു. അവന്‍ കുടിലില്‍ വന്നപ്പോള്‍ അവിടെയൊന്നും കാണാനില്ലായിരുന്നു.

തുടര്‍ന്നാണ് കഥയില്‍ നാടകീയമായ മാറ്റം സംഭവിക്കുന്നത്. മുസിരിസ് ബിനാലെയുടെ ക്യൂറേറ്റര്‍ അവന്റെ പറക്കും വീടിനെ കലാസൃഷ്ടിയാക്കി അവതരിപ്പിച്ചിരിക്കുന്നു. പ്യാലി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും അവിടെ നടക്കുന്നു. അങ്ങനെ സിയയും പ്യാലിയും ഒരുമിക്കുന്നു.

കുട്ടികള്‍ മുഖ്യകഥാപാത്രമായ സിനിമയെ ട്രാജഡിയാകേണ്ട എന്ന നിര്‍ബന്ധബുദ്ധി എഴുത്തുകാരനും സംവിധായകനും കാണിച്ചതുകൊണ്ടാണ് ഇങ്ങനെയൊരു സന്തോഷകരമായ അവസാനം സിനിമയ്ക്കുണ്ടായതെന്നു വ്യക്തം. കാഴ്ചക്കാരും അത് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, തെരുവില്‍ അലയാന്‍ വിധിക്കപ്പെട്ട കുട്ടികളുടെ യഥാര്‍ത്ഥ ജീവിതം ഇങ്ങനെ ശുഭകരമായി മുന്നേറുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കുറ്റകൃത്യങ്ങളുടെയും മയക്കു മരുന്നിന്റെയും ലോകത്തിലേക്ക് ഈ കുട്ടികള്‍ എത്തിപ്പെടാനുള്ള സാധ്യത കൂടുതലാണ്. സാധാരണകുടുംബത്തിലെ കുട്ടികള്‍പോലും മയക്കുമരുന്നിന്റെ ഉപയോഗത്തിലേക്കും കച്ചവടത്തിലേക്കും തിരിയുന്ന ദാരുണമായ സാഹചര്യം കേരളത്തിലുണ്ട്. 2022 ഒക്‌ടോബറില്‍ തൃശ്ശൂരില്‍ എം ഡി എം എ സഹിതം പിടിയിലായ രണ്ട് മയക്കുമരുന്ന് കച്ചവടക്കാരുടെ കയ്യിലുണ്ടായിരുന്ന ഇടപാടുകാരുടെ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ 250 പേര്‍ സ്‌കൂള്‍ കുട്ടികളായിരുന്നു! ലിസ്റ്റില്‍ മൊത്തം 800 പേരുകളാണ് ഉണ്ടായിരുന്നത്.

കുട്ടികളെ വലയില്‍ വീഴ്ത്താന്‍ ആദ്യം ഡ്രഗ്‌സ് പുരട്ടിയ ചോക്ലേറ്റുകളും മറ്റും സൗജന്യമായി കൊടുക്കും. കുട്ടികള്‍ അതില്‍ രസംപിടിച്ച് വീണ്ടും കിട്ടിയേ മതിയാവൂ എന്ന നിലവരുമ്പോള്‍ കാശ് ആവശ്യപ്പെടും. അതിനു പണം കണ്ടെത്താന്‍ ഈ കുട്ടികളെ മയക്കു മരുന്നിന്റെ ഇടപാടുകാരാക്കും. മയക്കുമരുന്നു വില്പനയുടെ വലകള്‍ അങ്ങനെ വലുതാകും.

കുട്ടികള്‍ക്ക് മയക്കുമരുന്നു കിട്ടും. എന്നാല്‍ ആവശ്യമായ പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം കിട്ടുകയില്ലെന്നതാണ് കേരളത്തിലെ സ്ഥിതി. ഇന്ത്യയിലെ കുട്ടികളെയും മുതിര്‍ന്നവരെയും പരിഗണിച്ചാല്‍ 71% ആളുകള്‍ ആരോഗ്യകരമായ ഭക്ഷണത്തിനു കഴിവില്ലാത്തവരാണെന്നു സി എസ് ഇ, ഡൗണ്‍ ടു എര്‍ത്ത് മാഗസിന്‍ എന്നിവ നടത്തിയ പഠനം വെളിപ്പെടുത്തി. മോശം ഭക്ഷണം മൂലമുണ്ടാകുന്ന രോഗങ്ങള്‍ പിടിപെട്ട് ഇന്ത്യയില്‍ വര്‍ഷംതോറും 17 ലക്ഷം പേര്‍ മരിക്കുന്നുവെന്നും ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

2018-ല്‍ കേരളത്തില്‍ അഞ്ചിനും ഒന്‍പതിനും ഇടയില്‍ വയസ്സുള്ള കുട്ടികളില്‍ പത്ത് ശതമാനം പേരുടെ വളര്‍ച്ച മുരടിച്ചതായി 2016-2018 ലെ നാഷണല്‍ ന്യൂട്രീഷന്‍ സര്‍വേ വ്യക്തമാക്കിയിരുന്നു. തെരുവിലെ കുട്ടികളുടെ അവസ്ഥ എത്രമാത്രം ദയനീയമായിരിക്കുമെന്ന് ഇതില്‍നിന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. ലോകമെമ്പാടും കുട്ടികള്‍ അക്രമങ്ങള്‍, വിവിധ സാമൂഹികപ്രശ്‌നങ്ങള്‍ തുടങ്ങിയവയുടെ ഇരകളായി മാറുകയാണ്. അമ്പരപ്പിക്കുന്ന വേഗതയാണ് ഈ നാശോന്മുഖ സുനാമിക്ക്. കുട്ടികള്‍ക്ക് നിഷ്‌കളങ്കതയും സുരക്ഷിതത്വവും സ്‌നേഹവും തിരിച്ചുകൊടുക്കാന്‍ മുതിര്‍ന്നവര്‍ ജാതി, മത, വര്‍ഗ, വര്‍ണ്ണ, രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക വ്യത്യാസങ്ങള്‍ വിസ്മരിച്ച് കൈകോര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

manipius59@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org