മാണി പയസ്
ടോക്കിയോ ഒളിമ്പിക്‌സില്‍ ജാവലിനില്‍ സ്വര്‍ണ്ണം നേടിയ നീരജ് ചോപ്രയ്ക്ക് കോച്ച് കൊടുത്ത ഉപദേശം, ശരീരം വില്ലാക്കി, ജാവലിന്‍ അമ്പുപോലെ പായിക്കുക എന്നാണ്. നീരജിനേക്കാള്‍ ഉയരവും വണ്ണവുമുള്ള എതിരാളികള്‍ കൈക്കരുത്തിലും മെയ്ക്കരുത്തിലും ഊന്നിയപ്പോള്‍ ശരീരത്തെ വില്ലുപോലെയാക്കിയ നീരജ് സുവര്‍ണ മെഡലില്‍ അമ്പ് കൊള്ളിച്ചു.
മെയ്യ് കണ്ണാക്കണം എന്ന ഉപദേശം കളരി ഗുരുക്കന്മാര്‍ ശിഷ്യന്മാര്‍ക്ക് നല്കുന്നതാണ്. കായികരംഗത്ത് അത് ഏറ്റവും അനിവാര്യമാണെന്ന് ഒളിമ്പിക്‌സ് മത്സരങ്ങള്‍ വെളിപ്പെടുത്തുന്നു. ജിംനാസ്റ്റിക്‌സും ഡൈവിംഗും അത്‌ലറ്റിക്‌സും ശരീരം മുഴുവന്‍ കണ്ണുകളുള്ളവരുടെ മത്സരമായി മാറുന്നു. മനസ്സാണ് അവരുടെ മൂന്നാം കണ്ണ്. മനക്കണക്കാണ് അവരുടെ കാഴ്ച. അതു തെറ്റാതിരിക്കണമെങ്കില്‍ അപാരമായ ഏകാഗ്രതയും ഉരുക്കിനൊത്ത മനോനിലയും വേണം. എത്ര കുലച്ചാലും ഒടിയാത്ത വില്ലുപോലെയാകണം ശരീരം.
മനസ്സൊന്നു പതറിയാല്‍ എല്ലാം കൈവിട്ടുപോകും. അങ്ങനെ തോന്നിയപ്പോഴാണ് പ്രസിദ്ധ യു.എസ്. ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സ് ഒളിമ്പിക്‌സിലെ ചില മത്സരങ്ങളില്‍ നിന്ന് പിന്‍വാങ്ങിയത്. കൃത്യതയും സൗന്ദര്യാത്മകതയും കൊണ്ട് ലോകത്തെ ത്രസിപ്പിച്ച ഈ താരം പിന്‍വാങ്ങിയപ്പോള്‍ കായികലോകം സങ്കടപ്പെട്ടു. പക്ഷേ, അവര്‍ തിരിച്ചുവന്ന് ഒരിനത്തില്‍ മത്സരിച്ച് ഓട്ടുമെഡലുമായാണ് മടങ്ങിയത്. പ്രശസ്തിയുടെ പാര്‍ശ്വഫലമായി ഉണ്ടാകുന്ന ഡിപ്രഷനായിരുന്നു ബൈല്‍സിന്. സന്തോഷവും സങ്കടവും ഒരേസമയം പ്രകടിപ്പിക്കുന്നതിന് കഥകളിയില്‍ ഏകലോചനം കാട്ടുക എന്നാണു പറയുന്നത്. പ്രശസ്തരായവര്‍ക്ക് വികാരങ്ങള്‍ ഉള്ളിലൊതുക്കി നിര്‍വികാരതയുടെ ഏകലോചനം എപ്പോഴും പ്രകടിപ്പിക്കേണ്ടി വരുന്നു. അങ്ങനെ കെട്ടിനില്‍ക്കുന്ന വികാരങ്ങള്‍ അവരുടെ മനസ്സിലേല്പിക്കുന്ന സമ്മര്‍ദ്ദമാണ് ഡിപ്രഷനായി മാറുന്നത്.
ഏതു മേഖലകളിലും എന്നപോലെ കായികരംഗത്തും അനേകം പ്രശ്‌നങ്ങളുണ്ട്. അവയെ തുടര്‍ച്ചയായി അഭിമുഖീകരിച്ചുകൊണ്ടാണ് താരങ്ങള്‍ ഒളിമ്പിക്‌സ് പോലുള്ള മഹാവേദികളില്‍ മാറ്റുരയ്ക്കുന്നത്. നല്ല പരിശീലകനെ കിട്ടുക, മികച്ച പരിശീലനം കിട്ടുക, ഏകാഗ്രതയോടെ പരിശീലിക്കാനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഉണ്ടാവുക, ദേശീയവും അന്തര്‍ദ്ദേശീയവുമായ അവസരങ്ങള്‍ കിട്ടുക, എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ ഒത്തിണങ്ങിയാലേ മികച്ച കായികതാരം രൂപമെടുക്കൂ. ഏറ്റവും പ്രധാനം പ്രതിഭയാണ്. ജന്മനാ ലഭിക്കുന്ന ഈശ്വരകൃപയാണത്. അതിനെ തേച്ചുമിനുക്കി പത്തരമാറ്റില്‍ എത്തിക്കുന്നതാണ് മറ്റു ഘടകങ്ങള്‍.
മറ്റെല്ലാം വിസ്മരിച്ച്, ശാരീരിക പ്രലോഭനങ്ങളെ അതിജീവിച്ച്, നിരന്തരമായ പരിശീലനങ്ങളിലൂടെ ലോകത്തിലെ ഒന്നാം നമ്പര്‍ താരമായി മാറിയാലും, കായിക ക്ഷമത നൂറുശതമാനം ഉണ്ടെങ്കിലും, ലോകമത്സരങ്ങളുടെ വേദികളില്‍ സ്വര്‍ണ്ണം നേടണമെങ്കില്‍ ഭാഗ്യവും വേണം. അങ്ങനെ സ്വര്‍ണ്ണം നേടാന്‍ അവസരം വന്നപ്പോള്‍ അതു പങ്കുവയ്ക്കാന്‍ തയ്യാറാവുന്നവര്‍ അത്യപൂര്‍വ്വമായിരിക്കും.
ആ അനന്യത ടോക്കിയോ ഒളിമ്പിക്‌സിലെ പുരുഷവിഭാഗം ഹൈജമ്പ് മത്സരത്തിനു വികാര തീവ്രമായ നിമിഷങ്ങള്‍ സമ്മാനിച്ചു. സൗഹൃദത്തിന്റെ, സാഹോദര്യത്തിന്റെ, മാനവികതയുടെ, പങ്കുവയ്ക്കലിന്റെ നിമിഷങ്ങള്‍. ഫൈനലില്‍ ഖത്തറിന്റെ മുതാസ് എസ ബാര്‍ഷിമും ഇറ്റലിയുടെ ജിയാന്‍മാര്‍ക്കോ താമ്പേരിയും 2.37 മീറ്റര്‍ ഉയരം മറികടന്നു. പിന്നീട് ചാട്ടത്തില്‍ താമ്പേരിക്കു പരിക്കേറ്റു. അതിനാല്‍ മത്സരത്തില്‍ നിന്നു പിന്‍വാങ്ങി.
ബാര്‍ഷിമിനു അടുത്ത ഉയരം മറികടന്നു സ്വര്‍ണ്ണമെഡലിനു ശ്രമിക്കാമായിരുന്നു. അതിനുപകരം റഫറിയോട് ചോദിച്ചത് ഇങ്ങനെ "ഞങ്ങള്‍ രണ്ടുപേര്‍ക്കും സ്വര്‍ണ്ണം കിട്ടുമോ?"
അതു ബാര്‍ഷിമിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്നായിരുന്നു റഫറിയുടെ മറുപടി. ബാര്‍ഷിം മത്സരത്തില്‍നിന്നു പിന്‍വാങ്ങിയപ്പോള്‍ രണ്ടുപേരും സ്വര്‍ണ്ണമെഡല്‍ ജേതാക്കളായി. നാലാം സ്ഥാനത്തേക്കു തള്ളപ്പെടുമായിരുന്ന ഒരാള്‍ ഓട്ടുമെഡലിനും അര്‍ഹനായി.
പങ്കുവയ്ക്കല്‍ തീരുമാനം വന്നപ്പോള്‍ താമ്പേരി കണ്ണീരോടെ ബാര്‍ഷിമിനെ കെട്ടിപ്പിടിച്ചു. സ്റ്റേഡിയത്തില്‍ കമിഴ്ന്നുവീണു ചുംബിച്ചു. ഒളിമ്പിക്‌സ് വില്ലേജില്‍ തിരിച്ചുവന്ന രണ്ടുപേര്‍ക്കും ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. അവര്‍ ഒരുമിച്ചു നടക്കാന്‍ പോയി.
ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് മുതല്‍ കഴിഞ്ഞ 11 വര്‍ഷമായി ഹൈജമ്പില്‍ പരസ്പരം മത്സരിക്കുന്നവരാണ് ബാര്‍ഷിമും താമ്പേരിയും. അടുത്ത സുഹൃത്തുക്കളാണ്. ബാര്‍ഷിമിന്റെ വിവാഹത്തിനു താമ്പേരി വന്നിരുന്നു. താമ്പേരിയുടെ കല്യാണത്തിനു ബാര്‍ഷിം വരുമെന്ന് അറിയിച്ചിട്ടുണ്ട്.
മത്സരിക്കുമ്പോള്‍ സ്വര്‍ണ്ണം പങ്കുവയ്ക്കുന്ന കാര്യമൊന്നും രണ്ടുപേരും ചിന്തിച്ചിരുന്നില്ല. ആ നിമിഷത്തിലെടുത്ത സ്വാഭാവികമായ തീരുമാനമായിരുന്നു ബാര്‍ഷിമിന്റേത്. അതിലെ അപ്രതീക്ഷിതത്വമാണ് താമ്പേരിയെ വികാരഭരിതനാക്കിയത്. "ഞങ്ങള്‍ക്കിരുവര്‍ക്കും ആപ്പിള്‍ കിട്ടുമോ"യെന്ന ചോദ്യത്തിന്റെ ലാഘവത്തിലായിരുന്നു ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും സ്വര്‍ണ്ണമെഡല്‍ കിട്ടുമോയെന്ന ബാര്‍ഷിമിന്റെ ചോദ്യം. ഒളിമ്പിക്‌സിലെ മറ്റ് സ്വര്‍ണ്ണമെഡലുകളേക്കാള്‍ മാറ്റ് കൂടും സൗഹൃദത്തിന്റെ കാരറ്റ് മെഷീനില്‍ ഈ മെഡലിന്.
അത്‌ലറ്റിക് ചരിത്രം മാറ്റിയെഴുതിയ ജെസെ ഓവന്‍സും ജര്‍മന്‍കാരനായ കാള്‍ ലുഡ്‌വിഗ് ലോംഗും സുഹൃത്തുക്കളായിരുന്നു. 1936-ലെ ബെര്‍ലിന്‍ ഒളിമ്പിക്‌സില്‍ ഓവന്‍സ് 100 മീറ്റര്‍, 200 മീറ്റര്‍, 4×100 മീറ്റര്‍ റിലെ, ലോംഗ്ജംബ് എന്നീ ഇനങ്ങളില്‍ സ്വര്‍ണ്ണം നേടി ഹിറ്റ്‌ലറെ വിറളിപിടിപ്പിച്ചു. ആര്യന്‍ അധീശത്വത്തിന്റെ ഉദ്‌ഘോഷകനായ ഹിറ്റ്‌ലര്‍ക്ക് ഈ കറുത്ത വര്‍ഗ്ഗക്കാരന്‍ ട്രാക്കില്‍ രാജാവായത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ലോംഗ്ജമ്പില്‍ സ്വര്‍ണ്ണം നേടാന്‍ ഓവന്‍സിനെ സഹായിച്ചത് ആ മത്സരത്തില്‍ എതിരാളിയായ ലോംഗ് പറഞ്ഞു കൊടുത്ത ഒരു ടിപ്പ് ആയിരുന്നു. അതിന്റെ അമൂല്യത ഓവന്‍സ് പ്രകടിപ്പിച്ചത് ഇപ്രകാരമാണ്: "എന്റെ എല്ലാ സ്വര്‍ണ്ണമെഡലുകളും കപ്പുകളും ഉരുക്കി എടുത്താലും ലോംഗിനോട് എനിക്ക് ആ നിമിഷം തോന്നിയ സൗഹൃദത്തിന്റെ 24 കാരറ്റിനോളം വരികയില്ല." ലോംഗിന് കിട്ടിയത് വെള്ളി മെഡലായിരുന്നു.
കായികലോകത്ത് മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരം വൈകാരിക നിമിഷങ്ങള്‍ കൂടുതല്‍ ഉണ്ടാവുകയും കായികതാരങ്ങള്‍ ആ മനോനില ആര്‍ജ്ജിക്കുകയും ചെയ്യണം.
കാട്ടുമൃഗത്തിനു നേര്‍ക്കു കുന്തം എറിയുന്ന കാട്ടാളനാണ് ഇന്നത്തെ ജാവലിന്‍ അത്‌ലറ്റിന്റെ മുന്‍ഗാമി. നീന്തലിലെ ബ്രസ്റ്റ് സ്‌ട്രോക്ക് നീര്‍ക്കുതിരയുടെ നീന്തല്‍ ഓര്‍മ്മയില്‍ കൊണ്ടുവരുന്നു. ഡൈവിംഗ് ഡോള്‍ഫിനുകളെ ഓര്‍മ്മിപ്പിക്കുന്നു. ഓടിവന്ന് ഇരയുടെ മേല്‍ ചാടിവീഴുന്ന പുലി മികച്ച ലോംഗ്ജമ്പ് താരമാണ്. കൊമ്പ് കോര്‍ക്കുന്ന മാനുകള്‍ ഗുസ്തിക്കാരാണ്. മനുഷ്യര്‍ മൃഗങ്ങളില്‍ നിന്ന് കടം കൊണ്ടിട്ടുള്ള കായിക ആശയങ്ങള്‍ ഉയര്‍ന്ന തലത്തില്‍ പ്രതിഷ്ഠിതമാകുന്നത് മാനവിക മൂല്യങ്ങള്‍ ഉള്‍ച്ചേരുമ്പോഴാണ്.
നീരജ് ചോപ്ര ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റായ മില്‍ഖാസിംഗിനു തന്റെ സുവര്‍ണ വിജയം സമര്‍പ്പിച്ചത് മൂല്യവത്തായ ഒരു നിമിഷമായിരുന്നു. ഇതിനോട് മില്‍ക്കയുടെ മകന്‍ ജീവ വികാരാധീനനായാണ് പ്രതികരിച്ചത് "എന്തൊരു പ്രകടനമായിരുന്നു നീരജ്. ഇങ്ങനെയൊന്നു സംഭവിക്കാന്‍ ഡാഡി വര്‍ഷങ്ങളായി ആഗ്രഹിച്ചിരുന്നു. ഇതു പറയുമ്പോള്‍ ഞാന്‍ കരയുകയാണ്. എനിക്കുറപ്പാണ്, സ്വര്‍ഗ്ഗത്തില്‍ ഡാഡിയും കരയുന്നുണ്ടാകും."
ഏതു പ്രവര്‍ത്തന മണ്ഡലങ്ങളിലായാലും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ന്നു നില്‍ക്കണം. അങ്ങനെയുള്ളവരെ വാഴ്ത്തണം.