മൂലധന ആധിപത്യവും മാധ്യമ നിഷ്പക്ഷതയും

മൂലധന ആധിപത്യവും മാധ്യമ നിഷ്പക്ഷതയും
നാന്നൂറ് സീറ്റുകളാണു ലക്ഷ്യമെന്നു പറഞ്ഞിരുന്ന ബി ജെ പി ഇപ്പോള്‍ അതേക്കുറിച്ചു മിണ്ടുന്നില്ല എന്നതാണ് തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഈ ഘട്ടത്തില്‍ സഭവിച്ചിരിക്കുന്ന മാറ്റം. പ്രതിപക്ഷമാകട്ടെ 1977-ല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍ ജയിലില്‍ ആയിരുന്നപ്പോള്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രതിക്ഷ മുന്നണി അധികാരത്തില്‍ വന്നതിനെക്കുറിച്ച് സ്വപ്‌നം കാണാന്‍ തുടങ്ങിയിരിക്കുന്നു. ഡല്‍ഹി മുഖ്യമന്ത്രി യായ അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതിനെതിരേ രാജ്യത്തുണ്ടായ പ്രതിഷേധം പ്രതിപക്ഷ മുന്നണി കുേറക്കൂടി കെട്ടുറപ്പിലേക്കു നീങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണ്.

2019 ലെ തിരഞ്ഞെടുപ്പില്‍ വലിയ കോട്ടം സംഭവിച്ചതിനാല്‍ കുറയാന്‍ ഒട്ടുമില്ല. നേടാനേയുള്ളൂ എന്ന നിലയിലാണ് കോണ്‍ഗ്രസും പ്രതിപക്ഷ സഖ്യവും. കഴിഞ്ഞ തവണ വലിയ നേട്ടം കൈവരിച്ച ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ അതേ നേട്ടം ആവര്‍ത്തിക്കാന്‍ ബി ജെ പിക്ക് കഴിയണമെന്നില്ല. ഇവിടങ്ങളില്‍ 10 ശതമാനം സീറ്റെങ്കിലും കുറയുമെന്നാണ് നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ദക്ഷിണേന്ത്യയില്‍ ബി ജെ പിക്ക് കാര്യമായ നേട്ടത്തിനു സാധ്യതയുമില്ല.

നിഷ്പക്ഷതയെ ഒരു ഗുണമായി മാധ്യമങ്ങള്‍ കരുതുന്നില്ല എന്നതാണ് ഈ കാലഘട്ടത്തിന്റെ പ്രത്യേകത. ലോകവ്യാപകമായി ഇതാണു സത്യം. അതിനാല്‍ അടിത്തട്ടില്‍ എന്തു സംഭവിക്കുന്നുവെന്നു മനസ്സിലാക്കാന്‍ വളരെ പ്രയാസമാണ്. സാമൂഹിക മാധ്യങ്ങളെ തീര്‍ത്തും വിശ്വസിക്കാന്‍ കഴിയില്ല. തട്ടിപ്പുകള്‍ ഏറെ അരങ്ങേറുന്ന ഇടമായി അതു മാറിയിരിക്കുന്നു. അത്തരത്തില്‍ ഒരു പ്രചാരണമാണ് ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിനെതിരെ ഉണ്ടായത്. അവര്‍ ബി ജെ പി യിലേക്ക് പോകന്നു എന്നായിരുന്നു പ്രചാരണം. അതിന്റെ മുനയൊടിക്കാന്‍ ചാണ്ടി ഉമ്മനും അച്ചു ഉമ്മനും ഉമ്മന്‍ ചാണ്ടിയുടെ പത്‌നിയും ഒരുമിച്ച് വടകരയില്‍ ഷാഫി പറമ്പിലിനു വേണ്ടി പ്രചാരണത്തിന് എത്തി.

1977-ലെ പ്രതിപക്ഷ വിജയം 2024-ല്‍ പ്രതിപക്ഷ മുന്നണി സ്വപ്‌നം കാണുമ്പോള്‍ അവരെ നയിക്കാന്‍ ജയപ്രകാശ് നാരായണനെപ്പോലെയുള്ള മഹാനായ ഒരു നേതാവില്ല എന്ന കാര്യം വിസ്മരിക്കാനാവില്ല. കര്‍പ്പൂരി ഠാക്കൂര്‍, ജോര്‍ജ് ഫെര്‍ണാണ്ടസ്, മധുലിമായെ, എസ് ആര്‍ ജോഷി, ചരണ്‍സിംഗ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളുടെ വലിപ്പം ഇന്നത്തെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കില്ലെന്നതും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. പഴയ നേതാക്കള്‍ അഴിമതി രഹിതരായിരുന്നു. ഒരിക്കലും തോറ്റിട്ടില്ലാത്ത കോണ്‍ഗ്രസിന്റെ ചരിത്രത്തോടാണ് അവര്‍ ഏറ്റുമുട്ടിയത്. രാഹുല്‍ ഗാന്ധി, കേജ്‌രിവാള്‍, മമത ബാനര്‍ജി തുടങ്ങിയവര്‍ക്ക് ആ നിലയിലേക്ക് ഉയരാന്‍ കഴിയുമോയെന്നത് പ്രസക്തമായ ചോദ്യമാണ്.

മാധ്യമങ്ങളുടെ പിന്തുണ അര്‍ഹമായ രീതിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും അവരുടെ നേതാക്കന്മാര്‍ക്കും ലഭിക്കുന്നില്ല. ലോകത്ത് എവിടെയുമുള്ള മാധ്യമ മുതലാളിമാര്‍ അധികാരത്തോടു ചേര്‍ന്നു നില്‍ക്കാനാണ് താത്പര്യപ്പെടുന്നത്! ഇതിനായുള്ള നിര്‍ബന്ധം മാധ്യമ പ്രവര്‍ത്തകരെ സമ്മര്‍ദത്തിലാഴ്ത്തുന്നുണ്ട്.

പ്രമുഖ മാധ്യമ സ്ഥാപനങ്ങളെ ഇന്നു നിയന്ത്രിക്കുന്നത് വലിയ ബിസിനസ്സ് ഗ്രൂപ്പുകളാണ്. അതിന്റെ ഡയറക്ടര്‍ ബോര്‍ഡിന് ലാഭത്തോടും അതുവഴി ലഭിക്കുന്ന ഡിവിഡന്റിനോടുമാണ് ആഭിമുഖ്യം. ലാഭം വരുന്നത് പരസ്യം വഴിയാണ്. അധികാരത്തോടു ചേര്‍ന്നു നിന്നാലേ പരസ്യം തടസ്സമില്ലാതെ കിട്ടൂ. തങ്ങളെ എതിര്‍ക്കുന്ന ഒരു മാധ്യമത്തിനു പരസ്യം നല്കുന്ന കോര്‍പ്പറേറ്റ് കമ്പനിയോട് ആ പരസ്യം നിര്‍ത്തിയേക്കാന്‍ സര്‍ക്കാര്‍ പറഞ്ഞാല്‍ കമ്പനി അനുസരിക്കും. സര്‍ക്കാരിനോടു ഏറ്റുമുട്ടാന്‍ അവര്‍ താത്പര്യപ്പെടുകയില്ല. അതു നഷ്ടക്കളിയാവുമെന്ന് അവര്‍ക്കറിയാം. ചുരുക്കത്തില്‍ സര്‍ക്കാരിനെ എതിര്‍ത്ത് ഒരു മാധ്യമസ്ഥാപനം ലാഭകരമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല.

ഇന്ത്യയിലെ വിഷ്വല്‍ മീഡിയയുടെ 55 ശതമാനത്തിന്റെ നിയന്ത്രണം അംബാനിയുടെ കൈകളിലേക്കു വരികയാണ്. ഇന്ത്യാ ടുഡെ ഗ്രൂപ്പ് അദാനി സ്വന്തമാക്കി. പ്രമുഖ മാധ്യമ ഗ്രൂപ്പായ സീ ടിവി രാഷ്ട്രീയ ചായ്‌വ് ഉള്ളവരാണ്. ഇന്ത്യയില്‍ നിഷ്പക്ഷ മാധ്യമ ങ്ങളുടെ എണ്ണം കുറഞ്ഞു വരികയാണെന്നു വ്യക്തം.

ഇതു കൂടാതെയാണ് മാധ്യമ സ്ഥാപനങ്ങള്‍ പ്രകടമായും സ്വകാര്യമായും നിശ്ചയിക്കുന്ന മറ്റ് അജണ്ടകള്‍. കേരളത്തിലെ ഒരു ലോക്‌സഭാ സീറ്റില്‍ മത്സരിക്കുന്ന ബി ജെ പി സ്ഥാനാര്‍ത്ഥി മലയാളത്തിലെ ഒരു ടി വി ചാനലിന്റെ ഉടമസ്ഥനാണ്. അദ്ദേഹത്തിന്റെ എതിര്‍ സ്ഥാനാര്‍ത്ഥികളേക്കാള്‍ ഒരു പടി മുന്നില്‍ നിര്‍ത്തിയേ ആ ടി വി ചാനലിനു അവരുടെ പോരാട്ടം സംബന്ധിച്ചവാര്‍ത്തകള്‍ കൊടുക്കാനാവൂ.

ഇതിന്റെ കാരണം മനസ്സിലാക്കാം. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോ ണ്‍ഗ്രസിന് എങ്ങനെയൊക്കെ ദോഷമാകുമെന്നു സമര്‍ത്ഥിക്കാന്‍ ഒരു ഇംഗ്ലിഷ് ഭാഷാപത്രം ഒരു ദിവസം തന്നെ ലീഡര്‍ പേജിലും ഇലക്ഷന്‍ പേജിലുമായി രണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെ പിന്നിലെ താത്പര്യമെന്താണ്? പ്രത്യേക വിഭാഗങ്ങളെ കോണ്‍ഗ്രസിനെതിരായി തിരിക്കുകയെന്നതാവണം ലക്ഷ്യം. അധികാരത്തിന്റെ ആധിപത്യവും പണത്തിന്റെ ആധിപത്യവും പോലെ മാധ്യമങ്ങളുടെ ആധിപത്യവും ലോകത്തെമ്പാടും തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ഘടകമായിരിക്കുന്നു. ആദര്‍ശമെന്നത് അവസരത്തിനൊത്തു മാറി മറിയുന്നതാവുന്നു.

ചരിത്രം സൃഷ്ടിച്ച പാരമ്പര്യമുള്ള അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ് എന്നിവരുടെ ഇന്നത്തെ കഥയെടുക്കാം. ഒരു കുടുംബത്തിന്റെ സ്വത്തായിരുന്ന ന്യൂയോര്‍ക്ക് ടൈംസിനെ ഇന്നു നിയന്ത്രിക്കുന്നത് ഏതാനും ധനകാര്യ സ്ഥാപനങ്ങളാണ്. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഇപ്പോഴത്തെ ഉടമ ആമസോ ണ്‍ മുതലാളി ജെഫ് ബെസോസ് ആണ്. ഇന്ത്യയിലെ വിഷ്വല്‍ മീഡിയയുടെ 55 ശതമാനത്തിന്റ നിയന്ത്രണം അംബാനിയുടെ കൈകളിലേക്കു വരികയാണ്. ഇന്ത്യ ടുഡെ ഗ്രൂപ്പ് അദാനി സ്വന്തമാക്കി. പ്രമുഖ മാധ്യമ ഗ്രൂപ്പായ സീ ടിവി രാഷ്ട്രീയ ചായ്‌വ് ഉള്ളവരാണ്. ഇന്ത്യയില്‍ നിഷ്പക്ഷ മാധ്യമങ്ങളുടെ എണ്ണം കുറഞ്ഞു വരികയാണെന്നു വ്യക്തം. ഇതുപോലെ ഇന്റര്‍നെറ്റില്‍ പ്രീപോള്‍ സര്‍വേ ഫലം എന്ന പേരില്‍ പ്രത്യക്ഷപ്പെടുന്നവയില്‍ ഭൂരിപക്ഷവും ആധികാരികതയുടെ കാര്യത്തില്‍ വട്ടപൂജ്യങ്ങളാണ്. അഭിപ്രായ വോട്ടെടുപ്പില്‍ ആരുടെ അഭിപ്രായമാണ് തേടുന്നതെന്നത് പ്രസക്തമാകുന്ന ചോദ്യമാണ്. എക്‌സിറ്റ് പോള്‍ സര്‍വേകളും പരസ്പര വിരുദ്ധങ്ങളായ ഫലങ്ങള്‍ രേഖപ്പെടുത്തുന്നതായാണ് കാണാറ്. അതുകൊണ്ട് വോട്ടെണ്ണി തീരുന്നതുവരെ കാത്തിരിക്കുകയേ മാര്‍ഗമുള്ളൂ.

ഏഴ് ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പ് 44 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കുക. ഏപ്രില്‍ 19-ന് വോട്ടെടുപ്പ് ആരംഭിക്കും, ജൂണ്‍ നാലിന് വോട്ടെണ്ണും. മഹത്തായ ഈ ജനാധിപത്യ പ്രക്രിയയില്‍ വോട്ട് ചെയ്യുക എന്നതാണ് ഓരോ പൗരന്റെയും ചുമതല. സ്വതന്ത്രവും സുതാര്യവുമായ ഭരണസംവിധാനമുള്ള ജനാധിപത്യ രാജ്യമായി ഇന്ത്യ നിലനില്ക്കാന്‍ വോട്ടവകാശം വിനിയോഗിക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. കൈവിട്ടുപോയ അവസരത്തെക്കുറിച്ച് പിന്നീട് ഖേദിച്ചിട്ടു കാര്യമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org