കോവിഡിന്റെ കടല്‍ കടന്ന് വിവേകികളാകാം

കോവിഡിന്റെ കടല്‍ കടന്ന് വിവേകികളാകാം

തമിഴ് എഴുത്തുകാരനായ പെരുമാള്‍ മുരുകന്റെ ഇംഗ്ലീഷിലേക്കു മൊഴിമാറ്റിയ നോവലാണു Pyre. രക്ഷപ്പെടാനായി മുള്‍ക്കാട്ടില്‍ അഭയം തേടിയ യുവതിയെ കൊല്ലുവാന്‍ ഒരുപറ്റം ആളുകള്‍ കാടിനു തീയിടുന്നതാണു ക്ലൈമാക്‌സ്. ഭര്‍ത്താവില്ലാത്ത സമയം നോക്കിയാണു രാത്രിയില്‍ ഗര്‍ഭിണിക്കെതിരെ ആക്രമണം. മറ്റൊരു ജാതിക്കാരനായ യുവാവിനെ പ്രണയിച്ചു വിവാഹിതയായി ആ ഗ്രാമത്തിലേക്കു വന്നു എന്നതാണ് അവള്‍ ചെയ്ത കുറ്റം.

നഗരത്തില്‍വച്ചാണ് അവര്‍ പ്രണയബദ്ധരായതും വിവാഹിതരായതും. നഗരത്തില്‍ ആരും ജാതി ചോദിക്കാറില്ല. ഗ്രാമത്തിലേക്കു വരുംമുമ്പു ഭര്‍ത്താവ് യുവതിയോടു പറഞ്ഞിരുന്നു, തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടാകും, കാലക്രമത്തില്‍ മാറുമെന്ന്. ജാതിഗ്രാമങ്ങളുടെ സ്വഭാവം അറിയാത്ത അവളതു വിശ്വസിച്ചു. ഒടുവില്‍ ജീവനോടെ ചിതയിലായി.

തമിഴ്‌നാട്ടിലെ കര്‍ഷകഗ്രാമങ്ങളെയും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഗ്രാമങ്ങളെയും ഇന്നും നിയന്ത്രിക്കുന്നത് ഫ്യൂഡല്‍ സങ്കല്പങ്ങളാണ്. നഗരങ്ങളെ നിയന്ത്രിക്കുന്നതു മുതലാളിത്ത സങ്കല്പങ്ങളും. ഇവ തമ്മില്‍ ആശയപരമായ സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നുണ്ട്. രണ്ടു വ്യക്തികള്‍ പരസ്പരം സ്‌നേഹിക്കുന്നതില്‍ ഗ്രാമീണര്‍ കാണിക്കുന്ന അസഹിഷ്ണുത നഗരത്തില്‍ നിന്നു വന്ന യുവതിക്കും യുവാവിനും മനസ്സിലാകുന്നില്ല. ഗ്രാമീണര്‍ ആ ചേര്‍ച്ചയെ കാണുന്നതു ഗ്രാമത്തിന്റെ അപശകുനമായാണ്. അരുംകൊല നടത്തിക്കൊണ്ടായാലും അതവസാനിപ്പി ച്ചേ മതിയാവൂ. കര്‍ഷകരായ ജനക്കൂട്ടം പാടത്തെ നെല്‍ച്ചെടിക്കു കൊടുക്കുന്ന പരിഗണനപോലും മനുഷ്യസ്ത്രീക്കു കൊടുക്കാതെ ചുട്ടുകൊല്ലുന്നു. കര്‍ഷകരെപ്പറ്റിയുള്ള ഒരു പൊതുധാരണ അവര്‍ ക്രൂരതകള്‍ കാണിക്കാന്‍ വിമുഖരാണെന്നാണ്. അതു സത്യമല്ലെന്നു ചരിത്രം പഠിപ്പിക്കുന്നു. കാര്‍ഷികമൂല്യങ്ങളുടെ തിരിച്ചുവരവിനെപ്പറ്റി സ്വപ്നം കാണുമ്പോള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം. കാര്‍ഷികമൂല്യങ്ങളെന്ന പേരില്‍ ഫ്യൂഡല്‍ മൂല്യങ്ങള്‍ പുനര്‍ജനിച്ചുകൂടാ.

കര്‍ഷകമുന്നേറ്റമെന്ന് ഒരു വിഭാഗവും മാപ്പിളലഹളയെന്നു മറുവിഭാഗവും വിൡക്കുന്ന, 1921-ല്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ അരങ്ങേറിയ സായുധകലാപങ്ങള്‍ക്കു കാരണമായതു കര്‍ഷകര്‍ നേരിട്ട കടുത്ത ചൂഷണങ്ങളാണ്. പ്രാദേശികതലങ്ങളില്‍ വിവിധ നേതാക്കന്മാര്‍ നേതൃത്വം കൊടുത്ത ആ കലാപങ്ങള്‍ക്കു പലയിടത്തും രൂപമാറ്റങ്ങള്‍ സംഭവിക്കുകയുണ്ടായി.

ജന്മിമാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരെ നടത്തിയ ആ കലാപത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കാണുന്നവരുണ്ട്. കലാപകാരികളും, ജന്മിമാരെയും ബ്രിട്ടീഷുകാരെയും പിന്തുണച്ചവരും നിരപരാധികളുമായ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. കലാപത്തിന്റെ നേതാക്കന്മാരില്‍ ഒരാളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കര്‍ഷക നായിരുന്നു. ഇദ്ദേഹത്തിന്റെ ജീവചരിത്രം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത കാലത്തു വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.

വര്‍ത്തമാനകാലത്ത് ഉത്തരേന്ത്യയിലെ കര്‍ഷകഗ്രാമങ്ങളില്‍ അരങ്ങേറുന്ന ദളിത് കൊലപാതകങ്ങളും ജാതിക്രൂരതകളും ഇതോടു ചേര്‍ത്തു വായിക്കണം. കാര്‍ഷികമൂല്യങ്ങള്‍ തിരിച്ചുകൊണ്ടുവരണമെന്നു പറയുമ്പോള്‍ എന്തിനെക്കുറിച്ചാണു സൂചിപ്പിക്കുന്നതെന്നു വ്യക്തമാക്കേണ്ടതുണ്ട്. നായാടി നടന്ന മനുഷ്യന്‍ കൃഷിയിലേക്കു തിരി ഞ്ഞപ്പോള്‍ ഭക്ഷ്യസുരക്ഷയായിരുന്നു ലക്ഷ്യം. അതിനുവേണ്ടി കഠിനമായി അദ്ധ്വാനിച്ചു. പില്‍ക്കാലത്തു ഭക്ഷ്യസുരക്ഷയോടൊപ്പം സാമ്പത്തികസുരക്ഷയും ലക്ഷ്യമായി. ഇന്നും ലക്ഷ്യം അതുതന്നെയെങ്കിലും സംഭവിക്കുന്നില്ലെന്നു മാത്രം. അതുകൊണ്ടാണു കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത്.

ചരിത്രം പരിശോധിച്ചാല്‍ ഭക്ഷ്യവസ്തുക്കള്‍ മിച്ചം വന്ന പ്രദേശങ്ങളിലാണു ഭരണാധികാരികളും രാജ്യങ്ങളും ഉദയംകൊണ്ടതെന്നു കാണാം. ഭക്ഷ്യസുരക്ഷ കൈവന്നപ്പോള്‍ കര്‍ഷകരുടെ സുരക്ഷയ്ക്കു പകരം രാഷ്ട്രീയവും കലയും തത്ത്വശാസ്ത്രവും മറ്റുമാണു വളര്‍ന്നത്. യുദ്ധങ്ങള്‍ക്കും വഴിതെളിഞ്ഞു. ഭരണാധികാരികള്‍ കൊട്ടാരങ്ങളും കോട്ടകളും സ്മാരകങ്ങളും ദേവാലയങ്ങളും നിര്‍മിച്ചു. കര്‍ഷകര്‍ ദാരിദ്ര്യത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ടു. ചൂഷണം നൂറ്റാണ്ടുകള്‍ നീണ്ടപ്പോള്‍ ചിലയിടങ്ങളില്‍ കര്‍ഷകര്‍ ആയുധമെടുത്തു പോരാടി. അതിനാല്‍ ഫ്യൂഡല്‍ മൂല്യങ്ങളുടെ തിരിച്ചുവരവല്ല ധാര്‍മികമൂല്യങ്ങളുടെ തിരിച്ചുവരവാണു സംഭവിക്കേണ്ടതും ശക്തമാകേണ്ടതും.

ഈ കൊറോണക്കാലം കുറച്ചു മനുഷ്യരെയെങ്കിലും ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചും ധാര്‍മികമൂല്യങ്ങളെക്കുറിച്ചും ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. മനുഷ്യര്‍ പണം ദുര്‍വ്യയം ചെയ്യുന്നതു കുറഞ്ഞിട്ടുണ്ട്. ഉപഭോക്തൃതൃഷ്ണയ്ക്കും കുറവു വന്നിട്ടുണ്ട്. ഈ നില നാളെയും തുടര്‍ന്നാല്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് ഒരളവെങ്കിലും കുറയും. മനുഷ്യവംശത്തിന്റെ അതിശയകരമായ കഴിവുകളെക്കുറിച്ചു സംസാരിച്ചിരുന്നവര്‍ ഇപ്പോള്‍ നിശ്ശബ്ദരാണ്. ഒരു കുഞ്ഞുവൈറസിനു ലോകമെമ്പാടുമുള്ള മനുഷ്യരെ വിറപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.

മനുഷ്യന്റെ തലച്ചോറാണ് അവന്‍ കാണുന്ന വസ്തുക്കളുടെയും അനുഭവിക്കുന്ന കാര്യങ്ങളുടെയും പരസ്പരബന്ധം കണ്ടെത്തുന്നതും ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നതും. മനസ്സ് എന്നതു തലച്ചോറിന്റെ സൃഷ്ടിയാണെങ്കിലും തലച്ചോറിന്റെ ഭാഷ ശാസ്ത്രഭാഷയും മനസ്സിന്റെ ഭാഷ തത്ത്വചിന്തയുമായി വേറിട്ടുനില്ക്കുന്നു. കൊറോണയെ പ്രതിരോധിക്കുന്നതു ശാസ്ത്രവിഷയമാണ്. ജീവിതത്തിന്റെ അര്‍ത്ഥം തിരയുന്നതു തത്ത്വചിന്താപരമായ വിഷയവും. രണ്ടിനെയും നയിക്കേണ്ടതു ധാര്‍മികമൂല്യങ്ങളാവുമ്പോഴേ ഈ ലോകം ജീവിക്കാന്‍ കൊള്ളാവുന്നതായി നിലനില്ക്കൂ. അതാണു കോവിഡ് 19 വൈറസ് നല്കുന്ന പാഠം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org