നിര്‍മ്മിത ബുദ്ധിയുടെ പേരില്‍ കമ്പനികളില്‍ ആശയസംഘട്ടനം

നിര്‍മ്മിത ബുദ്ധിയുടെ പേരില്‍ കമ്പനികളില്‍ ആശയസംഘട്ടനം
പരിണാമദശയില്‍ ജീവികള്‍ക്കു കരഗതമായ കാര്യങ്ങളാണ് ഭക്ഷണം, ഉറക്കം, ലൈംഗികത തുടങ്ങിയവ. ഇവ മൂന്നിനും ഒരു പ്രത്യേകതയുണ്ട്. ഭക്ഷണം കുറെ കഴിക്കുമ്പോള്‍ മടുക്കും. പിന്നീട് ഒരു ഇടവേള ആവശ്യമാണ്. ഉറക്കത്തിന്റെ കാര്യത്തിലാണെങ്കില്‍ ആവശ്യത്തിന് ഉറങ്ങിക്കഴിയുമ്പോള്‍ താനെ ഉണരും. ലൈംഗിക പ്രക്രിയയും ഇതുപോലെയാണ്. നിരന്തരമായി അതില്‍ മുഴുകാനാവില്ല. പ്രകൃതിജീവികളില്‍ നിക്ഷേപിച്ചിരിക്കുന്ന ഈ പ്രത്യേകതകളെ പ്രകൃതിയുടെ നിയന്ത്രണമെന്നു പറയാം.

ഇതേസമയം മനുഷ്യന്‍ ആര്‍ജിച്ചെടുക്കുന്ന സമ്പത്ത്, അധികാരം, സുഖസൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇങ്ങനെ മടുപ്പ് അനുഭവപ്പെടുന്നില്ല. ഭക്ഷണത്തിലും ഉറക്കത്തിലും ലൈംഗികതയിലും മനുഷ്യനില്‍ പ്രകൃതി ചെലുത്തുന്ന നിയന്ത്രണം; സമ്പത്ത്, അധികാരം തുടങ്ങിയ കാര്യങ്ങള്‍ ഇല്ല. സമ്പത്തിന്റെയും അധികാരത്തിന്റെയും നിയന്ത്രണം കയ്യാളുന്നത് പ്രകൃതിയല്ല; മനുഷ്യന്റെ മനസ്സാണ്.

മനുഷ്യന്‍ കൃഷി ചെയ്യാന്‍ തുടങ്ങിയതോടെയാണ് സ്വകാര്യസ്വത്ത് എന്ന സങ്കല്പം ഉദയം ചെയ്തത്. എന്റെ സ്ഥലം, എന്റെ കൃഷി, എന്റെ സമ്പത്ത് തുടങ്ങിയ സങ്കല്പങ്ങള്‍ സ്വാധീനം ചെലുത്തിയത് അതിനുശേഷമാണ്. വ്യവസായ വിപ്ലവത്തിനുശേഷം സ്വകാര്യ സ്വത്തിനോടുള്ള ആഗ്രഹം വളര്‍ന്നു. ഉല്‍പാദനം വര്‍ധിച്ചപ്പോള്‍ ലാഭവും സ്വകാര്യസ്വത്തിനോടുള്ള അഭിനിവേശവും ആര്‍ത്തിയായി മാറി. കൂടുതല്‍ ലാഭം, കൂടുതല്‍ സ്വത്ത് എന്ന രീതിയില്‍ അത് എല്ലാം തകര്‍ത്തു മുന്നേറുകയാണ്.

പ്രവൃത്തിക്ക് പ്രതിഫലം എന്നത് പ്രകൃതി അംഗീകരിച്ചിട്ടുള്ള കാര്യമാണ്. ഒരാള്‍ ഒരു ചെടി നട്ട് പരിപാലിക്കുന്നു. ആ കര്‍മ്മത്തിന്റെ പ്രതിഫലമാണ് ഭംഗിയുള്ള പൂക്കളുടെ ചിരി. ഒരാള്‍ക്ക് തെരുവില്‍ നിന്ന് ഒരു നായക്കുട്ടിയെ കിട്ടുന്നു. അയാള്‍ അതിനെ വീട്ടില്‍ കൊണ്ടുവന്ന് വളര്‍ത്തുന്നു. നായ തിരിച്ച് അയാളെ സ്‌നേഹിക്കുന്നു. ഒരു കുളത്തില്‍ നിരവധി മത്സ്യങ്ങളുണ്ട്. ഒരാള്‍ നിത്യവും കൃത്യമായ ഒരു സമയത്ത് കുളക്കരയില്‍ വെള്ളത്തില്‍ കാലുകള്‍ മുക്കി ഇരുന്നുകൊണ്ട് മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കുന്നു. അവ കൂട്ടമായി വന്ന് തിന്നുന്നു, അയാളുടെ കാലുകളെ തഴുകി നടക്കുന്നു, തീറ്റ പൊക്കി ഇടുമ്പോള്‍ ചാടി പിടിക്കാന്‍ ശ്രമിക്കുന്നു. അവയുടെ സ്പര്‍ശനം, കളികള്‍ തുടങ്ങിയവ അയാള്‍ക്ക് ലഭിക്കുന്ന പ്രതിഫലമാണ്.

ചെടിയെയും നായയെയും മത്സ്യത്തെയും പ്രകൃതി പ്രത്യേക രീതിയില്‍ കണ്ടീഷന്‍ ചെയ്തിരിക്കുകയാണെന്ന് പറയാം. പക്ഷേ മനുഷ്യന്റെ മനസ്സ് വലിയ പരിധിവരെ പ്രകൃതിയുടെ നിയന്ത്രണത്തിനു പുറത്താണ് പ്രവര്‍ത്തിക്കുന്നത്. എന്ന് മാത്രമല്ല അവന്‍ പ്രകൃതിയെ നിയന്ത്രിക്കാനും അതില്‍ ഇടപെടാനും ശക്തനാണ്. അതുകൊണ്ട് പ്രകൃതി അനുവദിച്ചിട്ടുള്ള പ്രതിഫലം എന്നതിനപ്പുറത്ത് താന്‍ നിശ്ചയിക്കുന്ന നേട്ടം അഥവാ ലാഭം എന്ന ചിന്ത അവനെ സ്വാധീനിക്കുന്നു. അവിടം മുതലാണ് ഗുരുതരമായ പ്രശ്‌നം ഉടലെടുക്കുന്നത്.

ലോകം ഇന്നനുഭവിക്കുന്നതും നാളെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാന്‍ ശക്തവുമായ കാലാവസ്ഥ വ്യതിയാനത്തിനു വലിയ കാരണമായിട്ടുള്ളത് മനുഷ്യന്റെ ലാഭക്കൊതിയാണ്. കാലഭേദമെന്യേ മനുഷ്യരെ ആക്രമിക്കുന്ന പകര്‍ച്ചവ്യാധികള്‍ അതിന്റെ ഒരു ഫലം മാത്രമാണ്. ഡെങ്കി, നിപ്പ തുടങ്ങിയവയുടെ ആക്രമണം കേരളത്തില്‍ തുടര്‍ക്കഥയായിരിക്കുന്നതിന്റെ പ്രധാന കാരണം കാലാവസ്ഥ വ്യതിയാനമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ധാക്കയിലും കൊല്‍ക്കത്തയിലും ഡെങ്കിപ്പനി പടര്‍ന്നത് വലിയ പ്രതിസന്ധിയായി മാറിയിരുന്നു. ലോകമെമ്പാടും അപ്രതീക്ഷിതമായ പകര്‍ച്ചവ്യാധി ആക്രമണത്തെക്കുറിച്ചുള്ള ഭയം നിലനില്‍ക്കുന്നുണ്ട്.

രോഗങ്ങള്‍ മനുഷ്യര്‍ക്ക് ശാപമായി മാറുമ്പോള്‍ ഫാര്‍മ കമ്പനികള്‍ക്കും ആശുപത്രികള്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കും അത് വന്‍ ലാഭസാധ്യതകളായി മാറുന്നു. കോവിഡ് എന്ന പകര്‍ച്ചവ്യാധി ഈ മൂന്നു കൂട്ടര്‍ക്കും നൂറുമേനി വിളവെടുപ്പിനുള്ള അവസരമായി.

ഫാര്‍മ കമ്പനികളും ആശുപത്രികളും കാണിക്കുന്ന അധര്‍മ്മങ്ങളും ക്രൂരതകളും അനേകവും അമ്പരിപ്പിക്കുന്നതുമാണ്. പുതിയ മരുന്നുകള്‍ പുറത്തിറക്കുമ്പോള്‍ ശരിയായ രീതിയില്‍ ട്രയലുകള്‍ നടത്താതെയും മാര്‍ക്കറ്റിംഗിന്റെ തന്ത്രങ്ങള്‍ ഉപയോഗിച്ച് അതിന്റെ ഇല്ലാത്ത മേന്മകള്‍ കൊട്ടിഘോഷിച്ചും മരുന്നിന്റെ ദോഷഫലങ്ങള്‍ പുറത്തുകൊണ്ടു വരുന്നവരെ നിശബ്ദരാക്കിയും ഫാര്‍മ കമ്പനികള്‍ പന്നികളെപ്പോലെ തടിച്ചു കൊഴുക്കുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഏതെങ്കിലും മരുന്നുകള്‍ പിന്‍വലിക്കേണ്ടി വന്നാലും കമ്പനികള്‍ക്ക് നഷ്ടമില്ല. കാരണം, അപ്പോഴേക്കും മുടക്ക് മുതലിന്റെ അനേകമടങ്ങ് കീശയില്‍ വീണിരിക്കും.

പുതിയ മരുന്നുകളുടെ ട്രയലുകളില്‍ മനുഷ്യരെ ഗിനിപ്പന്നികളുടെ നിലവാരത്തിലാക്കി അവരില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന മരുന്നുപരീക്ഷണങ്ങള്‍ നടത്തുന്നു. ഒരു മരുന്ന് ആദ്യം പരീക്ഷിക്കുന്നത് മൃഗങ്ങളിലാണ്, മുഖ്യമായും ഗിനിപ്പന്നികളില്‍. അത് ശരാശരി വിജയമായാല്‍ മനുഷ്യരില്‍ പരീക്ഷിക്കും. ഈ പരീക്ഷണത്തിനു പ്രതിഫലം വാങ്ങി മുന്നോട്ടുവരുന്നവര്‍ അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലും എല്ലാ രാജ്യങ്ങളിലുമുണ്ട്. പ്രതിഫലം കൊടുക്കാതെ കൂട്ടമായി ചതിയില്‍പ്പെടുത്തിയും പരീക്ഷിക്കാറുണ്ട്. ആ വിവരം പുറത്താകുമ്പോഴേക്കും മരുന്ന് കമ്പനികളുടെ ആവശ്യം കഴിഞ്ഞിരിക്കും. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയില്‍ ഒരു പ്രമുഖ നഗരത്തിലുള്ള ബാല ചികിത്സാലയത്തില്‍ 1838 കുട്ടികളെയും മാനസിക പ്രശ്‌നങ്ങളുള്ള 233 പേരെയും ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് വിധേയരാക്കിയത് അവരുടെ രക്ഷിതാക്കളെ അറിയിക്കുകയോ, സമ്മതം വാങ്ങുകയോ ചെയ്യാതെയായിരുന്നു. അധര്‍മ്മ ഫാര്‍മകള്‍ക്ക് അധമ ഡോക്ടര്‍മാര്‍ കൂട്ടുനില്‍ക്കുന്നതിന്റെ തെളിവാണിത്.

ലോകത്തിപ്പോഴും ദേവന്മാരും അസുരന്മാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. ദേവന്മാരുടെ എണ്ണം വളരെ കുറവും അസുരന്മാര്‍ അനേകവും. അസുരഗണത്തെ മുന്നില്‍നിന്നു നയിക്കുന്നത് കോര്‍പ്പറേറ്റ് കമ്പനികളുമാണ്.

ചാറ്റ് ജി പി ടി അവതരിപ്പിച്ച ഓപ്പണ്‍ എ ഐ എന്ന നിര്‍മ്മിതബുദ്ധി കമ്പനി തുടക്കത്തില്‍ ലാഭരഹിത സംരംഭമായാണ് രംഗത്തു വന്നത്. പിന്നീട് ലാഭം ലക്ഷ്യമായി. നിര്‍മ്മിതബുദ്ധി ഗവേഷണങ്ങള്‍ക്ക് കടിഞ്ഞാണിടണമെന്ന ആവശ്യം ലോകത്ത് ശക്തമാകുമ്പോഴാണ് ഈ മാറ്റം സംഭവിച്ചത്. നിര്‍മ്മിതബുദ്ധിയുടെ തലതൊട്ടപ്പന്‍ എന്നറിയപ്പെടുന്ന ജെഫ്‌റി ഹിന്റനാണ് (Artifical General Intelligence (AGI) വികസിപ്പിച്ചെടുക്കാന്‍ കോര്‍പ്പറേറ്റുകള്‍ മത്സരിക്കുന്നതിന്റെ പരിണിതഫലം മാനവകുലത്തിനു ദോഷം ചെയ്യുമെന്നു ചൂണ്ടിക്കാട്ടി ആദ്യം രംഗത്തു വന്നത്.

നിര്‍മ്മിതബുദ്ധിയെ നിയന്ത്രിക്കണമെന്നും വേണ്ടെന്നുമുള്ള തര്‍ക്കം കോര്‍പ്പറേറ്റ് ലോകത്ത് ശക്തമാണ്. അതിന്റെ പ്രതിഫലനമായി ഓപ്പണ്‍ എ ഐ കമ്പനിയില്‍നിന്ന് സി ഇ ഒ സാം ആള്‍ട്മാനെ പുറത്താക്കിയതിനെ കാണുന്നതില്‍ തെറ്റില്ല. കാരണം പുതിയ സി ഇ ഒ ആയി നിയമിതനായ എമറ്റ് ഷിയര്‍ നിര്‍മ്മിതബുദ്ധിക്ക് കടിഞ്ഞാണിടണമെന്ന പക്ഷക്കാരനാണ്. ആമസോണിന്റെ ഉടമസ്ഥതയിലുള്ള ഗെയിംസ് സ്ട്രീമിംഗ് സേവന വിഭാഗമായ ട്വിച്ചിന്റെ സ്ഥാപകനാണ് എമറ്റ് ഷിയര്‍.

ഈ സമയത്ത് ഓപ്പണ്‍ എ ഐ യില്‍ വന്‍ ഓഹരി നിക്ഷേപവും നിയന്ത്രണവുമുള്ള മൈക്രോസോഫ്റ്റ് കമ്പനി സാം ആള്‍ട്മാ നു വേണ്ടി രംഗത്തു വന്നു. തങ്ങളുടെ എ ഐ ഗവേഷണ വിഭാഗത്തിന്റെ മേധാവിയായി സാമിനെ നിയമിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നാദെല്ല പ്രഖ്യാപിച്ചു. സാമിനെ പിന്തുണച്ച് ഓപ്പണ്‍ എ ഐ യില്‍ നിന്ന് രാജിവയ്ക്കുന്ന എല്ലാ ജീവനക്കാരെയും മൈക്രോസോഫ്റ്റ് സ്വാഗതം ചെയ്തു.

എന്നാല്‍, ഏറ്റവും ഒടുവിലത്തെ സംഭവം ഓപ്പണ്‍ എ ഐ യുടെ സി ഇ ഒ ആയി സാം ആള്‍ട്മാന്‍ തിരിച്ചെത്തിയതാണ്. രണ്ടാം വരവില്‍ അയാള്‍ കൂടുതല്‍ ശക്തനാണ്. പുതിയ ബോര്‍ഡും നിലവില്‍ വന്നു. കഴിഞ്ഞ മാര്‍ച്ചില്‍ തങ്ങളുടെ എത്തിക്‌സ് ടീമംഗങ്ങളെ മുഴുവന്‍ പിരിച്ചുവിട്ട മൈക്രോസോഫ്റ്റ് ധാര്‍മ്മികത, നീതിശാസ്ത്രം എന്നിവയെക്കാള്‍ തങ്ങള്‍ വിലമതിക്കുന്നത് ലാഭമാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. കമ്പനിക്കു ലാഭം ഉണ്ടാക്കുകയാണ് ആള്‍ട്മാന്റെയും മുഖ്യ ലക്ഷ്യം.

നിര്‍മ്മിതബുദ്ധിയുടെ ദോഷവശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച് ആയിരക്കണക്കിനു സാങ്കേതിക വിദഗ്ധര്‍ മുമ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആള്‍ട്മാന്‍ ഒപ്പിട്ടിരുന്നില്ല. ഓപ്പണ്‍ എ ഐ കമ്പനിയെ സാം നയിക്കുന്ന പാത എന്തായിരിക്കുമെന്ന് അന്നേ വ്യക്തമായതാണ്. കമ്പനിയുടെ സാങ്കേതികവിദ്യ അപകടകരമാണെന്നും അക്കാര്യത്തില്‍ ആള്‍ട്മാന്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നും കമ്പനിയുടെ സ്ഥാപകരില്‍ ഒരാളും ബോര്‍ഡ് അംഗവുമായ ഇല്യ സുട്‌സ്‌കേവര്‍ മുമ്പുതന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലെ സുതാര്യതക്കുറവും ആശയവിനിമയത്തിലെ അപാകതയുമാണ് ആള്‍ട്മാ നെ പുറത്താക്കാന്‍ ബോര്‍ഡിനെ പ്രേരിപ്പിച്ചതത്രേ. സാമിന്റെ തിരിച്ചുവരവ് കമ്പനിയെ വളര്‍ത്തുമോ, മനുഷ്യവംശത്തിന്റെ നല്ല ഭാവിക്കായുള്ള പ്രവര്‍ത്തനങ്ങളെ എത്രമാത്രം ബാധിക്കും തുടങ്ങിയവ കാത്തിരുന്ന് കാണേണ്ട കാര്യങ്ങളാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org