ഇരുട്ടിലെ കറുത്തപൂച്ചയെ പിടിക്കാന്‍ കഴിയുമോ....

ഇരുട്ടിലെ കറുത്തപൂച്ചയെ പിടിക്കാന്‍ കഴിയുമോ....

കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ച 'സോണി ലോക ഫോട്ടോഗ്രാഫി മത്സരത്തില്‍' സമ്മാനാര്‍ഹനായ ജര്‍മ്മന്‍ ഫോട്ടോഗ്രാഫര്‍ ബോറിസ് എല്‍ഡാക്‌സന്‍ സമ്മാനം നിരസിച്ചു. ആ ഫോട്ടോയുടെ മികവിനു പിന്നില്‍ നിര്‍മ്മിതബുദ്ധി പ്രയോജനപ്പെടുത്തിയെന്നു തുറന്നു പറഞ്ഞുകൊണ്ടായിരുന്നു നിരാസം. ഫ്രാന്‍സിസ് മാര്‍പാപ്പ വളരെ സ്റ്റൈലായ ഒരു വെളുത്ത പഫര്‍ ധരിച്ചിട്ടുള്ള ഫോട്ടോ ലോകശ്രദ്ധ നേടുകയുണ്ടായി. അത് നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ച ഡീപ്‌ഫെയ്ക്ക് (വ്യാജഫോട്ടോ) ആയിരുന്നു.

കാര്യങ്ങള്‍ കാണുന്നതുപോലെയല്ല എന്ന് ഒഴുക്കന്‍ മട്ടില്‍ മനുഷ്യര്‍ പറഞ്ഞിരുന്നു. ഇക്കാലത്ത് അതു വാസ്തവമായിരിക്കുന്നു. ഒന്നും കാണുന്നതുപോലെയല്ല. കാണുന്നതുപോലെ മനസ്സിലാക്കാനും സ്വീകരിക്കാനും ബുദ്ധിമുട്ടായിരിക്കുന്നു. Trust No One എന്ന കൃതിയില്‍ മൈക്കേള്‍ ഗ്രോത്തേവൂസ് പരസ്പരം വിശ്വാസമില്ലാത്തവരുടെ ഇടമായി ലോകം മാറുന്ന കാര്യമാണ് വിവരിച്ചിരിക്കുന്നത്.

ഡീപ്‌ഫെയ്ക്ക് (Deepfake) ടെക്‌നോളജി മാനവസംസ്‌കാരത്തെ വെല്ലുവിളിക്കാന്‍ കഴിവുള്ള ആയുധമായി വളരുകയാണ്. ഒരു ഫോട്ടോയോ, വീഡിയോയോ, ഓഡിയോയോ, എഡിറ്റ് ചെയ്ത് അതിലെ ഒറിജിനല്‍ വ്യക്തിക്കു പകരം മറ്റൊരാളെ അവിടെ പ്രതിഷ്ഠിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് ഡീപ്‌ഫെയ്ക്ക്. യഥാര്‍ത്ഥമാണെന്നു തന്നെ തോന്നും.

ഒരു പരസ്യക്കമ്പനിയിലെ രണ്ട് ആര്‍ട്ടിസ്റ്റുകള്‍ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഡീപ്‌ഫെയ്ക്ക് സൃഷ്ടിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. സുക്കര്‍ബര്‍ഗ് പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളാണ് അതില്‍ വെളിപാടുകളായത്. ടെക്‌നോളജിയുടെ തലവന്മാരെത്തന്നെ വട്ടം കറക്കാന്‍ കഴിവുള്ളവയാണ് ഇന്നു നിലയുറപ്പിക്കുന്ന വ്യാജവിദ്യകള്‍.

ഒരു രാജ്യത്ത് തിരഞ്ഞെടുപ്പു നടക്കുകയാണ്. ജയിക്കാന്‍ ഏറെ സാധ്യതയുള്ള പാര്‍ട്ടിയുടെ നേതാവിന്റെ ഒരു ഡീപ്‌ഫെയ്ക്ക് വീഡിയോ പോളിംഗിനു തലേദിവസം പ്രചരിക്കുന്നു. അദ്ദേഹത്തിന് ഏറെ പ്രതിച്ഛായ നഷ്ടം ഉണ്ടാക്കുന്ന ആ വീഡിയോ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നുറപ്പ്. അതിനു ബദലായി ഒന്നും ചെയ്യാനുള്ള സമയം അദ്ദേഹത്തിനു കിട്ടുന്നില്ല. ഡീപ്‌ഫെയ്ക്ക് ടെക്‌നോളജിക്കു സൃഷ്ടിക്കാന്‍ കഴിയുന്ന അനേകം ദുരന്തങ്ങളില്‍ ഒന്നു മാത്രമാണിത്. ജനാധിപത്യം അപകടത്തിലാവുമ്പോള്‍ മനുഷ്യര്‍ സൃഷ്ടിച്ച ഒരു മികച്ച ഭരണക്രമത്തിന്റെ മരണമണി മുഴങ്ങുകയാണ്.

2023-ലെ വാക്കായി Merriam - Webster തിരഞ്ഞെടുത്തത് authentic എന്നതിനെയാണ്. നിര്‍മ്മിതബുദ്ധിയുടെയം ഡീപ്‌ഫെയ്ക്കിന്റെയും പോസ്റ്റ് ട്രൂത്തിന്റെയും ഈ കാലഘട്ടത്തില്‍ authentic (ആധികാരികം) എന്ന വാക്കിന് അപാരമായ പ്രസക്തിയാണുള്ളത്. യാഥാര്‍ഥ്യത്തിന്റെയും വ്യാജത്തിന്റെയും അതിര്‍ത്തി തിരിച്ചറിയാനാവാത്ത വിധം മങ്ങിപ്പോയിരിക്കുന്നു. അതുപോലെ മുഖ്യധാരാ വാര്‍ത്തായിടങ്ങളും സാമൂഹിക മാധ്യമങ്ങളും തമ്മിലുള്ള അതിര്‍ത്തിയും വലിയ അളവോളം ഇല്ലാതായിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ആദ്യം പ്രത്യക്ഷപ്പെട്ട അമര്‍ത്യസെന്‍ മരിച്ചുവെന്ന വാര്‍ത്ത, മുഖ്യധാരാ മാധ്യമങ്ങളെയും തെറ്റിധരിപ്പിച്ചുവെന്ന വസ്തുത വരാനിരിക്കുന്ന അപകടങ്ങളുടെ സൂചനയാണ്. വിവര, വാര്‍ത്താവിനിമയ ലോകത്ത് വലിയ പ്രതിസന്ധിയാണ് സംഭവിക്കുകയെന്നു വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍മ്മിത ബുദ്ധി രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ''infocalypse'' എന്നാണ് ഇതിനെ വിളിക്കുന്നത്. വ്യാജവാര്‍ത്തകളിലൂടെ വലിയതോതിലുള്ള ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്. കെട്ടുകഥകളില്‍ നിന്ന് വസ്തുതകള്‍ തിരിച്ചറിയാനാകാതെ ലോകം അന്തംവിട്ടു നില്‍ക്കും. വസ്തുതകളുടെയും വസ്തുക്കളുടെയും യഥാര്‍ത്ഥ അര്‍ത്ഥം തന്നെ മാറ്റിമറിക്കപ്പെടും. വിവരമാലിന്യം, വിവരമഹാമാരി തുടങ്ങിയ പര്യായപദങ്ങളും ഈ അവസ്ഥയുടെ കാഠിന്യം സൂചിപ്പിക്കുന്നുണ്ട്.

കണ്‍മുന്നില്‍ കാണുന്നതു മനസ്സിലാക്കാനാകാതെ പരസ്പരം വിശ്വസിക്കാനാകാതെ, എല്ലാറ്റിനെയും സംശയത്തോടെ വീക്ഷിക്കുന്ന മനുഷ്യര്‍ നിറഞ്ഞ ലോകം എത്ര ഭീകരമായിരിക്കും. മനോരോഗികള്‍ തിങ്ങി നിറഞ്ഞ ഇടമായി ലോകം മാറുമോ? സാങ്കേതികവിദ്യകള്‍ കൈകാര്യം ചെയ്യുന്നവരുടെ ഇഷ്ടമനുസരിച്ചു ചലിക്കുന്ന പാവക്കൂത്തായി വിലയേറിയ മനുഷ്യജീവിതം അധഃപതിച്ചാലോ?

ആധാര്‍ വിവരങ്ങള്‍ ചോരുന്നു, മറ്റു വിവരങ്ങള്‍ ചോരുന്നു എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ സാധാരണക്കാര്‍ അതിനു വലിയ പരിഗണന കൊടുക്കാറില്ല. എന്നാല്‍ ഡീപ്‌ഫേക്ക് പോലുള്ള വ്യാജനിര്‍മ്മിതികള്‍ക്ക് ഏറ്റവും വലിയ അസംസ്‌കൃത വസ്തുക്കള്‍ പരമാവധി വിവരങ്ങളാണ്. ബറാക്ക് ഒബാമ, ടോം ക്രൂയിസ് എന്നീ ലോകപ്രശസ്തരുടെ ഡീപ്‌ഫേയക്ക് നിര്‍മ്മിക്കാന്‍ സാധിച്ചത് അവരെക്കുറിച്ചുള്ള പരമാവധി വിവരങ്ങള്‍ ലഭ്യമാണ് എന്നതാണ്. വ്യക്തിയുടെ വിവരങ്ങള്‍ രഹസ്യാത്മകതയോടെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇതു വെളിപ്പെടുന്നത്. വളരെ അനിവാര്യമായ സ്ഥലത്തല്ലാതെ ആധാര്‍ വിവരങ്ങള്‍ കൊടുക്കാന്‍ പാടില്ലെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത് അതുകൊണ്ടാണ്. ഒരാള്‍ സാധാരണക്കാരനാകാം, പക്ഷേ, അസാധാരണമായ രീതിയില്‍ അയാളുടെ വിവരങ്ങള്‍ ദുരുപയോഗിക്കാം.

ഒരാളെ തകര്‍ക്കാന്‍ അയാളുടെ ശത്രു തീരുമാനിക്കുന്നു. അതിനായി അയാള്‍ അഴിമതിക്കാരനാണെന്നോ, അമിത ലൈംഗിക താത്പര്യങ്ങളുള്ള ആളാണെന്നോ, നിരോധിക്കപ്പെട്ട സംഘടനകളോട് ബന്ധമുള്ള വ്യക്തിയാണെന്നോ സമര്‍ത്ഥിക്കുന്ന ഡീപ്‌ഫെയ്ക്ക് വീഡിയോ സൃഷ്ടിക്കുന്നു. അതുമൂലം അയാള്‍ക്കുണ്ടാകുന്ന പ്രതിച്ഛായ നഷ്ടം ആ വീഡിയോ വ്യാജമാണെന്നു തെളിഞ്ഞാലും പരിഹരിക്കപ്പെടുകയില്ല. ആദ്യവീഡിയോ കണ്ടവരെല്ലാം യഥാര്‍ത്ഥ വിവരം അറിയണമെന്നില്ല.

സാധാരണക്കാരനായ വ്യക്തിക്കും അയാളുടേതായ ബഹുമാന്യതയും വിലയും ആധികാരികതയുമുണ്ട്. അതിനു കോട്ടം തട്ടിയാല്‍ അയാളുടെ ജീവിതം ഉഷ്ണമേഖലയാകും. ഭാര്യയുടെയും മക്കളുടെയും ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും മുന്നില്‍ അയാള്‍ തലതാഴ്ത്തി ജീവിക്കേണ്ടി വരും. ആ ജീവിതത്തിലൂടെ ഒഴുകിപ്പോയ വെള്ളം ഒരിക്കലും തിരിച്ചു കയറില്ല.

കഴിഞ്ഞ ദിവസം ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഓസ്ട്രിയയിലുള്ള ഒരു സുഹൃത്ത് ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ട് ആരാഞ്ഞു. ''ഇതില്‍ എത്രത്തോളം വാസ്തവമുണ്ട്?'' കേരളത്തിലെ സെലിബ്രിറ്റിയായ ഒരു വ്യക്തിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തട്ടിപ്പാണെന്ന് ഇരകളെന്ന് അവകാശപ്പെടുന്നവര്‍ പറയുന്നതാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇരകളായ വ്യക്തികളും അവരുടെ ബന്ധുക്കളും മാധ്യമങ്ങള്‍ക്കു മുമ്പാകെ കാര്യങ്ങള്‍ വിശദീകരിച്ചുവെന്ന് ശ്രുതിയുണ്ടായെങ്കിലും പ്രധാന പത്രങ്ങളിലൊന്നും ആ വാര്‍ത്ത ഉണ്ടായിരുന്നില്ല.

അപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്നു മനസ്സിലാക്കണോ? അതോ പത്രമാധ്യമങ്ങളെ ആ വ്യക്തി സ്വാധീനിച്ചുവെന്നു കരുതണോ? സംശയങ്ങള്‍ ഉണരുകയായി. അയാള്‍ എന്തായാലും സംശയത്തിന്റെ നിഴലിലായി. യഥാര്‍ത്ഥത്തില്‍ അയാള്‍ തട്ടിപ്പുകാരനാണെങ്കില്‍ സംശയത്തിന്റെ പുകമറയില്‍ മറഞ്ഞിരുന്നാല്‍ പോരല്ലോ; ആ 'രാക്ഷസരൂപം' പൊതുസമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കപ്പെടേണ്ടേ... അതിനെല്ലാം ആദ്യം വേണ്ടത് സത്യം എന്താണെന്ന് മനസ്സിലാക്കുകയാണ്. പഴയ ചോദ്യം മുഴങ്ങുകയാണ്, എന്താണു സത്യം?

ഇത് തത്വചിന്തകര്‍ അന്വേഷിച്ചു നടന്ന സത്യമല്ല. മനുഷ്യര്‍ക്കു ചുറ്റും നടക്കുന്ന ചെറിയ കാര്യങ്ങളെ സംബന്ധിച്ചുപോലും മനസ്സിലാക്കാന്‍ കഴിയാത്തതിന്റെ പ്രശ്‌നമാണിത്. അവിടെയാണ് deep learning, fake എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് രൂപം കൊടുത്ത deepfake പോലുള്ള സാങ്കേതിക ദുര്‍ഭൂതങ്ങള്‍ മാനവവംശത്തെ അപകടത്തിലാക്കുമോയെന്ന ആശങ്ക വളരുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org