ബി ജെ പിയുടെ വികസന വണ്ടിയും സുറിയാനി കത്തോലിക്കരും

ബി ജെ പിയുടെ വികസന വണ്ടിയും സുറിയാനി കത്തോലിക്കരും

കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായ ഭിന്നത വന്നപ്പോള്‍ ഏ കെ ആന്റണി പണ്ട് പാര്‍ട്ടി പിളര്‍ത്തി സി പി എം ഉള്‍പ്പെട്ട ഇടതുമുന്നണിയിലേക്കു പോയി. മകന്‍ അനിലിനു പാര്‍ട്ടി മുറിച്ചെടുക്കാനുള്ള ആയുധമൂര്‍ച്ച ഇല്ലാത്തതിനാല്‍ ഒറ്റയ്ക്കു ബി ജെ പിയില്‍ ചേര്‍ന്നു.ടിയാനു കടന്നിരിക്കാന്‍ പറ്റിയ മറ്റൊരു പാര്‍ട്ടിയുമില്ല. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ചെളി വെള്ളത്തില്‍ പൂണ്ടുകിടക്കുന്ന സിപി എമ്മിലേക്ക് പോകുന്ന കാര്യം ചിന്തിക്കുമ്പോള്‍ തന്നെ തലകറക്കമുണ്ടാകും.

ഇതുപോലെ കേരളത്തിലെ സുറിയാനി കത്തോലിക്കര്‍ കോണ്‍ഗ്രസ്സിന്റെ വോട്ട് ബാങ്ക് എന്ന ദുരവസ്ഥ മാറ്റാന്‍ തീരുമാനിച്ചാല്‍ മറ്റെന്താണ് വഴി എന്ന പ്രശ്‌നമുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുറിയാനി കത്തോലിക്കര്‍ ഗണ്യമായ തോതില്‍ ഇടതുമുന്നണിക്ക് വോട്ട് ചെയ്തതിന്റെ ഒരു കാരണം, കോണ്‍ഗ്രസ് മുന്നണി അധികാരത്തില്‍ വന്നാല്‍ ഭരണത്തിന്റെ നിയന്ത്രണവും കനപ്പെട്ട വകുപ്പുകളും മുസ്ലീം ലീഗിന്റെ കൈകളിലെത്തുമെന്ന ഭയമായിരുന്നു എന്ന നിരീക്ഷണമുണ്ട്.

പക്ഷേ, വലിച്ചാല്‍ നീളുന്നതും വിട്ടാല്‍ പൂര്‍വസ്ഥിതി പ്രാപിക്കുന്നതുമായ റബര്‍ പോലത്തെ നാക്കുള്ള ചിലര്‍ യഥാര്‍ത്ഥത്തില്‍ വേണ്ട രീതിയിലല്ല സംസാരിക്കുന്നത്. റബറിനു 300 രൂപ ആക്കിയാല്‍ ബി ജെ പിക്ക് ഒരു എം പിയെ തരാമെന്ന വിലപേശല്‍ പൊട്ടക്കുളത്തിലെ തവളയുടേതുപോലുള്ളതാണ്. ടി തവള കാണുന്ന ആകാശം കിണറിന്റെ വട്ടം മാത്രമുള്ളതാണ്.

റബറിനു ന്യായമായ വില കിട്ടുക എന്നത് ദേശീയപ്രശ്‌നമാണ്. അതിനേക്കാള്‍ വലിയ ദേശീയപ്രശ്‌നമാണ് ബി ജെ പി അനുയായികള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ക്രിസ്ത്യാനികള്‍ ഭയവിഹ്വലരാണ് എന്നത്. റബറിനു 300 രൂപയാക്കുക എന്നതിനൊപ്പം ക്രിസ്ത്യാനികള്‍ക്കു നേരെ ബി ജെ പി അണികള്‍ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കുകയെന്ന ആവശ്യം കൂടി ബിഷപ് മുന്നോട്ടു വച്ചിരുന്നെങ്കില്‍ ബി ജെ പി ദേശീയ തലത്തില്‍ അക്കാര്യം ചര്‍ച്ച ചെയ്‌തേനെ.

ഭാരതത്തിലെ ഏറ്റവും വലിയ ആദിവാസി മേഖലയാണ്. ഛത്തീസ്ഗഡ് സംസ്ഥാനത്തെ ബസ്തര്‍. 39,171 ചതുശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ബസ്തര്‍ ഡിവിഷന്‍ കേരളത്തേക്കാള്‍ വലുതാണ്. ബസ്തര്‍, ദന്തേവാദ, കൊണ്ടെഗാവ്, നാരായണ്‍പൂര്‍, കാംകേര്‍, സുക്മ, ബിജാപൂര്‍ എന്നീ ഏഴു ജില്ലകള്‍ ഈ ഡിവിഷനിലുണ്ട്. ഇവിടെ സി എം ഐ സഭയുടെ നിര്‍മല്‍ പ്രോവിന്‍സും ജഗദല്‍പൂര്‍ രൂപതയും പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ നിന്നുള്ള സന്യസ്തരും വൈദികരും 1972 മുതല്‍ ഇവിടെ സേവനം ചെയ്യുന്നു.

ബസ്തര്‍ ഡിവിഷനിലെ ആദിവാസി സമൂഹത്തിന്റെ ഇടയില്‍ പ്രവര്‍ത്തിച്ചവരും പ്രവര്‍ത്തിക്കുന്നവരുമായ മിഷനറിമാര്‍ തങ്ങളുടെ പ്രവര്‍ത്തനമേഖലകളിലെ ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി.

ഇങ്ങനെ മിഷനറിമാര്‍ നടത്തിയ സേവനങ്ങള്‍ ഇപ്പോള്‍ തമസ്‌കരിക്കപ്പെടുന്നു. അതിന് ഉദാഹരണമാണ് നന്ദിനി മേനോന്‍ എഴുതിയ 'ആംചൊ ബസ്തര്‍' എന്ന യാത്രാവിവരണപുസ്തകം. വര്‍ഷങ്ങളോളം ബസ്തര്‍ മേഖലയിലൂടെ നടത്തിയ യാത്രകളുടെ ഫലമാണെന്ന് അവകാശപ്പെടുന്ന 342 പേജുള്ള ഈ പുസ്തകത്തില്‍ ഒരിടത്തും ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തിയ സേവനങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല! ഈ സാഹചര്യത്തില്‍ ബസ്തര്‍ പോലുള്ള ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ ക്രിസ്ത്യാനികള്‍ അഭിമുഖീകരിക്കുന്ന അരക്ഷിതാവസ്ഥയെക്കുറിച്ചും മിഷനറിമാരുടെ സേവനങ്ങളെക്കുറിച്ചും കേരളത്തിലെ മെത്രാന്മാര്‍ സംസാരിക്കണം.

ഇപ്പോള്‍ ബസ്തര്‍ ഡിവിഷനിലെ ഗ്രാമങ്ങളില്‍ ആരെങ്കിലും ക്രിസ്ത്യാനിയായാല്‍ ഗ്രാമത്തില്‍ അവര്‍ക്കുള്ള അവകാശങ്ങള്‍ക്ക് ഗ്രാമമുഖ്യന്മാര്‍ മുടക്കു കല്പിക്കും. മരിച്ചാല്‍ ഗ്രാമത്തില്‍ സംസ്‌കരിക്കാന്‍ അനുവദിക്കില്ല. താമസിക്കുന്ന സ്ഥലത്തുനിന്നു മാറിപ്പോകണമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തും. കഴിഞ്ഞ ഏതാനും വര്‍ഷമായി ശക്തിപ്പെട്ടിരിക്കുന്ന പ്രതിഭാസമാണിത്.

നാരായണ്‍പൂര്‍ പ്രദേശത്തെ ക്രിസ്ത്യാനികളായവരെ മറ്റ് ആദിവാസികള്‍ ഗ്രാമങ്ങളില്‍നിന്ന് ഇറക്കിവിട്ടു. കളക്ടര്‍ അവരെയെല്ലാം ഒരു സ്ഥലത്ത് കൂട്ടമായി താമസിപ്പിച്ചു. ക്രിസ്മസ് ആയപ്പോള്‍ അവരെ ഗ്രാമത്തില്‍ തിരിച്ചുകൊണ്ടുവന്നു വിട്ടു. അതില്‍ പ്രതിഷേധിച്ച് എതിര്‍വിഭാഗങ്ങള്‍ റാലി നടത്തി. റാലി പോകുന്ന വഴിക്കരികില്‍ ഒരു കത്തോലിക്കാ ദേവാലയം ഉണ്ടായിരുന്നു. റാലിയില്‍ പങ്കെടുത്തവര്‍ പെട്ടെന്നു പള്ളിയിലേക്കു ഇരച്ചുകയറി കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തു. ഇന്ത്യയില്‍ ബി ജെ പി അനുഭാവികളുടെ നേതൃത്വത്തില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നു മനസ്സിലാക്കിവേണം അവരോടു കൂട്ടുകൂടുവാന്‍.

ആദിവാസികളെ മിഷനറിമാര്‍ തങ്ങളിലേക്ക് ആകര്‍ഷിച്ചത് വികസന പ്രവര്‍ത്തനങ്ങളിലൂടെയാണ്. ബി ജെ പിയുടെ വികസനവണ്ടി എത്ര വേഗത്തില്‍, എത്ര ദൂരത്തില്‍ മുന്നോട്ടു കുതിക്കുമെന്നും; ആരൊക്കെ അതിലെ സ്ഥിരം യാത്രക്കാരാകുമെന്നും, കൂട്ടത്തില്‍ കൂടുവാന്‍ സുറിയാനി കത്തോലിക്കര്‍ അഹമഹമിഹയാ മുന്നോട്ടു വരുമോയെന്നും കാത്തിരുന്നു കാണാം.

manipius59@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org