
നിര്‍മ്മിത ബുദ്ധിയുടെ (artificial intelligence) തലതൊട്ടപ്പന്‍ എന്നറിയപ്പെടുന്ന ജെഫ്‌റി ഹിന്റണ്‍ന്റെ വീക്ഷണത്തില്‍ നാടകീയമായ വഴിത്തിരിവ് ഉണ്ടാക്കിയ രണ്ടു കാര്യങ്ങളിലൊന്ന് ഒരു യന്ത്രത്തിന് താന്‍ പറഞ്ഞ നര്‍മ്മം ആസ്വദിക്കാന്‍ കഴിഞ്ഞുവെന്നതാണ്. തമാശ പറയുക, ആസ്വദിക്കുക എന്നിവ മനുഷ്യര്‍ക്കു മാത്രം സാധിക്കുന്ന കാര്യമാണെന്ന ധാരണയാണു തകര്‍ന്നത്. യന്ത്രം മാനുഷികമായ കഴിവുകള്‍ മാത്രമല്ല, വികാരങ്ങളും ആര്‍ജ്ജിക്കുകയും മനുഷ്യനെ മറികടന്നു പോവുകയും ചെയ്യുമെന്ന അന്തംവിട്ട സംശയം പണ്ടേയുണ്ടെങ്കിലും അതിനു കുറഞ്ഞതു കാല്‍നൂറ്റാണ്ടെങ്കിലും കഴിയേണ്ടി വരുമെന്ന സങ്കല്പവും ഹിന്റണു നഷ്ടമായി. അധികം വൈകാതെ അതു സംഭവിക്കുമെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്.
മനുഷ്യന്റെ ആര്‍ത്തിയും വൈരനിര്യാതന ബുദ്ധിയും യന്ത്രത്തിനുണ്ടായാല്‍ ലോകം നശിക്കുമെന്ന ചിന്ത മനസ്സില്‍ നിറഞ്ഞപ്പോള്‍ ഹിന്റണ്‍ ഗൂഗിളിലെ ജോലി രാജിവച്ച് നിര്‍മ്മിത ബുദ്ധി സൃഷ്ടിക്കാവുന്ന ഭയാനകമായ വിപത്തുകളെക്കുറിച്ച് ബോധവത്ക്കരിക്കാന്‍ രംഗത്തിറങ്ങി. എഴുപത്തഞ്ചു വയസ്സുള്ള ഹിന്റണ്‍ അമ്പതു വര്‍ഷമാണ് നിര്‍മ്മിത ബുദ്ധിയുടെ ഗവേഷണത്തില്‍ മുഴുകിയത്! അതു കൈവിട്ട കളിയാണെന്നു മനസ്സിലായപ്പോള്‍ വൈകിപ്പോയോ?
ഏതാനും മാസം മുമ്പ് നിര്‍മ്മിത ബുദ്ധിയുടെ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുപ്പതിനായിരത്തില്‍പ്പരം വിദഗ്ദ്ധരും അക്കാദമിക് പണ്ഡിതന്മാരും ഒപ്പുവച്ച ആഗോള സംയുക്ത പ്രസ്താവനയില്‍ ഈ വിഷയത്തിലെ ഗവേഷണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്നല്ല, നിര്‍മ്മിത ബുദ്ധി മാനവ സ മൂഹത്തിനു വരുത്തിവയ്ക്കാനിടയുള്ള അപകടങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിട്ടു മതി തുടര്‍ ഗവേഷണമെന്നാണ് അവര്‍ പറയുന്നത്. ഹിന്റണ്‍ ആ പ്രസ്താവനയില്‍ ഒപ്പുവച്ചില്ല. യൂറോപ്പിലും അമേരിക്കയിലും ഗവേഷണം നിര്‍ത്തിവച്ചാലും ചൈന തുടര്‍ന്നു കൊണ്ടു പോകുമെന്നാണ് ഹിന്റണ്‍ ചൂണ്ടിക്കാണിച്ചത്. അതപകടകരമാണെന്ന് അദ്ദേഹം പറയാതെ പറഞ്ഞു.
മനുഷ്യനെ അതിശയിക്കുന്ന നിര്‍മ്മിത ബുദ്ധി യന്ത്രങ്ങള്‍ വൈകാതെ രൂപംകൊള്ളുകയും, അവ ദുഷ്ടലാക്കോടെ പ്രവര്‍ത്തിച്ച് മാനവ സമൂഹത്തിനു മേല്‍ ആധിപത്യം നേടാന്‍ സാധ്യതയുണ്ടെന്നുമാണ് ഹിന്റണ്‍ മുന്നറിയിപ്പു നല്കുന്നത്. ഈ ഒരു ഭീകര സാ ഹചര്യം എങ്ങനെ ഒഴിവാക്കാം, ഇവയെ എങ്ങനെ നിയന്ത്രിക്കാം എന്ന കാര്യത്തില്‍ ലോക നേതാക്കള്‍ കൂട്ടായി ചിന്തിക്കണമെന്നതിലേക്കാണ് ഹിന്റണെപോലുള്ളവര്‍ വിരല്‍ ചൂണ്ടുന്നത്. യന്ത്രം നിഗ്രഹാനുഗ്രഹ ശക്തിയുള്ള ദൈവമാകുന്ന സാഹചര്യം ഒഴിവാക്കേണ്ടത് മാനവ സമൂഹത്തിന്റെ നിലനില്പിന് അനിവാര്യമാണ്.
വൈറ്റ് ഹൗസിനെ റോബോട്ടുകള്‍ കീഴടക്കുന്ന സയന്‍സ് ഫിക്ഷന്റെ മാതൃകയിലല്ല ഹിന്റണ്‍ സംസാരിക്കുന്നത്. വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കാനും വ്യാജവിവരങ്ങള്‍ കൈമാറാനും തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടാനും നിര്‍മ്മിത ബുദ്ധിയെ പ്രയോജനപ്പെടുത്തുന്നതിന്റെ ദോഷഫലങ്ങള്‍ മാത്രമല്ല അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നത്. മാനവവംശത്തിന്റെ ആത്യന്തിക വിനാശം ഒഴിവാക്കുകയാണ് ലക്ഷ്യം.
ലോകം നിര്‍മ്മിത ബുദ്ധിയെക്കുറിച്ച് ധാര്‍മ്മികതയുടെ അടിസഥാനത്തില്‍ ചര്‍ച്ച ചെയ്ത് ധാരണയിലെത്തുന്നതു വരെ കാത്തിരിക്കാനുള്ള ക്ഷമയൊന്നും ഈ കമ്പനികള്‍ക്കില്ല. ഏറ്റവുമാദ്യം മാര്‍ക്കറ്റിലിറങ്ങി ഉത്പന്നങ്ങളുടെ കുത്തക നേടുകയും ലോകത്തെ വരുതിയിലാക്കുകയുമാണ് അവരുടെ ലക്ഷ്യം.
സാങ്കേതിക വികാസം അനിയന്ത്രിതമാകുമ്പോള്‍ മാനവവംശ ത്തെ കാത്തിരിക്കുന്ന ദുരന്തത്തെക്കുറിച്ച് 1931-ല്‍ ആള്‍ഡസ് ഹക്‌സിലി Brave New World എന്ന നോവലിലൂടെ മുന്നറിയിപ്പ് നല്കി. പ്രവാചകനെപ്പോലെയാണ് ഹക്‌സിലി എഴുതിയത്. കമ്മ്യൂണിസം റഷ്യയിലും ഫാസിസം ഇറ്റലിയിലും നാസ്സിസം ജര്‍മ്മനിയിലും പിടിമുറുക്കുമ്പോള്‍, ലോകം വലിയ സാമ്പത്തിക തകര്‍ച്ചയില്‍ കൈകാലിട്ടടിക്കുമ്പോള്‍ ഇങ്ങനെയൊരു ഭാവനാലോകം സൃഷ്ടിക്കാന്‍ കഴിഞ്ഞത് അതിശയകരമാണ്. ഭൗതികവും ശാരീരികവുമായ സന്തോഷത്തില്‍ അതിരുവിട്ട് അഭിരമിക്കുന്നതിനെയും സാങ്കേതിക വികാസത്തില്‍ ഊന്നുമ്പോള്‍ മൂല്യങ്ങള്‍ വിസ്മരിക്കപ്പെടുന്നതിനെയും ജനാധിപത്യത്തിലെ ചുമതലകള്‍ അവഗണിക്കുന്നതിനെയും വിമര്‍ശിക്കുകയായിരുന്നു ഹക്‌സ്‌ലി.
ഈ നോവല്‍ നിരോധിക്കപ്പെട്ടു. അതിനു പറഞ്ഞ പ്രധാന ന്യായം, ഇല്ലാത്ത പ്രശ്‌നങ്ങള്‍ പെരുപ്പിച്ചുകാട്ടി ജനങ്ങളില്‍ പരിഭ്രാന്തി നിറയ്ക്കുന്നു എന്നതാണ്. ഇപ്പോള്‍ ഹിന്റണ്‍ന്റെ വാക്കുകളെയും ഈ രീതിയില്‍ വിമര്‍ശിക്കുന്ന ചിലരുണ്ട്. യന്ത്രങ്ങള്‍ മനുഷ്യനെ കീഴടക്കുമെന്നത് അസംഭവ്യം എന്നാണ് അവരുടെ പക്ഷം. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്റെ ആശങ്കകള്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് ഹിന്റണ്‍ പറയുന്നത്.
അതിനൊരു കാരണമുണ്ട്. ഈ സാങ്കേതിക വികാസങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കുന്നത് ഭീമന്‍ കോര്‍പ്പറേറ്റുകളാണ്. ഗൂഗിള്‍, ആമസോണ്‍, ഫെയ്‌സ്ബുക്ക്, ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍. ലോകം നിര്‍മ്മിത ബുദ്ധിയെക്കുറിച്ച് ധാര്‍മ്മികതയുടെ അടിസഥാനത്തില്‍ ചര്‍ച്ച ചെയ്ത് ധാരണയിലെത്തുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയൊന്നും ഈ കമ്പനികള്‍ക്കില്ല. ഏറ്റവുമാദ്യം മാര്‍ക്കറ്റിലിറങ്ങി ഉത്പന്നങ്ങളുടെ കുത്തക നേടുകയും ലോകത്തെ വരുതിയിലാക്കുകയുമാണ് അവരുടെ ലക്ഷ്യം.
മാനവവംശത്തിന്റെ ഭാവി സംബന്ധിച്ച ഉത്‌ബോധനങ്ങള്‍ക്ക് ചെവികൊടുക്കാന്‍ കോര്‍പ്പറേറ്റുകള്‍ തയ്യാറല്ല. ആ മനോഭാവക്കാരെ തങ്ങള്‍ക്കാവശ്യമില്ലെന്ന് അവര്‍ തെളിയിക്കുകയും ചെയ്തു. തങ്ങളുടെ അല്‍ഗോരിതത്തിലെ പക്ഷപാതങ്ങള്‍ സംബന്ധിച്ച് ശബ്ദമുയര്‍ത്തിയ സ്റ്റാഫംഗങ്ങളില്‍ പ്രമുഖരെ ഗൂഗിള്‍ പിരിച്ചുവിട്ടു. കഴിഞ്ഞ മാര്‍ച്ചില്‍ മൈക്രോസോഫ്റ്റ് തങ്ങളുടെ എത്തിക്‌സ് ടീമംഗങ്ങളെ മുഴുവന്‍ പരിച്ചുവിട്ടിരുന്നു. ലോകത്തെ ജനാധിപത്യവും മൂല്യങ്ങളും പഠിപ്പിക്കാന്‍ കച്ചകെട്ടിയിട്ടുള്ള അമേരിക്കന്‍ ഐക്യനാടുകളിലെ കോര്‍പ്പറേറ്റുകളാണ് ഇങ്ങനെ ചെയ്യുന്നതെന്നോര്‍ക്കണം. ChatGPT വികസിപ്പിച്ച Open AI ലാഭരഹിത കമ്പനിയായാണ് തുടങ്ങിയതെങ്കിലും ലാഭം ലക്ഷ്യമിടുന്ന കമ്പനിയായി മാറിക്കഴിഞ്ഞു.
ഹക്‌സിലിയുടെ നോവലിലെ വേള്‍ഡ് ഗവണ്‍മെന്റ് പ്രതിഷേധിക്കാരില്ലാത്ത ഒരു ലോകം സൃഷ്ടിക്കാനാണു സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചത്. ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ വരുന്ന ഇന്നത്തെ സര്‍ക്കാരുകളും ആഗ്രഹിക്കുന്നത് അതാണ്. അവര്‍ക്ക് നാളെ നിര്‍മ്മിത ബുദ്ധിയുടെ സഹായം ലഭിച്ചാല്‍ എന്താകും സംഭവിക്കുകയെന്നത് കൃത്യമായി പറയാനാകും. പ്രതിപക്ഷമില്ല, ഭരണപക്ഷം മാത്രമേയുള്ളൂവെങ്കില്‍ അതിന്റെ പേര് ഏകാധിപത്യമെന്നാണ്.
ഇപ്പോള്‍ പ്രചാരത്തില്‍ വരുന്ന നിര്‍മ്മിത ബുദ്ധി യന്ത്രങ്ങള്‍ പ്രത്യേക ചുമതലകള്‍ നിര്‍വഹിക്കാന്‍ വേണ്ടിയുള്ളവയാണ്. ശബ്ദം തിരിച്ചറിയുക, മൊഴിമാറ്റുക, ഫോട്ടോകള്‍ തിരിച്ചറിയുക എന്നിങ്ങനെ. ആരോഗ്യരംഗം, കാര്‍ഷികരംഗം, മിലിട്ടറി തുടങ്ങിയ രംഗങ്ങളില്‍ സമഗ്രമായ മാറ്റത്തിനു അവ സജ്ജമാകുകയാണ്. ഒപ്പം Artificial General Intelligence (AGI) വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ വാശിയോടെ നടത്തുന്നുണ്ട്. ഈ AGI യിലാണ് ഹിന്റണ്‍ അപകടം മണക്കുന്നത്. ഒരു സാധാരണ നിര്‍മ്മിത ബുദ്ധി യന്ത്രത്തിനു മനുഷ്യനുള്ള കോമണ്‍സെന്‍സ് ഉണ്ടാകില്ല. അതിനാല്‍ ജീവഹാനി സംഭവിക്കാവുന്ന സാഹചര്യത്തില്‍ മനുഷ്യന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുപോലെ അതു പെരുമാറില്ല. അതങ്ങനെ കുറ്റിയടിച്ചപോലെ നില്ക്കും. എന്നാല്‍ AGI യന്ത്രം അങ്ങനെയൊന്നാവില്ല. ജീവന്‍ രക്ഷിക്കണമെന്നു തോന്നലുണ്ടായാല്‍ തിരിച്ച് ആക്രമിക്കാനും ശ്രമിക്കും. ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധമെന്നാണല്ലോ മനുഷ്യന്‍ പഠിപ്പിക്കുന്ന പാഠം. അത്തരം പാഠങ്ങളാണല്ലോ യന്ത്രത്തിനു കൈമാറുന്നത്.
ഇതേ സമയം, ജീവന്‍ രക്ഷിക്കുന്ന കാര്യത്തില്‍ ആരോഗ്യ രംഗത്തോടു ചേര്‍ന്നുനിന്ന് നിര്‍മ്മിത ബുദ്ധിക്ക് ഏറെ സംഭാവനകള്‍ നല്കാന്‍ കഴിയും. അതിനുള്ള ഗവേഷണങ്ങള്‍ ദ്രുതഗതിയില്‍ മുന്നേറുന്നുണ്ട്.
ഏറ്റവും വേഗം രോഗം കൃത്യമായി കണ്ടെത്തുക എന്നതാണ് ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളി. ഇതുവരെ രോഗിയുടെ പ്രത്യേകതകള്‍, ലക്ഷണങ്ങള്‍, ലാബ് റിപ്പോര്‍ട്ടുകള്‍, റേഡിയോഗ്രാഫി നിഗമനങ്ങള്‍ എന്നിവയെ തങ്ങളുടെ അറിവിനോടു ചേര്‍ത്തുവച്ച്, ഓര്‍മ്മയില്‍ പരതിയാണ് ഡോക്ടര്‍മാര്‍ രോഗനിര്‍ണ്ണയം നടത്തിയിരുന്നത്. ഇപ്പോള്‍ അവര്‍ ഇന്റര്‍നെറ്റിന്റെ സഹായം തേടുന്നു. ഇനി AI Chatbot-ന് ഫലപ്രദമായി സഹായിക്കാനാകും. ആശുപത്രിയിലെ ഇലക്‌ട്രോണിക് ഹെല്‍ത്ത് റിക്കാര്‍ഡുമായി (EHR) ബന്ധിപ്പിച്ചാല്‍ ഇതുകൊണ്ടുള്ള പ്രയോജനം അളവറ്റതാകും. രോഗനിര്‍ണ്ണയം വേഗത്തിലും പരമാവധി കുറ്റമറ്റതും, ചികിത്സ ഫലപ്രദവുമാകും.
നിര്‍മ്മിത ബുദ്ധിക്ക് ഡോക്ടറേക്കാള്‍ വളരെ വേഗത്തില്‍ രോഗിയുടെ മെഡിക്കല്‍ റിക്കാര്‍ഡ് പരിശോധിച്ച് വിലയിരുത്താന്‍ കഴിയും. നോട്ടുകള്‍, ലാബ്, റേഡി യോളജി, പത്തോളജി റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ പരതി ഡോക്ടറുടെ വിലയേറിയ സമയം നഷ്ടമാകില്ല. യന്ത്രത്തിന് ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രോഗം സംബന്ധിച്ച് കൂടുതല്‍ കൃത്യമായ വ്യാഖ്യാനം നല്കാനും കഴിയും.
ഇവിടെ ശ്രദ്ധിക്കേണ്ട വലിയ കാര്യമുണ്ട്. Chatbot-ല്‍ കൊടുക്കുന്ന രോഗിയുടെ വിവരങ്ങള്‍ കുറ്റമറ്റതാവണം. അതില്‍ തെറ്റുകള്‍ സംഭവിച്ചാല്‍ ജീവനെ ബാധിക്കുന്ന പിഴവാകും. ഡോക്ടറുടെ പ്രാധാന്യം ഡാറ്റ എന്‍ട്രി ജീവനക്കാരനും ഉണ്ടെന്നര്‍ത്ഥം.
നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ആശുപത്രി മാനേജ്‌മെന്റുകള്‍ ലാഭം വര്‍ധിപ്പിക്കാനുള്ള അവസരമായല്ല, ജീവന്‍ രക്ഷിക്കാനുള്ള കര്‍മ്മമായി വേണം അതിനെ കാണാന്‍. ഏറ്റവും കുറഞ്ഞ ചെലവില്‍ ഇത് സാധ്യമാക്കാനുള്ള മനസ്സ് അവര്‍ക്കുണ്ടാവണം. ഇല്ലെങ്കില്‍ ചികിത്സാരംഗത്ത് ധനികനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം ഇനിയും വര്‍ധിക്കും. ഇവിടെയാണ് ഭരണകൂടത്തിന്റ ഇടപെടല്‍ ആവശ്യമാകുന്നത്. എല്ലാ പൗന്മാരുടെയും ജീവനു തുല്യവില കല്പിക്കുന്ന ഇടപെടല്‍.