വെറുപ്പുമാപിനി

വെറുപ്പുമാപിനി

സൗമ്യമധുരമായ വര്‍ത്തമാനവും ഇടപെടലും കൊണ്ട് മറ്റുള്ളവരുടെ പ്രിയം അതിവേഗം നേടിയെടുക്കുന്നവരുണ്ട്. അതൊരു കഴിവുതന്നെ. അതുപോലെ തന്നെ, വന്നു, വാതുറന്നു, ഞൊടിയിടയില്‍ എല്ലാവരെയും വെറുപ്പിക്കുന്നവരുമുണ്ട്. മറ്റുള്ളവരില്‍ പരിഹാസവും അവജ്ഞയും പുച്ഛവും അകല്‍ച്ചയും ഇഷ്ടക്കേടും ഉണ്ടാക്കാന്‍ സാധിച്ചാല്‍ ഉറപ്പാണ്, നാം വെറുപ്പിച്ചു കഴിഞ്ഞു! പക്ഷേ നിര്‍ഭാഗ്യവശാല്‍ ഈ വെറുപ്പീരുകാര്‍ തങ്ങളെ മറ്റുള്ളവര്‍ എന്തുമാത്രം വെറുക്കുന്നു എന്ന് തിരിച്ചറിയുന്നതേയില്ല. അവര്‍ പൂര്‍വാധികം ശക്തിയായി വെറുക്കപ്പെടാന്‍ വഴികള്‍ തേടുന്നു. അതിനാല്‍ ചൂടളക്കുന്ന ഉഷ്ണമാപിനിപോലെ, നാം മറ്റുള്ളവരെ എന്തുമാത്രം വെറുപ്പിക്കുന്നു എന്നു കണ്ടുപിടിക്കാന്‍ ഒരു വെറുപ്പുമാപിനി നമ്മുടെയെല്ലാം മനസ്സില്‍ കരുതി വയ്ക്കുന്നതു നല്ലതാണ്.
എല്ലാവരെയും പ്രീണിപ്പിച്ച് ഇഷ്ടം കവരുന്നതാണ് ശ്രേഷ്ഠം എന്നല്ലڔപറഞ്ഞുവരുന്നത്. ക്രിസ്തുവിനെ കൊല്ലാന്‍ തക്കവിധം അവനോട് എതിര്‍പ്പുള്ളവര്‍ ഉണ്ടായിരുന്നു. അതിന്‍റെ അര്‍ത്ഥം അവന്‍ അവരെ വെറുപ്പിച്ചു എന്നല്ല. ചില നിലപാടുകളുടെയും ബോധ്യങ്ങളുടെയും പേരില്‍ മറ്റുള്ളവര്‍ക്ക് നാം അപ്രിയരായി മാറാം. അപ്രിയം തോന്നുന്നവരോടും മറ്റുള്ളവര്‍ക്ക് ആദരമുണ്ടാകും. വെറുപ്പിക്കല്‍ അതല്ല. വിലകുറഞ്ഞ പെരുമാറ്റവും അഹങ്കാരവും പരപുച്ഛവും പരസ്പര വിരുദ്ധവുമായ നിലപാടുകളും അസഹ്യപ്പെടുത്തുന്ന രീതികളും അന്ധമായ സ്വാര്‍ത്ഥതയുമാണ് സാധാരണ നമ്മെ വെറുക്കാന്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കുന്നത്.
മനുഷ്യരെല്ലാം വെറുപ്പിക്കല്‍ രോഗത്തിന് ഒരു പരിധിവരെ വശംവദരാണ്. എന്നാല്‍ സ്ഥിരമായും വളരെ പെട്ടെന്നും മറ്റുള്ളവരെ വെറുപ്പിക്കുന്നവര്‍ വെറുപ്പുമാപിനി എപ്പോഴും കൂടെക്കരുതണം. ഉദാഹരണത്തിന്, പത്തുമിനിറ്റ് പ്രസംഗം പറയുമ്പോഴേക്കും കേള്‍വിക്കാരില്‍ ഭൂരിപക്ഷത്തിനും വെറുപ്പുണ്ടാക്കുന്നവര്‍, സ്വന്തം വീരകൃത്യങ്ങള്‍ വിളമ്പുന്നവര്‍, എടുത്താല്‍ പൊങ്ങാത്ത ജാഡയുമായി ഊരുചുറ്റുന്നവര്‍, എപ്പോഴും എന്തിനെക്കുറിച്ചെങ്കിലും പരാതി പറഞ്ഞുകൊണ്ടിരിക്കുന്നവര്‍, അവനവന്‍റെ കാര്യം മാത്രം നോക്കി നടക്കുന്നവര്‍, വിളിക്കാത്തിടത്ത് അഭിപ്രായം പറയുന്നവര്‍, മറ്റുള്ളവരുടെ സംസാരത്തിനിടയ്ക്കു കയറി സംസാരിക്കുന്നവര്‍, സമയനിഷ്ഠ പാലിക്കാത്തവര്‍, ആരെയും മാനിക്കാന്‍ കൂട്ടാക്കാതെ മുറിപ്പെടുത്തുന്ന വാക്പ്രയോഗങ്ങള്‍ നടത്തുന്നവര്‍, ഫലിതം പറച്ചിലാണെന്ന് തെറ്റിദ്ധരിച്ച് പരിഹാസപ്രയോഗങ്ങള്‍ നടത്തുന്നവരൊക്കെ മറ്റുള്ളവരെ വെറുപ്പിക്കാന്‍ തിരക്കു കൂട്ടുന്നവരാണ്.
മിക്കപ്പോഴും നിവൃത്തികേടുകൊണ്ട് വെറുപ്പീരുകാരെ മറ്റുള്ളവര്‍ സഹിക്കുന്നു എന്നു മാത്രമേയുള്ളൂ. മാന്യന്മാര്‍ ആരും ഇയാളെന്തൊരു വെറുപ്പിക്കലാ എന്ന് ആരുടെയും മുഖത്തുനോക്കി പറയാന്‍ മിനക്കെടുകയുമില്ല. അതിനാല്‍ ഇത്തരക്കാര്‍ കാര്യം പെട്ടെന്ന് അറിയാനും പോകുന്നില്ല. അതുകൊണ്ടാണ് ഞാന്‍ ആരെയെങ്കിലും വെറുപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വെറുപ്പുമാപിനി മനസ്സില്‍ കരുതണം എന്ന് പറഞ്ഞത്.
ഒരുവന്‍റെ പ്രവര്‍ത്തനമേഖല വ്യാപിക്കുന്നതിനനുസരിച്ച് വെറുപ്പിക്കലിന്‍റെ വ്യാപ്തി കൂടും. ഒരു കുടുംബനാഥന്‍റെ പരിധിയല്ല ഒരു വികാരിയച്ചന് ഇക്കാര്യത്തിലുള്ളത്. ഒരു മുഖ്യമന്ത്രിക്ക് സംസ്ഥാനത്തെ മുഴുവന്‍ വെറുപ്പിക്കാന്‍ പറ്റുമെങ്കില്‍ രാജ്യം മുഴുവനെയും വെറുപ്പിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയും. അതിനാല്‍ ഒരുവന്‍റെ ജീവിതമേഖല വിപുലമാകുന്നതിനനുസരിച്ച് വെറുപ്പിക്കലിന്‍റെ തോതളക്കാന്‍ കൂടുതല്‍ ശ്രമിക്കണം.
വെറുപ്പിക്കല്‍ അളക്കാന്‍ രണ്ട് ഘടകങ്ങളുടെ തോത് സ്ഥിരം പരിശോധിക്കണം. ഒന്ന്, ഭോഷത്തം. ചിന്ത യില്ലായ്മയും പരശ്രദ്ധയില്ലായ്മയും ഒരുവനെ ഭോഷനാക്കും. അവന്‍റെ പെരുമാറ്റം അതിവേഗം മറ്റുള്ളവരെ ആട്ടിയകറ്റും. ഉദാഹരണത്തിന്, മറ്റുള്ളവരുടെയിടയിലിരുന്ന് പുകവലിക്കുക, ഫോണില്‍ ഉറക്കെ സംസാരിക്കു ക തുടങ്ങിയവ ആളുകളെ അസഹ്യപ്പെടുത്തും. രണ്ട്, അഹങ്കാരം. ഉള്ളില്‍ അഹങ്കാരം കുടിയിരുന്നാല്‍ മറ്റുള്ളവരെ വെറുപ്പിക്കാനുള്ള വക നാവില്‍നിന്നും കൈയില്‍നിന്നും വന്നുവീണുകൊണ്ടിരിക്കും. ഇനി ഭോഷത്തവും അഹങ്കാരവും ഒരാളില്‍ ഒന്നിച്ചുവന്നാല്‍ അയാള്‍ക്ക് മറ്റുള്ളവരെ വെറുപ്പിക്കാനേ കഴിയൂ. ആരെയും ഇണക്കാന്‍ സാധിക്കുകയില്ല. ഇനി അഥവാ, ഇക്കാര്യം ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അഹങ്കാരിയായ ഭോഷന്‍ പറയും, ഞാന്‍ ഇങ്ങനെയാണ്; പണ്ടു മുതലേ ഇങ്ങനെയാണ്. അതായത്, ഇനിയും ആ പണി തുടരുമെന്ന്.
എല്ലാവരെയും വെറുപ്പിച്ചു നടക്കുന്നയാള്‍ക്ക് ദൈവത്തെ പ്രീതിപ്പെടുത്താന്‍ കഴിയുമോ? ഇല്ല. കാരണം, അന്യരെ വെറുപ്പിക്കുന്നതില്‍ സ്നേഹലംഘനത്തിന് വലിയ സാധ്യതയുണ്ട്. മറ്റുള്ളവരെ വെറുപ്പിക്കുന്നയാള്‍ ദൈവത്തെ വെറുപ്പിക്കാന്‍ ഒരുമ്പെടുന്നു!

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org