വിഷം തുപ്പുന്നവരും ശക്തി പുറപ്പെടുവിക്കുന്നവരും

വിഷം തുപ്പുന്നവരും ശക്തി പുറപ്പെടുവിക്കുന്നവരും

ഫാ ജിമ്മി പൂച്ചക്കാട്ട്

ശിഷ്യന്മാരെല്ലാം അത്ഭുതപ്പെടുകയാണ്. ജനം മുഴുവന്‍ തിക്കിതിരക്കുമ്പോള്‍… ഇടതടവില്ലാതെ ജനക്കൂട്ടം ഇളകി മറിയുമ്പോള്‍ യേശു പരിഭവം പറയുന്നോ… ആരോ ഒരാള്‍ എന്നെ തൊട്ടുപോലും (ലൂക്കാ 8:45). ആ ചോദ്യത്തിലോ ആ പരിഭവത്തിലോ യാതൊരു അര്‍ത്ഥവുമില്ല എന്ന് ശിഷ്യ പ്രമുഖന്‍ പോലും തിരിച്ചറിയുന്നു. എന്നാല്‍ അത് വെറും ഒരു സ്പര്‍ശനം ആയിരുന്നില്ല. അവനില്‍ നിന്ന് ശക്തി അവളിലേക്കൊഴുകി!!
ദൈവീകഭാവത്തിന്റെ ശക്തി പുറപ്പെട്ട് അത്ഭുതമായി… രോഗശാന്തിയായി അവളിലേക്കൊഴുകിയതാണ്. രക്തസ്രാവക്കാരിക്കുണ്ടായ അടയാളം. യേശുവില്‍നിന്നു പുറപ്പെടുന്ന ശക്തി നിശ്ചയമായും ദൈവീകശക്തിയാണ്. ഓരോ മനുഷ്യനും ഇതുപോലെ ശക്തിപുറപ്പെടുവിക്കുന്നവരാണ്. ദൈവീകതയുടെ രൂപഭാവമേറുന്നവരാണ് മനുഷ്യരെങ്കിലും പാപത്തിന്റെയും തിന്മയുടെയും അംശങ്ങള്‍ അവനിലുള്ളതിനാല്‍ പുറപ്പെടുവിക്കുന്ന ശക്തി നന്മയുടെയുംദൈവികതയുടെയും മാത്രമാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഓരോരുത്തനും അവരുടെ സാമീപ്യത്തിലൂടെയും സ്പര്‍ശനത്തിലൂടെയും ഈ ശക്തി പുറപ്പെടുവിച്ചുകൊണ്ടിരിക്കും.
കൊറോണ രോഗം ബാധിച്ച പെണ്‍കുട്ടിയെ ഉത്തരവാദിത്വത്തോടെ ബന്ധപ്പെട്ട ആശുപത്രിയിലെത്തിക്കേണ്ടവന്‍ പോകുംവഴി അവളെ മാനഭംഗപ്പെടുത്തുന്നു. അവനില്‍നിന്നും അവളിലേക്കു കടക്കുന്നതു ദുഷ്ടശക്തിയാണ്. ഹത്രാസിലെ പെണ്‍കുട്ടിയിലേക്കും പുറപ്പെട്ടത് പൈശാചികതയാണ്. കള്ളത്തരം കാട്ടുമ്പോഴും, വഞ്ചിക്കുമ്പോഴും കുറ്റം വിധിക്കുമ്പോഴും കോപിക്കുമ്പോള്‍ പോലും ഒരാള്‍ മറ്റൊരാളിലേക്കു പകരുന്നത് ദുഷ്ടശക്തിയാണ്.


എന്നാല്‍ എന്നില്‍നിന്ന് ശക്തിപുറപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് ക്രിസ്തുവിനെപ്പോലെ നന്മയുടെയും സുവിശേഷ മൂല്യങ്ങളുെടയും ശക്തി തങ്ങളില്‍ നിന്ന് മറ്റുള്ളവരിലേക്കു പകര്‍ന്നു കൊടുക്കുന്ന നിരവധി പേരെയും നാം കണ്ടുമുട്ടുന്നു. കൊറോണക്കാലത്ത് ജീവന്‍ പണയംവച്ച് ആതുരശുശ്രൂഷാരംഗത്ത് ധീരപ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത് അവരിലെ ദൈവീകതയാണ്. ഒരു നല്ല വാക്കു പറയുമ്പോള്‍ സ്‌നേഹത്തോടെ സഹോദരനോടു കരുതല്‍ കാണിക്കുമ്പോള്‍ നമ്മില്‍ നിന്നു പുറപ്പെടുന്നത് ദൈവീകത ഭാവമല്ലാതെ മറ്റെന്താണ്.
ഓരോ ദിവസത്തിന്റെയും അവസാനത്തില്‍ ഇത്തരം ഒരു ചിന്തയില്‍ എത്തിച്ചേരാനായാല്‍ കൂടുതല്‍ നന്മയിലേക്കും ദൈവീകതയിലേക്കും നാം കടന്നുവരാനിടയുണ്ട്. മനുഷ്യന്‍ എന്ന നിലയില്‍ നന്മയുടെയും തിന്മയുടെയും ഭാവങ്ങള്‍ നമ്മില്‍ ഉണ്ടായിരിക്കുമ്പോഴും എത്ര തവണ നമ്മില്‍ നിന്ന് ദൈവീകശക്തി പുറപ്പെട്ടു? അതിലൂടെ എത്രപേര്‍ സുഖം പ്രാപിച്ചു? നമ്മുടെ പെരുമാറ്റത്തിലൂടെ… നല്ല വാക്കുകളിലൂടെ… നന്മ പ്രവര്‍ത്തികളിലൂടെ… അപരന്റെ നിരവധിയായ രക്തസ്രാവങ്ങളെ സുഖപ്പെടുത്താന്‍ കെല്പുള്ളവരാണു നാം എന്നു മറക്കാതിരിക്കാം.
സൈബര്‍ യുദ്ധങ്ങളുടെയും ഇന്റര്‍നെറ്റ് വിപ്ലവങ്ങളുടെയും ഫെയ്‌സ് ബുക്ക് പഴിചാരലുകളുടെയും കാലഘട്ടത്തില്‍ ഇത് പ്രത്യേകം ശ്രദ്ധിക്കുന്നതു നല്ലതാണ്. മറ്റുള്ളവരെ താറടിക്കാന്‍, അവനെതിരെ അപഖ്യാതി പറയാന്‍, അപരനെ തരംതാഴ്ത്താന്‍ മേല്പറഞ്ഞവയെ ഉപയോഗിക്കുമ്പോള്‍ നമ്മില്‍നിന്നു പുറപ്പെടുന്നതു പൈശാചികത അല്ലാതെ മറ്റെന്താണ്. സഹോദരനെ കൊന്നുകൊല വിളിക്കുക എന്നത് ജീവിതവ്രതമാക്കിയവനില്‍ എന്തു ദൈവികതയാണ് കുടികൊള്ളുന്നത്. ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ ശരീരത്തില്‍ കൂടുതല്‍ രക്തസ്രാവങ്ങള്‍ ഉണ്ടാക്കുന്നവരാകുമ്പോള്‍ ഇന്ന് സഭ അഭിമാനിക്കുന്നു. കാര്‍ലോ ആക്കൂത്തിസിനെപ്പോലെയുള്ളവര്‍ ഇതേ മാധ്യമങ്ങളിലൂടെ ദൈവികത പുറപ്പെടുവിച്ച് അനേകരില്‍ അത്ഭുതം പ്രവര്‍ത്തിച്ചവരാണ് എന്ന് മറക്കാതിരിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org