സ്വന്തം വാലു വിഴുങ്ങുന്ന പാമ്പുകള്‍

സ്വന്തം വാലു വിഴുങ്ങുന്ന പാമ്പുകള്‍

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍

കൃത്യമായ അര്‍ത്ഥത്തില്‍ സ്വന്തം വാല്‍ വിഴുങ്ങുന്ന പാമ്പ് അറപ്പും പേടിയുമുണര്‍ത്തുന്ന വല്ലാത്ത ഒരു സങ്കല്പമാണ്. എന്നാല്‍ അതിലെ സൂചന സത്യമാണ്. അതായത്, താത്ക്കാലിക സുഖപ്പുറത്തുള്ള സ്വയംനശീകരണ വാസന. ഒരു പക്ഷേ, സ്വയം അറിയാതെ സ്വയം നശിപ്പിക്കാന്‍ മനുഷ്യരെപ്പോലെ മറ്റു ജീവി ഗണങ്ങള്‍ക്കാവുമെന്ന് തോന്നുന്നില്ല. നൈമിഷിക രസങ്ങള്‍ മേമ്പൊടിയിട്ട് സ്വയം തിന്നുതീര്‍ക്കുന്നവരുണ്ട്. അവരുടെ സംതൃപ്തിയുടെ വയര്‍ നിറയുന്നില്ല; പക്ഷേ, അവരുടെ ഉപരിലക്ഷ്യങ്ങളുടെ ഉടല്‍ തകരുന്നുണ്ട്. താത്ക്കാലികമായ സ്വയംഭ്രമങ്ങളുടെ ബലിയാടാകുന്നത് ദുര്യോഗമല്ല, ഭോഷത്തമാണ്. ഇത്തര ത്തില്‍ സ്വന്തം വാലു വിഴുങ്ങി സ്വയം തകരുന്ന പാമ്പുകള്‍ നമുക്ക് ചുറ്റുമുണ്ട്്.
മക്കളെ വളര്‍ത്തുന്ന കാര്യത്തില്‍ പല മാതാപിതാക്കളും സ്വയം തോല്‍പ്പിക്കുന്ന നാഗത്താന്മാരാണ്. താത്ക്കാലിക സൗക ര്യങ്ങളുടെ പേരില്‍ കുട്ടികളെ ഡിജിറ്റല്‍ സ്‌ക്രീനുകള്‍ക്ക് (മൊബൈല്‍, ടെലിവിഷന്‍) മുന്നില്‍ തള്ളുന്നവരുണ്ട്. ഡിജിറ്റല്‍ ലോകത്തിന് അടിമപ്പെടുന്ന കുട്ടികള്‍ മാതാപിതാക്കള്‍ക്ക് വലിയ ബാധ്യതയായി മാറും. സ്വയം വാലു കടിച്ചു മുറിച്ച മൃഗ ത്തെപ്പോലെ പിന്നീട് മോങ്ങാനായിരിക്കും അത്തരം മാതാപിതാക്കള്‍ക്ക് വിധി. ഡിജിറ്റല്‍ ഗെയ്മുകളില്‍നിന്ന് പിടിച്ചുണര്‍ ത്തുന്ന കുട്ടികളുടെ ക്രൗര്യംകണ്ട് മാതാപിതാക്കള്‍ പകച്ചു പോകുന്നുണ്ട്. കൗമാര പ്രായത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന കുട്ടികളുമായി ധ്യാനകേന്ദ്രങ്ങളിലേക്കും കൗണ്‍സലിങ്ങ് കേന്ദ്രങ്ങളിലേക്കും പരക്കംപായുന്ന മാതാപിതാക്കള്‍ ഇപ്പോഴുണ്ട്. വകതിരിവില്ലാത്ത മാതാപിതാക്കള്‍ വിവേചനശക്തിയില്ലാതെ മക്കളെ മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുക്കും. പക്ഷേ, അവര്‍ക്ക് തിരിച്ചറിവുണ്ടാവുമ്പോഴേക്കും മക്കള്‍ പിടികൊടുക്കാപുള്ളികളായി മാറിയിട്ടുണ്ടാകും.
അവശവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പല തരത്തിലുള്ള സ്‌കോളര്‍ഷിപ്പുകളും സഹായങ്ങളും പല ഉറവിടങ്ങളില്‍നിന്ന് ഇക്കാലത്ത് ലഭ്യമാണ്. അതുപോലെ ഇന്‍ ഷുറന്‍സ് സാധ്യതകളുമുണ്ട്. ഇത്തരം കാര്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കേണ്ടതിനുപകരം സ്വന്തം അലസതയുടെ വാലും കടിച്ചുകൊണ്ട് ഒരേ ഇരുപ്പാണ് അഴകൊഴമ്പന്‍ പാമ്പ്. ദോഷം പറയരുതല്ലോ, അവര്‍ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കും, ഓ അതൊക്കെ വല്യ മെനക്കേടാന്നേ… ആവശ്യത്തിനു വെള്ളം കുടിക്കാന്‍ മടിയുള്ള ആള്‍ക്കാരുണ്ട്. പക്ഷേ, അതു വഴിയുണ്ടാകുന്ന രോഗങ്ങള്‍ക്ക് മരുന്ന് കുടിക്കാന്‍ അവര്‍ക്ക് മടിയില്ല. കരം അടച്ച രസീത്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങി സാധാരണ ആവശ്യമുള്ള രേഖകള്‍ വീട്ടില്‍ യഥാസ്ഥാനം സൂക്ഷിക്കാന്‍ മിനക്കെടാത്തവരുണ്ട്. കാരണം, അതിനു വേണ്ട രണ്ട് മിനിറ്റ് ചിലവഴിക്കാന്‍ അവര്‍ ക്കില്ല. എന്നാല്‍ അത്യാവശ്യം വരുമ്പോള്‍ ഈ രേഖകള്‍ കണ്ടുപിടിക്കാന്‍ അവര്‍ രണ്ടു മണിക്കൂര്‍ നേരം പെട്ടികളെല്ലാം തപ്പി വാലു വിഴുങ്ങുന്ന പാമ്പാകും.
മറ്റുള്ളവര്‍ക്കെതിരെ ദൂഷണങ്ങളും പച്ചക്കള്ളങ്ങളും നിരാസ്പദ ആക്ഷേപങ്ങളും ഉന്നയിക്കുന്നവരുണ്ട്. അതിനെ താന്‍ ചെയ്യുന്ന ഒരു ചെറുകിട യുദ്ധംപോലെ കണ്ട് ആസ്വദിക്കുന്നവരുണ്ട്. കള്ള നാവു നേടുന്ന ഓരോ വിജയവും കൂടുതല്‍ ക്രൗര്യം നിറച്ച സന്നാഹങ്ങളൊരുക്കാന്‍ അവരെ പ്രേരിപ്പിക്കും. പക്ഷേ, തങ്ങളുടെ തന്നെ വിശ്വാസ്യതയാണ് അവര്‍ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നത് എന്ന് ഈ യുദ്ധവീരന്മാര്‍ അറിയാറില്ല.

താത്ക്കാലിക സൗകര്യങ്ങളുടെ പേരില്‍ കുട്ടികളെ
ഡിജിറ്റല്‍ സ്‌ക്രീനുകള്‍ക്ക് (മൊബൈല്‍, ടെലിവിഷന്‍) മുന്നില്‍
തള്ളുന്നവരുണ്ട്. ഡിജിറ്റല്‍ ലോകത്തിന് അടിമപ്പെടുന്ന കുട്ടികള്‍
മാതാപിതാക്കള്‍ക്ക് വലിയ ബാധ്യതയായി മാറും.


എന്തിനെയും അതിവൈകാരികമായി സമീപിക്കുന്നവരുണ്ട്. ഡല്‍ഹിയിലെ കര്‍ഷകസമരമായാലും കേരള സര്‍ക്കാരിന്റെ ഫാന്‍സി ബജറ്റാണെങ്കിലും അവര്‍ രോഷംകൊള്ളും. സാധിക്കുംപോലെ ശബ്ദമുയര്‍ത്തും. അവരുടെ നീതിബോധത്തിന് തീപിടിക്കും. അവര്‍ സ്വയം ഒരു കുഴിബോംബായി ചമയും. ഗാര്‍ഹിക പ്രശ്‌നങ്ങളെയും ഇങ്ങനെ വികാരക്ഷോഭത്തോടെ സമീപിക്കുന്നവരുണ്ട്. സ്വയം ജ്വലിച്ചുയര്‍ന്നിട്ട് എന്തെങ്കിലും ഫലം ഉണ്ടാകണം എന്നവര്‍ക്ക് നിര്‍ബന്ധവുമില്ല. പ്രതികരണശൈലിയിലെ സ്‌ഫോടനാത്മകത അവരുടെ സംതുലിതാവസ്ഥയെയും മനഃശാന്തിയെയും നേര്‍ചിന്തകളെയും തിന്നൊടുക്കും. ഏതെങ്കിലും രോഗലക്ഷണങ്ങള്‍ ശരീരം പുറത്തുകാണിക്കുമ്പോഴാണ് ഇക്കാലമത്രയും സ്വന്തം വാലുതന്നെ വിഴുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു എന്നവര്‍ ഗ്രഹിക്കുന്നത്.
വിശുദ്ധ പൗലോസ് ഉദ്‌ബോധിപ്പിച്ചു: "പൂര്‍വാധികം ഭയത്തോടും വിറയലോടും കൂടി നിങ്ങളുടെ സ്വന്തം രക്ഷയ്ക്കുവേണ്ടി അധ്വാനിക്കുവിന്‍" (ഫിലി. 2:12). നിത്യരക്ഷയെ ഏതു വിധത്തില്‍ നാം സമീപിക്കണം എന്നതിന്റെ ദൈവികനിദര്‍ശനമാണിത്. സ്വന്തം രക്ഷ എന്ന ആത്യന്തിക ലക്ഷ്യത്തെ നിസാരമായിക്കണ്ട് സ്വന്തം ഹീന താത്പര്യങ്ങള്‍ക്കും ധനമോഹങ്ങള്‍ക്കും പിന്നാലെ പായുന്നവര്‍ ആത്മരക്ഷയെ അവതാളത്തിലാക്കും. ചെറുതരം കുന്നായ്മകളിലും മത്സരങ്ങളിലും സ്ഥാന മോഹങ്ങളിലും അംഗീകാരവാഞ്ചയിലും മനസ്സും ശരീരവും ആത്മാവും അര്‍പ്പിക്കുന്നവര്‍ നിത്യകാലത്തേക്ക് സ്വയം ഹനിക്കുന്നവരായി മാറുകയാണ്. അവര്‍ എന്തോ ചവയ്ക്കുന്നതിന്റെ സുഖത്തിലാണ്. അവര്‍ ചവയ്ക്കുന്നത് വ്യാമോഹങ്ങളുടെ ഉമിക്കരിയാണെന്നു മാത്രം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org