മുന്‍കോപികളേ ഇതിലേ… ഇതിലേ…

മുന്‍കോപികളേ ഇതിലേ… ഇതിലേ…

ഫാ. അജോ രാമച്ചനാട്ട്

ആരോടെങ്കിലുമൊക്കെ പിണങ്ങാത്തവരായി നമ്മളില്‍ ആരുണ്ട്? ഒരിക്കല്‍ ഏറെക്കാലമായി മിണ്ടാതെ കഴിയുന്ന രണ്ട് സുഹൃത്തുക്കളുടെ ഇടയില്‍ മധ്യസ്ഥന്‍ ആകേണ്ടി വന്നു. ഒരാള്‍ക്കാണ് പിണക്കം. മറ്റേയാള്‍ക്ക് കാരണമറിയില്ലതാനും. പ്രശ്‌നം എന്തായിരുന്നെന്നോ? ഒരാള്‍ അല്പം മുന്‍കോപിയാണ്. പെട്ടെന്നാണ് ദേഷ്യം. ആ നേരത്ത് high definition വാക്കുകളേ പുറത്ത് വരൂ. അങ്ങനെ പറഞ്ഞ ഒരു വാക്ക് മറ്റെയാളെ വല്ലാതെയങ്ങ് സങ്കടപ്പെടുത്തി. പറഞ്ഞയാള്‍ അതൊന്നും ഓര്‍ക്കുന്നേയില്ല എന്നതാണ് രസകരമായ കാര്യം.

സത്യമല്ലേ? മുന്‍കോപം നമ്മുടെ ബന്ധങ്ങളില്‍ എത്രയോ കുഴപ്പങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു! എത്രയോ കാലങ്ങള്‍ പലരും മിണ്ടാന്‍ പോലും കൂട്ടാക്കാതെ അകന്നു കഴിഞ്ഞിരിക്കുന്നു! അല്പം മുന്‍കോപം വിവാഹമോചനത്തി ലേയ്ക്ക് വരെ എത്തിയേക്കാം. എന്നാല്‍ അല്പസ്വല്പം ദേഷ്യ പ്രകൃതി ഈ ഭൂമിയില്‍ ആര്‍ക്കായില്ലാത്തത് എന്ന മറുചോദ്യം കൊണ്ട് എന്താകാനാണ്!

ശരിയാണ്, എപ്പോഴെങ്കിലും ദേഷ്യപ്പെടാത്തവര്‍ ആരുമില്ല. കോപം എന്നത് എല്ലാവരിലും ഉണ്ട് എന്നതാണ് സത്യം. എന്നാല്‍ കോപം ഒരു ശീലമാക്കിയാലോ? തൊട്ടതിനും പിടിച്ചതിനും എപ്പോഴും കോപിക്കുന്നവര്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ അത്ര ചെറുതല്ല. എന്തുകൊണ്ടാവും ചിലര്‍ ഇടയ്‌ക്കെല്ലാം ദേഷ്യപ്പെടുന്നത്. ക്ഷിപ്രകോപത്തിന്റെ ചില കാര ണങ്ങള്‍ തേടുകയാണ്-ശാസ്ത്രീ യപാഠങ്ങളുടെയല്ല, അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍.

ഒന്നാമതായി, ക്ഷിപ്രകോപത്തിനു പാരമ്പര്യം ഒരു ഘടകമാണ്. കാരണവന്മാര്‍ ഉഗ്രകോപികളും മുന്‍ശുണ്ഠിക്കാരും ആണെ ങ്കില്‍ പിന്‍തലമുറക്കാരുടെ ജീവിതത്തിലും അതിന്റെ സ്വാധീനം കാണാം. 'എനിക്ക് മുന്‍കോപമുണ്ട്' എന്ന് ഒരാള്‍ ശാന്തമായി തിരിച്ചറിഞ്ഞാല്‍ അത് വലിയ ഗുണം ചെയ്യും എന്നത് ഈയുള്ളവന്റെ സ്വന്തം ജീവിതപാഠമാണ്. ആ തിരിച്ചറിവ് കിട്ടിയാലുണ്ടല്ലോ, പിന്നെ നമ്മള്‍ പതിയെ സൂക്ഷിച്ച് തുടങ്ങും. പല ബന്ധങ്ങ ളും പല സന്തോഷങ്ങളും നശിപ്പിച്ച പാരമ്പര്യമായി ആര്‍ജിച്ചെടുത്ത ആ 'കലിപ്പ്' എന്റെ ചോര യില്‍ ഒളിഞ്ഞിരിപ്പുണ്ട്, സൂക്ഷി ക്കണം എന്ന ചിന്ത ഒരുപാട് ജാഗ്രത തരും തീര്‍ച്ചയാണ്.

രണ്ടാമതൊരു കാരണം, അടക്കിവയ്ക്കപ്പെട്ട അതൃപ്തികള്‍ കോപമായി രൂപാന്തരം പ്രാപിക്കുന്നു എന്നുള്ളതാണ്. പരാതിപ്പെട്ടോ, സങ്കടം പറഞ്ഞോ തീര്‍ക്കാന്‍ പറ്റാത്ത ചില സങ്കടങ്ങള്‍ നമ്മളെന്ത് ചെയ്യും. മനസ്സില്‍ ആരും കാണാതെ അടച്ചുസൂക്ഷി ക്കും. പരിഹാരം ഇല്ല എന്നറിയാവുന്ന ചില നൊമ്പരങ്ങള്‍ നമ്മള്‍ മനസ്സില്‍ അടക്കം ചെയ്യും, ആരുമറിയാതെ. പക്ഷെ, അവയൊക്കെ നമ്മുടെ പ്രതികരണങ്ങളില്‍ എപ്പോഴെങ്കിലുമൊക്കെ വേഷം മാറ്റി പുറത്തുവരും. ഉദാഹരണത്തിന്, നാളുകളായി സ്വപ്നം കണ്ടത് പോലെയുള്ള ഒരു കുടുംബജീവിതത്തില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു ചുറ്റുപാടിലേയ്ക്ക് ഒരു സ്ത്രീ എത്തിപ്പെട്ടു എന്നിരി ക്കട്ടെ. തിരികെ വീട്ടിലേയ്ക്ക് ഓടിപ്പോകാന്‍ അവള്‍ക്കാവില്ല. ആരോടും പരാതി പറയാനാവുന്നുമില്ല. പിന്നെന്താണ് മാര്‍ഗം? ആരോടും പങ്കുവയ്ക്കാതെ അങ്ങു കൊണ്ടുനടക്കുകയാണ്. അതാക ട്ടെ, കുട്ടികളോടുള്ള അമിതദേ ഷ്യമായിട്ടോ, വളര്‍ത്തുമൃഗങ്ങ ളോടുള്ള ക്രൂതയായിട്ടോ, മാതാപിതാക്കളോടുള്ള അവഗണന ആയിട്ടോ, എന്തിനോടുമുള്ള അസഹിഷ്ണുത ആയിട്ടോ പുറത്ത് വരികയാണ്. ഫ്രോയ്ഡിന്റെ "su-ppressed feeelings" ഈ വിധം വായിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.

മുന്‍കോപത്തിനു ജൈവശാസ്ത്രപരമായ കാരണങ്ങളും വ രാം. ബാല്യത്തില്‍നിന്നും കൗമാ രത്തിലേക്കുള്ള പരിണാമസമയത്ത് പല ടീനേജുകാരിലും അമിതകോപം കാണാറുണ്ടല്ലോ. അതുപോലെ, മധ്യവയസ്സ് കഴിഞ്ഞ പല മാതാപിതാളെക്കുറിച്ചും മക്കള്‍ നടത്തുന്ന പ്രസ്താവന കേള്‍ക്കാനിടയായിട്ടുണ്ട്. 'പണ്ട് അപ്പന്‍ / അമ്മ ഇങ്ങനെ ആയിരുന്നില്ല. കുറച്ച് നാളായതേയുള്ളൂ ഇങ്ങനെ' എന്ന മട്ടില്‍. എന്താവും കാരണം? മനസിനേക്കാളും വേഗത്തില്‍ ശരീരം വാര്‍ധക്യത്തിലേ ക്ക് ഓടുന്നതിന്റെ അസ്വസ്ഥത ദേഷ്യമായി ചില പുരുഷന്മാരിലും സ്ത്രീകളിലും മധ്യവയസ്സില്‍ പുറത്ത് വരാറുണ്ട്. ആര്‍ത്തവവിരാ മകാലത്ത് പല സ്ത്രീകളിലും മുന്‍കോപം കണ്ടുവരുന്നുണ്ട്. ആര്‍ത്തവസമയങ്ങളിലെ ശാരീരി കപീഡകളും ചിലര്‍ക്ക് പെട്ടെന്നുള്ള ദേഷ്യത്തിന് കാരണമാവാം.

രക്തസമ്മര്‍ദത്തിലെ വ്യതിയാനങ്ങള്‍, പ്രമേഹം, സ്ഥിരമായി കഴിക്കുന്ന ചില മരുന്നുകള്‍ വരുത്തുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ചികിത്സിച്ചിട്ട് ഭേദമാകാത്ത രോഗങ്ങള്‍ എന്നിവയും ചിലരില്‍ കോപപ്രകൃതം സൃഷ്ടിക്കാം.

എന്തായാലും ദേഷ്യപ്പെടുന്നവര്‍ അറിഞ്ഞിരിക്കേണ്ട ഒന്ന്, ദേഷ്യംകൊണ്ട് ഒന്നും നിങ്ങള്‍ നേടുന്നില്ല എന്നതാണ്. ദേഷ്യം മൂലം പലതും (നല്ല ബന്ധങ്ങള്‍, പ്രിയപ്പെട്ടവരുടെ സ്‌നേഹവും കരുതലും, മനസ്സിന്റെ സ്വസ്ഥത, കുടുംബസമാധാനം) നിങ്ങള്‍ക്ക് നഷ്ടപ്പെടുകയാണ് താനും.

പരിഹാരം ഒന്നേയുള്ളൂ, എന്റെ കോപം മൂലം എനിക്ക് പലതും നഷ്ടപ്പെടുന്നു എന്ന തിരിച്ചറിവ്. എന്റെ കോപശീലത്തിന്റെ കാരണങ്ങള്‍ എനിക്ക് കണ്ടുപിടിക്കാവുന്നതേയുള്ളൂ.

കത്തികൊണ്ടോ ബ്ലേഡ് കൊണ്ടോ നിങ്ങള്‍ ഉണ്ടാക്കുന്ന മുറിവ് തുന്നിച്ചേര്‍ക്കാം. Betadin കൊണ്ടോ മുറിവെണ്ണ കൊണ്ടോ മുറിവുണക്കിയെടുക്കാം. പക്ഷെ, ക്ഷണനേരത്തെ കോപം കൊണ്ട് നമ്മള്‍ സൃഷ്ടിക്കുന്ന മുറിവുകള്‍ പതിറ്റാണ്ടുകള്‍ നീരൊലിപ്പിക്കും. 'പറഞ്ഞ വാക്കും എറിഞ്ഞ കല്ലും തിരിച്ചെടുക്കാനാവില്ല' എന്ന് പഴമക്കാര്‍ ഓര്‍മപ്പെടുത്തുന്നത് വെറുതെയല്ല.

അപ്പോ, എങ്ങനെയാ? ലോക്ക്ഡൗണ്‍ കാലത്ത് മുന്‍കോപത്തിനു, ക്ഷണനേരത്തുള്ള കഠിന വാക്കുകള്‍ക്ക് ഒന്ന് കടിഞ്ഞാണിട്ടാലോ?

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org