വലപ്പൗരന്മാര്‍

വലപ്പൗരന്മാര്‍
Published on

മാത്യു ഇല്ലത്തുപറമ്പില്‍

ഇന്റര്‍നെറ്റില്‍ പൗരത്വമെടുത്ത് സൈബര്‍ഇടങ്ങളില്‍ അഭിരമിക്കുന്നവരാണ് വലപ്പൗരന്മാര്‍. നെറ്റിസണ്‍സ് (netizens)  എന്നും ഇവരെ വിളിക്കാം. അധികനേരം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരെക്കുറിച്ചല്ല ഈ പരാമര്‍ശം. സാമൂഹിക മാധ്യമങ്ങളിലെ ഭൂരിപക്ഷ അഭിപ്രായങ്ങള്‍ക്ക് തങ്ങളുടെ യുക്തിബോധം പണയം വയ്ക്കുന്നവരാണ് ഇത്തരം നെറ്റിസണ്‍സ്. കാര്യകാരണങ്ങള്‍ അവലോകനം ചെയ്യാന്‍ മനസ്സോ സമയമോ ഇല്ലാത്തവരാണവര്‍. സൈബര്‍ലോകത്തുമാത്രം വികാരംകൊള്ളുന്നവരാണ് ഇക്കൂട്ടര്‍. അവരെ നാം ശ്രദ്ധിക്കണം. ചിലപ്പോള്‍ വല വിട്ട് അവര്‍ പുറത്തിറങ്ങും; ചിലപ്പോള്‍ വലമറയിലിരുന്ന് അപകടകരമായ കാര്യങ്ങളില്‍ അവര്‍ ഏര്‍പ്പെടും. നമ്മുടെ സ്‌കൂള്‍കുട്ടികള്‍ ഉള്‍പ്പടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് സാധാരണ മായ സമകാലിക സാഹചര്യത്തില്‍ അവര്‍ കേവലം വലപ്പൗരന്മാരായി ചുരുങ്ങുന്നുണ്ടോ എന്നത് മാതാ പിതാക്കളുടെയും മുതിര്‍ന്നവരുടെയും വ്യഗ്രതയാകേണ്ടതുണ്ട്.

വലപ്പൗരന്മാരുടെ എല്ലാ ആചരണങ്ങളും ആഘോഷങ്ങളും നെറ്റിലായിരിക്കും. മാതൃദിനത്തില്‍ അവര്‍ അമ്മയുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിലിട്ട് ഉമ്മകൊണ്ട് മൂടും. എന്നാല്‍ വീട്ടിലിരിക്കുന്ന അമ്മയെ ഫോണില്‍ വിളിക്കാന്‍പോലും ഓര്‍ക്കണമെന്നില്ല. സ്വാതന്ത്ര്യദിനത്തില്‍ അവരുടെ നെറ്റുപയോഗം ത്രിവര്‍ണ്ണത്തില്‍ പൊതിഞ്ഞിരിക്കും. എന്നാല്‍ ദേശീയപതാക വന്ദനത്തിനു അവര്‍ക്ക് സമയം കിട്ടണമെന്നില്ല. പരിസ്ഥിതിദിനത്തില്‍ അവര്‍ സൈബറിടങ്ങളില്‍ മരങ്ങള്‍ നട്ടുകൊണ്ടേയിരിക്കും. എന്നാല്‍ മണ്ണില്‍ തൊട്ടുകൊണ്ടുള്ള ഒരു പണിക്കും നെറ്റിസണെ കിട്ടുകയില്ല. ഈശോ എന്റെ ചങ്കാണെന്ന് എഴുതിവക്കാന്‍ നെറ്റിസണ് ഒരു മടിയും ഇല്ല. എന്നാല്‍ ഈ ചങ്കിന്റെ വചനം കേള്‍ക്കാനോ പാലിക്കാനോ നെറ്റിസണ്‍ മിനക്കെടണമെന്നില്ല. ചിലവില്ലാതെ ചില കാര്യങ്ങള്‍ ചെയ്‌തെന്ന് വരുത്തുന്നത് വലപ്പൗരന്മാരുടെ രീതിയാണ്. ഇവര്‍ ഫുട്‌ബോള്‍ കളിക്കും. പക്ഷേ, ഇന്റര്‍നെറ്റിലായിരിക്കും എന്നുമാത്രം. സമാന്തര സൈബര്‍ ലോകത്ത് ജീവിക്കുന്നവരാണിവര്‍.

മോട്ടോര്‍വാഹന വകുപ്പ് പിടികൂടി പിഴയീടാക്കിയ വാഹന ഉടമകള്‍ക്ക് അനുകൂലമായി അടുത്ത കാലത്ത് സാമൂഹികമാധ്യമങ്ങളില്‍ മുറവിളി കൂട്ടിയത് കുറച്ചു പേരല്ല. നിയമലംഘനമോ അതിന്റെ സാമൂഹിക മാനമോ ഒന്നും ഇവര്‍ക്ക് പ്രശ്‌നമല്ല. യുക്തിരഹിതമായ കൂട്ടക്കരച്ചിലാണ് വലപ്പൗരന്മാരില്‍നിന്ന് ഉയര്‍ന്നത്. ഏത് അക്രമിക്കുവേണ്ടിയും വാദിക്കാന്‍ ഇവര്‍ ഉണ്ടാകും. കുറച്ചുനാളുകള്‍ക്കുമുമ്പ് ഒരു കാട്ടാന ഒരു യുവാവിനെ ചവുട്ടിക്കൂട്ടുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ശാന്തമായി കടന്നുപോയ ആനക്കൂട്ടത്തെ ഒരു കൂട്ടം ചെറുപ്പക്കാര്‍ പ്രകോപിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ ദാരുണ സംഭവം ഉണ്ടായത്. എങ്കിലും കൊലയാളി ആനക്ക് സൈബറിടത്തില്‍ ജയ്‌വിളിക്കാന്‍ ആളുണ്ടായിരുന്നു. തോണ്ടാന്‍ ചെന്നവനെ ആന ചവുട്ടിത്തേച്ചു എന്നതായിരുന്നു വലപ്പൗരന്മാരുടെ യുക്തി. ഇതിനപ്പുറം ഇക്കാര്യത്തെ കാണാന്‍ വലപ്പൗരന്മാര്‍ക്ക് കഴിവില്ല. സ്വന്തമായി ആലോചിച്ചെടുത്ത നിഗമനമല്ലായിരുന്നു പലരുടേതും. മിക്കതും വെട്ടിത്തേച്ച (cut & paste) യുക്തിമാത്രം.

സ്വന്തം മുഖമോ ശരിപ്പേരോ ഇല്ലാത്ത സൈബര്‍ ലോകത്തെ ആള്‍ക്കൂട്ടങ്ങളില്‍ എത്ര വേഗത്തിലാണ് തീവ്രവാദങ്ങള്‍ വിറ്റു പോകുന്നത്! മതാത്മകവും രാഷ്ട്രീയപരവുമായ തീവ്രവാദങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാണ് സൈബര്‍ലോകം. രാഷ്ട്രീയ കലാപത്തിലേക്കോ മതപരമായ സംഘര്‍ഷത്തിലേക്കോ ഒരു ജനതയെ നയിക്കാന്‍ വലപ്പൗരന്മാര്‍ക്ക് പ്രയാസമില്ല. കാരണം, ഏകപക്ഷീയമായ ചിന്താശ കലങ്ങള്‍ക്ക് ഈ ലോകത്തില്‍ മാര്‍ക്കറ്റുണ്ട്. ഒരു വിഷയത്തെ സമഗ്രമായി മനസ്സിലാക്കാനുള്ള ക്ഷമയോ സമയമോ അവര്‍ക്കില്ല. കാര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനേക്കാള്‍ എളുപ്പത്തില്‍ ആവേശം കൊള്ളാന്‍ തയ്യാറായി നില്ക്കുന്നവരാണ് സൈബര്‍ലോകത്തെ പോരാളിപൗരന്മാര്‍. യുക്തിസഹമായ മറുപടികള്‍ക്കുപകരം ലക്ഷണമൊത്ത തെറി പറയാന്‍ പറ്റുന്നവന്‍ ഏറ്റവും നല്ല പോരാളിയായി മാറുന്ന ലോകമാണത്.

ഇന്റര്‍നെറ്റ് കൂട്ടായ്മകളില്‍നിന്ന് നന്മകള്‍ ഉണ്ടായിട്ടില്ല എന്നല്ല. വലപ്പൗരന്മാര്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി പണ സമാഹരണം നടത്തിയ സന്ദര്‍ഭങ്ങള്‍ പലതുണ്ട്. സൈബര്‍ലോകത്ത് മാത്രം വേരുകളുള്ള ആത്മീയ കൂട്ടായ്മകളുണ്ട്. വലപ്പൗരന്മാരുടെ ഇന്റര്‍നെറ്റ് സഭകളുണ്ട്. ജനാധിപത്യത്തിനുവേണ്ടി ശക്തമായ നീക്കങ്ങള്‍ നടത്തുന്ന വലപ്പൗരന്മാര്‍ പല രാജ്യങ്ങളിലുമുണ്ട്. രാജ്യാന്തരീയമായി മനുഷ്യാവകാശ പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്ന സൈബര്‍ പ്രസ്ഥാനങ്ങളുണ്ട്. ഇത്തരം ചുവടുവയ്പുകള്‍ കാണാതിരിക്കുന്നില്ല.

സൈബര്‍ലോക സഞ്ചാരം പരിസരബന്ധമില്ലാത്ത യുക്തിബോധം ആര്‍ജ്ജിക്കാന്‍ വ്യക്തികള്‍ക്ക് ഇടയാക്കുന്നുണ്ടെങ്കില്‍ അത് അപകടകരമാണ്. സമഗ്രതയുടെ കണ്ണിയറ്റ യുക്തികള്‍ മുതിര്‍ന്നവരെയും പലവിധ വിഷയങ്ങളില്‍ വിദഗ്ധരായവരെയും ഭരിക്കാന്‍ ഇടയുണ്ട്. കോവിഡ് നിയന്ത്രണരംഗത്ത് സര്‍ക്കാര്‍ നല്കുന്ന ചില നിര്‍ദ്ദേശങ്ങളെങ്കിലും ഏതോ വലപ്പൗരന്മാരുടേതാണ്. സാമാന്യയുക്തിക്ക് മനസ്സിലാകാത്ത കാര്യങ്ങള്‍ വിദഗ്ദ്ധാഭിപ്രായമായി വിളംബരം ചെയ്യപ്പെടുന്ന സ്ഥിതി ഈ രംഗത്തുണ്ട്. സൈബര്‍ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നത് അപകടകരമാണെന്നല്ല വിവക്ഷ; മറിച്ച്, വലപ്പൗരന്മാരുടെ വെട്ടിക്കുറുക്കിയ യുക്തിബോധം (truncated reasoning) നമ്മെ ഭരിക്കാന്‍ ഇടയാകരുത് എന്നാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org