നന്മകളുടെ ഉയിര്‍പ്പ്

നന്മകളുടെ ഉയിര്‍പ്പ്

വിറ്റ്കൊവയിലെ യഹൂദറബ്ബി തന്‍റെ മകനോടൊപ്പം നടന്നുപോവുകയായിരുന്നു. അന്ധനായ ഒരു യാചകന്‍ വഴിയരികിലിരുന്ന് ഭിക്ഷ യാചിക്കുന്നത് അവര്‍ കണ്ടു. അയാള്‍ക്ക് എന്തെങ്കിലും കൊടുക്കാന്‍ ആ അപ്പന്‍ മകനോട് പറഞ്ഞു. മകന്‍ അതനുസരിച്ചു. തിരികെയെത്തിയ മകനോട് അദ്ദേഹം ചോദിച്ചു, ഭിക്ഷ കൊടുത്തപ്പോള്‍ നീ എന്തുകൊണ്ടാണ് നിന്‍റെ തലയിലെ തൊപ്പിയൂരി അയാളെ വണങ്ങാതിരുന്നത്? മകന്‍ പറഞ്ഞു, ഞാന്‍ തൊപ്പിയൂരിയാലെന്ത്, ഇല്ലെങ്കിലെന്ത്? അന്ധനായ അയാള്‍ അതൊന്നും കാണുന്നില്ലല്ലോ. റബ്ബി മറുപടി പറഞ്ഞു, അയാള്‍ ശരിക്കും അന്ധനല്ലെങ്കിലോ? ആര്‍ക്കറിയാം, അയാള്‍ ഭിക്ഷ കിട്ടാന്‍ വേണ്ടി അന്ധനായി അഭിനയിക്കുകയാണോ എന്ന്. അതുകൊണ്ട് നീ പോയി തൊപ്പിയൂരി അയാളെ വന്ദിച്ചിട്ടു വാ. മകന്‍ വീണ്ടും അനുസരിച്ചു.

വ്യാജഭിക്ഷക്കാരനാകാന്‍ സാധ്യതയുള്ളയാളെക്കൂടെ ആദരിക്കണം എന്ന് റബ്ബി ശഠിക്കുന്നത് അദ്ദേഹത്തില്‍ നേര്‍ത്ത നന്മകളുടെ ഒരു ശേഖരം ഉള്ളതുകൊണ്ടാണ്. എല്ലാ മനുഷ്യരിലും ഇതുപോലെ അനേകം നന്മകളുടെ ഉറവക്കണ്ണുകള്‍ ഉണ്ട്. അവയെല്ലാം പലപ്പോഴായി നമ്മിലെ സ്വാര്‍ത്ഥതയുടെ കല്ലുകൊണ്ട് മൂടപ്പെട്ടുപോകാം. ഈശോയുടെ ഉയിര്‍പ്പ് ഇത്തരം കല്ലുകള്‍ മാറുന്നതിന്‍റെ അടയാളംകൂടിയാണ്. അവന്‍റെ ഉയിര്‍പ്പോടെ മനുഷ്യരാശിയിലെ നന്മകള്‍ ഉയിര്‍ത്തെഴുന്നേല്ക്കുകയാണ്. ക്രിസ്തുവിനോടുകൂടെ മരിച്ച് ഉയിര്‍ക്കപ്പെടുന്നവരില്‍ ഇത്തരം നന്മകളുടെ ഉജ്വലമായ ഉയിര്‍പ്പ് സംഭവിക്കും.

ഈശോയുടെ പീഡാസഹനസമയത്ത് അവനിലെ എല്ലാ നന്മകളും പുറത്തുവന്നു. അവനെ അവര്‍ ഞെക്കിപ്പിഴിഞ്ഞപ്പോള്‍ പുറത്തുവന്നതെല്ലാം നന്മയായിരുന്നു എന്നു പറയാം. അല്പമെങ്കിലും കയ്പുരസം അവന്‍റെ അകത്തുണ്ടായിരുന്നെങ്കില്‍ കൊടിയ പീഡകളുടെ സമയത്ത് അത് വാക്കിലൂടെയോ നോട്ടത്തിലൂടെയോ പ്രവൃത്തിയിലൂടെയോ പുറത്തേക്ക് ചാടിയേനെ. അവന്‍റെ കാര്യത്തില്‍, കഠിനമായ യാതനകള്‍ ഏറ്റവും നേര്‍ത്ത നന്മകള്‍ പുറത്തുവരാനുള്ള വഴിയായി മാറി എന്നതാണ് സത്യം. അവന്‍റെ ശരീരത്തില്‍നിന്ന് പുറത്തേക്കൊഴുകിയത് ചോരയായിരുന്നില്ല, അവന്‍റെ നന്മകളായിരുന്നു.ڔതന്‍റെ യാതനകളുടെ ഗത്സമന്‍ തോട്ടത്തില്‍ ഉറങ്ങിക്കളഞ്ഞ ശിഷ്യന്മാരോട് അലിവു കാണിച്ചും ഒറ്റിക്കൊടുത്ത യൂദാസിനെ സ്നേഹിതാ എന്ന് വിളിച്ചും പത്രോസിന്‍റെ വാള്‍പ്രയോഗത്തില്‍ ചെവിയറ്റവനെ സുഖപ്പെടുത്തിയും ഈശോ തന്നിലെ നന്മകള്‍ ഓരോന്നായി പ്രദര്‍ശിപ്പിച്ചു. കുരിശിന്‍റെ വഴിയില്‍ ഓരോ ഘട്ടത്തിലും പലതരം നന്മകള്‍ പുറത്തേക്ക് വന്നു. ഇങ്ങോട്ടൊരു മര്‍ദ്ദനം, പകരം ഒരു നന്മ; ഇങ്ങോട്ടൊരു അസഭ്യപ്രയോഗം, പകരം മറ്റൊരു നന്മ എന്ന കണക്കില്‍…. അങ്ങനെ ശാന്തതയും ക്ഷമയും അലിവും ദൈവാശ്രയത്വവും സഹനശക്തിയും പ്രത്യാ ശയും പല വിചാരവും പ്രാര്‍ത്ഥനാരൂപിയും എളിമയും അവനില്‍നിന്ന് പുറത്തേക്കൊഴുകി.ڔഅതിന്‍റെ സ്ഥിരീകരണവും പാരമ്യവുമായിരുന്നു അവന്‍റെ ഉയിര്‍പ്പ്. തിരുവുത്ഥാനത്തില്‍ വിശ്വസിക്കുന്നവരില്‍ നന്മയുടെ ഉയിര്‍പ്പ് നിരന്തരം നടക്കണം. സ്വാര്‍ത്ഥപൂരിതമായ അഹത്തെ കുരിശില്‍ തറക്കാന്‍ മനസ്സാകുന്നവരിലേ ഇത് സംഭവിക്കൂ.

ഭോഷത്തം പുലമ്പി ഉറഞ്ഞുതുള്ളുന്നവരോട് മറുപടി പറയാതെ രംഗംവിടുന്നതില്‍ നന്മയുണ്ട്. ഒരേ സംഭ വം നാലാം പ്രാവശ്യവും നീട്ടിപ്പരത്തി വിവരിക്കുന്ന അമ്മയുടെ മുമ്പില്‍ കൗതുകപൂര്‍വം കേള്‍വിക്കാരിയാകുന്ന മകളില്‍ കൃപാഭരിതമായ നന്മയുണ്ട്. എന്‍റെ അമ്മേ, ഇത് എത്ര പ്രാവശ്യം പറഞ്ഞതാ എന്ന ഒറ്റ ചോദ്യംകൊണ്ട് അമ്മയുടെ കഥാപ്രസംഗം അവസാനിപ്പിക്കുന്നില്ല എന്നതാണ് അവളുടെ മഹത്ത്വം. അയല്‍പക്കത്തുള്ള വൃദ്ധ ദമ്പതികളെ പുറത്തു കാണാതായപ്പോള്‍ ഫോണ്‍ വിളിച്ചന്വേഷിക്കുന്ന അയല്‍ക്കാരിയിലും തിളക്കമുള്ള നന്മയുണ്ട്. ഇനി വല്ല ആശുപത്രിയിലും പോയിക്കാണുമോ എന്ന ആധിയാണവര്‍ക്ക്. ഇന്നെന്‍റെ പിറന്നാളായിരുന്നു; അത് മറന്നല്ലേ… ഭാര്യയുടെ ഈ ചോദ്യത്തില്‍ കലങ്ങി വിഷണ്ണനാകുന്ന ഭര്‍ത്താവ്. ഈ ഓട്ടത്തിനിടയില്‍ ഇതൊക്കെ മറന്നില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന അവളുടെ ആശ്വാസവാക്കുകളിലുണ്ട് ഊഷ്മളമായ നന്മ.

നമ്മില്‍ നന്മയുടെ മുകുളങ്ങള്‍ ഉയിര്‍ക്കുന്നില്ലെങ്കില്‍ നാം സ്വാര്‍ത്ഥതയുടെ കല്ലറയില്‍ത്തന്നെയാണ്. സ്വാര്‍ത്ഥര്‍ മിക്കപ്പോഴും ഭോഷന്മാരുമായിരിക്കും. രാവേറിയ നേരത്ത് ടാക്സിക്കാറില്‍ യാത്ര ചെയ്യുന്ന കുടുംബം. മക്കള്‍ രണ്ടുപേര്‍ ഡ്രൈവറോട് വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ അപ്പനത് പിടിച്ചില്ല. മക്കള്‍ പറഞ്ഞു, എന്തെങ്കിലും മിണ്ടിയും പറഞ്ഞുമിരുന്നില്ലെങ്കില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോകും. അപ്പനവരെ ന്യായം പഠിപ്പിച്ചു, ഉറങ്ങാതെ വണ്ടിയോടിക്കലൊക്കെ ഡ്രൈവറുടെ കടമയാണ്. അയാള്‍ അത് ചെയ്തോളും. ഓട്ടത്തിനിടയില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ എല്ലാവരും ഒന്നിച്ചുചാകും എന്നുപോലും ചിന്തിക്കാന്‍ പറ്റാത്ത ഭോഷനായ സ്വാര്‍ത്ഥന്‍.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org