നമുക്കിതുതന്നെ കിട്ടണം!

നമുക്കിതുതന്നെ കിട്ടണം!
മുന്നണി ഭേദമില്ലാതെ ഭരണകൂടങ്ങള്‍ കേരളത്തിനു നല്കിക്കൊണ്ടിരിക്കുന്ന രണ്ടു സംഭാവനകള്‍ പെരുകുന്ന അഴിമതിയും കുതിക്കുന്ന പൊതുകടവുമാണ്. ഏതു വികസന, ക്ഷേമപദ്ധതികളും പ്രസവിക്കുന്നത് അഴിമതിയും പൊതുകടവും കൂടെയാണ്.

ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന സര്‍ക്കാരിനെ കിട്ടുന്നു എന്നു പറഞ്ഞത് Joseph de Meistre (1753-1821) എന്ന ഫ്രഞ്ച് ചിന്തകനാണ്. ജനാധിപത്യക്രമത്തില്‍ ജനങ്ങള്‍ സ്വന്തം സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നതുകൊണ്ട് അര്‍ഹിക്കുന്ന ഭരണകൂടത്തെ അവര്‍ക്കു കിട്ടുന്നു എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. മികച്ച രാഷ്ട്രീയ ബോധത്തിന്റെയും സാംസ്‌കാരിക പ്രബുദ്ധതയുടെയും പേരില്‍ ഊറ്റംകൊള്ളുന്ന കേരളീയര്‍ക്ക് എന്താണ് കിട്ടിക്കൊണ്ടിരിക്കുന്നത്? രാജ്യത്തെ അപാര മിടുക്കന്മാരായി സ്വയം ഭാവിച്ചു നടക്കുന്ന നമ്മുടെ നീക്കിയിരുപ്പ് എന്താണ്? ഈ സംസ്ഥാനത്തിന്റെ ഭാവിയിലേക്കുള്ള ഈടുവയ്പുകള്‍ എന്തൊക്കെയാണ്?

മുന്നണി ഭേദമില്ലാതെ ഭരണകൂടങ്ങള്‍ കേരളത്തിനു നല്കിക്കൊണ്ടിരിക്കുന്ന രണ്ടു സംഭാവനകള്‍ പെരുകുന്ന അഴിമതിയും കുതിക്കുന്ന പൊതുകടവുമാണ്. ഏതു വികസന, ക്ഷേമപദ്ധതികളും പ്രസവിക്കുന്നത് അഴിമതിയും പൊതുകടവുംകൂടെയാണ്. കൊറോണയെ നേരിട്ടതും വെള്ളപ്പൊക്ക ദുരിതാശ്വാസപദ്ധതിയും ഇതിന് അപവാദമല്ല. പക്ഷേ, അങ്ങേയറ്റം പോയാല്‍ ചാട്ടംപിഴച്ചു പോയ ഇടത്തരം ഉദ്യോഗസ്ഥര്‍ക്കപ്പുറം ആരും അഴിമതിക്കേസില്‍ ഈ നാട്ടില്‍ ശിക്ഷിക്കപ്പെടാറില്ലല്ലോ. വിജിലന്‍സ് ചട്ടങ്ങള്‍, വിവരാവകാശ നിയമം, ലോകായുക്ത തുടങ്ങിയ അഴിമതി-വിരുദ്ധ ആയുധങ്ങള്‍ക്ക് ഇപ്പോള്‍ എത്ര പല്ല് ബാക്കിയുണ്ട്? മാസങ്ങള്‍ക്കുമുമ്പ് കെഎസ്ആര്‍ടിസിയുടെ നൂറു കോടി രൂപ ആവിയായിപ്പോയി. അതില്‍ അന്വേഷണം വേണ്ട എന്ന് തീരുമാനിക്കുന്നുണ്ടെങ്കില്‍ ആരുടെയൊക്കെയോ വേണ്ടപ്പെട്ടവര്‍ അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നാണല്ലോ അര്‍ഥം. ഒരു വെള്ളക്കുപ്പായം മാത്രം മൂലധനമാക്കി ഒരാള്‍ക്ക് ചെയ്യാവുന്ന ഏറ്റവും നല്ല വ്യവസായമായി രാഷ്ട്രീയം മാറി. വര്‍ഷങ്ങള്‍ക്കുള്ളില്‍ ചില രാഷ്ട്രീയക്കാര്‍ കോടിപതികളാകുന്നതിന്റെ രഹസ്യം വികസനപദ്ധതി-അഴിമതി അച്ചുതണ്ടിന്റെ ഭാഗമാണെന്ന് ആര്‍ക്കാണ് അറിയാത്തത്? എന്നാല്‍ സ്വന്തം സമ്പത്തു പൊതുജനസേവനത്തിനായി വ്യയം ചെയ്യുന്ന ചുരുക്കം ചില രാഷ്ട്രീയ പ്രവര്‍ത്തകരെ മറക്കുന്നില്ല. നഷ്ടത്തില്‍ നടക്കുന്ന എല്ലാ സര്‍ക്കാര്‍ പ്രസ്ഥാനങ്ങളുടെയും പിന്നണിയില്‍ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ചീഞ്ഞളിഞ്ഞ മുഖമുണ്ട്. അഴിമതിയുടെ കാര്യത്തില്‍ എല്ലാ മുന്നണികളും അധികാരത്തിന്റെ പിരമിഡുകളാണ്. അതായത്, അടിത്തട്ടില്‍ പിരമിഡുകള്‍ അകന്നാണ് നില്ക്കുന്നത്. പരസ്പരം കണ്ട ഭാവം പോലുമില്ല. എന്നാല്‍ മുകള്‍ത്തട്ടില്‍ പിരമിഡുകള്‍ തമ്മില്‍ സംഭാഷണത്തിലാണ്; പരസ്പരം ധാരണയിലുമാണ്.

കടം എടുത്തുകൂട്ടുന്നതാണ് ഏക ധനകാര്യമാനേജുമെന്റ് എന്ന് തോന്നിപ്പിക്കും വിധമാണ് നമ്മുടെ സംസ്ഥാനത്തിന്റെ പോക്ക്. ഈ സാമ്പത്തിക വര്‍ഷംതന്നെ പൊതുവിപണിയില്‍നിന്ന് കേരളം കടമെടുത്തത് 28,000 കോടി രൂപയാണെന്ന് കണക്കുകള്‍ പറയുന്നു. കടമെടുക്കുന്നത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ സംരംഭങ്ങള്‍ ആരംഭിക്കാനോ അല്ല എന്നതാണ് നമ്മുടെ പരാജയം. സൗന്ദര്യവര്‍ദ്ധക വികസന പദ്ധതികള്‍ക്കുംമുന്‍കടങ്ങള്‍ വീട്ടാനുമാണ് പ്രധാനമായും കടമെടുക്കല്‍. കടം കേറി മുടിഞ്ഞ ശ്രീലങ്കയുടെ അനുഭവം നമ്മുടെ പാഠമാകേണ്ടതാണ്. കടം കൂടുന്നതിനാനുപാതികമായി നികുതി, സര്‍ക്കാര്‍ സേവന, രജിസ്റ്റ്രേഷന്‍ ഫീസുകള്‍ കൂട്ടിക്കൊണ്ടിരിക്കും.

സാധാരണക്കാര്‍ക്ക് ജീവിതം അസാധ്യമാകുംവിധം ഭീകരമാണ് അഴിമതിയും വിലക്കയറ്റവും. ഇന്ധന, പാചക വാതക വിലവര്‍ദ്ധനവ് സാധാരണക്കാരെ ദുരിതക്കയത്തിലേക്കാണ് തള്ളിനീക്കുന്നത്. അരിയുടെയും ഉപ്പിന്റെയും വില കൂടി എന്ന് പരാതി പറയുന്ന പൊതുജനത്തോട്, എന്നാലെന്താ ഈ വര്‍ഷം ജിഡിപി കൂടിയിട്ടുണ്ടല്ലോ എന്ന് മറുപടി പറഞ്ഞ് തടിതപ്പുന്ന രാഷ്ട്രീയ മേലാളന്മാരാണ് നമുക്കുള്ളത്. കര്‍ഷകരും ചെറുകിടക്കാരും സാധാരണക്കാരും ശോഷിക്കുകയും വന്‍കിടക്കാരും കോര്‍പ്പറേറ്റുകളും ചീര്‍ത്തു വളരുകയും ചെയ്യുന്നതാണ് രാജ്യത്തെ പൊതുസ്ഥിതി.

അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഗൂഢബാന്ധവം ഇല്ലാത്ത ഏര്‍പ്പാടുകള്‍ നാട്ടിലില്ല എന്നു പറയേണ്ടിവരും; അതിപ്പോള്‍; ടോള്‍ബൂത്താണെങ്കിലും സര്‍ക്കാര്‍ ബസ്സ്റ്റാന്റിലെ മൂത്രപ്പുരയാണെങ്കിലും ശരി. രാഷ്ട്രീയ വ്യവസ്ഥിതിയില്‍ അഴിമതിയെന്ന അര്‍ബുദം പിടികൂടുമ്പോള്‍ ആദ്യം കെട്ടടങ്ങുന്നത് പാവപ്പെട്ടവരാണ്. പാവപ്പെട്ടവരെക്കുറിച്ച് കരുതലുള്ള എല്ലാ പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും അഴിമതിക്കെതിരെ ശബ്ദിച്ചേ മതിയാകൂ. ഇക്കാര്യത്തില്‍ സഭയ്ക്ക് നിര്‍ണ്ണായകമായ പങ്ക് വഹിക്കാനുണ്ട്. സഭയുടെ സാമൂഹിക പ്രബോധനങ്ങളില്‍ അഴിമതിക്കെതിരെ ശക്തമായ നിലപാടുകളുണ്ട്. അഴിമതികള്‍ക്കെതിരെ മിണ്ടാതിരുന്നാല്‍ സഭയുടെ സുവിശേഷ പ്രഘോഷണം അപൂര്‍ണ്ണമായി അവശേഷിക്കും. അഴിമതിക്കെതിരെ സഭ സംസാരിച്ചാല്‍ അഴിമതികള്‍ ഒന്നാകെ ഇല്ലാതാകും എന്നാണോ? അങ്ങനെയൊന്നുമല്ല. പക്ഷേ, സമൂഹത്തില്‍ അഴിമതിക്കെതിരെയുള്ള ശബ്ദങ്ങള്‍ നിലച്ചുപോകുന്നത് അത്യന്തം അപകടകരമാണ്. അഴിമതിക്കെതിരെ ആരും മിണ്ടാനില്ലാത്തത് അഴിമതിക്കുള്ള സാമൂഹിക അംഗീകാരമായി പരിണമിക്കും. ഓരോ അഴിമതിയിലും ചിലരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുണ്ട്; ദരിദ്രര്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്; നിരാലംബര്‍ ചവുട്ടിമെതിക്കപ്പെടുന്നുണ്ട്. ക്രിസ്തുവിനെ പിന്‍പറ്റുന്നവരെ ഇത് അസ്വസ്ഥരാക്കണം. ആ അസ്വസ്ഥതയുടെ മറുപേരാണ് ആത്മീയത.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org