
ഫാ. മാത്യു ഇല്ലത്തുപറമ്പില്‍
മരണം വിതയ്ക്കുന്ന ഒരു മഹാമാരിയുടെ സാമീപ്യം നമുക്ക് അപൂര്‍വമായ സാഹചര്യമാണ്. രാജ്യത്തെ സംബന്ധിച്ച് ഇതൊരു പ്രതിസന്ധിയാണ്. വ്യക്തികളെയും സമൂഹങ്ങളെയും സംബന്ധിച്ച്, ഇതൊരു വെല്ലുവിളിയാണ്; നമ്മിലെ അവസാനത്തെ നന്മകളും പുറത്തെടുക്കാനുള്ള വെല്ലുവിളി. ഈ സന്ദര്‍ഭത്തില്‍, ആദ്യം പരിഗണിക്കേണ്ടവയാണ് ഈ കൊറോണക്കാലത്ത് നാം നിര്‍വഹിക്കേണ്ട ധാര്‍മ്മികകടമകള്‍.
1) ഈ മഹാമാരിക്കാലത്ത് ഒന്നാമത്തെ നമ്മുടെ ധാര്‍മ്മിക കടമ കൃത്യമായ രോഗപ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കലാണ്. മാസ്‌ക് ധരിക്കുന്നതും കൈകള്‍ കഴുകുന്നതും സാമൂഹികഅകലം പാലിക്കുന്നതുംതന്നെ അവയില്‍ അതിപ്രധാനം. ഇവ തിരസ്‌കരിക്കുന്നവര്‍ തങ്ങള്‍ക്കെതിരെ തന്നെ തെറ്റു ചെയ്യുന്നു. നമ്മെയും മറ്റുള്ളവരെയും അപകടപ്പെടുത്തുന്ന തരം അലംഭാവം പുലര്‍ത്തുന്നത് പാപകരമായ തിന്മയാണ്.
സ്വയംപ്രതിരോധ മാര്‍ഗങ്ങളുടെ ബുദ്ധിമുട്ടുകള്‍ സ്വീകരിക്കാന്‍ മടിക്കുന്നവര്‍ പല ന്യായവാദങ്ങളും നിരത്തും. കൊറോണ ബാധിച്ചുള്ള മരണങ്ങളെക്കാള്‍ കൂടുതല്‍ കാന്‍സര്‍മരണങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ടല്ലോ കൊറോണ വൈറസിന് വലിയ വലിപ്പമില്ല; തൂക്കമില്ല; മാധ്യമങ്ങള്‍ അവരുടെ താത്പര്യാര്‍ത്ഥം പരിഭ്രാന്തി ഉണ്ടാക്കുന്നതാണ്; ഇതൊരു ജല ദോഷപ്പനിപോലെ വന്നുപോകാനേയുള്ളൂ; നമ്മള്‍ എത്ര സൂക്ഷിച്ചാലും വരാനുള്ളതാണെങ്കില്‍ വരും… ശരിയാണ്, കൊറോണ ബാധിച്ചവര്‍ എല്ലാവരും മരിക്കുന്നില്ല. എന്നാല്‍ സമ്മതിക്കേണ്ട കാര്യമുണ്ട്: കൊറോണയെത്തുടര്‍ന്ന് ലോകം സമസ്ത മേഖലകളിലും സ്തംഭിച്ചുനില്ക്കുകയാണ്. ആയിരങ്ങള്‍ ലോകമെമ്പാടും മരിക്കുന്നുണ്ട്. മരണം സ്വന്തം വീട്ടുമുറ്റത്ത് കറുപ്പുവിരിച്ചാലേ നാം കരുതല്‍ എടുക്കൂ എന്നാണോ?
2) സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതുപോലെ പ്രധാനമായ ധാര്‍മ്മികകടമയാണ് മറ്റുള്ളവരുടെ സുരക്ഷ സുസ്ഥിരമാക്കുന്നതും. കൊറോണക്കാലത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ കൊല്ലരുത് എന്ന പ്രമാണത്തെ നിസാരമായി എടുക്കുന്നവരാണ്. ആരെയെങ്കിലും കൊല്ലണം എന്ന് നാം ഉദ്ദേശിക്കാതെതന്നെ മറ്റുള്ളവരുടെ മരണത്തിനു നാം ഉത്തര വാദികളാകാം. നാം രോഗം പരത്തിയതുവഴി മറ്റൊരാള്‍ മരണപ്പെട്ടില്ലെങ്കില്‍ത്തന്നെയും മറ്റുള്ളവരുടെ ആരോഗ്യം അപകടത്തിലാക്കുന്നത് വലിയ അപരാധമാണ്. കൊല്ലരുത് എന്ന പ്രമാണത്തിന്റെ കൊറോണക്കാലത്തെ അര്‍ഥം മാസ്‌ക് ധരിക്കൂ എന്നും കൂടിയാണ്. ഇതുപോലെതന്നെ, മറ്റുള്ളവരുടെ സുരക്ഷ മാനിച്ചുകൊണ്ട് എക്കാലത്തും നാം പാലിക്കേണ്ട ആരോഗ്യശീലങ്ങളും മര്യാദകളുമുണ്ട്. ഉദാഹരണത്തിന്, മനുഷ്യര്‍ പല കാരണങ്ങളാല്‍ തുമ്മാം; പക്ഷേ, ആ സമയം തൂവാല ഉപയോഗിക്കുക എന്നത് പൊതുമര്യാദയാണ്; സംസ്‌കാരമുള്ള ശീലമാണ്; ആരോഗ്യകരമായ രീതിയാണ്; ഏറ്റവും പ്രധാനമായും ഒരു സ്‌നേഹപ്രവൃത്തിയാണ്.
3) രോഗം ഒരു കുറ്റമല്ല. കൊറോണ പിടിപെടുന്നത് കുറ്റകരമല്ല. അതിനാല്‍ത്തന്നെ അത് മാനക്കേടിന്റെ വിഷയവുമല്ല. എന്നാല്‍ രോഗം പിടിപെട്ട കാര്യം മറച്ചുവച്ച് മറ്റുള്ളവരോട് ഇടപെടുന്നത് കുറ്റകരമാണ്. അത് അധാര്‍മ്മികവുമാണ്. തനിക്ക് രോഗം പിടിപെട്ട കാര്യം താനുമായി ഇടപെടുന്നവരെ അറിയിക്കേണ്ടത് ധാര്‍മ്മികമായ കടമയാണ്. മറ്റുള്ളവര്‍ക്ക് മുന്‍കരുതലുകള്‍ എടുക്കാന്‍ അത് സഹായിക്കും. രോഗം പിടിപെട്ടോ എന്ന സംശയം ഉള്ളപ്പോള്‍ത്തന്നെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനുള്ള കടമ നമുക്കുണ്ട്. ഇതില്‍ വീഴ്ച്ചവരുത്തുന്നത് അനീതിയാണ്. തനിക്ക് ഒരിക്കലും കൊറോണ പിടിപെടില്ല എന്ന് വിചാരിച്ചിരുന്നവരാണ് എല്ലാ കൊറോണ രോഗികളും എന്ന് നാം ഓര്‍ക്കണം.
4) കൊറോണ പിടിപെടുന്ന കുടുംബങ്ങള്‍ പെട്ടെന്ന് ഒറ്റപ്പെട്ട് പോയേക്കാം. അവര്‍ക്ക് മാനസികമായ പിന്തുണയും സഹായവും ആവശ്യമുണ്ട്. ചിലര്‍ക്ക് സാമ്പത്തിക സഹായം വേണ്ടിവരും. അവര്‍ക്ക് സാധനസാമഗ്രികള്‍ പുറത്തിറങ്ങി വാങ്ങാന്‍ പറ്റാതെവരും. അത്തരം ഘട്ടങ്ങളില്‍ അവര്‍ക്ക് നല്ല അയല്ക്കാരായി മാറാനുള്ള കടമ നമുക്കുണ്ട്. ഈ മഹാമാരിക്കെതിരെ വാക്‌സിനേഷന്‍ നടത്താന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആവശ്യമുണ്ട്. പലര്‍ക്കും അത് തനിയെ ചെയ്യാന്‍ കഴിയണമെന്നില്ല. അത്തരക്കാരെ സഹായിക്കാന്‍ നമുക്ക് സാധിക്കും. കൊറോണ പിടിപെടുന്ന ജീവനക്കാരുടെ കാര്യത്തില്‍ അവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ഉദാരമായ നിലപാട് സ്വീകരിക്കേണ്ടതാണ്. ജോലിയില്ല അതുകൊണ്ട് കൂലിയില്ല എന്ന നയമായിരിക്കരുത് കൊറോണക്കാലത്തെ അവസാന വാക്ക്. അതുപോലെതന്നെ, കൊറോണ ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കാന്‍ നല്ല സമറായരുടെ സേവനം ആവശ്യമായിവരും.
5) കൊറോണയെ സംബന്ധിച്ച് പരിഭ്രാന്തി പരത്തുന്നത് തെറ്റാണ്; അതുപോലെ ആപത്ക്കരമാണ് കൊറോണയെക്കുറിച്ച് അശ്രദ്ധ പ്രോത്സാഹിപ്പിക്കുന്നതും. ഈ രണ്ടു ഗണങ്ങളിലും പെടുന്ന സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നമുക്കു കാണാം. വിവേചനമില്ലാതെ ഇവ പരത്തുന്നത് ഗുണകരമാവുകയില്ല. എന്നാല്‍ വിവേക പൂര്‍വകമായ ശ്രദ്ധയാണ് ഇക്കാര്യത്തില്‍ നമുക്ക് വേണ്ടത്.