നമ്മുടെ സ്വന്തം മിഥ്യാവിചാരങ്ങള്‍

മിഥ്യാവിചാരങ്ങളുടെ പിന്‍ബലത്തിലും സുഖത്തിലും മനുഷ്യര്‍ ജീവിക്കാറുണ്ട്; എല്ലാവരും എന്നു തന്നെ പറയാം. ചിലരാകട്ടെ, കൂടുതലും മിഥ്യാലോകത്ത് കഴിഞ്ഞുകൂടാം. എന്നോട് മറുത്തൊന്നും പറയാത്തവര്‍ എന്നോട് യോജിക്കുന്നുണ്ട് എന്ന് എനിക്ക് സുഖമായി വിചാരിക്കാം. പക്ഷേ, അതായിരിക്കണമെന്നില്ല വാസ്തവം. അതിബുദ്ധിമാന്മാരായ വിരുതന്മാര്‍ പെട്ടുപോകുന്ന ഒരു മിഥ്യാധാരണയുണ്ട്: എനിക്ക് മാത്രമേ ബുദ്ധിയുള്ളൂ. വേറെ ആര്‍ക്കും ഒന്നും മനസ്സിലാകുന്നില്ല. ഇത്തരം ഭ്രമകല്പനകള്‍ ഏതു മേഖലയിലും വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും സംഭവിക്കാം. നാമിഷ്ടപ്പെടുന്ന മായാലോകം കെട്ടിപ്പൊക്കി അതിനുള്ളില്‍ കൂടാരമടിക്കാനുള്ള വ്യഗ്രതയിലാണ് മിഥ്യാവിചാരങ്ങള്‍ (delusions)) പെറ്റുപെരുകുന്നത്.

കേരളീയരെപ്പോലെ സംസ്കാരസമ്പന്നര്‍ മറ്റാരുമില്ല എന്നു വിചാരിക്കുമ്പോഴും ഞാന്‍ ദൈവസന്നിധിയില്‍ നീതിമാനാണെന്ന മട്ടില്‍ മതിമറക്കുമ്പോഴും സുഖപ്രദമായ മായാലോകം നാം ഉണ്ടാക്കുകയാണ്. ഉപചാര പ്രസംഗങ്ങള്‍ അതേപടി വിശ്വസിക്കുന്നയാള്‍ മിഥ്യാലോകത്തിലേക്ക് നിന്നനില്പ്പില്‍ കൂപ്പു കുത്താനിടയുണ്ട്. കുറഞ്ഞത്, ഞാനൊരു മഹാന്‍ തന്നെ എന്നെങ്കിലും അയാള്‍ വിശ്വസിച്ചുപോകും. മിഥ്യാവിചാരങ്ങള്‍ ലേശം പോലുമില്ലാതെ പരിപൂര്‍ണ്ണ യാഥാര്‍ഥ്യബോധത്തില്‍ ആര്‍ക്കെങ്കിലും ജീവിക്കാന്‍ കഴിയുമോ? സംശയമാണ്. ഉദാഹരണത്തിന്, താന്‍ എഴുതുന്നതൊക്കെ നാട്ടുകാര്‍ ശ്രദ്ധിച്ചുവായിക്കുന്നുണ്ട് എന്നത് എഴുത്തുകാര്‍ക്കുണ്ടാകാവുന്ന മിഥ്യാധാരണയാണ്.

യഥാര്‍ഥ ലോകത്തില്‍ മാത്രമേ നാം ജീവിക്കാവൂ എന്നു ശഠിക്കാനുമാവില്ല. കാരണം, നാം കേള്‍ക്കുന്നതും കാണുന്നതും ധരിച്ചുവശാകുന്നതും പരിപൂര്‍ണ്ണസത്യങ്ങളാവണമെന്നില്ല. വൈജ്ഞാനിക രംഗത്തുപോലും ഭാഗികമായി മാത്രം വാസ്തവമായ കാര്യങ്ങള്‍ ശാസ്ത്രപാഠമായി മാറാം. ഉദാഹരണത്തിന്, റേഡിയോ കണ്ടുപിടിച്ചത് മാര്‍ക്കോണിയാണ് എന്നു പറയുന്നത് പാതിസത്യം മാത്രമാണ്. റേഡിയോയുടെ കണ്ടുപിടുത്തം പലരുടെ ശ്രമഫലമായിരുന്നു. Heinrich Hertz ആണ് റേഡിയോ തരംഗങ്ങള്‍ കണ്ടു പിടിച്ചത്. റേഡിയോ തരംഗങ്ങള്‍ ഒരു ബിന്ദുവില്‍ നിന്ന് അയച്ച് മറ്റൊരു ബിന്ദുവില്‍ പിടിച്ചെടുക്കുന്ന (point to point communication) വിദ്യയുടെ ഉപജ്ഞാതാവായിരുന്നു മര്‍ക്കോണി. പല മേഖലകളിലും മിഥ്യാ ലോകത്തേക്ക് പാളിപ്പോകാനുള്ള സാധ്യത എപ്പോഴുമുള്ളതുകൊണ്ട്, നമുക്ക് ശ്രദ്ധിക്കാവുന്ന കാര്യങ്ങളുണ്ട്.

ഒന്ന്, മിഥ്യാലോകത്ത് കൂടുകെട്ടി പാര്‍ക്കുന്നവര്‍ കാര്യങ്ങള്‍ ഇടതടവില്ലാതെ പോകുന്നിടത്തോളം അത് ഒരു പ്രശ്നമായി കാണുകയില്ല. എന്നാല്‍ പരിധിവിടുമ്പോള്‍ അത് മാനസികരോഗത്തിന്‍റെ സ്വഭാവം ആര്‍ജ്ജിക്കും. എന്നാല്‍ അതത്ര സാധാരണമല്ല എന്നതും സത്യം. മിഥ്യാവിചാരങ്ങള്‍ നമ്മുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും നിര്‍ണ്ണയിക്കാന്‍ തുടങ്ങുമ്പോള്‍ അത് അപകടകരമാകുന്നു. ഉദാഹരണത്തിന്, കൊള്ളാവുന്ന മനുഷ്യര്‍ക്ക് എന്നെക്കൊണ്ട് ഒന്നിനും കൊള്ളുകയില്ല എന്നു തോന്നുന്നത് അപകടകരമാണ്.

രണ്ട്, മറ്റുള്ളവരില്‍നിന്ന് അകന്നും അവരെ സത്യത്തില്‍ കേള്‍ക്കാതെയും കഴിയുന്നവര്‍ മിഥ്യാരാജ്യത്തെ ചക്രവര്‍ത്തിമാരായി ഭാവിച്ചുപോകാം; മറ്റുള്ളവരുടെ മുന്നില്‍ അവര്‍ യഥാര്‍ഥ ലോകത്തെ കോമാളികളായിത്തീരും. അതിനാല്‍ നമ്മോട് സത്യം പറയുന്നവരെ കേള്‍ക്കാനുള്ള ആര്‍ജ്ജവം സൂക്ഷിക്കല്‍ പ്രധാനമാണ്. അതത്ര എളുപ്പമല്ല. കാരണം, നമ്മോട് സുഖകരമല്ലാത്ത കാര്യങ്ങള്‍ പറയുന്നവരുടെ മുമ്പില്‍ കാതടക്കാനുള്ള പ്രവണത മനുഷ്യര്‍ക്കുണ്ട്.

മൂന്ന്, ആത്മീയജീവിതത്തില്‍ മായാമോഹന നടനമാടി മനുഷ്യര്‍ കഴിഞ്ഞുകൂടാം. അവര്‍ക്കുള്ളതാണ് വെളി. 3:17: "ഞാന്‍ ധനവാനാണ്, എനിക്ക് സമ്പത്തുണ്ട്, ഒന്നിനും കുറവില്ല എന്ന് നീ പറയുന്നു. എന്നാല്‍ നീ നികൃഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനുമാണെന്ന് അറിയുന്നില്ല." ഈ ലോകത്തെ സമ്പത്തും അധികാരവും പ്രതാപവും മേല്‍ഗതിയും സുഖവാഴ്ച്ചയും മാത്രം ലക്ഷ്യംവയ്ക്കുന്നവര്‍ മിഥ്യാലോകത്തിലാണ്. അവര്‍ ഇതിനോടകം വിധിക്കപ്പെട്ടവരാണ്; സുവിശേഷത്തിലെ ഭോഷനായ ധനികനെപ്പോലെതന്നെ (ലൂക്കാ 12:17-19). ഇത്തരം മിഥ്യാ ധാരണയുടെ അങ്ങേയറ്റത്ത് ദൈവംപോലും സ്വന്തം പോക്കറ്റിലുണ്ടെന്ന് അവര്‍ ധരിച്ചുപോകും. ദൈവത്തിന്‍റെ അപരിമേയതയും രഹസ്യാത്മകതയും മഹത്വവും സ്വന്തം ദൈവശാസ്ത്രം കൊണ്ട് ലഘൂകരി ച്ചെടുക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

നാല്, നമ്മിലേക്ക് എത്തിപ്പെടുന്ന അനേകം വ്യാജങ്ങളുണ്ട്. മറ്റുള്ളവരില്‍നിന്ന്, മാധ്യമങ്ങളില്‍നിന്ന്, ചരിത്രത്തില്‍നിന്ന് ഒക്കെ നമ്മിലേക്ക് നുണകളുടെ പെരുംകൈകള്‍ നീളാം. ഒരാളും പക്ഷേ നുണപ്പുറത്ത് സ്വന്തം ഭവനം പണിയാന്‍ തുനിയുകയില്ല. എല്ലാവരും നുണകള്‍ സത്യമാണെന്ന് ധരിച്ചിട്ടേ അത് ഉപയോഗിക്കൂ. വ്യക്തിപരമാക്കിയെടുത്ത നുണകള്‍ മിഥ്യാവിചാരങ്ങള്‍ മാത്രമാണ്. അതിനാല്‍ സത്യം തന്നെയായ ദൈവത്തിന്‍റെ മുന്നില്‍നിന്ന് നമ്മുടെ ധാരണകളുടെ ഇരുമ്പുപെട്ടി ഇടയ്ക്കെങ്കിലും തുറന്നുനോക്കുന്നത് നല്ലതാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org