സ്കൂളുദ്യോഗം വേണ്ടെന്നുവച്ച് കുടുംബപ്രേഷിതത്വത്തിലേക്ക്

ഏതാണ്ട് ഇരുപത്തിയഞ്ചു വര്‍ഷങ്ങളായിക്കാണും ചേര്‍ത്തലയ്ക്കടുത്തു കാവില്‍ ഇടവകയില്‍ ഗവണ്‍മെന്‍റ് അംഗീകൃത എയ്ഡഡ് സ്കൂളില്‍ ജോലി ചെയ്തിരുന്ന രണ്ടു പേര്‍ രാജി നല്കി. ജോലി ലഭിച്ച് ഏതാനും സമയത്തിനുള്ളില്‍ രാജിവച്ചു പോയ രണ്ടു പേരും സിസ്റ്റേഴ്സായിരുന്നു. തങ്ങളുടെ സഭയുടെ തീരുമാനമനുസരിച്ചാണ് അവര്‍ ജോലി സ്വീകരിച്ചതും വേണ്ടെന്നുവച്ചതും!! ഇതേപ്പറ്റി കൂടുതല്‍ അറിയാനുള്ള ജിജ്ഞാസയെത്തുടര്‍ന്നാണു ഹോളിഫാമിലി സന്ന്യാസസമൂഹത്തെയും അവരുടെ സഭാസ്ഥാപകയായ വി. മറിയം ത്രേസ്യയെയുംകുറിച്ചുള്ള അറിവിലേക്ക് ഈയുള്ളവന്‍ ചെന്നെത്തിയത്. തങ്ങളുടെ സഭാസ്ഥാപക മനസ്സില്‍ വിഭാവനം ചെയ്ത പ്രേഷിതദൗത്യം (charism) അദ്ധ്യാപനത്തേക്കാളുപരി കുടുംബപ്രേഷിതത്വമാണ് എന്ന പ്രവിശ്യാധികാരികളുടെ തിരിച്ചറിവാണു സഭയ്ക്കു വലിയ വരുമാന സ്രോതസ്സായിരുന്ന ആ ജോലി വേണ്ടെന്നുവച്ചു കുടുംബ പ്രേഷിതത്വത്തിലേക്കിറങ്ങാന്‍ ഇടയായത്.

ഇന്നു ഭാരതസഭയുടെ അഭിമാനവും കേരള സഭയുടെയും സീറോ-മലബാര്‍ സഭയുടെയും തിലകക്കുറിയുമായി നില്ക്കുന്ന വി. മറിയം ത്രേസ്യയെ അന്നു മുതല്‍ ഒരു ആവേശമായി മനസ്സില്‍ സൂക്ഷിക്കാറുണ്ട്. ആ കാലഘട്ടത്തില്‍ കുടുംബങ്ങള്‍ അനുഭവിച്ച വെല്ലുവിളികളിലേക്കാണു മദര്‍ ഇറങ്ങിച്ചെന്നത്. അതു രോഗമായാലും ദാരിദ്ര്യമായാലും ആശ്വസിപ്പിക്കാനും അടുത്തുപിടിക്കാനും ആവശ്യമായ സഹായങ്ങള്‍ നല്കാനും മദര്‍ വീറോടെ രംഗത്തിറങ്ങി. തന്‍റെ പ്രവര്‍ത്തനത്തില്‍ സഹകരികളാകാന്‍ കടന്നുവന്നവര്‍ സമൂഹമായി, സന്ന്യാസസഭയായി ലോകത്തിനു മുഴുവന്‍ പ്രകാശമാകാന്‍ കുടുംബങ്ങളില്‍ വെളിച്ചമുണ്ടാകണമെന്ന വലിയ സത്യം മദര്‍ മറിയം ത്രേസ്യയില്‍നിന്നും ഉള്‍ക്കൊള്ളേണ്ടതുണ്ട്.

ഒരു വിശുദ്ധയെ ലഭിച്ചു എന്നതിലുപരി പരിവര്‍ത്തനത്തിന്‍റെ കാഹളമൂതാന്‍ ഈ അവസരം നമുക്ക് ഉപയോഗിക്കാം. അജപാലനരംഗത്തുള്ള വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും മറിയം ത്രേസ്യ എന്ന ആവേശം കൂടുതല്‍ ഉത്തേജനം നല്കട്ടെ. കുടുംബസന്ദര്‍ശനം പാടേ മറക്കുന്ന അജപാലകര്‍ക്കു വി. മറിയം ത്രേസ്യയുടെ പ്രവര്‍ത്തനങ്ങള്‍ അനുകരണാര്‍ഹമാകട്ടെ. കുടുംബയൂണിറ്റുകളോ ഇടവക പ്രേഷിതത്വമോ മറക്കുന്ന സന്ന്യസ്ത സമൂഹങ്ങള്‍ക്കു വി. മറിയം ത്രേസ്യ പ്രചോദനമാകട്ടെ. ആത്മീയപ്രവര്‍ത്തനങ്ങള്‍ക്കപ്പുറം സ്ഥാപനവത്കരണത്തിന് അമിത പ്രാധാന്യം നല്കുന്ന സഭാസംവിധാനങ്ങളുണ്ടെങ്കില്‍ അവര്‍ക്കെല്ലാം ഒരു തിരിച്ചുവരവിന്‍റെ കാരണമായി ഈ പുത്തന്‍ചിറക്കാരി പുണ്യവതി മാറട്ടെ.

'കുടുംബങ്ങളുടെ മദ്ധ്യസ്ഥ' ആയാണു വിശുദ്ധ മറിയം ത്രേസ്യ അറിയപ്പെടേണ്ടത്. കത്തോലിക്കാ കുടുംബങ്ങളില്‍ പരിലസിക്കേണ്ട സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും വിശുദ്ധിയുടെയും പ്രാധാന്യം വിശ്വാസസമൂഹങ്ങള്‍ കത്തോലിക്കാ കുടുംബങ്ങള്‍ മനസ്സിലാക്കേണ്ട… ആഴമായി ചിന്തിക്കേണ്ട സമയമായും വിശുദ്ധയുടെ നാമകരണത്തെ കാണേണ്ടതുണ്ട്. കുടുംബങ്ങളില്‍ അശുദ്ധിയോ അവിശ്വസ്തതയോ ഉണ്ടാകാതിരിക്കുക എന്നതിനൊപ്പംതന്നെ കുടുംബത്തിന്‍റെ പ്രാധാന്യക്രമം (priority) തിട്ടപ്പെടുത്താന്‍ കത്തോലിക്കാ കുടുംബങ്ങള്‍ മറക്കരുത്. കുട്ടികള്‍ക്കു പരീക്ഷയുള്ളപ്പോള്‍ കുടുംബപ്രാര്‍ത്ഥന വേണ്ടെന്നുവയ്ക്കുന്നതോ അതിന്‍റെ ദൈര്‍ഘ്യം കുറയ്ക്കുന്നതോ ഈ പ്രാധാന്യക്രമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതുകൊണ്ടാണ്. ഈശോയാണ് ഈ കുടുംബത്തിന്‍റെ നാഥന്‍ എന്നു വീടിന്‍റെ വാതില്‍ക്കല്‍ എഴുതി ഒട്ടിച്ചാല്‍ മാത്രം പോരല്ലോ. വീടിനകത്തും ഈശോയ്ക്ക് ഒന്നാംസ്ഥാനം നല്കണം.

നമ്മുടെ കുടുംബങ്ങളെ കൂടുതല്‍ നല്ല കുടുംബങ്ങളാക്കാന്‍, നമ്മുടെ അജപാലനപ്രവര്‍ത്തനങ്ങളെ കൂടുതല്‍ കുടുംബോന്മുഖമാക്കാന്‍ വി. മറിയം ത്രേസ്യ നമുക്കു മാതൃകയും പ്രചോദനവുമാണെന്നതു തര്‍ക്കമറ്റ സംഗതിയത്രേ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org