പാവങ്ങളോടുള്ള പക്ഷംചേരല്‍: ഒരു ധാര്‍മ്മീകബാദ്ധ്യത

സിജോ കണ്ണമ്പുഴ OM

ഇരുപതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ സഭയുടെ സാമൂഹ്യഉദ്ബോധനങ്ങളില്‍ പ്രത്യക്ഷപ്പെട്ട പദമാണ് പാവങ്ങളോടും ദുര്‍ബലരോടുമുള്ള മുന്‍ഗണനാര്‍ഹമായ പക്ഷംചേരല്‍ (preferential option for the poor and the vulnerable). ആദ്യമായി ഈ പദം പ്രത്യക്ഷപ്പെടുന്നത് 1968-ല്‍ ഈശോസഭയെ നയിച്ചിരുന്ന ഫാ. പെദ്രോ അറുപേ തന്‍റെ സഭാംഗങ്ങള്‍ക്കായി എഴുതിയ ഒരു കത്തിലാണ്. പിന്നീട് ലത്തീന്‍ അമേരിക്കയിലെ ബിഷപ്പുമാര്‍ ഈ പദത്തിന് പ്രചാരം നല്‍കി. പാവപ്പെട്ടവരിലും ദുര്‍ബലരിലും ക്രിസ്തുവിനെ കണ്ട വിമോചന ദൈവശാസ്ത്രജ്ഞരും ഈ പദത്തെ എടുത്തുപയോഗിച്ചു.

ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ, അന്നു വരെ നിലനിന്നിരുന്ന സാമ്പ്രദായിക രീതികളെ മാറ്റി, മുതലാളികളുടെയും തൊഴിലാളികളുടേയും അവകാശങ്ങളും കടമകളും വിഷയമാക്കി എഴുതിയ "രേറും നൊവാറും" (Rerum Novarum) എന്ന ചാക്രികലേഖനത്തിന്‍റെ നൂറാം വാര്‍ഷികത്തില്‍ (1991) ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ, പാവങ്ങളോടുള്ള പക്ഷംചേരല്‍, ഭൗതീകവും ആത്മീകവുമായി ദാരിദ്ര്യം അനുഭവിക്കുന്നവരോടുള്ള പക്ഷം ചേരലായി പുനര്‍നിര്‍വചിച്ചു. വിമോചന ദൈവശാസ്ത്രത്തെ വളരെയധികം പ്രതിരോധിച്ചിരുന്ന ബെനഡിക്ട് മാര്‍പാപ്പ പാവങ്ങളോടുള്ള പക്ഷംചേരലിനെ കത്തോലിക്കരുടെ ധാര്‍മ്മികബാദ്ധ്യതയായി കണ്ടു. വിധവകളും, കുട്ടികളും വൈകല്യങ്ങള്‍ ഉള്ളവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോട് സഭ പക്ഷംചേരണമെന്ന് ഉദ്ബോധിപ്പിച്ചു.

"ധനികര്‍ കൂടുതല്‍ ധനികരാകുന്ന ഈ കാലയളവില്‍ പാവങ്ങളുടെ ദുരിതവും നിലവിളിയും അനുദിനം അവഗണിക്കപ്പെടുകയാണ്. അപ്പോള്‍ കൈകള്‍ കെട്ടി നോക്കി നില്‍ക്കാനോ, ഉദാസീനതയോടെ ഒഴിഞ്ഞു മാറാനോ ക്രിസ്ത്യാനികള്‍ക്ക് സാധിക്കില്ല. വിശ്വാസികള്‍ എന്ന നിലയില്‍ സ്വമേധയാ, സ്നേഹത്തോടെ പാവങ്ങളെയും ആവശ്യത്തിലുള്ളവരെയും സഹായിക്കാന്‍ നമുക്കാ കണം." 2018 നവംബര്‍ 18-നു ഫ്രാന്‍സിസ് പാപ്പാ പാവങ്ങളുടെ ദിനത്തില്‍ നല്‍കിയ സന്ദേശത്തിലെ ഏതാനും വരികളാണിത്.

കാലാകാലങ്ങളില്‍ പത്രോസിന്‍റെ പിന്‍ഗാമികള്‍ പാവങ്ങളോടുള്ള സമീപനത്തില്‍ സഭ കാത്തുസൂക്ഷിക്കേണ്ടതായ കരുതലിനെ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ ഈ പ്രബോധനങ്ങളും ഉള്‍ക്കാഴ്ചകളും ഇന്ന് എത്രമാത്രം സഭയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രാബല്യത്തില്‍ വരുത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് ആത്മവിമര്‍ശനത്തിന് വിധേയമാക്കേണ്ട ഒരു ചോദ്യം തന്നെയാണ്. സഭയുടെ ശുശ്രൂഷാമേഖലകളും ജീവകാരുണ്യ, വിദ്യാഭ്യാസസ്ഥാപനങ്ങളും ഇന്ന് പാവങ്ങളോട് പക്ഷം ചേരുന്നതില്‍ വരുത്തുന്ന വീഴ്ചകള്‍ക്ക് ഒരിക്കലും ഒഴികഴിവു പറയാന്‍ സാധിക്കില്ല. സഭയുടെ പ്രവര്‍ത്തനങ്ങളില്‍ പാവങ്ങള്‍ക്കും അശരണര്‍ക്കും ഭാഗഭാക്കാകാനും സഭാപ്രവര്‍ത്തനങ്ങളില്‍നിന്ന് നന്മ സ്വീകരിക്കാനും സാധിക്കുന്നില്ലെങ്കില്‍ നമ്മുടെ സ്ഥാപനങ്ങളൊന്നും ക്രിസ്തുവിനെയല്ല പ്രസംഗിക്കുന്നതും പങ്കുവയ്ക്കുന്നതും.

സമൂഹം എല്ലാ മേഖലയിലും കൂടുതല്‍ ഗുണവും വിജയവും തേടുമ്പോള്‍, സഭാ സ്ഥാപനങ്ങള്‍ മികവിനും മേന്മയ്ക്കുമായി പാവങ്ങളെയും അശരണരെയും പിന്നിലാക്കുകയും അവരുടെ നേരെ കണ്ണടക്കുകയും ചെയ്യരുത്. എല്ലാവരെയും ചേര്‍ത്തുപിടിച്ച് എല്ലാവര്‍ക്കുമായി നിലകൊണ്ട ക്രിസ്തുവിനെയാണ് നാം പ്രഘോഷിക്കുന്നതെങ്കില്‍ നമ്മുടെ ശുശ്രൂഷാമേഖലകളും ആ സാക്ഷ്യം നല്‍കേണ്ടതാണ്. പലപ്പോഴും സംഭവിക്കുന്നത് മറിച്ചാണ്. ക്രിസ്തുവിന്‍റെ നാമവും വചനങ്ങളും സ്ഥാപനങ്ങളുടെ ലെറ്റര്‍ഹെഡ്ഡുകളിലും ചുമരുകളിലും ബോര്‍ഡുകളിലും മാത്രമായി ചുരുങ്ങുന്ന സ്ഥിതിവിശേഷം സംജാതമാകുന്നുണ്ട്. അങ്ങനെയല്ലാത്ത സ്ഥാപനങ്ങളുണ്ട് എന്നത് വിസ്മരിക്കുന്നില്ല.

വിദ്യാഭ്യാസമേഖലയിലും ആതുരശുശ്രൂഷാമേഖലയിലുമാണ് പാവങ്ങളോടുള്ള പക്ഷം ചേരലിന്‍റെ നൈതികത കൂടുതല്‍ ശുഷ്കമാകുന്നത്. സഭാസ്ഥാപനങ്ങളുടെ പടികള്‍ കടന്നുവരുന്ന ഓരോ പാവപ്പെട്ടവനും, ഏത് ജാതിയോ മതമോ ആകട്ടെ വലിയ പ്രതീക്ഷയോടെയാണ് അവിടെ എത്തിച്ചേരുക. അവന്‍ അര്‍ഹിക്കുന്ന സ്വാഭാവികനീതി അവനവിടെ നിന്ന് ലഭിച്ചേ മതിയാകൂ. പാവപ്പെട്ടവനായതിന്‍റെ പേരില്‍ അവന്‍ കൂടുതല്‍ ശ്രദ്ധയും പരിചരണവും അര്‍ഹിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. കടന്നുവരുന്ന എല്ലാ അശരണരോടും പാവങ്ങളോടും ധാര്‍മ്മീകത പുലര്‍ത്താന്‍ സാധിക്കുന്നുണ്ട് എന്ന് ഉറപ്പിച്ചുപറയാന്‍ എത്ര സ്ഥാപനാധികാരികള്‍ക്ക് സാധിക്കും?

തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മികച്ചവര്‍ മാത്രമേ പഠിക്കാവൂ എന്ന് നിഷ് കര്‍ഷിക്കുന്നത് എങ്ങനെയാണ് ക്രൈസ്തവമാകുക? പഠിക്കാനായി എല്ലാവരെയും പോലെ കഴിവില്ലാത്തവര്‍, എന്‍റെ സ്ഥാപനത്തില്‍ വേണ്ട എന്ന് ഞാന്‍ തീരുമാനിക്കുമ്പോള്‍ പടിയിറങ്ങിപ്പോകുന്നത് ആടിനെ തേടിയിറങ്ങിയ ക്രിസ്തുവാണ്. ഇത് കഴിവ് കുറഞ്ഞവര്‍ക്കും ജീവിക്കാനായി ദൈവം സൃഷ്ടിച്ച ഭൂമിയാണ്. കഴിവ് കൂടിയവനും കുറഞ്ഞവനും ഈ ഭൂമിയില്‍ തുല്യമായ അവകാശമുണ്ട്. കഴിവില്ല എന്ന് സമൂഹം മുദ്രകുത്തി മാറ്റി നിര്‍ത്തിയവനും പിറന്നുവീണത് ഈ മണ്ണില്‍ തന്നെയാണ്.

മധ്യകേരളത്തിലെ പ്രശസ്തമായ ഒരു സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഒരു ദിവസം മുന്നറിയിപ്പുകള്‍ ഒന്നുമില്ലാതെ അടുത്ത ക്ളാസിലേക്കുള്ള പ്രവേശനപരീക്ഷ നടത്തി. ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം എഴുതാനാകാതെ കുഞ്ഞുങ്ങള്‍ വലഞ്ഞു. ഫലം വന്നപ്പോള്‍ നല്ലൊരുഭാഗം കുട്ടികളും പ്രവേശനപ്പരീക്ഷയില്‍ തോറ്റിരുന്നു. അവരെല്ലാവരും അടുത്ത വര്‍ഷം വേറെ സ്കൂളുകളില്‍ പ്രവേശനം തേടണം എന്നാണ് മാനേജ്മെന്‍റ് നിഷ്കര്‍ഷിച്ചിരിക്കുന്നത്. കഴിവ് കുറഞ്ഞ കുഞ്ഞുങ്ങളെ ഒഴിവാക്കാനുള്ള മാനേജ്മെന്‍റിന്‍റെ ഒരു തന്ത്രമായിരുന്നു അത് എന്ന് പിന്നീടാണ് അറിഞ്ഞത്. ഈ സ്ഥാപനങ്ങള്‍ സഭയ്ക്ക് നല്‍കുന്ന സംഭാവനകള്‍ എന്താണ്? മികവും മേന്മയും തീര്‍ച്ചയായും വേണം, പക്ഷേ അത് മാത്രമാകരുത് സഭാസ്ഥാപനങ്ങളുടെ ലക്ഷ്യം. അവിടെ കഴിവ് കുറഞ്ഞവനും പ്രതീക്ഷകള്‍ നഷ്ടപ്പെട്ടവനും, ശ്രദ്ധ ലഭിക്കാത്തവനും, ജീവിതത്തില്‍ തോറ്റുപോയവനുമെല്ലാം പരിഗണന ലഭിക്കണം.

ചില ആശുപത്രികളില്‍ പോകണമെങ്കില്‍ ആധാരം പണയപ്പെടുത്തിയേ തീരൂ എന്ന് തമാശയായി പറയാറുള്ളതിലും ഒരു സാംഗത്യമില്ലേ? സ്വകാര്യസ്ഥാപനങ്ങളില്‍ സംഭവിക്കുന്ന വീഴ്ചകള്‍ക്ക് പിന്നെയും നീതീകരണമുണ്ട്. കാരണം അവ ലാഭത്തിനുവേണ്ടി നടത്തപ്പെടുന്ന സ്ഥാപനങ്ങളാണ്. സഭാ സ്ഥാപനങ്ങള്‍ നടത്തപ്പെടുന്നത് ശുശ്രൂഷയ്ക്കുവേണ്ടിയാണെങ്കില്‍ അതില്‍ ശുശ്രൂഷിക്കപ്പെടേണ്ടവര്‍, കൊള്ളയടിക്കപ്പെടാനും മാനസ്സീകമായി മുറിവേല്‍പ്പിക്കപ്പെടാനും പാടില്ല. സഭയുടെ ആശുപത്രികളില്‍ ആരും സുഖചികിത്സയ്ക്കായി എത്തുന്നില്ല. എല്ലാവരും ഗതികേടുകൊണ്ട് വരുന്നവരാണ്. അവര്‍ക്ക് അര്‍ഹമായ കരുതലും സഹാനുഭൂതിയും നമ്മുടെ സ്ഥാപനങ്ങളില്‍ ലഭ്യമാക്കണം.

നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വന്തമല്ലാത്ത കാരണത്താല്‍ പഠിക്കാന്‍ പിറകിലായിപ്പോയവര്‍ക്കും വേണ്ടിക്കൂടിയുള്ളതാകണം. നൂറുശതമാനം വിജയമല്ല, നൂറുശതമാനം പരിഗണനയാണ് ഇവിടുത്തെ മാനദണ്ഡം. എത്രപേര്‍ക്ക് പരീക്ഷകളില്‍ വിജയിക്കാനായി എന്നല്ല എത്രപേര്‍ക്ക് ജീവിതം വിജയമാക്കാന്‍ സഹായിച്ചു എന്നുള്ളതാണ് പ്രസക്തമായ ചോദ്യം.

സഭാസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാന്യമായ കൂലി നല്‍കുന്നുണ്ടോ എന്നുള്ളതും പരിശോധിക്കപ്പെടേണ്ടതാണ്. നമ്മുടെ സ്ഥാപനങ്ങളിലെ അടുക്കളകളിലും പറമ്പുകളിലും വാഹനങ്ങളിലും പണിയെടുക്കുന്നവര്‍ എത്രമാത്രം സംതൃപ്തരാണ്? എല്ലാവരും പ്രതികരിക്കാത്തത് അവര്‍ സംതൃപ്തരായതുകൊണ്ടല്ല, അവര്‍ നിസ്സഹായരായതുകൊണ്ടാണ്.

നമ്മുടെ സ്ഥാപനങ്ങള്‍ പാവങ്ങളോടും പരിക്ഷീണിതരോടും ചേര്‍ന്ന് നില്‍ക്കട്ടെ. ആര്‍ക്കും പ്രതീക്ഷയോടെ കടന്നുവരാന്‍ സാധിക്കുന്ന ശാന്തിയുടെ ഇടങ്ങളാകട്ടെ അവയെല്ലാം. സമൂഹത്തിലെ ധാര്‍മ്മീകതയും പരസ്പര സ്നേഹവും സഹാനുഭൂതിയുമെല്ലാം ചോദ്യം ചെയ്യപ്പെടുമ്പോള്‍ അവയെല്ലാം അനുഭവവേദ്യമാകുന്ന തുരുത്തുകളാകണം സഭാസ്ഥാപനങ്ങള്‍. അതാണ് സഭാ സ്ഥാപങ്ങളുടെ ദൗത്യം. ആ ചൈതന്യത്തെ പരിപോഷിപ്പിക്കുമ്പോള്‍ മാത്രമേ പാവങ്ങളോട് പക്ഷം ചേരുന്ന സഭയുടെ ഭാഗമായി അവ മാറുന്നുള്ളൂ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org