ചേന്ദമംഗലത്തിന്‍റെ ചേറില്‍ പിറന്ന ചേക്കുട്ടി ഒരു അദ്ഭുതക്കുട്ടിതന്നെ! പ്രളയദുരിതങ്ങള്‍ക്കുമേല്‍ മാരിവില്ലു വിരിയിക്കാന്‍ ആ കുട്ടിക്കു കഴിഞ്ഞു. ഫാഷന്‍ ഡിസൈനര്‍ ലക്ഷ്മി മേനോനും ട്രാവല്‍ ഏജന്‍റ് ഗോപിനാഥ് പാറയിലും ചേന്ദമംഗലം കൈത്തറിനെയ്ത്തു സഹകരണസംഘം സെക്രട്ടറി അജിത് കുമാര്‍ ഗോതുരുത്തും ചേറില്‍ പുരണ്ട കൈത്തറിത്തുണികളില്‍നിന്നും രൂപമെടുക്കേണ്ട ആ പാവക്കുട്ടിക്ക് അത്തരമൊരു പേരു നല്കിയപ്പോള്‍ ഇത്തരമൊരു അത്ഭുതം നടക്കുമെന്ന് ആരു കരുതി? മനസ്സുകളില്‍നിന്ന് ഹൃദയങ്ങളിലേക്കും അവിടെനിന്ന് കരങ്ങളിലേക്കും, പിന്നീട് മാര്‍ക്കറ്റിലേക്കും ചേക്കുട്ടി ചേക്കേറിയപ്പോള്‍ പ്രളയം ഊടും പാവും തകര്‍ത്ത അനേകം തൊഴിലാളികള്‍ക്ക്, പ്രത്യേകിച്ചും സ്ത്രീതൊഴിലാളികള്‍ക്ക്, സ്വജീവിതം വീണ്ടും നെയ്തെടുക്കാനായി. ഒമ്പതു രാഷ്ട്രങ്ങളിലായി അനേകം സന്നദ്ധപ്രവര്‍ത്തകര്‍ കൈകോര്‍ത്തപ്പോള്‍ 16 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായി. അങ്ങനെ 65% നഷ്ടവും പരിഹരിക്കപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ മുതല്‍ മുഖ്യമന്ത്രി വരെ ഇക്കാര്യത്തില്‍ കൈകോര്‍ത്തു. ഈ അദ്ഭുതം കണ്ട്, ഫെഡറല്‍ ബാങ്കു കൂടി സഹായഹസ്തം നീട്ടിയതോടെ കാര്യങ്ങള്‍ക്ക് പൂര്‍ണപരിഹാരമായി. ഏതു ചേറിലും ഒരു ചേക്കുട്ടിയുണ്ടെന്ന വിസ്മയകരമായ പാഠം ഇതിലൂടെ മലയാളിക്കു ലഭിച്ചു.
ഇതിനിടെ രസകരമായ ഒരു വാര്‍ത്ത കേട്ടു. പ്രളയാനന്തര കേരളത്തിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ പ്രളയഫണ്ടിലേക്ക് ഡല്‍ഹിയിലെ ബുറാഡിപ്രദേശത്തുനിന്നുള്ള ഏതാനും കുട്ടികള്‍ 4,500 രൂപ സംഭാവന ചെയ്തത്രേ. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ മനസ്സിലായി, അവരും ചേറിലെ ചേക്കുട്ടികളാണെന്ന്. ഭിക്ഷക്കാരുടെയും വെയിസ്റ്റു പെറുക്കി ഉപജീവനം കഴിക്കുന്നവരുടെയും കുടിയേറ്റക്കാരുടെയും മക്കളാണവര്‍! സമൂഹം പാര്‍ശ്വവത്കരിച്ച അവരില്‍ ആ അദ്ഭുതം രചിച്ചതോ, സാന്ത്വന കമ്മ്യൂണിറ്റിയുടെ 'സാന്ത്വന സഹാര' എന്ന ശുശ്രൂഷയ്ക്കു നേതൃത്വം വഹിക്കുന്ന കേരളത്തില്‍ നിന്നുള്ള പള്ളന്‍ അലക്സി-ഷൈനി ദമ്പതികളും.
2010-ല്‍ ഷൈനിക്കാണ് ആ സ്വപ്നമുണ്ടായത്. ആ പ്രദേശത്തെ ഒട്ടുമിക്ക കുട്ടികളും സ്കൂളില്‍ പോകാത്തവരാണ്. പോകുന്നവര്‍തന്നെ പഠനത്തില്‍ ഏറെ പിന്നോക്കമാണ്. ഭിക്ഷയാചിച്ചും വെയിസ്റ്റുപെറുക്കിയും ബാല്യകൗമാരങ്ങള്‍ നഷ്ടപ്പെടുന്ന അവര്‍ക്ക് വിദ്യ നല്കാന്‍ ഒരു സ്റ്റഡിസെന്‍റര്‍ എന്ന ഷൈനിയുടെ സ്വപ്നം എത്ര മടങ്ങായാണ് കര്‍ത്താവ് സാക്ഷാത്കരിച്ചുകൊടുത്തത്! ബുറാഡി, നത്തുപ്പുര, അമൃത് വിഹാര്‍, ശങ്കര്‍പ്പുര, വീരേന്ദര്‍ നഗര്‍, സുനില്‍ കോളനി, കോശിക് തുടങ്ങിയ ഗ്രാമങ്ങളില്‍ ഇരുപത്തിയേഴു സെന്‍ററുകളിലായി നാനൂറ്റിയിരുപതു കുട്ടികള്‍ എല്ലാ ദിവസവും രണ്ടു മണിക്കൂര്‍ വീതം സാന്ത്വന സഹാര പരത്തുന്ന അറിവിന്‍റെ കൈത്തിരിവെട്ടത്തില്‍ ഇരിക്കുന്നു. ഇതില്‍ അമ്പതോളം പേര്‍ സ്കൂളിന്‍റെ പടി ഇനിയും കാണാത്തവരാണ് – പ്രായമാകാത്തതുകൊണ്ടല്ല, അവരുടെ മാതാപിതാക്കള്‍ ക്ക് വേണ്ടത്ര ബോധ്യമില്ലാത്തതുകൊണ്ടും പ്രാപ്തിയില്ലാത്തതുകൊണ്ടും. കഴിഞ്ഞവര്‍ഷംമാത്രം എണ്‍പതോളം പേരെ സ്കൂളിലേക്കു കൈപിടിച്ച് അയയ്ക്കാന്‍ സാന്ത്വന സഹാരയുടെ കഠിനപ്രയത്നത്തിലൂടെ കഴിഞ്ഞു.
പതിനാറ് അദ്ധ്യാപകരാണ് ഇവിടെ അദ്ധ്യാപനം നടത്തുന്നത് – എസ്.എസ്.എല്‍.സി., പ്ലസ് വണ്‍, പ്ലസ് ടു വിദ്യാഭ്യാസമുള്ള സാധാരണ സ്ത്രീകള്‍. പുകയിലും ചാരത്തിലുമായി വീട്ടില്‍ ജീവിതം തളച്ചിട്ടിരുന്ന അവര്‍ക്ക് ഇപ്പോള്‍ വലിയ ആത്മാഭിമാനവും അല്പം സമ്പാദ്യവും സമൂഹത്തില്‍ നിലയും വിലയും ഉണ്ട്. അങ്ങനെ സ്ത്രീശക്തീകരണത്തിന്‍റെ ഹൃദ്യമായ അനുഭവംകൂടിയായി ഇതു മാറിയിരിക്കുന്നു. പുതുതായി പഠിപ്പിക്കാന്‍ രണ്ടു കൗമാരക്കാര്‍ കൂടിയുണ്ട് – ദീപകും ആരതിയും. ഇരുവരും സാന്ത്വനസഹാരയിലൂടെ പഠിച്ചുവളര്‍ന്ന് ഡിഗ്രി പഠനംവരെ എത്തിയവര്‍!
ഈശോയെ പ്രഘോഷിക്കണമെന്ന ഉത്ക്കടമായ ആഗ്രഹവുമായി ഡല്‍ഹിയിലേക്ക് ട്രെയിന്‍ കയറിയ ഒരു മിഷനറി കുടുംബത്തിലൂടെയാണ് അറിവിന്‍റെ വെളിച്ചം ആ ചേറുജീവിതങ്ങളെ ആരോഗ്യപൂര്‍ണവും പ്രകാശമാനവുമാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികളില്‍ 98 ശതമാനവും 16 അധ്യാപകരില്‍ 13 പേരും അക്രൈസ്തവരാണെന്നുകൂടി അറിയുമ്പോഴാണ് ഈ ശുശ്രൂഷയുടെ മഹത്ത്വം മനസ്സിലാക്കാനാകുന്നത്.
ഒന്നോര്‍ത്താല്‍, ചേറില്‍നിന്നു ചേക്കുട്ടികളെ വിരിയിക്കുന്ന മഹാദ്ഭുതമായിരുന്നില്ലേ എന്നും ക്രൈസ്തവമിഷന്‍? ഫ്രാന്‍സിസ് സേവ്യറും തുടര്‍ന്ന്, അനേകം മിഷനറിമാരും ഈശോയെ പ്രഘോഷിക്കാനുള്ള തീക്ഷ്ണതയുമായി കടന്നുവന്നതല്ലേ ഇവിടെ കേരളത്തിലും അറിവിന്‍റെ വെളിച്ചം പടരാന്‍ ഇടയാക്കിയത്? ബിഷപ്പ് ബെര്‍ണര്‍ദിന്‍ ബച്ചിനെല്ലി 1857-നുമുമ്പ് പുറപ്പെടുവിച്ച "പള്ളിക്കൊരു പള്ളിക്കൂടം" എന്ന ഇടയലേഖനവും സ്വീകരിച്ച പ്രായോഗികനിലപാടുകളുമാണല്ലോ കേരളത്തിന്‍റെ വിദ്യാഭ്യാസക്കുതിപ്പിനുപിന്നിലെ ആദ്യത്തെ സംഘാതശ്രമം. അതു നടപ്പിലാക്കുന്നതില്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെപ്പോലുള്ള വിശുദ്ധാത്മാക്കള്‍ പിന്നീടു നടത്തിയ ശ്രമങ്ങളുടെ ആകത്തുകയാണല്ലോ കേരള നവോത്ഥാനം. അതിന്‍റെ വ്യത്യസ്ത ഭാഷ്യങ്ങളല്ലേ 'സമ്പൂര്‍ണ സാക്ഷരകേരള'വും 'കേരളാമോഡലും' 'ഗോഡ്സ് ഓണ്‍ കണ്‍ട്രി'യുമെല്ലാം?
അജ്ഞതയുടെയും ദാരിദ്ര്യത്തിന്‍റെയും ജാതീയതയുടെയും നീരാളിപ്പിടുത്തത്തില്‍, മൃഗത്തിന്‍റേതിനെക്കാള്‍ ഹീനമായ സാഹചര്യങ്ങളില്‍ കഴിയുന്ന മനുഷ്യരെ ദൈവമക്കളുടെ നിലവാരത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഏര്‍പ്പാടിന്‍റെ പേരുകൂടിയാണ് 'മിഷന്‍'. അതുകൊണ്ടുതന്നെയാണ് ക്രൈസ്തവമിഷന്‍ നടക്കുന്നിടത്തെല്ലാം സമഗ്രപുരോഗതി ഉണ്ടാകുന്നത്. "ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായുണ്ടാകാനുമാണ്" എന്ന് ഈശോ പറഞ്ഞത് (യോഹ. 10:10) ഇതുകൂടി മനസ്സില്‍ കണ്ടാവണം!