പള്ളിപ്രസംഗങ്ങള്‍ പ്രത്യാശ പകരട്ടെ

സിസെറോയുടെ പ്രസംഗം കേട്ടിരുന്ന ആളുകള്‍ പ്രസംഗം കഴിയുമ്പോള്‍ നീണ്ട കരഘോഷം മുഴക്കി പ്രസംഗം വളരെ മനോഹരമായിരുന്നു എന്ന് അനുമോദിക്കാറുണ്ട്. എന്നാല്‍ ഡെമസ്തനീസിന്‍റെ പ്രസംഗം കേള്‍ക്കുന്നവര്‍ അനുമോദിക്കാന്‍ മറന്നുകൊണ്ട്, എന്താണോ അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞത് അത് പ്രാവര്‍ത്തികമാക്കാനായി തിടുക്കപ്പെടുമായിരുന്നു.' – സാഗര ഗര്‍ജ്ജനമായിരുന്ന അഴീക്കോടിന്‍റെ വാക്കുകളാണിവ.

അപ്പംമുറിക്കലും വചനം പ്രസംഗിക്കലും ആദിമകാലം മുതല്‍ ഇന്നുവരെ ക്രൈസ്തവാരാധനയുടെ അവിഭാജ്യമായ ഘടകങ്ങളായിരുന്നു. കാലാനുസൃതമായ ഭാവഭേദങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇവ രണ്ടും ഇന്നും മാറ്റമില്ലാതെ തുടരുന്നു. താരതമ്യേന വിദ്യാഭ്യാസവും ലോകപരിചയവും കുറവായിരുന്ന വിശ്വാസികള്‍ക്ക് അവയില്‍ അല്പം മുന്നിട്ടുനിന്നിരുന്ന പുരോഹിതര്‍ വ്യക്തിത്വ, സമൂഹരൂപീകരണത്തില്‍ അധ്യാപകരും നേതാക്കളും ആയതില്‍ അത്ഭുതമില്ല.

എന്നാല്‍ ഇന്ന് നൂറ്റാണ്ടുകള്‍ക്കിപ്പുറം വചനവേദികളിലെ ശുശ്രൂഷകളില്‍ ഉചിതമായ നവീകരണങ്ങളും പരിഷ്കാരങ്ങളും സംഭവിച്ചിട്ടുണ്ടോ എന്നത് സംയുക്തികമായ ചോദ്യമാണ്. വചന വേദികളില്‍ നിന്നുള്ള പ്രഘോഷണങ്ങള്‍ വിശ്വാസികള്‍ക്ക് അരോചകമാകുന്നതും മടുപ്പോടെ പരാതി പറയുന്നതും കൂടുതലാവുകയാണ്. ഫ്രാന്‍സിസ് പാപ്പായുടെ സുവിശേഷത്തിന്‍റെ ആനന്ദം എന്ന ആദ്യ അപ്പസ്തോലിക ആഹ്വാനത്തിന്‍റെ മൂന്നാമത്തെ അദ്ധ്യായം പ്രതിപാദിക്കുക സുവിശേഷ പ്രഘോഷണത്തെക്കുറിച്ചാണ്. ഈ അധ്യായത്തിന്‍റെ പകുതിഭാഗം എങ്ങനെയാണ് പ്രസംഗം പറയേണ്ടതെന്നും എങ്ങനെയാണ് അതിന് ഒരുങ്ങേണ്ടതെന്നും പാപ്പാ നിര്‍ദ്ദേശിക്കുകയാണ്.

ദേവാലയത്തിലെ ദൈവവചന ശുശ്രൂഷകള്‍ വിശ്വാസികളില്‍ ജനിപ്പിക്കേണ്ടതും വളര്‍ത്തേണ്ടതും ഭയമോ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയോ നിരാശയോ അല്ല. ജീവിതത്തിന്‍റെ പ്രതികൂല സാഹചര്യങ്ങളില്‍നിന്ന് ഒരു മരുപ്പച്ച തേടി ഓടിയണയുന്ന വിശ്വാസികളെ, ഒരമ്മ സ്വന്തം മക്കളെ ചേര്‍ത്തുപിടിച്ചു ആശ്വപ്പിക്കുന്നതു പോലെ ആശ്വസിപ്പിക്കാനും അവര്‍ക്ക് പ്രതീക്ഷയും ഉന്മേഷവും നല്‍കി ജീവിതസത്യങ്ങളിലേക്ക് തിരികെ പറഞ്ഞയയ്ക്കാനും സാധിക്കണം. തൊഴിലില്ലായ്മ, ദാരിദ്ര്യം, രോഗാവസ്ഥകള്‍, തകര്‍ന്ന ദാമ്പത്യബന്ധങ്ങള്‍ എന്നിവയുമായി ദേവാലയത്തിലേക്ക് കടന്നുവരുന്നവര്‍ മുന്‍പോട്ട് പോകുവാനുള്ള ഊര്‍ജ്ജം തേടിയാണ് ദേവാലയത്തിലെത്തുന്നത്. അവര്‍ക്കവിടെ അനുഭവപ്പെടേണ്ടത് സ്നേഹവും കരുണയുമായിരിക്കണം.

എങ്ങോട്ട് പോകണമെന്നും ആരെ സമീപിക്കണമെന്നും അറിയാതെ, ചകിതരായി ധ്യാനങ്ങള്‍ക്കും ആത്മീയശുശ്രൂഷകള്‍ക്കും അണയുന്നവരെ, ബാധകളുടെയും ബന്ധനങ്ങളുടെയും പേരില്‍ അമിതമായി ഭയപ്പെടുത്തുന്നതും, പൂര്‍വ്വീകരുടെ പാപങ്ങളുടെയും ശാപങ്ങളുടെയും പേരിലാണ് തകര്‍ച്ചയുണ്ടാകുന്നത് എന്ന് മുദ്ര കുത്തുന്നതും ശരിയല്ല.

ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥകളും, സാമ്പത്തിക മാന്ദ്യങ്ങളും അശുഭകരമായ വാര്‍ത്തകളും മൂലം അസ്വസ്ഥത പെട്ട് വരുന്ന ദൈവമക്കളെ ദൈവാനുഭവത്തിലേക്കും ആത്മീയജീവിതം നല്‍കുന്ന ചൈതന്യത്തിലേക്കും കൈപിടിച്ച് നടത്താന്‍ സുവിശേഷം പങ്കു വക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. അഞ്ഞൂറു പേരുള്ള ഒരു ദേവാലയത്തിലെ പത്ത് മിനിറ്റ് പ്രസംഗത്തിന് 5000 മിനിറ്റിന്‍റെ വിലയുണ്ട്. അതായത് 84 മണിക്കൂര്‍ സമയം. മൂന്നര ദിവസം! ആ ഗൗരവം പ്രാസംഗികന് ആവശ്യമുണ്ട്. പ്രാര്‍ത്ഥിച്ചൊരുങ്ങാതെയും വേണ്ടതായ പഠനങ്ങള്‍ നടത്തി തയ്യാറാകാതെയും വചനവേദിയെ സമീപിക്കുന്നവര്‍ ദൈവത്തെയും ദൈവജനത്തെയും അപമാനിക്കുകയാണ്.

പ്രാസംഗികന്‍റെ വാഗ്വിലാസവും പാണ്ഡിത്യവും തെളിയിക്കാനല്ല, തമ്പുരാന്‍റെ വചനം പങ്കുവയ്ക്കപ്പെടാനും ദൈവത്തിനു മഹത്വം നല്‍കാനുമാണ് ആ സമയം ഉപയോഗിക്കപ്പെടേണ്ടത്. രാഷ്ട്രീയവും, മതസ്പര്‍ദ്ധയും വിഭാഗീയതയും വളര്‍ത്തുന്ന ചിന്തകളും നിര്‍ബന്ധമായും ഒഴിവാക്കപ്പെടണം. അത് വ്യക്തിഹത്യയുടേയോ, ആക്രോശത്തിന്‍റെയോ ഇടമല്ല. സ്വന്തം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനായി വചനത്തെ കൂട്ടുപിടിക്കുന്നവരും ആ പവിത്രമായ ഇടം ദുരുപയോഗിക്കുകയാണ്. വചനവേദിയില്‍നിന്ന് ശാപങ്ങളും ഭീഷണികളും ഉയരുന്നത് ആശാസ്യമല്ല.

ഒരു തലമുറ മുന്‍പ് ഇടവക വൈദികനായിരുന്നു ഇടവകയിലെ കൂടുതല്‍ അറിവുള്ളവരില്‍ ഒരാള്‍. ഇന്ന് അതല്ല അവസ്ഥ. തത്വശാസ്ത്രവും ദൈവശാസ്ത്രവും മാറ്റിവച്ചാല്‍ മിക്കവാറും വൈദികര്‍ക്ക് ഒരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ബിരുദം മാത്രമാണുള്ളത്. എന്നാല്‍ ഇടവകയിലെ നല്ലൊരു ശതമാനം ചെറുപ്പക്കാര്‍ക്കും അതിലും കൂടുതല്‍ വിദ്യാഭ്യാസവും അറിവും ഉണ്ട്. പ്രസംഗിക്കാനായി നില്‍ക്കുമ്പോള്‍ ശ്രോതാക്കളില്‍ ഡോക്ടറും വക്കീലും കോളേജ് അദ്ധ്യാപകരും ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും ഉണ്ടെന്നതും മറക്കാതിരിക്കാം. വീണ്ടുവിചാരമില്ലാതെയും വികാരഭരിതരായും സംസാരിച്ചാല്‍ അത് പ്രാസംഗികന്‍ നല്‍കുന്ന വചനത്തിന്‍റെ നന്മകള്‍ നഷ്ടപ്പെടുത്തും. കൃത്യവും വ്യക്തവുമല്ലാത്ത കാര്യങ്ങള്‍ പറയാതിരിക്കുന്നതാണ് അഭികാമ്യം. എല്ലാവരുടെയും വിരല്‍തുമ്പില്‍ ഗൂഗിള്‍ ഇരിക്കുമ്പോള്‍ പറയുന്നതിലെ ആധികാരികത ഉറപ്പാക്കപ്പെടേണ്ടതാണ്.

പ്രസംഗം എങ്ങനെയാണ് ഒരുങ്ങേണ്ടതെന്ന പാപ്പായുടെ നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും അവസാനത്തേത് ഇങ്ങനെയാണ്. "ഒരു നല്ല പ്രസംഗത്തിന്‍റെ ഭാഷാ സകാരാത്മകം (positive) ആയിരിക്കണം. എന്തൊക്കെയാണ് ചെയ്യരുതാത്തത് എന്നു പറയുകയല്ല, കൂടുതല്‍ മനോഹരമാകാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയും എന്ന് പറഞ്ഞുകൊടുക്കുകയാണ് വേണ്ടത്. പ്രസംഗത്തില്‍ എപ്പോഴെങ്കിലും ഒരു നകാരാത്മകമായ (negative) കാര്യം ചൂണ്ടിക്കാണിക്കേണ്ടി വന്നാല്‍, വിമര്‍ശനങ്ങളിലും കുറ്റപ്പെടുത്തലുകളിലും ആണ്ടു പോകാതെ, പോസിറ്റീവും ആകര്‍ഷകവുമായ ഒരു കാര്യം കൂടി ചേര്‍ക്കാന്‍ ശ്രമിക്കണം. പോസിറ്റീവ് ആയ ഒരു പ്രസംഗം നമ്മെ തിന്മയുടെ തടവുകാരാക്കാതെ എപ്പോഴും പ്രത്യാശ നല്‍കുകയും ഭാവിയിലേക്ക് നയിക്കുകയും ചെയ്യും."

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org