ഉപ്പും ഉപ്പിലിട്ടതും!!

പള്ളികള്‍ പൂട്ടിയ സമയത്ത്, ആധുനിക സാങ്കേതിക സങ്കേതങ്ങളുടെ സഹായത്തോടെ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കാനായി എന്നത് ഏറെ ആശ്വാസകരമായ സംഗതിയായി. പ്രത്യേകമായി വലിയ ആഴ്ചയിലും നമ്മുടെ ഏറ്റവും വലിയ തിരുനാളായ ഉത്ഥാന അനുസ്മരണത്തിലും. വിശ്വാസത്തിനും ഭക്തിക്കും ഒരു കുറവും വരാതെ വീടുകളിലായിരുന്നു കൊണ്ട് അവിടെ അള്‍ത്താര സജ്ജീകരിച്ച് ഭക്ത്യാദരങ്ങളോടെ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ചവര്‍ ഏറെയാണ്. കേരളത്തിന്‍റെ ആത്മീയചാനലുകള്‍ ഇതില്‍ വഹിച്ച പങ്കും എടുത്തു പറയേണ്ടതാണ്. നമ്മില്‍ പലരും കാര്യമായി എത്തി നോക്കിയിട്ടില്ലാത്ത ആ ചാനലുകളിലൂടെ എല്ലാവരും തന്നെ കടന്നുപോയി. ഇന്‍റര്‍നെറ്റും കംപ്യൂട്ടറുമെല്ലാം നാം ആവുന്നത്ര ആത്മീയകാര്യങ്ങള്‍ക്കായി ഉപയോഗിച്ചു. അപ്പനും അമ്മയും മക്കളും… കുടുംബാംഗങ്ങളെല്ലാവരും ഒത്തുചേര്‍ന്ന് ബലിയില്‍ സംബന്ധിച്ചതും പ്രാര്‍ത്ഥനയില്‍ ആയിരുന്നതുമെല്ലാം വലിയ ആത്മീയ അനുഭവമായി പലരും പങ്കുവച്ചു. മാര്‍ തോമാശ്ലീഹായിലൂടെ പകര്‍ന്നു കിട്ടിയ വലിയ വിശ്വാസത്തിനും, ആ വിശ്വാസത്തില്‍ ആഴപ്പെട്ടു വളരാന്‍ കേരള സഭയെ അനുഗ്രഹിക്കുന്ന ദൈവത്തിനും മുന്നില്‍ ശിരസ്സു നമിക്കുന്നു.

പള്ളികള്‍ തുറന്നാലും ഇടക്കെങ്കിലും ഇങ്ങനെ വേണം എന്ന് ആവശ്യപ്പെടുന്നവരെയും ഇതിനിടയില്‍ കണ്ടുമുട്ടി. ആണ്ടില്‍ ഒന്നു രണ്ടു പ്രാവശ്യം ഇപ്രകാരം ഓണ്‍ലൈന്‍ കുര്‍ബാനകളാക്കിയാല്‍ ആനന്ദകരമാകുമത്രേ!! ഇതിന്‍റെ അടിസ്ഥാനത്തില്‍ ആനുകാലിക മതബോധനത്തെ (Contemporary Catechesis) കൈകാര്യം ചെയ്യണം എന്നു തോന്നിയതിനാലാണ് ഇതു കുറിക്കുന്നത്.

'നിങ്ങള്‍ എന്‍റെ നാമത്തില്‍ ഒരുമിച്ചു കൂടുമ്പോഴെല്ലാം' അനുസ്മരിക്കപ്പെടുന്നതും അര്‍ത്ഥവത്തായി ആഘോഷിക്കുന്നതുമാണ് അപ്പംമുറിക്കല്‍ ശുശ്രൂഷ അല്ലെങ്കില്‍ വിശുദ്ധ ബലിയുടെ അര്‍ത്ഥവത്തായ അര്‍പ്പണം. ഇവിടെ ഒരുമിച്ചു കൂടല്‍ ഉണ്ടായേ മതിയാകൂ എന്നു കാണാം. രണ്ടാം നൂറ്റാണ്ടില്‍ തന്നെ അന്തോനിയൂസ് പീയൂസ് എന്ന വിജാതീയ ചക്രവര്‍ത്തിക്ക് വിശുദ്ധ ജസ്റ്റിന്‍ നല്കുന്ന വിശദീകരണത്തില്‍ ഇതു വ്യക്തമാണ് (എഡി 155).

"എല്ലാവരുടെയും ദിവസമെന്നു വിളിക്കുന്ന സൂര്യന്‍റെ ദിവസം നഗരത്തിലോ ഗ്രാമപ്രദേശത്തോ വസിക്കുന്ന എല്ലാവരും ഒരു സ്ഥലത്ത് ഒരുമിച്ചു കൂടുന്നു… അപ്പസ്തോലന്മാരുടെ വ്യാഖ്യാനങ്ങളും പ്രവാചകരുടെ ലിഖിതങ്ങളും വായിക്കുന്നു… അധ്യക്ഷനായ ആള്‍ വ്യാഖ്യാനിച്ച് ഉപദേശം നല്കുന്നു… പിന്നീട് അപ്പവും വെള്ളം കലര്‍ത്തിയ വീഞ്ഞുള്ള പാത്രവും പിതാവായ ദൈവത്തിനു സമര്‍പ്പിച്ച് പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ കൃതജ്ഞതാസ്തോത്രമര്‍പ്പിക്കുന്നു…"

എല്ലാവരും ഒരുമിച്ചു കൂടുന്നിടത്താണ് ബലി ആരംഭിക്കുക എന്ന് വിശുദ്ധ ജസ്റ്റിന്‍ പറയുന്നതുപോലെ തന്നെ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം വിശുദ്ധ കുര്‍ബാന ആഘോഷത്തിന്‍റെ ക്രമം ആരംഭിക്കുന്നത് എല്ലാവരും ഒരുമിച്ചുകൂടുന്നിടത്താണ് എന്ന് പ്രത്യേകം പ്രസ്താവിക്കുന്നു (നമ്പര്‍ 1348).

ഇതിന്‍റെയെല്ലാം വെളിച്ചത്തില്‍ നല്കുന്ന പ്രബോധനങ്ങളില്‍ സഭ കൃത്യതയോടെ പറയുന്നു, ടെവിലിഷനുകളില്‍ പ്രക്ഷേപണം ചെയ്യപ്പെടുന്ന വിശുദ്ധ കുര്‍ബാനകള്‍ ഒരിക്കലും സഭയുടെ അജപാലനപരമായ ബലിയര്‍പ്പണത്തിന് പകരമോ ദേവാലയത്തില്‍ഒരുമിച്ചുകൂടി അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോ ആകുന്നില്ല (അമേരിക്കന്‍ ബിഷപ്സ് കോണ്‍ഫറന്‍സ്, ഗൈഡ്ലൈന്‍സ് ഫോര്‍ ടെലിവൈസിങ് ലിറ്റര്‍ജി).

അതുകൊണ്ടുതന്നെ അര്‍ത്ഥവത്തായ ബലിയര്‍പ്പണമെന്നാല്‍ ഒരുമിച്ചു കൂടി വചനം മുറിച്ച്, അപ്പമെടുത്ത് വാഴ്ത്തി വിഭജിച്ച് ഭക്ഷിച്ച് കടന്നുപോകുന്നതാണ്. അതിനു പകരമായി ഒരു ബദല്‍ സംവിധാനവുമില്ല. വലിയ ധ്യാനങ്ങളിലും തിരുനാളുകളിലും പുറത്തെവിടെയെങ്കിലുമിരുന്ന് ടി.വി. സ്ക്രീനില്‍ കുര്‍ബാന 'കണ്ട്' ബലിമേശയില്‍ നിന്ന് അപ്പം ഭക്ഷിക്കാതെ കടന്നുപോകുന്നവരെയും ഈ ഗണത്തില്‍പ്പെടുത്താനാവില്ലേ എന്നത് ന്യായമായ ചോദ്യമല്ലേ എന്ന് ചിന്തിക്കുന്നവരുമുണ്ടാകാം. ഈശോയുടെ അള്‍ത്താരയ്ക്കു ചുറ്റും ഒത്തുചേരുന്നതാണ് യഥാര്‍ത്ഥ ബലിയര്‍പ്പണം. പാപങ്ങളോര്‍ത്ത് പശ്ചാത്തപിച്ച് മേലില്‍ പാപം ചെയ്യില്ല എന്നു പ്രതിജ്ഞയോടെ നടത്തുന്ന കുമ്പസാരം മാത്രമാണ് യഥാര്‍ത്ഥ കുമ്പസാരകൂദാശ.

ടിവി ചാനലുകളിലൂടെയോ ഓണ്‍ലൈനിലൂടെയോ ലഭിക്കുന്ന വിശുദ്ധ ബലിയര്‍പ്പണങ്ങള്‍ യഥാര്‍ത്ഥ ബലിയര്‍പ്പണമേയല്ല എന്നു പറയുമ്പോള്‍ അതെല്ലാം എന്തോ മോശപ്പെട്ട ഒരു കാര്യമാണ് എന്നു ധരിച്ചുകളയരുത്. അവയൊന്നും യഥാര്‍ത്ഥ ബലിയര്‍പ്പണത്തിന്‍റെ പകരപ്രക്രിയകളല്ല. മറിച്ച് ചില പരിഹാര സംവിധാനങ്ങള്‍ മാത്രമാണ് എന്നാണ് പറയാന്‍ ആഗ്രഹിച്ചത്.

ആശുപത്രിയിലായിരിക്കുന്ന ഒരാളെ സംബന്ധിച്ച്, രോഗിയായി വീട്ടില്‍ കിടക്കുന്ന ഒരാള്‍ക്ക്, ഇപ്പോഴത്തേതുപോലെ ചില സാഹചര്യങ്ങള്‍ കൊണ്ട് പള്ളിയിലെ സജീവസാന്നിദ്ധ്യം സാധ്യമാകാത്തവരെ സംബന്ധിച്ച് ടെലിക്കാസ്റ്റുകള്‍ വളരെ ഉപകാരപ്രദവും ആശ്വാസകരവുമാണ്. സുവിശേഷ വത്കരണത്തിന്‍റെ ഒരു ഉപാധി എന്ന നിലയിലും യേശുവിന്‍റെ വചനം പങ്കുവയ്ക്കാനുള്ള നല്ല അവസരം എന്ന നിലിയിലും ആധുനിക മാധ്യമങ്ങള്‍ വഴി സഭയുടെ ആരാധനയെ പ്രോത്സാഹിപ്പിക്കുന്നതില്‍ തെറ്റില്ല എന്ന് സഭ പഠിപ്പിക്കുന്നു (Inter Mirifica, Decree on the media of Social Communication).

ഇനി എത്രനാള്‍ നാം പള്ളിയിലെത്താന്‍ കാത്തുനില്ക്കണം എന്നറിയില്ല. ഈ കാലഘട്ടത്തിലെല്ലാം നമ്മുടെ അത്മീയചാനലുകളും ആധുനിക മാധ്യമങ്ങളും നല്കിയ സംഭാവന ചെറുതല്ല. എന്നുവരെ നമുക്ക് പള്ളികള്‍ തുറന്നു കിട്ടാന്‍ കാത്തിരിക്കണമോ അന്നുവരെ ഈ സംവിധാനങ്ങളെ നാം ആശ്രയിക്കണം. രോഗികളും പള്ളിയില്‍ വരാന്‍ സാധ്യമല്ലാത്തവരും തുടര്‍ന്നും ഇതിനെ ആശ്രയിക്കണം. എന്നാല്‍ ഇത് അര്‍ത്ഥവത്തായ ബലിയര്‍പ്പണത്തിന്‍റെ മറ്റൊരു ഭാവമാണ് എന്ന് തെറ്റിദ്ധരിക്കുകയും അരുത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org