ഉത്പാദനം കുറയുകയും സന്തോഷം വര്‍ദ്ധിക്കുകയും

സാഹചര്യത്തിന് ഉചിതമല്ലെങ്കിലും ആ കുടുംബത്തില്‍ ഒരു സന്ദര്‍ശനം അത്യാവശ്യമായി വന്നു. കോവിഡ് കാലമായപ്പോള്‍ അന്തരീക്ഷമാകെ വ്യത്യാസപ്പെട്ടിരിക്കുന്നു. എല്ലാവരും സ്വസ്ഥമായി സ്ഥലത്തുണ്ട് എന്നത് ഒരു പ്രത്യേകത. കുടുംബനാഥനു കട തുറക്കണം. ആളെണ്ണം നന്നേ കുറവായതിനാല്‍ വൈകിട്ടുതന്നെ അടയ്ക്കുന്നു. അദ്ധ്യാപികയായ അമ്മ സ്കൂള്‍ തുറക്കുന്ന ദിവസം കാത്തു വീട്ടില്‍ തന്നെ. കുട്ടികള്‍ മൂന്നുപേരും ഒരു 'റിലാക്സിംഗ്' മൂഡിലാണ്. അവധിക്കാലത്ത് അവരുണ്ടാക്കിയ അലങ്കാരവസ്തുക്കള്‍ (കുപ്പിയും നൂലും ഉപയോഗിച്ചത്) പല മുറികളിലും തൂക്കിയിരിക്കുന്നു. മുറി അലങ്കാരം മാത്രമല്ല ഭക്ഷണം പാകപ്പെടുത്തല്‍ പരീക്ഷണവുമുണ്ടത്രേ. അപ്പനും അമ്മയും മക്കളുമെല്ലാം ഇതിന്‍റെ ഭാഗമാകുന്നു.

സന്ദര്‍ശനം നടത്തുന്നതിന്‍റെ ഭാഗമായി കുടുംബനാഥനുമായി സംസാരിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും അല്പം കുടുംബകാര്യത്തിലേക്കു ചര്‍ച്ച വന്നു; വലിയ സാമ്പത്തികപ്രതിസന്ധിയുടെ. അപ്പന്‍റെ വരുമാനം ഏതാണ്ട് ഇരുപതു ശതമാനത്തിലേക്കും പ്രൈവറ്റ് സ്കൂള്‍ ടീച്ചറായ അമ്മയുടെ വരുമാനം അമ്പതു ശതമാനത്തിലേക്കും താണിരിക്കുന്നു. എന്നാല്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു… ഇപ്പോഴുള്ളതുകൊണ്ടുതന്നെ ലളിതമായും ഭംഗിയായും കാര്യങ്ങള്‍ നടക്കുന്നു. അനാവശ്യ ചെലവുകളില്ല. ഒപ്പം വലിയ സന്തോഷവും. എല്ലാവരും ഒരുമിച്ച്… ഇതാണു കുടുംബം.

1979-ല്‍ അന്നത്തെ ഭൂട്ടാന്‍ രാജാവ് ജിഗ്മെസിഗ്യേ വ്യാഗ് ചുഗ് ബോംബെ വിമാനത്താവളത്തില്‍ വച്ച് ഒരു ബ്രിട്ടീഷ് ജേര്‍ണലിസ്റ്റിനു നല്കിയ ഇന്‍റര്‍വ്യൂവിലും പിന്നീടു 2011-ല്‍ യുഎന്‍ ജനറല്‍ അസംബ്ലിയിലും 2012-ല്‍ യുഎന്‍ സെക്രട്ടറി ജനറലിന്‍റെ നേതൃത്വത്തില്‍ കൂടിയ ഉന്നതതല മീറ്റിംഗിലും എല്ലാം ഉയര്‍ന്നുവന്ന ആശയം ഉത്പാദനക്ഷമതയേക്കാള്‍ പ്രധാനപ്പെട്ടതാണ്. സന്തോഷത്തിന്‍റെ നിരക്ക് എന്നതാണ്. Gross National Happiness (GNH) is more important than Gross Domestic Product (GDP). ഭൂട്ടാന്‍ ഗവണ്‍മെന്‍റ് GNH വിഭാവനം ചെയ്തതു നാലു ഘടകങ്ങള്‍ കോര്‍ത്തിണക്കിയാണ്.

1. സുസ്ഥിരമായ സാമൂഹ്യസാമ്പത്തിക അടിത്തറ.

2. പരിസ്ഥിതി പരിപാലനം.

3. പാരമ്പര്യത്തെയും സംസ്കാരത്തെയും കാത്തുസൂക്ഷിക്കല്‍.

4. സുശക്തമായ നേതൃത്വം.

വലിയ തത്ത്വസംഹിതകളുടെയും സ്വപ്നങ്ങളുടെയും അടിസ്ഥാനത്തില്‍ വിഭാവനം ചെയ്യുന്ന ജിഎന്‍എച്ചിനെ കൊറോണ പശ്ചാത്തലത്തില്‍ ഒരു വിശാല അര്‍ത്ഥത്തില്‍ വിശദീകരിച്ചാല്‍ ഞാന്‍ സന്ദര്‍ശിച്ച വീട്ടില്‍ ജിഡിപി (സ്ഥിരവരുമാനം) നിലവാരം നന്നേ താണുപോയി. എന്നാല്‍ DNH (സന്തോഷം) ഏറെ വര്‍ദ്ധിച്ചിരിക്കുന്നു.

ലോക്ക്ഡൗണ്‍ നാലും അഞ്ചും ഘട്ടങ്ങളാവുകയും അമ്പതും അറുപതും എഴുപതും ദിവസങ്ങള്‍ പിന്നീടുകയും ചെയ്യുമ്പോള്‍ ഒരു വിലയിരുത്തല്‍ എപ്പോഴും അഭികാമ്യമാണ്. കുടുംബത്തിന്‍റെ വരുമാനസ്രോതസ് ഈ കാലഘട്ടമായതുകൊണ്ട് ഉയര്‍ന്നവരായി ആരുംതന്നെ കാണില്ല. എന്നാല്‍ വരുമാനത്തിന്‍റെ സ്രോതസനുസരിച്ചു സ്ഥിരവരുമാനക്കാരില്‍ കുറവുണ്ടാകാത്തവരുമുണ്ട്. എന്നാല്‍ വരവും വരുമാനവും കുത്തനെ ഇടിഞ്ഞവരുമുണ്ട്. പെട്രോള്‍ അടിക്കല്‍, ഹോട്ടല്‍ ഭക്ഷണം, കുട്ടികള്‍ക്കു സ്നാക്സ്, ഐസ്ക്രീം, ഷോപ്പിംഗ് തുടങ്ങിയ കാര്യങ്ങളില്‍ ലാഭത്തിന്‍റെ കഥകള്‍ പറയുന്ന ലോക്ക് ഡൗണ്‍ കാലവും ഇതോടൊപ്പമുണ്ട്. എന്തായാലും ഒരു വലിയ ശതമാനത്തിനും ജിഡിപി നഷ്ടത്തില്‍ തന്നെയാണ്. അതു പല പല അളവുകളിലാണെന്നു മാത്രം.

ലോക്ക്ഡൗണ്‍ കാലത്തെ ജിഡിപി നിരക്ക് എല്ലാവരും വിലയിരുത്തിയിട്ടുണ്ടാകും. എന്നാല്‍ ഇക്കാലത്തെ ജിഎന്‍എച്ച് വിലയിരുത്തി തിട്ടപ്പെടുത്താനും നാം മറന്നുപോകരുത്. കുടുംബാംഗങ്ങളൊരുമിച്ചു ചെലവഴിച്ച സമയത്തിന്‍റെ സന്തോഷം, മഹത്ത്വം, കുടുംബത്തിലെ കൂട്ടായ്മയ്ക്കു വന്ന ശക്തിയും ബലവും, സ്നേഹത്തിന്‍റെ ഐക്യത്തില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചതിന്‍റെ മധുരാനുഭവങ്ങള്‍…

ഈ കാലഘട്ടത്തില്‍ ജിഎന്‍എച്ചും കുറവായിരുന്നു എന്നു വിലയിരുത്തപ്പെടുന്നുണ്ടെങ്കില്‍ കരുതലോടെ, പ്രാര്‍ത്ഥനയോടെ നമ്മുടെ കുടുംബബന്ധങ്ങളെ വിലയിരുത്തപ്പെടേണ്ടതാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org