ഇതോ ജയം...?

ഇതോ ജയം...?
ദൈവത്തെ വിജയിക്കാന്‍ അനുവദിക്കാത്ത മാനുഷിക വിജയങ്ങള്‍ക്കൊന്നിനും ദൈവസന്നിധി യില്‍ വിലയില്ല. മാഞ്ഞുപോകുന്ന മൂടല്‍മഞ്ഞിനെ കിരീടമണിയിക്കാന്‍ ഉദ്യമിക്കുന്നതുപോലെയാണ് അത്തരം വിജയങ്ങള്‍.

''ഇന്നലെ എട്ടു മണിക്കൂറിനിടെ അവള്‍ എന്നെ ഏഴുപ്രാവശ്യം വിളിച്ചു. ഞാന്‍ ഫോണെടുത്തില്ല. എന്നോടാ കളി.'' പിണങ്ങിപ്പോയ ഭാര്യയുടെ അനുരഞ്ജന നീക്കം തകര്‍ത്ത കാര്യം ഭര്‍ത്താവെന്ന വിജയി കൂട്ടുകാരനോട് വിവരിക്കുന്ന രംഗമാണ്. ''നമ്മുടെ കൊച്ചിന്റെ കല്യാണം നടക്കാത്ത കാര്യം പറഞ്ഞ് അവളൊന്ന് ചൊറിഞ്ഞു. കെട്ടിയവനോട് പിണങ്ങി വീട്ടില്‍ വന്നുനില്ക്കുന്ന അവളുടെ പുത്രിയുടെ കാര്യം പറഞ്ഞു ഞാനങ്ങോട്ടൊന്ന് മാന്തി. അവള്‍ വാലും മടക്കി സ്ഥലം വിട്ടു.'' അയല്ക്കാരിയുമായുള്ള സൗ ഹൃദമത്സരം ജയിച്ചതിന്റെ കഥ വീട്ടില്‍ വന്നിരുന്നു വിളമ്പുന്ന ഒരമ്മ. ഈ വിവരണമാകട്ടെ, ഒരു യുദ്ധം ജയിച്ചു വന്ന രീതിയിലാണ്. മുഖം തുടുക്കുന്നു. കൈകള്‍ ചടുലമാകുന്നു. ചിരിയും വാക്കുകളും കെട്ടിമറിയുന്നു. അകത്തെ ആഹ്ലാദം മുഖത്ത് തെളിയുന്നു. ചിലര്‍ക്ക് ഇത്രയും മതി. ചില കുത്തിത്തിരുപ്പുകളിലും കുന്നായ്മകളിലും ഒറ്റ ഗോള്‍ ജയം നേടുമ്പോള്‍ ദിഗ്വിജയം നേടിയ ചക്രവര്‍ത്തിയുടെ മട്ടിലാണ് ചിലരുടെ മുഖം വിടരുന്നത്. ഗുരുത്വമില്ലാത്ത ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥിയെ അടിച്ചിരുത്തിയതിന്റെ കഥ റിട്ടയര്‍മെന്റിനുശേഷവും കൂട്ടുകാരുടെ മുന്നില്‍ വിവരിക്കുന്ന മാഷും ഈ ജനുസ്സില്‍ പെടും. പതിനെട്ടു കാരന്‍ പയ്യനെ തന്റെ അമ്പതാം വയസ്സില്‍ വാക്‌പോരില്‍ തോല്പിച്ചതിന്റെ കഥയാണ് ഒരു എണ്‍പതുകാരന്‍ അയവിറക്കുന്നത്.

വിജയകരമായ നിയമലംഘനങ്ങള്‍, വാക്പയറ്റിലെ ജയം, യോഗ്യരെ ഒഴിവാക്കി നേടിയ ജയങ്ങള്‍, സ്വന്തം ആരാധകവൃന്ദം തരുന്ന താമ്ര പത്രങ്ങള്‍, തരപ്പടിക്കാര്‍ വിതരണം ചെയ്യുന്ന അംഗീകാരങ്ങള്‍, പ്രായം, സ്ഥാന പദവി എന്നിവയുടെ പേരില്‍ നേടിയ മുന്നേറ്റങ്ങള്‍, ആശ്രിതരുടെ മേല്‍ കാണിക്കുന്ന അധീശത്വം... ഇത്തരം കാര്യങ്ങള്‍ ജയമായി ആഘോഷിക്കുന്നവരോട് ദൈവത്തോടൊപ്പം മാത്രം സ്വന്തം വിജയങ്ങള്‍ നിര്‍ണ്ണയിക്കുന്നവര്‍ ചോദിക്കുന്നുണ്ട്, ഇതോ ജയം കണ്ണാ....! ആരുടെയോ പോക്കറ്റടിച്ച് ആള്‍ക്കൂട്ടത്തിലേക്ക് ഊളിയിടുന്ന ചെറുപ്പക്കാരനോട് ആ നഗരത്തില്‍ നിത്യ വൃത്തിക്കുവേണ്ടി ഭിക്ഷയെടുക്കുന്നവര്‍ ചോദിക്കുന്നുണ്ട്, ഇതോ നേട്ടം മകനേ...!

ദൈവത്തോടുകൂടെ നേടാത്ത ജയങ്ങളൊക്കെയും അന്തഃസാര ശൂന്യങ്ങളാണ്. മരണാസന്നനായ ദാവീദ് രാജാവ് പുത്രന്‍ സോളമനെ ഉപദേശിച്ചത് ഇങ്ങനെയാണ്: ''നിന്റെ ദൈവമായ കര്‍ത്താവിന്റെ ശാസനകള്‍ നിറവേറ്റുക. മോശയുടെ നിയമത്തില്‍ എഴുതിയിട്ടുള്ളതുപോലെ അവിടത്തെ മാര്‍ഗത്തില്‍ ചരിക്കുകയും അവിടത്തെ ചട്ടങ്ങളും പ്രമാണങ്ങളും കല്‍പനകളും സാക്ഷ്യങ്ങളും അനുസരിക്കുകയും ചെയ്യുക; നിന്റെ പ്രവൃത്തികളും ഉദ്യമങ്ങളും വിജയമണിയും'' (1 രാജാ. 2:3). ദൈവം കൂടെയുള്ളതുകൊണ്ടു മാത്രം വിജയം കരസ്ഥമാക്കിയ ദാവീദു രാജാവിന്റെ ഉപദേശമാണിത്. ദൈവവഴിയില്‍നിന്ന് മാറിനടന്നു കൊണ്ട് നാം നേടുന്നതൊന്നും നേട്ടമല്ല, വ്യാജവിജയങ്ങള്‍ മാത്രമാണ്. വളഞ്ഞ വഴിയില്‍ വകഞ്ഞെടുക്കുന്ന ജോലി, ധനം, സ്ഥാനം, ബന്ധങ്ങള്‍, അംഗീകാരം... ഒന്നും ശുദ്ധമായ ജയങ്ങളല്ല. ക്ഷുദ്രവിജയങ്ങള്‍ ആഘോഷിക്കേണ്ടവരല്ല വിശാസികള്‍.

അര്‍ഹമായ വിജയങ്ങളെപ്പോലും ദൈവത്തിന്റെ മുന്നില്‍ ഒതുക്കിപ്പിടിക്കാന്‍ നമുക്ക് ന്യായങ്ങളുണ്ട്. ശരിക്കുള്ള മത്സരത്തില്‍ അര്‍ഹത തെളിയിച്ച് ഒരാള്‍ ഒന്നാമനായി ജയം നേടി എന്നിരിക്കട്ടെ. അതില്‍ മതിമറക്കാനൊന്നുമില്ല. മത്സരിക്കാന്‍ മറ്റാളുകളുണ്ടായിരുന്നു; രണ്ടാമന്‍ ആകാന്‍ ആളുണ്ടായിരുന്നു. അതുകൊണ്ടാണ് നീ ഒന്നാമന്‍ ആയത്. മത്സരമില്ലായിരുന്നെങ്കില്‍ എന്തു ജയം? ജയിച്ചവര്‍ തോറ്റവരെയും പരിഗണിക്കുന്ന സ്ഥിതിയിലാണ് ജയം മഹിമയണിയുന്നത്. ജര്‍മ്മന്‍ ചിന്തകനായ ഹേഗല്‍ മനുഷ്യരുടെ ആത്മ-അവബോധത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ ഉടമ-അടിമ ബന്ധം ഉദാഹരണമാക്കുന്നുണ്ട്. അടിമ പ്രകടമായും ഉടമയുടെ ആശ്രിതനാണ്. എന്നാല്‍ ഉടമയുടെ ആത്മ-അവബോധം അടിമയെ ആശ്രയിച്ചാണിരിക്കുന്നത്. അതായത്, അടിമയില്ലെങ്കില്‍ ഉടമക്ക് ഉടമ എന്ന മട്ടിലുള്ള ആത്മ-അവബോധം കിട്ടുകയില്ല. അടിമകള്‍ വച്ചുനീട്ടുന്ന സ്വത്വബോധമേ ഉടമയ്ക്കുള്ളൂ. പറഞ്ഞുവരുന്നത് ഇതാണ്: ഉടമയുടെ ആധിപത്യജയങ്ങള്‍ അടിമയുടെ സംഭാവനയാണ്.

ജയിച്ചു തിളങ്ങിനില്ക്കുന്നവരെക്കുറിച്ച് ഗുരുതുല്യനായ ഒരാള്‍ ഒരിക്കല്‍ പറഞ്ഞത് ഓര്‍മ്മയിലുണ്ട്. ''ഒരാശ്വാസമേയുള്ളൂ. പ്രതാപികളായ അവരും പാവങ്ങളായ നമ്മളും ഒരിക്കല്‍ മരിക്കും.'' പക്ഷേ, മരണത്തില്‍ എല്ലാ കണക്കുകളും തീരുന്നില്ല. മരണശേഷം ദൈവത്തിന്റെ മുമ്പില്‍ നാം അവശേഷിപ്പിക്കുന്നതാണ് യഥാര്‍ത്ഥ വിജയത്തിന്റെ വിഷയങ്ങള്‍. വത്സരങ്ങള്‍ക്ക് അറുതിയില്ലാത്തവനായ ദൈവത്തെ വിജയിക്കാന്‍ അനുവദിക്കാത്ത മാനുഷിക വിജയങ്ങള്‍ക്കൊന്നിനും ദൈവസന്നിധിയില്‍ വിലയില്ല. മാഞ്ഞുപോകുന്ന മൂടല്‍മഞ്ഞിനെ കിരീടമണിയിക്കാന്‍ ഉദ്യമിക്കുന്നതുപോലെയാണ് അത്തരം വിജയങ്ങള്‍. ''എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചുകളയുന്നു'' (മത്താ. 12:30) എന്നാണ് ഈശോയുടെ വാക്കുകള്‍. നമ്മുടെ കൈകള്‍ നിറഞ്ഞോ എന്നല്ല, ദൈവത്തോടൊപ്പമാണോ ശേഖരിച്ചത് എന്നതാണ് പ്രധാനം. ഇക്കാര്യം സ്ഥിരം ഉറപ്പാക്കാന്‍ നാം ഇടക്ക് നമ്മോടു തന്നെ ചോദിക്കണം, ഇതോ ജയം കണ്ണാ...?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org