ബില്‍ഗേറ്റ്‌സ് മെലിന്‍ഡ നമുക്കൊരു മാതൃകയോ?

ബില്‍ഗേറ്റ്‌സ് മെലിന്‍ഡ നമുക്കൊരു മാതൃകയോ?

ഫാ. സിജോ കണ്ണമ്പുഴ ഒ.എം.

ബഹളങ്ങളും കുറ്റാരോപണങ്ങളും വെല്ലുവിളികളും ഇല്ലാതെ വളരെ സമാധാനപരമായ അന്തരീക്ഷത്തിലാണ് ബില്‍ഗേറ്റ്‌സും മെലിന്‍ഡയും തമ്മിലുള്ള വേര്‍പിരിയല്‍ സംഭവിച്ചത്. നമ്മുടെ സമൂഹത്തില്‍ വിവാഹമോചനങ്ങള്‍ വളരെയധികം മാനസിക ക്ലേശങ്ങളും വ്യക്തിഹത്യകളും ശത്രുതകളും ഉളവാക്കുമ്പോള്‍ ബില്‍ഗേറ്റ്‌സ് മെലിന്‍ഡ വേര്‍പിരിയല്‍ ഒരു അത്ഭുതമാവുകയാണ്.

അതിരൂപതാ കോടതിയിലേക്ക് വന്ന, വിവാഹം അസാധുവായി പ്രഖ്യാപിക്കാനുള്ള അപേക്ഷകളില്‍ ഒന്ന് പരിഗണിക്കുകയായിരുന്നു. പ്രസ്തുത വിവാഹത്തിനു മൂന്നു മാസത്തെ ആയുസ്സെ ഉണ്ടായിരുന്നുള്ളൂ. പെണ്‍കുട്ടിയുടെ പ്രായം 18. അപേക്ഷ നല്കാന്‍ വന്ന യുവാവായ ഭര്‍ത്താവുമായി സംസാരിച്ചു. തുടര്‍ന്ന് ഭാര്യയായ പെണ്‍കുട്ടിയെ വിളിച്ച് കാര്യങ്ങളെല്ലാം ചോദിച്ച് ബോധ്യപ്പെട്ടു. രണ്ടു പേരുമായും സംസാരിച്ചതില്‍ നിന്ന് അവര്‍ തമ്മിലുള്ളത് ചില സംശയങ്ങളും അതിനെ തുടര്‍ന്നുണ്ടായ തെറ്റിദ്ധാരണകളുമാണെന്നും, ഒരു കൗണ്‍സിലിങ് നടത്തി ഒത്തുപോകാനുള്ള പ്രശ്‌നങ്ങളേ ഉള്ളൂ എന്നും മനസ്സിലായി. അതവരെ പറഞ്ഞു മനസ്സിലാക്കുകയും അതവര്‍ സമ്മതിക്കുകയും ചെയ്തു. പക്ഷേ ചെറുപ്പക്കാരന്‍ ഭാര്യയുമായി തുടര്‍ന്ന് ജീവിക്കാന്‍ ഒരുക്കമല്ലായിരുന്നു. 'അച്ചാ, മഞ്ജു (സാങ്കല്പികം) നിരപരാധിയാണെന്ന് എനിക്ക് മനസ്സിലായി. പക്ഷെ അവളോടൊത്ത് ജീവിക്കാന്‍ എനിക്ക് സാധിക്കില്ല. കാരണം അത്രമാത്രം മോശമായ വാര്‍ത്തകളാണ് എന്റെ ബന്ധുക്കളുടെയും നാട്ടുകാരുടെയും ഇടയില്‍ ഉള്ളത്. അത് അവരെ മനസ്സിലാക്കാനോ വിശ്വസിപ്പിക്കാനോ സാധിക്കില്ല. അതുകൊണ്ടു എനിക്ക് വേറെ നിര്‍വാഹമില്ല.'

ബന്ധം മുന്‍പോട്ട് കൊണ്ടു പോകാന്‍ സാധിക്കുകയില്ലയെന്നോ, വിവാഹം അസാധുവാണെന്നോ ഭര്‍ത്താവിനോ ഭാര്യയ്‌ക്കോ അല്ലെങ്കില്‍ രണ്ടുപേര്‍ക്കുമോ മനസ്സിലായാല്‍ അത് സമാധാനപൂര്‍വ്വം പറഞ്ഞു അവതരിപ്പിക്കാനോ, യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ടു, രണ്ടുകൂട്ടര്‍ക്കും പരമാവധി ബുദ്ധി മുട്ടുകള്‍ കുറച്ചു ഉചിതമായ തീരു മാനങ്ങളിലേക്ക് എത്താനോ പലപ്പോഴും നമ്മുടെ സമൂഹത്തില്‍ കഴിയുന്നില്ല. മറിച്ച് ദമ്പതികള്‍ തമ്മില്‍ അനാവശ്യമായ പ്രതികാര ചിന്തകള്‍ക്കും കുടുംബങ്ങള്‍ തമ്മിലുള്ള വൈരാഗ്യത്തിനും നാളുകള്‍ നീണ്ടുനില്‍ക്കുന്ന പിണക്കങ്ങള്‍ക്കും വ്യക്തിഹത്യകള്‍ക്കും ഇടയാക്കുന്നു.

ദാമ്പത്യബന്ധങ്ങള്‍ മുമ്പത്തേതിനേക്കാള്‍ അപകടം നേരിടുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ദമ്പതികള്‍ തമ്മിലുള്ള നിസ്സാര പ്രശ്‌നങ്ങളും, ചെറിയ സംശയങ്ങളും, ലഘുവായ തെറ്റിദ്ധാരണകളും പറഞ്ഞു മനസ്സിലാക്കി അവരെ നേര്‍വഴിക്ക് നയിക്കേണ്ട കുടുംബാംഗങ്ങളും ബന്ധുക്കളും തന്നെ, പലപ്പോഴും ഊതി വീര്‍പ്പിച്ച ഈഗോയുടെയും അനാവശ്യമായ അഹങ്കാരത്തിന്റെയും പേരില്‍ പലപ്പോഴും ബന്ധങ്ങളെ തകര്‍ക്കുന്നവരായി മാറാറുണ്ട്. തങ്ങളുടെ വൈകാരികശമനത്തിനും മറ്റുള്ളവരുടെ മുന്‍പില്‍ തോറ്റു പോകുമോ എന്ന ചിന്തയിലും, ദമ്പതികളുടെ മാതാപിതാക്കളും വേണ്ടപ്പെട്ടവരും ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങളുടെ അനന്തരഫലം കാലങ്ങളോളം അനുഭവിക്കേണ്ടി വരുന്നത് പലപ്പോഴും അതൊന്നും ആഗ്രഹിക്കാത്ത ദമ്പതികള്‍ തന്നെയായിരിക്കാം.

മുന്‍കാലങ്ങളില്‍ വിവാഹം കഴിപ്പിച്ചയച്ച മക്കളും മാതാപിതാക്കളും തമ്മില്‍ വലിയ ബന്ധങ്ങള്‍ സാധ്യമായിരുന്നില്ല. എന്നാല്‍ ഇന്ന് ഓരോ ദിവസവും എന്താണ് നടക്കുന്നതെന്ന് അപ്പപ്പോള്‍ അറിയാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഇന്ന് ഒന്നും രണ്ടും മക്കളുള്ളതും, മക്കളും അവരും മാതാപിതാക്കളും തമ്മില്‍ കൂടുതല്‍ 'അടുപ്പം' ഉള്ളതും വൈവാഹിക ബന്ധങ്ങളെ അനാരോഗ്യകരമായി ബാധിക്കുന്നുണ്ട്. ദമ്പതികള്‍ തമ്മില്‍ നിസ്സാര പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പോലും 'എങ്കില്‍ നീയിങ്ങു പോരെ' 'അവളെയങ്ങു കൊണ്ടുചെന്നാക്കിക്കോ' എന്നിങ്ങനെ അബദ്ധമായ ഉപദേശങ്ങള്‍ നല്‍കാന്‍ മാതാപിതാക്കള്‍ക്ക് ഇടവരാറുണ്ട്.

സ്വന്തമായി ജോലി ഉള്ളതും സാമ്പത്തികമായും സാമൂഹ്യമായും സ്വതന്ത്രരുമായ സ്ത്രീകള്‍ വൈവാഹികബന്ധത്തിന് ഉലച്ചില്‍ തട്ടുമ്പോള്‍തന്നെ അത് പരിഹരിക്കാന്‍ ശ്രമിക്കാതെ അതില്‍ നിന്ന് 'പുറത്തുകടക്കുവാന്‍' പരിശ്രമിക്കുന്നതും ഇന്ന് കൂടുതലാണ്. വൈവാഹികബന്ധം തുടര്‍ന്നുകൊണ്ടുപോകുവാന്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍, 'അതങ്ങു അവസാനിപ്പിച്ചേക്ക്' എന്ന് ഉപദേശിക്കുന്നവരുടെ എണ്ണം സമൂഹത്തില്‍ കൂടിവരികയാണ്.

പങ്കാളികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും ആദ്യത്തെ പോംവഴി വിവാഹമോചനമല്ല. അത് അവസാനത്തെ, ഏറ്റവും ഒടുവിലത്തെ മാര്‍ഗ്ഗമാണ്. പലപ്പോഴും ചെറിയ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ ശ്രമിക്കാതെ കോടതിയെ സമീപിക്കുന്നവര്‍ വൈവാഹിക ബന്ധത്തിന്റെ അനന്യതയെയാണ് ചോദ്യം ചെയ്യുന്നത്.

മുന്‍കാലങ്ങളില്‍ സഭാകോടതികളിലെത്തുന്ന കേസുകള്‍ ഏതെങ്കിലും വിധത്തില്‍ രക്ഷിച്ചെടുക്കാന്‍ സാധിക്കുമോ എന്ന് നോക്കുകയും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കൗണ്‍സിലിങും നല്‍കി അവരെ മുന്‍പോട്ട് പോകുവാന്‍ സഹായിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇക്കാലങ്ങളില്‍ കോടതികളിലെത്തുന്ന കേസുകള്‍ ഒരിക്കലും സഹായിക്കാനോ രക്ഷിച്ചെടുക്കാനോ സാധിക്കാത്ത വിധത്തില്‍ തകര്‍ന്ന നിലയിലാണ് എത്താറുള്ളത്.

ഇവിടെ നമ്മള്‍ തിരിച്ചറിയേണ്ടതായ ചില യാഥാര്‍ഥ്യങ്ങളുണ്ട്. വളരെ വ്യത്യസ്തവും വ്യതിരിക്തവുമായ കുടുംബപശ്ചാത്തലങ്ങളില്‍ നിന്ന് വരുന്ന ദമ്പതികള്‍ തമ്മില്‍ താല്പര്യങ്ങളിലും ഇഷ്ടങ്ങളിലും വ്യത്യസ്തത ഉണ്ടാകുന്നതും ആശയങ്ങളില്‍ വിയോജിക്കുന്നതും വളരെ സ്വാഭാവികമാണ്. അവര്‍ക്ക് പരസ്പരം മനസ്സിലാക്കാനും, അഭിപ്രായങ്ങള്‍ രൂപീകരിക്കാനും അന്യോന്യം വ്യത്യസ്തകള്‍ തിരിച്ചറിയാനും സമയം അനുവദിക്കണം. വിവാഹബന്ധത്തിലേക്ക് കടക്കുവാന്‍ അവരുടെ മേല്‍ യാതൊരുവിധ സമ്മര്‍ദ്ദങ്ങളുമില്ലെന്നു ഉറപ്പു വരുത്തണം. പങ്കാളിയായി സ്വീകരിക്കുന്ന ആളെക്കുറിച്ച് പരമാവധി കാര്യങ്ങള്‍ അറിയാനും അവരുമായി സ്വതന്ത്രമായി ഇടപെടാനും ആശയങ്ങള്‍ കൈമാറാനും ഇഷ്ടാനിഷ്ടങ്ങള്‍ പരസ്പരം ബോധ്യപ്പെടുത്താനുമൊക്കെ ആവശ്യത്തിന് സമയം വിവാഹത്തിന് മുന്‍പ് തന്നെ നല്കപ്പെടേണ്ടതാണ്. വിവാഹബന്ധത്തിലേക്ക് പ്ര വേശിക്കുന്ന വരനും വധുവിനും സ്വയം തെറ്റുകള്‍ മനസ്സിലാക്കാനും തിരുത്താനും അവസരങ്ങള്‍ നല്കപ്പെടണം.

ഏറ്റവും പ്രധാനമായി പങ്കാളി ദൈവത്താല്‍ നല്കപ്പെട്ടതാണെന്നും ദൈവീകപദ്ധതിയുടെ ഭാഗമാണെന്നും തിരിച്ചറിയാനും മനസ്സിലാക്കാനുമുള്ള ആത്മീയ ഭൗതീക പരിതഃസ്ഥിതികള്‍ ഉറപ്പുവരുത്തണം. വിവാഹം വ്യക്തികള്‍ തമ്മില്‍ മാത്രമല്ല, രണ്ടു കുടുംബങ്ങളും സമൂഹങ്ങളും തമ്മിലാണ്. അതിന്റെ പരാജയം രണ്ടുപേരുടെ മാത്രം പരാജയമല്ല. രണ്ടു കുടുംബങ്ങളുടെയും സമൂഹത്തിന്റേതുമാണ്.

ഏതെങ്കിലും കാരണങ്ങള്‍ കൊണ്ട് വിവാഹജീവിതത്തില്‍ പരാജയപ്പെടുന്നവര്‍ക്കും അസാധുവായി വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും മാന്യതയോടെ, പരമാവധി നഷ്ടങ്ങള്‍ കുറച്ചു അതില്‍നിന്ന് പിന്മാറാനും സമൂഹം സാധ്യത നല്‍കേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org