ഫാ. സിജോ കണ്ണമ്പുഴ ഒ.എം.
സന്ന്യാസം ഒരാളുടെ തിരഞ്ഞെടുപ്പാണ്. പൂര്‍ണമായ സ്വാതന്ത്ര്യത്തോടെ അത് തിരഞ്ഞെടുക്കാനും അതില്‍ ജീവിക്കാനും അയാള്‍ക്ക് അവകാശമുണ്ട്. ഒരു പരിഷ്‌കൃത സമൂഹം അയാളുടെ തീരുമാന ത്തെ അംഗീകരിക്കുകയും അയാളെ ബഹുമാനിക്കുകയും ചെയ്യും. ആ തിരഞ്ഞെടുപ്പിന്റെ പേരില്‍ അദ്ദേഹം അര്‍ഹിക്കുന്ന ഒരുവിധത്തിലുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടാന്‍ പാടില്ല. ഇത് ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യമാണ്.
അമേരിക്കന്‍ ഭരണഘടന യുടെ പിതാവും നാലാമത്തെ അമേരിക്കന്‍ പ്രസിഡന്റും ആയിരുന്ന ജെയിംസ് മാഡിസന്റെ അഭിപ്രായത്തില്‍ ജനാധിപത്യത്തിലെ ഏറ്റവും വലിയ അപകടം ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ വേണ്ടവിധത്തില്‍ ബഹുമാനിക്കാതിരിക്കാം എന്നുള്ളതാണ്. ഇന്ത്യന്‍ ഭരണഘടനയുടെ പതിനാലാം ആര്‍ട്ടിക്കിള്‍ എല്ലാ പൗരന്മാര്‍ക്കും തുല്യത ഉറപ്പു നല്‍കുന്നു. മാനസ്സീകവും ധാര്‍മ്മീകവും ആത്മീയവുമായ വികാസത്തിന് ആവശ്യമായവയെല്ലാം ഓരോ വ്യക്തിക്കും ലഭ്യമാക്കുവാന്‍ ഭരണ ഘടന ഉത്സാഹിക്കുന്നുണ്ട്. എപ്പോഴെങ്കിലും, സമൂഹത്തിലെ ചെറിയ ഒരു വിഭാഗത്തി നെങ്കിലും അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന സമത്വമെന്ന ഈ ആശയത്തിന് ഗൗരവമായ അപചയം സംഭവിക്കുന്നുണ്ട്.
ഓരോ സര്‍ക്കാരും ജനനന്മ മുന്‍നിര്‍ത്തി കാലാകാലങ്ങളില്‍ നല്‍കുന്ന ഓരോ സഹായങ്ങളും ഫണ്ടുകളും ആനുകൂല്യങ്ങളും പെന്‍ഷനുകളും അതിന് അര്‍ഹതയുള്ള എല്ലാവരിലേക്കും എത്തേണ്ടതുണ്ട്. അര്‍ഹതയുള്ളവരെങ്കില്‍ അവരുടെ ജീവിതാന്തസ്സോ, അവര്‍ സ്വീകരിച്ച ജീവിതക്രമങ്ങളോ അതിനൊരു തടസ്സമാകാന്‍ പാടില്ല. നല്‍കപ്പെടുന്ന ആനുകൂല്യങ്ങളും സഹായങ്ങളും സമൂഹത്തിലെ അര്‍ഹിക്കുന്ന എല്ലാവര്‍ക്കുമായി വീതിക്കപ്പെടുമ്പോഴാണ് സാംസ്‌കാരിക പുരോഗതിയിലെത്തിയ സമൂഹമായി നാം മാറുന്നത്. അര്‍ഹതയുള്ളവരുടെ അവകാശങ്ങള്‍ അവരുടെ നിലപാടുകളുടെയും തിരഞ്ഞെടുപ്പുകളുടെയും പേരില്‍ നിഷേധിക്കുമ്പോള്‍ ഭരണഘടനയുടെ അന്തസത്തയാണ് ചോദ്യം ചെയ്യപ്പെടുക.
സംസ്ഥാന സര്‍ക്കാരുകള്‍ നല്കിപ്പോരുന്ന പെന്‍ഷനുകളും ആനുകൂല്യങ്ങളും പ്രത്യേക സഹായങ്ങളും നിഷേധിക്കപ്പെടുന്ന ഒരുകൂട്ടം സമര്‍പ്പിത രെയാണ് ഇവിടെ വിവക്ഷിക്കുന്നത്. വിദ്യാഭ്യാസ, ആതുരശു ശ്രൂഷാമേഖലകളില്‍ തനതായ മുദ്രപതിപ്പിച്ചതോ, വിദേശരാജ്യങ്ങളില്‍ സേവനം ചെയ്ത് വരുമാനം കണ്ടെത്തുകയോ, മറ്റ് സാമ്പത്തിക സാധ്യതകളി ലൂടെ ചിലവുകള്‍ നടത്തുകയോ ചെയ്യുന്ന, ആവശ്യത്തിന് മാനുഷീക അദ്ധ്വാനവും (ാമി ുീംലൃ) സ്വത്തുവകകളും ഉള്ള സന്ന്യാസസമൂഹങ്ങളെയല്ല ഇവിടെ പരാമര്‍ശിക്കുന്നത്. യാതൊരു ലാഭേച്ഛയും കൂടാതെ സമൂഹത്തിലെ ഏറ്റവും അരി കുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും ചൂഷണം ചെയ്യപ്പെട്ടവര്‍ക്കും പീഢിതരുമായ വര്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച, അവരെ ശുശ്രൂഷിക്കുന്ന, ദൈവപരിപാലനയില്‍ മാത്രം ആശ്രയിച്ച് മുന്‍പോട്ട് പോകുന്ന സന്ന്യസ്തരെയാണ്.
അവര്‍ സന്യസ്തരാണ് എന്നതുകൊണ്ടുമാത്രം പലപ്പോഴും സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കായി നല്‍കുന്ന പല ആനുകൂല്യങ്ങളും പെന്‍ഷനുകളും അവര്‍ക്ക് നല്കപ്പെടുന്നില്ല. കൃഷി, കന്നുകാലിപരിപാലനം എന്നീ മേഖലകളില്‍ വര്‍ഷങ്ങളായി സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അവയില്‍ ഗൗരവമായി ഏര്‍പ്പെട്ടിരിക്കുന്ന സന്യസ്തര്‍ക്ക് ലഭിക്കാറില്ല. ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍, റബ്ബറിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മിനിമം വില, കൃഷിനാശം സംഭവിക്കുമ്പോള്‍ നല്‍കുന്ന നഷ്ടപരി ഹാരങ്ങള്‍, കൃഷിക്കാര്‍ക്കുള്ള പലവിധ ഗ്രാന്റുകള്‍ ഇതൊന്നും സന്യസ്തര്‍ക്ക് നല്കപ്പെടുന്നില്ല.
ഏതൊരു കുടുംബത്തിനും നല്‍കപ്പെടുന്ന റേഷന്‍ കാര്‍ഡ് ഒരു കുടുംബമായി കഴിയുന്ന സന്ന്യാസസമൂഹത്തിന് ലഭിക്കുന്നില്ല. അഗതിമന്ദിരങ്ങള്‍ക്ക് റേഷന്‍, പെര്‍മിറ്റ് വഴിയായി നല്‍കുന്നുണ്ട് എന്നത് മറക്കുന്നില്ല. അതല്ലാതെ സാമ്പത്തികമായി മുന്‍പന്തിയിലല്ലാത്ത സന്ന്യാസഭവനങ്ങള്‍ക്ക് സര്‍ക്കാരിന്റെ റേഷന്‍ ലഭിക്കുന്നില്ല. അര്‍ഹിക്കുന്ന സന്യസ്തര്‍ ക്ക് റേഷന്‍ പെര്‍മിറ്റുകള്‍ നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. റേഷന്‍ കാര്‍ഡ് ഇല്ലാതെ പാചകവാതകം പോലുള്ള അവശ്യവസ്തുക്കള്‍ ലഭ്യമാവുകയില്ല. സന്ന്യാസഭവനങ്ങളെല്ലാം എത്ര ചെറുതോ വലുതോ ആകട്ടെ, നാളുകളായി സ്ഥാപനങ്ങളുടെ ഗണത്തില്‍പ്പെടുത്തുകയും അതുമൂലം അവര്‍ക്ക് ലഭിക്കേണ്ട ന്യായമായ പലതും നഷ്ടപ്പെടുകയും ചെയ്യുന്നു.
ഇപ്പോള്‍ സമൂഹം കടന്നു പോകുന്ന കൊറോണ ഭീതി ഇത്തരത്തിലുള്ള അവസ്ഥകളെ രൂക്ഷമായി ബാധിക്കുന്നുണ്ട്. ജൂലൈ മാസത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഒറ്റത്തവണ സ്‌പെഷ്യല്‍ റേഷന്‍ നല്ലൊരു ശതമാനം സന്ന്യസ്തര്‍ക്കും ഉപകരിച്ചു എന്നുവേണം മനസ്സിലാക്കാന്‍. ഏറ്റവും ആവശ്യത്തി ലിരിക്കുന്ന സന്ന്യാസസമൂഹ ങ്ങള്‍ക്കെങ്കിലും ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ സ്ഥിരമായി ലഭ്യമാക്കേണ്ടതാണ്.
കോവിഡ് വൈറസ് സൃഷ്ടിച്ച ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സഭാസംവിധാനങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും ഒത്തിരി നന്മകള്‍ ഉണ്ടാവുകയും ചെയ്തു എന്നത് നിസ്തര്‍ക്കമാണ്. അതുപോലെതന്നെ ഈ കാലയളവില്‍ ധാരാളം ആതുരശുശ്രൂഷാ സ്ഥാപനങ്ങളും അഗതിമന്ദിരങ്ങളും മുന്‍പെങ്ങുമില്ലാത്തവിധത്തില്‍ പ്ര തിസന്ധികളിലൂടെ കടന്നുപോയി. മറ്റുള്ളവരുടെ സഹാനുഭൂതിയും കാരുണ്യവും ആശ്രയിച്ചുകഴിയുന്ന പല സ്ഥാപനങ്ങളും വിഷമഘട്ടങ്ങള്‍ തരണം ചെയ്യാന്‍ ത്രാണിയില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ഇങ്ങനെയുള്ള സ്ഥാപനങ്ങളുടെ സംരക്ഷണം സമൂഹത്തിന്റെ ആവശ്യമാണ്. ആയതിനാല്‍ ഈവിധമുള്ള സ്ഥാപനങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ നടത്തപ്പെടുന്നുണ്ട് എന്ന് സര്‍ക്കാരും ഉറപ്പു വരുത്തണം.
സര്‍ക്കാര്‍ പദ്ധതികള്‍ക്ക് എല്ലാവരും അര്‍ഹരാണ്. സമര്‍ പ്പിതര്‍ കുടുംബിനികളോ കുടുംബനാഥന്മാരോ ആയിരുന്നു എങ്കില്‍ റേഷന്‍, വാര്‍ദ്ധക്യ പെന്‍ഷന്‍, എല്ലാം കിട്ടുമായിരുന്നില്ലേ? അതുപോലെത ന്നെ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അവര്‍ അര്‍ഹരാണെങ്കില്‍ അവര്‍ സന്ന്യസ്തരാണ് എന്നതിന്റെ പേരില്‍ അവര്‍ക്കു ലഭിക്കേണ്ട പരിഗണന നിഷേധിക്കരുത്. സഭാനേതൃത്വത്തിനും ഇതില്‍ ഇടപെടാന്‍ ബാധ്യതയുണ്ട്. റേഷന്‍ പെര്‍മിറ്റ് ലഭിക്കാനായി ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കാന്‍ സഭ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം.