ചിറകു കരിഞ്ഞ മാലാഖമാര്‍

ചിറകു കരിഞ്ഞ മാലാഖമാര്‍
Published on

പ്രഭാത വാര്‍ത്തകളുടെ മ്ലാനമുഖമാണ് കുട്ടികളുടെ ആത്മഹത്യാ വിവരങ്ങള്‍. അതിനു പിന്നില്‍ അലമുറയിടുന്ന മാതാപിതാക്കളും തളര്‍ന്നു വീണ ബന്ധുക്കളുമുണ്ട്. ദിനംപ്രതിയെന്നോണം കേരളത്തില്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യകള്‍ നടക്കുന്നുണ്ട്. മക്കള്‍ മരണം കൊണ്ട് തങ്ങളെ തോല്പ്പിക്കുമെന്ന് ഒരിക്കലും ഒരു മാതാപിതാക്കളും ചിന്തിക്കുകയില്ല. പക്ഷേ, നിനച്ചിരിക്കാത്ത സമയത്ത് ഒരു വെള്ളത്തുണിക്കെട്ടായി മക്കളെ ഏറ്റുവാങ്ങേണ്ടിവന്ന അപ്പനമ്മമാര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. കുട്ടികളുടെയാണെങ്കിലും ആത്മഹത്യക്ക് ന്യായീകരണമില്ല. ഓരോ ആത്മഹത്യ കഴിയുമ്പോഴും നടക്കുന്ന ചര്‍ച്ചകള്‍ രാഷ്ട്രീയ, ജാതീയ, അധികാര താത്പര്യങ്ങള്‍ തങ്ങളുടെ വഴിക്ക് തട്ടിയെടുക്കും. എന്നാല്‍ കുട്ടികളുടെ ആത്മഹത്യ എന്ന കൊടും സാധ്യതയെ എങ്ങനെ പ്രതിരോധിക്കണം എന്ന ആലോചനയാണ് പൊതുസമൂഹത്തില്‍ കൂടുതലായി നടക്കേണ്ടത്.

എല്ലാ ആത്മഹത്യകളുടെയും പ്രത്യക്ഷകാരണങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കും. മാതാപിതാക്കള്‍ വഴക്കു പറഞ്ഞു, പരീക്ഷയില്‍ തോറ്റു, പ്രണയ നൈരാശ്യം… അങ്ങനെ ബഹുവിധ കാരണങ്ങള്‍. പക്ഷേ, എല്ലാ ആത്മഹത്യകളുടെയും പ്രഭവകാരണം ഒന്നായിരിക്കും: ജീവിതത്തിന്റെ ഭാരം താങ്ങാനുള്ള കെല്പ്പില്ലായ്മ. കുട്ടികളെ വളര്‍ത്തുന്ന മാതാപിതാക്കളും അവരെ പഠിപ്പിക്കുന്ന അധ്യാപകരും അവരെ അനുയാത്ര ചെയ്യുന്ന സഭാസമൂഹവും കുട്ടികള്‍ക്ക് ജീവിതഭാരം താങ്ങാനുള്ള പ്രാപ്തിയുണ്ടാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. അതിനു പ്രായോഗികമായി ചെയ്യേണ്ട ഏതാനും കാര്യങ്ങളാണ് നമ്മുടെ ആലോചനാവിഷയം.

1. ജീവിതത്തിന്റെ പരുക്കന്‍ഭാവങ്ങളില്‍നിന്ന് കുട്ടികളെ പാടേ അകറ്റി നിര്‍ത്താതിരിക്കുക. ചില ഭാരങ്ങള്‍ ശരീരത്തിലും മനസ്സിലും പ്രായാനുസൃതം അനുഭവിക്കാന്‍ അവരെ അനുവദിക്കുക. പുറത്തിറങ്ങി ഓടാനും ചാടാനും അനുവദിക്കാതെ അകത്ത് അടുക്കിപ്പെറുക്കി വച്ചിരിക്കുന്ന കുഞ്ഞ് വീഴ്ച്ചയെന്തെന്നോ, ദേഹത്ത് തൊലിപോകുന്നതിന്റെ നീറ്റല്‍ എന്തെന്നോ ഒരിക്കലും മനസ്സിലാക്കുകയില്ല. ശരീരം വിയര്‍ക്കാതെയും അല്പംപോലും തണുപ്പടിക്കാതെയും നഴ്‌സറിപ്പരുവത്തില്‍ വളരുന്ന കുഞ്ഞ് ചൂടന്‍ അനുഭവങ്ങളില്‍ പിടിച്ചു നില്ക്കും എന്ന് കരുതരുത്. മുഖം വാടും, കരച്ചില്‍ വരും എന്നൊക്കെ പറഞ്ഞ് കുട്ടികളുടെ എല്ലാ ഇഷ്ടങ്ങളും സാധിച്ചു കൊടുത്തും അവരെ തിരുത്താതെയും വളര്‍ത്തുന്നവര്‍ നല്ലൊരു തൊട്ടാവാടിക്കാണ് രാസവളമി ട്ടുകൊടുക്കുന്നത് എന്ന് മനസ്സിലാക്കണം.

2. കുട്ടികള്‍ക്ക് പ്രായത്തിനനുസരിച്ചുള്ള സാമൂഹികജീവിതമുണ്ടാകണം. സമപ്രായക്കാരോട് ഇടപെട്ടും ഒപ്പം കളിച്ചും മത്സരിച്ചും ഒരുപക്ഷേ വഴക്കുകൂടിയുമൊക്കെയാണ് കുട്ടികളുടെ മാനസിക ആരോഗ്യം പക്വമാ കുന്നത്. ക്ലാസ്സുമുറികള്‍ അതിനു പറ്റിയ ഇടങ്ങളാണ്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഇത് ഇല്ലാതാക്കുന്നുണ്ട്. കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ കൊടുത്ത് അടക്കിയിരുത്തുന്നവര്‍ വലിയ അപരാധമാണ് അവരോട് ചെയ്യുന്നത്. നിങ്ങള്‍ അവരുടെ സാമൂഹികജീവിതം റദ്ദുചെയ്യുന്നു.

3. ജീവിതത്തിലെ കുറവുകളും പരിമിതികളും കുട്ടികളെ അറിയിക്കണം. എന്റെ ചെറുപ്പത്തിലെ കഷ്ടപ്പാടുകള്‍ എന്റെ മക്കള്‍ അനുഭവിക്കരുത് എന്ന് മാതാപിതാക്കള്‍ ചിന്തിക്കുന്നത് സ്വഭാവികമാണ്. പക്ഷേ, കുറവേതും അറിയാതെ വളരുന്ന മായാലോകത്തെ ഉണ്ണിക്കുട്ടന്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കും എന്ന് നാം ധരിച്ചുവശാകരുത്. തങ്ങളെക്കാള്‍ കഷ്ടപ്പെടുന്നവര്‍ ലോകത്തിലുണ്ടെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. സ്‌പെഷല്‍ സ്‌കൂളുകളിലും അഗതിമന്ദിരങ്ങളിലും ഇടക്ക് അവരെ കൊണ്ടുപോകണം.

4. എപ്പോഴും ചവുട്ടി നില്ക്കാനുള്ള പാറയും പിടിച്ചുനില്ക്കാനുള്ള അത്താണിയുമാണ് ദൈവ വിശ്വാസം എന്ന് കുട്ടികള്‍ക്ക് ബോധ്യപ്പെടണം. എനിക്കാരുമില്ല എന്നല്ല കുട്ടികള്‍ നിരന്തരം വീടുകളില്‍ കേള്‍ക്കേണ്ടത്. നമുക്ക് ദൈവമുണ്ട് എന്നവര്‍ കേട്ട് മനസ്സിലുറപ്പിക്കണം. പ്രാര്‍ഥിക്കുന്ന മാതാപിതാക്കളെ കുട്ടികള്‍ കാണുന്നത്, അവരുടെ മനസ്സിനു ബലംപകരും; അതോടൊപ്പം, ദൈവാനുഗ്രഹം മക്കളെ പൊതിഞ്ഞുനില്ക്കും.

5. തകര്‍ന്നുപോയിട്ടും തോറ്റടിഞ്ഞിട്ടും പിന്നെയും കയറിവന്നവരുടെ കഥകള്‍ കുട്ടികളോട് പറ യാനാളുണ്ടാകണം. എപ്പോഴും വിജയിച്ചു കൊടി പാറിച്ചവരുടെ കഥകള്‍ മാത്രമല്ല അവര്‍ അറിയേണ്ടത്.

6. വ്യവസ്ഥയില്ലാത്ത ഒരു ഉറപ്പ് മാതാപിതാക്കളില്‍ നിന്ന് കുട്ടികള്‍ക്ക് എപ്പോഴും ഉണ്ടാകണം: എന്തൊക്കെ സംഭവിച്ചാലും ഞങ്ങള്‍ നിന്നെ കൈവിടില്ല എന്ന ഉറപ്പ്. പരീക്ഷയില്‍ തോറ്റാലും തെറ്റുകള്‍ വരുത്തിയാലും സമ്മാനം നഷ്ടപ്പെട്ടാലും ഇന്റര്‍വ്യൂവിനു പരാജയപ്പെട്ടാലും എനിക്കെന്റെ വീട്ടിലേക്ക് കയറിച്ചെല്ലാം എന്നൊരു ബോധ്യമാണ് കുട്ടികള്‍ക്ക് കിട്ടേണ്ടത്. തോറ്റാല്‍ ഈ നാട്ടില്‍ കണ്ടുപോകരുതെന്ന് കല്പനയിറക്കിയിട്ടുള്ള അപ്പന്‍, മക്കള്‍ക്ക് മരണവാതില്‍ തുറന്നിടുകയാണെന്ന് ഓര്‍ക്കണം.

സ്വയംഹത്യയുടെ ഭ്രാന്തന്‍ തീരുമാനമെടുക്കും മുമ്പ് ഈ കുഞ്ഞുങ്ങള്‍ക്ക് ഒന്നു സംസാരിക്കാന്‍ ഈ ലോകത്ത് ആരെയും കിട്ടിയില്ലല്ലോ ദൈവമെ… മുതിര്‍ന്നവരായ ഞങ്ങള്‍ എന്തൊരു പരാജയമാണ്!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org