
ഫാ. സിജോ കണ്ണംമ്പുഴ OM
'മനുഷ്യരാശിക്കുള്ള ദൂതന്‍' എന്ന് നോബല്‍ സമ്മാന കമ്മിറ്റിയുടെ മറു പേര് ലഭിച്ച എലീ വീസല്‍ (Elie Wiesel) റുമേനിയയില്‍ ജനിച്ച ഒരു അമേരിക്കന്‍ എഴുത്തുകാരന്‍ ആയിരുന്നു. ഓഷ്‌വിറ്റ്‌സിലെ നാസിപീഡനം അതിജീവിച്ച അദ്ദേഹം അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഹ്യൂമാനിറ്റിസ് പ്രൊഫസര്‍ ആയിട്ടാണ് അറിയപ്പെട്ടിരുന്നത്. 1986-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച വീസല്‍, മനുഷ്യന്‍ പുലര്‍ത്തുന്ന നിസ്സംഗതയെക്കുറിച്ച് പറയുന്നത് ശ്രദ്ധേയമാണ്. 'സ്‌നേഹത്തിന്റെ വിപരീതം വെറുപ്പ് അല്ല, നിസ്സംഗതയാണ്. കലയുടെ വി പരീതം വൈരൂപ്യമല്ല, നിസ്സംഗതയാണ്. വിശ്വാസത്തിന്റെ വിപരീതം നാസ്തികത്വം അല്ല, നിസ്സംഗതയാണ്. ജീവിതത്തിന്റെ വിപരീതവും നിസ്സംഗതയാണ്, മരണമല്ല.'
മനുഷ്യനെ നിസ്സംഗത ഇത്രമാത്രം അടക്കിഭരിച്ച മറ്റൊരു സമയം ചരിത്രത്തില്‍ കണ്ടെത്തിയേക്കാം. എന്നാല്‍ ഇന്ത്യന്‍ സമൂഹത്തെ ഇത്രമാത്രം നിസ്സംഗത ബാധിച്ചിച്ച വേറൊരു സമയമുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. അച്ചടിയും മാധ്യമങ്ങളും വികാസം പ്രാപിക്കാത്ത കാലയളവുകളില്‍ പോലും ജനങ്ങള്‍ക്കുണ്ടായിരുന്ന സ്വാതന്ത്ര്യവാഞ്ഛയും ആദര്‍ശധീരതയും ഇന്ന് കൈമോശം വന്നുപോയോ എന്ന് കുണ്ഠിതപ്പെടുകയാണ്. എല്ലാവരും അവരവരുടെ മാളങ്ങളില്‍, കിട്ടിയ എല്ലിന്‍ കഷണങ്ങളുമായി മല്ലിട്ടുകൊണ്ടിരിക്കുകയാണ്. ആരും തലയുയര്‍ത്താതിരിക്കാനായി നിശ്ചിത ഇടവേളകളില്‍ എല്ലിന്‍കഷണങ്ങള്‍ തത്പരകക്ഷികള്‍ എത്തിക്കുന്നുമുണ്ട്.
'തിന്മ ചെയ്യുന്നവരല്ല ഈ ലോകം നശിപ്പിക്കുക, മറിച്ച് അത് കണ്ടിട്ടും നിശ്ശബ്ദരായിരിക്കുന്നവരാണെന്ന്' ശരിയായി പറഞ്ഞത് ആല്‍ബെര്‍ട് ഐന്‍സ്റ്റീന്‍ ആണ്. നാം ജീവിക്കുന്ന സമൂഹം, പ്രത്യേകിച്ച് ഏറ്റവും അസംഘടിതവും സ്വയം സംരക്ഷിക്കാന്‍ പരിമിതികളുള്ളതുമായ കൂട്ടായ്മകള്‍, ഗൗരവമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അനീതിക്കും മറ്റു പല തിന്മകള്‍ക്കും ഇരയാകുന്നുണ്ടെന്നത് ആര്‍ക്കും അറിയാത്ത കാര്യമല്ല. നാം ഓരോ ദിവസവും അതിനെക്കുറിച്ച് കൂടുതല്‍ ബോധ്യമുള്ളവരാണ്. പക്ഷെ ആരും അതിനെതിരെ പ്രതിരോധം തീര്‍ക്കുന്നില്ല എന്നുള്ളതാണ് സങ്കടകരം.
ശരിയായ മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും നമ്മുടെ രാജ്യത്ത് എല്ലാവര്‍ക്കും അനുഭവിക്കാന്‍ സാധിക്കുന്നില്ല എന്നുള്ളതും, ഏതൊരു വ്യക്തിയും ഏത് നിമിഷവും ഭരണകൂട ഭീകരതയുടെ ഇരയായി മാറാം എന്നുള്ളതും, തീവ്രമായ ഭാഷാ, ദേശ, ജാതി വികാരങ്ങള്‍ ഏതു സമയവും രാജ്യത്ത് ആളിക്കത്താം എന്നുള്ളതും അനല്പമല്ലാത്ത ജാഗ്രത പുലര്‍ത്താന്‍ ഓരോ പൗരനെയും നിര്‍ബന്ധിക്കുന്നു. സ്വതസിദ്ധമായ കഴിവുകളും അറിവും ഉപയോഗിച്ച് തന്റെ ബോധ്യങ്ങളും അഭി പ്രായങ്ങളും പറയാനും, നാലു പേരുടെ മുന്‍പില്‍ അത് പ്രസിദ്ധപ്പെടുത്തുവാനും ഗൗരവമായ വിലക്കുകള്‍ ഇന്ന് അദൃശ്യമായി നിലനില്‍ക്കുന്നുണ്ട്.
എന്നിട്ടും സമൂഹത്തില്‍ പുലരുന്ന നിശബ്ദത, പ്രത്യേകിച്ച് ജനത്തിന് ശബ്ദമാകേണ്ട സ്രോതസ്സുകള്‍ പുലര്‍ത്തുന്ന ആപത്കരമായ മൗനം നിരാശപ്പെടുത്തുന്നതാണ്. 'സ്വന്തം ജീവിതം ബുദ്ധിമുട്ടിലാകരുത്, ആര്‍ക്കും എന്തുസംഭവിച്ചാലും എനിക്കൊന്നുമില്ല' എന്നൊരു സ്വാര്‍ത്ഥചിന്തയിലേക്ക് നമ്മുടെ സമൂഹം കൂപ്പുകുത്തുകയാണോ എന്ന് വിചിന്തനം ചെയ്യേണ്ട സമയമായി. ഇന്ന് ചുറ്റുമുള്ളവരെ ആക്രമിക്കുന്നവര്‍ നാളെ നമ്മെയും ആക്രമിക്കുമെന്ന ലളിതമായ സത്യം പലപ്പോഴും നാം വിസ്മരിക്കുന്നു.
ചുറ്റുമുള്ളവര്‍ അനുഭവിക്കുന്ന അനീതികളോട് നമ്മള്‍ തുറവിയും ക്രിയാത്മകമായ പ്രതികരണമുള്ളവരും ആകുന്നില്ലെങ്കില്‍ ബൈബിളധിഷ്ഠിതമായ നമ്മുടെ ക്രൈസ്തവജീവിതം വെറും പ്രഹസനമാണെന്നു പറയേണ്ടിവരും. ക്രിസ്തുവിന്റെ പരസ്യജീവിതത്തില്‍ അവന്‍ പരിശ്രമിച്ചത് മുഴുവന്‍ 'ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും' (ലൂക്കാ 4:18) നല്‍കാനാണ്. അതേ ക്രിസ്തുവിനെയാണ് ഞാന്‍ അനുഗമിക്കുന്നതെങ്കില്‍ അയല്‍ക്കാരന്‍ അനുഭവിക്കുന്ന അനീതികള്‍ക്കെതിരെ ഞാന്‍ എങ്ങനെ കണ്ണടയ്ക്കും?
'ആരാണ് എന്റെ അയല്‍ക്കാരന്‍' എന്ന് സ്വയം സാധൂകരിക്കാനായി ചോദിച്ച നിയമജ്ഞനോട്, കള്ളന്മാരുടെ ആക്രമണത്തില്‍ വഴിയില്‍ വീണുപോയ മനുഷ്യനെ രക്ഷിച്ച്, സത്രത്തിലെത്തിച്ച്, ശുശ്രൂഷിച്ച സമരിയാക്കാരന്റെ ഉപമ പറഞ്ഞ ഈശോ, ഏത് മനോഭാവത്തിലാണ് ചുറ്റുമുള്ളവരെ നോക്കിക്കാണുകയെന്നു പറയേണ്ടതില്ല. സ്വന്തം ജീവിതം അപരനു പണയമായി നല്‍കി കുരിശുകയറിയ നസറായന്റെ പിന്‍ഗാമികള്‍ക്ക് ചുറ്റുമുള്ളവരുടെ നൊമ്പരങ്ങള്‍ അലോസരങ്ങള്‍ ഉണ്ടാക്കുന്നില്ലെങ്കില്‍ അത് ഗൗരവമായ ഒരു വിലയിരുത്തലിന് നമ്മെ ക്ഷണിക്കുന്നുണ്ട്. ഈ നോമ്പുകാലം എന്റെ അയല്‍ക്കാരനെന്ന ധര്‍മ്മം എത്രമാത്രം തീക്ഷ്ണതയില്‍ ഞാന്‍ ജീവിക്കുന്നുണ്ട് എന്ന് സ്വയം ഒത്തു നോക്കാനുള്ള സമയമാകട്ടെ.
ദൂരെയുള്ള ഹവായ് ദ്വീപുകളില്‍ മരണമെത്തുന്ന നേരവും എണ്ണി കാത്തിരുന്ന നൂറുകണക്കിന് മനുഷ്യര്‍ക്ക് ആശ്വാസത്തിന്റെ നാളമാകുവാന്‍, പ്രതീക്ഷയുടെ ചൈതന്യമാകുവാന്‍ വി. ഡാമിയനെ പ്രേരിപ്പിച്ചതെന്താണ്? കുളിക്കാന്‍ വെള്ളം തയ്യാറാക്കുന്നതിനിടെ കാലില്‍ വീണ തിളച്ചവെള്ളം തന്നെ പൊള്ളിച്ചില്ല എന്ന തിരിച്ചറിവ് ഡാമിയനെ അമ്പരപ്പില്‍ നിന്നും കൊണ്ടുപോയത്, തന്റെ നീണ്ട 11 വര്‍ഷത്തെ കുഷ്ഠരോഗികള്‍ക്കിടയിലെ പ്രവര്‍ത്തനത്തിന് സമ്മാനമായി, ക്രിസ്തു തന്നെയും അതേ രോഗാവസ്ഥയിലേക്ക് നയിച്ചു എന്ന തിരിച്ചറിവാണ്. കെട്ടിത്തൂക്കിയ ഒരു കയ്യും, പ്ലാസ്റ്ററിട്ട ഒരു കാലും, വലിച്ചിഴയ്ക്കുന്ന മറ്റേക്കാലുമായി പിന്നെയും ഡാമിയന്‍ കുഷ്ഠരോഗികള്‍ക്കിടയിലേക്കിറങ്ങിയത് പുഞ്ചിരിച്ചുകൊണ്ടുതന്നെയാണ്.
കല്‍ക്കട്ടയുടെ തെരുവോരങ്ങളില്‍ വീണുമരിച്ചിരുന്ന മനുഷ്യരില്‍ ഒരു അല്‍ബേനിയന്‍ കന്യാസ്ത്രീ ദൈവമുഖം കണ്ടില്ലായിരുന്നെങ്കില്‍ ഇന്ന് നമുക്കൊരു മദര്‍ തെരേസ ഉണ്ടാകുമായിരുന്നോ? മടിക്കുത്തില്‍ ഉണ്ടായിരുന്ന അഞ്ചുരൂപാ നോട്ടിലല്ല, ക്രിസ്തുവിന്റെ അനന്തമായപരിപാലനയില്‍ മാത്രം ശരണപ്പെട്ടുകൊണ്ടു മദര്‍ തെരേസ ഇറങ്ങിയപ്പോള്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിലെ കമ്മ്യൂണിസ്റ്റു രാജ്യങ്ങളില്‍ പോലും, ക്രിസ്തു നീലക്കരയുള്ള വെള്ളസാരി ധരിച്ച സന്ന്യാസിനികളിലൂടെ പിറവിയെടുക്കുകയായിരുന്നു. ക്രിസ്തുവിനെ അറിയാത്തവരും മദര്‍ തെരേസയുടെ സിസ്റ്റേഴ്‌സിനെ അറിയും എന്നുള്ളത് തമാശയല്ല. പതിറ്റാണ്ടുകളില്‍ സലേഷ്യന്‍ മിഷനറിമാര്‍ ചെയ്ത മിഷണറി പ്രവര്‍ത്തനം എന്തുമാറ്റമാണ് ഒരു സമൂഹത്തില്‍ വരുത്തിയതെന്നതിന് ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേതു പോലെ ഒരു ദൃഷ്ടാന്തമില്ല. തീവ്രവാദവും അസ്വാരസ്യങ്ങളും നില നില്‍ക്കുമ്പോഴും അവിടെയുള്ള ചെക്ക് പോസ്റ്റുകളില്‍ 'ഡോണ്‍ ബോസ്‌കോ' എന്ന പേരില്‍ കടന്നുപോകുന്ന ഒരു വാഹനവും തടയപ്പെടാറില്ല.
പരിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ കാസ എടുത്തുയര്‍ത്തുമ്പോള്‍ വെടികൊണ്ട് അള്‍ത്താരയില്‍ വീണുമരിച്ച എല്‍സാല്‍വദോറിയന് ബിഷപ്പ് ഓസ്‌കര്‍ റോമേരോയുടെ ജീവിതം ഇന്നും കൊതിപ്പിക്കുന്നതാണ്. രക്തസാക്ഷിയായി പ്രഖ്യാപിക്കപ്പെട്ട ബിഷപ് ഓസ്‌കറിന്റെ ജീവിതം സിനിമയായി ഇറങ്ങിയിട്ടുണ്ട്. ചതിയില്‍പ്പെട്ട് മറ്റ് വിശ്വാസികളോടൊപ്പം അദ്ദേഹം ജയിലിലടയ്ക്കപ്പെടുമ്പോള്‍, ജയില്‍ മുറികളില്‍നിന്ന് കൂടെയുള്ളവരുടെ ക്രൂരപീഡനമേറ്റുള്ള നിലവിളികള്‍ ഉയരുമ്പോള്‍ ഒന്നും ചെയ്യാനാകാതെ, നിസ്സഹായനായി, ഇരുമ്പഴികളില്‍ പിടിച്ച് 'അരുത്, അരുത്, നിര്‍ത്തൂ, അവരും മനുഷ്യരാണ്' എന്ന് വിളിച്ചുപറയുന്ന, അലറിക്കരയുന്ന ഓസ്‌കറിനെ ആ സിനിമ കണ്ട ആരും മറക്കാനിടയില്ല.
ഇനിയുമുണ്ട് ആയിരക്കണക്കിന് വിശുദ്ധരുടെ ഉദാഹരണങ്ങള്‍. മദര്‍ തെരേസയും ഡാമിയനും ചാവറയച്ചനും മറിയം ത്രേസ്യയും ജീവിച്ചിരുന്ന സഭ ഇന്നതിന്റെ കര്‍ത്തവ്യങ്ങളില്‍, ശബ്ദമാകാനും ജീവന്‍ കൊടുക്കാനും എത്രമാത്രം തയ്യാറാകുന്നുണ്ട്? ആരൊക്കെയോ എറിഞ്ഞു കൊടുത്ത അധികാരത്തിന്റെ അപ്പക്കഷണങ്ങളും, സുഖങ്ങളുടെ എല്ലുകഷണങ്ങളും കടിച്ചുവലിക്കാന്‍ മാത്രം ശ്രദ്ധിച്ചാല്‍ നഷ്ടപ്പെടുന്നത് ക്രിസ്തു തുടങ്ങിവച്ച, ചുറ്റുമുള്ളവര്‍ക്ക് 'ജീവന്‍ സമൃദ്ധമാക്കുവാനുള്ള' സഭയുടെ വിളിയും ചൈതന്യവുമായിരിക്കും. പിതാവു നല്‍കിയ പത്തുകല്പനകള്‍ പുത്രന്‍ ചുരുക്കി നല്‍കിയത് വെറും രണ്ടെണ്ണമായാണ്. എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്‌നേഹിക്കുക, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക.
അയല്‍ക്കാരന്റെ ജീവിതത്തിന്മേലുള്ള അനീതിയുടെ പ്രവര്‍ത്തനങ്ങളെ ശക്തിയുക്തം എതിര്‍ക്കാതെ, അവന്റെ ചങ്ങലകളെ പൊട്ടിച്ചെറിയാന്‍ സഹായിക്കാതെ, അവനും സ്വാതന്ത്ര്യത്തിന്റെ വാതിലുകള്‍ തുറന്നുകൊടുക്കാതെ നമ്മള്‍ പടുത്തുയര്‍ത്തുന്നതൊന്നും ക്രൈസ്തവമല്ല എന്നു പറയാതെ തരമില്ല.
നമ്മുടെ തടവറകളില്‍ സ്റ്റാന്‍ സ്വാമിമാര്‍ നിറയുമ്പോള്‍, നമ്മുടെ തെരുവുകളില്‍ കര്‍ഷകര്‍ വീണു മരിക്കുമ്പോള്‍, നമ്മുടെ രാജ്യം ഗൗരവമായ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍, അടുത്ത തലമുറയുടെ ജീവിതം പോലും ചോദ്യം ചെയ്യപ്പെടുമ്പോള്‍, ഇനിയും ഇന്നലത്തെ ആഡംബരങ്ങളുടെ നിര്‍വൃതിയില്‍ മത്തുപിടിച്ചിരുന്നാല്‍ നമ്മളിനിയും പ്രതിനിധാനം ചെയ്യുന്നത് ക്രിസ്തുവിന്റെ സഭയെയാണെന്ന് ആരും വിശ്വസിക്കില്ല. 'എന്റെ സഹോദരന്റെ കാവല്‍ക്കാരനാണോ ഞാന്‍' എന്ന മറുചോദ്യമുയര്‍ത്തിക്കൊണ്ടു നമുക്ക് തിരിച്ചുനടക്കാം, 'നിന്റെ സഹോദരന്‍ ആബേലെവിടെ?' എന്ന ചോദ്യം നമ്മളില്‍ യാതൊരു സങ്കോചവും സൃഷ്ടിക്കുന്നില്ലെങ്കില്‍.