പറയൂ, നിങ്ങള്‍ പാവങ്ങളുടെ കണ്ണീരൊഴിച്ചാണോ പായസമുണ്ടാക്കുന്നത്?

പറയൂ, നിങ്ങള്‍ പാവങ്ങളുടെ കണ്ണീരൊഴിച്ചാണോ പായസമുണ്ടാക്കുന്നത്?

ആന്റണി ചടയംമുറി

ആന്റണി ചടയംമുറി
ആന്റണി ചടയംമുറി

കോവിഡ്കാലം കണ്ണീര്‍ക്കാലമാണ്. എല്ലാവരും പ്രതിസന്ധിയിലാണ്. വരുംകാലത്തേയ്ക്കുള്ള വരുമാനങ്ങള്‍ പണയം വച്ച് കേരളീയര്‍ കെട്ടിയുയര്‍ത്തിയ പല മേലാപ്പുകളും തകര്‍ന്നു വീഴുകയാണിപ്പോള്‍. പ്രതിമാസ തവണകള്‍ എന്ന ഇ.എം.ഐ.യും പട്ടിണി കിടന്നാലും പണം കൊടുക്കേണ്ടി വരുന്ന വാടക ഇടപാടുകളും ജനജീവിതത്തെ ഉഴുതുമറിച്ചു കഴിഞ്ഞു. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ പലതും ചെയ്യുന്നുണ്ടെങ്കിലും അതെല്ലാം വെറും 'കാട്ടിക്കൂട്ടല്‍' മാത്രമാണെന്നു പറയേണ്ടിവരുന്നു. അഴിമതിയും ഇടനിലക്കാരുടെയും ദല്ലാളുകളുടെയും കുന്തളിപ്പും ചേര്‍ന്ന് മലിനമായിരിക്കുന്ന ഒരു ഭരണ-രാഷ്ട്രീയ വ്യവസ്ഥിതിയില്‍ ജനം വറചട്ടിയില്‍ തന്നെയാണിപ്പോഴും.

ഈ ദുരവസ്ഥ വിവരിക്കാന്‍ രണ്ടോ മൂന്നോ വാര്‍ത്തകള്‍ മതിയാകും. ഒന്ന് തൊട്ടടുത്ത കര്‍ണ്ണാടകയില്‍ നിന്നാണ്. നമ്മള്‍ ഇരുപതും മുപ്പതും രൂപ കൊടുത്തുവാങ്ങുന്ന തക്കാളിക്ക് ഇടനിലക്കാര്‍ കര്‍ഷകന് നല്കുന്ന വില കേട്ടാല്‍ നമ്മള്‍ ഞെട്ടും. കിലോഗ്രാമിന് എഴുപത്തിയഞ്ച് പൈസ! ഹോളിയും തെരഞ്ഞെടുപ്പും വന്നപ്പോള്‍, കേരളത്തില്‍ നിന്ന് ഉത്തരേന്ത്യയിലേക്ക് മടങ്ങിപ്പോകാന്‍ ടൂറിസ്റ്റ് ബസ് മേഖലയിലെ ഏജന്റുമാര്‍ എന്ന ഇടനിലക്കാര്‍ ആളൊന്നിന് വാങ്ങിയത് 8000 രൂപ മുതല്‍ 10,000 രൂപ വരെ! ഇതില്‍ പാവം ബസ്സുകാര്‍ക്ക് ലഭിച്ചത് 2000 മുതല്‍ 3000 രൂപ വരെ! അതു മാത്രമോ, കേരളത്തിലേക്കുള്ള മടക്കയാത്രയ്ക്ക് യാത്രക്കാരെ നല്കാതെ ഏജന്റുമാര്‍ ബസ്സുകാരെ കബളിപ്പിക്കുകയും ചെയ്തു. അതും പോരാഞ്ഞ്, ടൂറിസ്റ്റ് ബസ്സുകള്‍ പാര്‍ക്ക് ചെയ്യാന്‍ ദിവസേന 300 രൂപ, ഗുണ്ടാപ്പിരിവ് 10,000 രൂപ എന്നിങ്ങനെയുള്ള അനുബന്ധ തരികിടകള്‍ വേറെയും. ഏറ്റവും രസകരമെന്നു പറയുന്നത് മലയാളി ബസ്സ് ജീവനക്കാരെയും ബസ്സുടമകളെയും കബളിപ്പിച്ചത് കേരളത്തില്‍ നിന്നുള്ള രണ്ട് പ്രമുഖ ട്രാവല്‍സുകാരാണത്രെ! അവരുടെ കുത്തകയാണ് അതിഥിത്തൊഴിലാളികളുടെ വരവും പോക്കും. തീവണ്ടികള്‍ ഓടാതെ വരുമ്പോഴും, തിരക്ക് മൂലം ടിക്കറ്റ് കിട്ടാതെ വരുമ്പോഴും ഈ ലോബികള്‍ ചില 'ചീഞ്ഞകളി' കളിക്കും. പാവം അതിഥിത്തൊഴിലാളികളും ഒന്നോ രണ്ടോ ബസ്സുകളുള്ളവരും, അവരുടെ ജീവനക്കാരും ഈ കള്ളക്കളിയില്‍പ്പെടും. മലയാളി മലയാളിയെ അല്ല, ഒപ്പമുള്ള ആരെയും കബളിപ്പിക്കാനും കാശുണ്ടാക്കാനും ഏതറ്റം വരെയും പോകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

ഇത്തരം കബളിപ്പിക്കലുകള്‍ക്ക് അറുതി വരണം, നേരത്തെ പറഞ്ഞ ടൂറിസ്റ്റ് ബസ്സുകളെ മുന്‍നിര്‍ത്തിയുള്ള 'പകല്‍ക്കൊള്ള' അവസാനിപ്പിക്കാന്‍ തങ്ങളുടെ യൂട്യൂബ് ചാനല്‍ വഴി കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ നിന്നുള്ള 'ഇ ബുള്‍ജെറ്റ്' ടീമായ എബിനും ലിബിനും കഴിഞ്ഞത്, അവര്‍ കണ്‍മുമ്പില്‍ കണ്ട ബസ് ജീവനക്കാരുടെ യാതനകളാണ്. ആസ്സാമില്‍പെട്ടുപോയ നൂറിലേറെ ടൂറിസ്റ്റ് ബസ് ജീവനക്കാരെ കഴിയാവുന്ന വിധം സഹായിച്ചുകൊണ്ട് അവര്‍ മലയാളിയുടെ മനസ്സില്‍ കരുണ വറ്റിയിട്ടില്ലെന്ന ബോധ്യമുണ്ടാക്കി. ഞായറാഴ്ചയും (മെയ് 16) തിങ്കളാഴ്ചയുമായി അവരുടെ യൂട്യൂബ് പരിപാടിയിലൂടെ ഈ ബസ്സ് ജീവനക്കാരുടെ ദുരിതജീവിതം പുറംലോകത്തെ അറിയിച്ചു. അതോടെ നവമാധ്യമങ്ങളില്‍ കണ്ണുംനട്ടിരിക്കുന്ന പലരും ഈ യാതനകളെക്കുറിച്ച് കമന്റ് ഇടാന്‍ തുടങ്ങി. ഞായറാഴ്ച രാത്രി 9.20-ന് രണ്ട് മലയാളി യുവാക്കള്‍ യൂട്യൂബിലെ പരിപാടിയിലൂടെ പുറത്തുവിട്ട ചില ബസ്സുടമകളുടെ 'മാഫിയക്കളി' പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് തരിപ്പണമാക്കി. ആസ്സാമില്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലേറിയിരിക്കെ, ഈ പ്രശ്‌നത്തില്‍ ബി.ജെ.പി. നേതാക്കള്‍ തന്നെ നേരിട്ട് ഇടപെട്ടു കഴിഞ്ഞു. അധികൃതര്‍ സ്ഥലത്ത് പാഞ്ഞെത്തി കിറ്റുകളും, സൗജന്യമായി പാര്‍ക്കിങ്ങ് സ്ഥലവും ഓഫര്‍ ചെയ്തു കഴിഞ്ഞു. ആസ്സാമിലെ പല സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ ബസ്സുകള്‍ ഒരുമിച്ച് ഒരിടത്ത് പാര്‍ക്ക് ചെയ്യാനും സംവിധാനമൊരുങ്ങുന്നുണ്ട്.

രാജാവെന്നോ പ്രജയെന്നോ ധനികനെന്നോ ദരിദ്രനെന്നോ ഭേദമില്ലാതെ മഹാമാരിയുടെ ഭീഷണിയുയര്‍ന്നിട്ടും മാനുഷിക മൂല്യങ്ങള്‍ ഇറച്ചിക്കടയിലെന്നപോലെ കൊന്നുതൂക്കി വില്പനയ്ക്കു വയ്ക്കുന്നവരെ ചൂണ്ടിക്കാണിക്കേണ്ടേ ഒരു ക്രൈസ്തവന്‍?

മലയാളി മലയാളിയെ കബളിപ്പിക്കുമ്പോള്‍ അതിനെതിരെ ധീരതയോടെ ഇടപെടാന്‍ കണ്ണൂര്‍ ജില്ലയിലെ കിളിയന്തറക്കാരായ എബിനെയും ലിബിനെയും പ്രേരിപ്പിച്ചതെന്തായിരിക്കാം? ജീവിതത്തില്‍ ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ വഴികളിലൂടെയാണ് ഈ ചെറുപ്പക്കാര്‍ ഇന്നത്തെ നിലയില്‍ എത്തിയത്. കിളിയന്തറയിലെ സെന്റ് മേരീസ് ദേവാലയവും അതിനുചുറ്റുമുള്ള ക്രിസ്തീയ സമൂഹവുമാണ് ഈ യുവാക്കളുടെ ജീവിതയാത്രയില്‍ അവര്‍ക്ക് തുണയായത്. പ്രത്യേകിച്ചും പഠിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്ന ഈ ക്രിസ്തീയയുവാക്കളെ കൈപിടിച്ച് നടത്തിയ ജോസ്ബിനെ പോലെയുള്ള നിരവധി ക്രൈസ്തവ അധ്യാപകര്‍.

ഇല്ലായ്മയുടെ നാളുകളില്‍ കണ്ണീരൊഴുക്കി വിതുമ്പി നിന്ന എബിനെ നിന്നെ രക്ഷിക്കാന്‍ ക്രൂശിതനായ യേശുവിനു കഴിയുമെന്ന് കാതില്‍ചൊല്ലി ഒരു ക്രൂശിതരൂപം സമ്മാനിച്ച സമര്‍പ്പിതയുണ്ട്. ഇന്നും പ്രതിസന്ധികളില്‍ എബിന്‍ അധരത്തോടു ചേര്‍ത്തു ചുംബിച്ച് ആശ്രയം തേടുന്നത് ആ ക്രൂശിതരൂപത്തിലാണ്. ദുരിതത്തിലായ മലയാളികളെ സഹായിക്കാന്‍ അരിയും പച്ചക്കറിയുമായെത്തിയ ആസ്സാമിലെ മലയാളിയായ ഒരിടവക വികാരിയച്ചനുണ്ട്.

ഒരു ക്രിസ്തീയ സമൂഹമെന്ന നിലയില്‍ 'മലമുകളില്‍ പണിത പട്ടണ'മാകാന്‍, 'പീഠത്തിന്മേല്‍ ഉയര്‍ത്തി വച്ച വിളക്കാകാന്‍' ദൈവം നല്കുന്ന സാധ്യതകള്‍ ഈ കോവിഡ് കാലത്തും നമുക്ക് തിരിച്ചുപിടിക്കേണ്ടതുണ്ട്. ഒറ്റയ്ക്ക്, ഒരു ക്രൈസ്തവന് മോക്ഷമാര്‍ഗ്ഗമില്ല. ഒറ്റക്കാലില്‍ തപസ്സ് ചെയ്താല്‍ പ്രസാദിക്കുന്ന ദൈവവും നമുക്കില്ല. അപരനിലേക്ക് കൈ നീട്ടുന്ന, മറ്റുള്ളവരുടെ സങ്കടങ്ങളിലേക്ക് ആണിപ്പഴുതുകളുണ്ടായിട്ടും നടന്നു നീങ്ങുന്ന 'സ്‌നേഹ ദൈവസങ്കല്പ'ത്തിന് ഈ നാളുകളില്‍ ധീരതയോടെ, പ്രവാചകതുല്യം സാക്ഷ്യം വഹിക്കാന്‍ കഴിയേണ്ടേ നമുക്ക്? എബിനും ലിബിനും അത് കഴിഞ്ഞുവെങ്കില്‍ എന്തുകൊണ്ട് നമുക്കും ആയിക്കൂടാ? കണ്ണു തുറന്നിരിക്കാം, കരയുന്നവരെയും ഉള്ള് നുറുങ്ങിയവരെയും ആവുംവിധം സഹായിക്കാം. കരുണയുടെ പാഠങ്ങള്‍ നമ്മുടെ മക്കളെ പഠിപ്പിക്കാം. എഫ്.ഡി. എന്ന സ്ഥിര നിക്ഷേപ സുരക്ഷിതത്വത്തില്‍ വ്യക്തികളും പ്രസ്ഥാനങ്ങളും അഭിരമിച്ച കാലഘട്ടങ്ങളോട് വിടപറയാം. പണമായാലും സ്‌നേഹമായാലും വിനിമയം നടന്നാലേ, അതിന് ദൈവതിരുമുമ്പില്‍ വിലയുണ്ടാകൂ. ക്രൈസ്തവരായ നാം സ്‌നേഹം ദൈവമാണെന്നു പറയുകയും, അതേ ദൈവത്തിന്റെ സ്ഥാനത്ത് മറ്റ് പലതും പ്രതിഷ്ഠിക്കുകയും ചെയ്യുമ്പോള്‍ ആ മനക്കണക്കില്‍ ഒലിച്ചുപോകുന്നത് മാനുഷിക മൂല്യങ്ങളാണെന്നത് നമുക്ക് മറക്കാതിരിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org