പിരിച്ചെടുക്കുന്ന പിഴതുകയിലും അടിച്ചു മാറ്റുന്ന നവകേരള സ്‌റ്റൈല്‍

പിരിച്ചെടുക്കുന്ന പിഴതുകയിലും അടിച്ചു മാറ്റുന്ന നവകേരള സ്‌റ്റൈല്‍
ഇപ്പോള്‍ തന്നെ റോഡുകളില്‍ നിയമലംഘകരെ കുടുക്കാന്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ പലതും പ്രവര്‍ത്തനരഹിതമാണ്. പൊലീസ് സ്ഥാപിച്ചിട്ടുള്ള ഈ ക്യാമറകളുടെ ഗതിതന്നെ എ ഐ ക്യാമറകള്‍ക്കും വരാം. കാരണം കരാറനുസരിച്ചുള്ള പണിമിടപാട് വരെ മാത്രമേ ബന്ധപ്പെട്ട അധികൃതര്‍ക്ക് താല്‍പ്പര്യമുള്ളൂ.

എട്ടിന്റെ പണി, പതിനാറിന്റെ പണി എന്നിങ്ങനെ മലയാളികള്‍ക്കു നേരെയുള്ള സര്‍ക്കാര്‍ വക പണികളുടെ പെരുക്ക പട്ടിക മാനം തൊട്ടു കഴിഞ്ഞു. റോഡിലിറങ്ങിയാല്‍ 32 ന്റെ പണി ഉറപ്പ്. കാരണം ഏപ്രില്‍ മുതല്‍ ജീവനുള്ള മനുഷ്യരുടെ ചോരയും നീരും പിഴിയാന്‍ കൃത്രിമ ബുദ്ധികൊണ്ട് പ്രവര്‍ത്തിക്കുന്ന 726 സി സി ടീവി ക്യാമറകള്‍ കേരളത്തില്‍ വാഹനത്തില്‍ സഞ്ചരിക്കുന്നവരെ വേട്ടയാടാന്‍ തുടങ്ങും. എന്തായാലും ഒരു മാസത്തേക്ക് പിഴയില്‍ നിന്ന് ഒഴിവാക്കി നല്കിയെന്നത് ആശ്വാസം.

ജനങ്ങളുടെ കീശയില്‍നിന്ന് പണമടിച്ചു മാറ്റാന്‍ നമ്മുടെ ഏമാന്മാര്‍ എത്ര തിടുക്കമുള്ളവരാണെന്നറിയണമെങ്കില്‍, കഴിഞ്ഞ തവണ ഡെല്‍ഹിയില്‍ നടന്ന കേന്ദ്ര ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗത്തിനു മുമ്പില്‍ നമ്മുടെ നികുതിപ്പണം ശമ്പളമായി വാങ്ങുന്ന കേരളത്തിലെ ഗതാഗതവകുപ്പിലെ ഉന്നതന്മാര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശം മാത്രം ശ്രദ്ധിച്ചാല്‍ മതി. വാഹന ഉടമ നിയമം ലംഘിച്ചതിന് പിഴ അടച്ചില്ലെങ്കില്‍ വാഹനം സംബന്ധിച്ച നികുതി അടയ്ക്കുമ്പോഴോ, വാഹനം വില്‍ക്കുമ്പോഴോ പിഴത്തുക പിരിച്ചെടുക്കാമെന്ന് 'കേന്ദ്രന്മാര്‍' എഴുതിവച്ചിട്ടുണ്ട്. അതുപോരാ, ഒരു വാഹന ഉടമയ്ക്ക് എ ഐ ക്യാമറ വഴി ചുമത്തുന്ന പിഴ ശിക്ഷ, വാഹനം ആരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തുവോ അയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് വാഹനവകുപ്പിന് പിടിച്ചെടുക്കാമെന്ന നിര്‍ദേശമാണത്രെ കേരളത്തില്‍ നിന്നുള്ള 'ഉദ്യോഗസ്ഥ പുങ്കന്മാര്‍' കേന്ദ്രത്തിന് നല്‍കിയത്. ഒരു വാഹനം നിയമം ലംഘിച്ചാല്‍ ആറ് മണിക്കൂറിനകം വാഹന ഉടമയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ അറിയിപ്പെത്തും. എന്നാല്‍, പലവിധ കാരണങ്ങളാല്‍ ചിലപ്പോള്‍ മൊബൈലില്‍ പിഴയടയ്ക്കാനുള്ള അറിയിപ്പ് ലഭിക്കാതെ വന്നാല്‍ മറ്റ് പോംവഴികളൊന്നും നിലവിലുള്ള നിയമത്തില്‍ ഇല്ല. മാത്രമല്ല, എ ഐ ക്യാമറയ്ക്കും തെറ്റ് പറ്റാമെന്നിരിക്കേ, ഇത്തരം നിയമലംഘകരെ പൂര്‍ണ്ണമായും ആ ഒരൊറ്റ തെളിവ് മാത്രം വച്ച് എങ്ങനെ കുറ്റാരോപിതനാക്കും? കുറ്റം ചെയ്തവരെന്നു ക്യാമറ കണ്ടെത്തുന്നവര്‍ക്ക് അവര്‍ നിരപരാധികളാണെങ്കില്‍ അത് തെളിയിക്കാന്‍ അവസരം ആര് നല്‍കും? ഉദാഹരണം പറയാം: നിങ്ങളുടെ വൃദ്ധരായ മാതാപിതാക്കളുമായി നിങ്ങള്‍ ഒരു ദൂരയാത്ര ചെയ്യുകയാണെന്ന് സങ്കല്പിക്കുക. നിങ്ങളുടെ അച്ഛനമ്മമാരില്‍ ആര്‍ക്കെങ്കിലും പെട്ടെന്ന് ഡോക്ടറുടെ സേവനം ആവശ്യമായാല്‍, നിങ്ങള്‍ക്ക് വാഹനം നിര്‍ത്തി മൊബൈലില്‍ ആ ഗുരുതരാവസ്ഥ തരണം ചെയ്യാന്‍ സാവകാശമില്ലാതെ വന്നാലോ? 'മൊബൈലില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്നത് തീര്‍ച്ചയായും കുറ്റകരമാണ്. എന്നാല്‍, ആ കുറ്റം മാനുഷികമായ കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത എ ഐ ക്യാമറകളെപ്പറ്റി കുറേക്കൂടി വിശദമായ വിശകലനം ആവശ്യമായി വരാം.

ദേശീയ പാതകളുടെ നിര്‍മ്മാണം പോലും വര്‍ഷങ്ങളായി താമസിപ്പിച്ച് കരാര്‍ പുതുക്കുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. റോഡുകളുടെ നിര്‍മ്മാണച്ചെലവിന്റെ ഇരട്ടിയലധികം ലഭിച്ചിട്ടും ഇന്നും ടോള്‍ പിരിക്കപ്പെടുകയാണ്. ടോള്‍ പിരിവ് എന്നു തീരുമെന്ന് ആര്‍ക്കുമറിയില്ല.

വീട്, വാഹനം എന്നിവ സ്വന്തമായുള്ളവര്‍ കേരളം വിട്ട് അന്യസംസ്ഥാനങ്ങളിലേക്ക് പോകാന്‍ വരുംവര്‍ഷങ്ങളില്‍ തിരക്ക് കൂടാം. ഒരു ലിറ്റര്‍ ഇന്ധനത്തിന് 9-10 രൂപ വില വ്യത്യാസം തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും ഇപ്പോള്‍ തന്നെയുണ്ട്. അവിടെ വീട്ടുകരവും വെള്ളക്കരവും യാത്രകൂലിയുമെല്ലാം ജനങ്ങള്‍ക്ക് സഹനീയമാണെന്നിരിക്കേ മറ്റ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടിപ്പോകുന്ന യുവതീ യുവാക്കള്‍ക്കു പിന്നാലെ സ്വസ്ഥമായ ജീവിതം തേടി നമ്മുടെ സീനിയര്‍ സിറ്റിസന്മാരും മറ്റ് സംസ്ഥാനങ്ങളിലേക്ക് അഭയാര്‍ത്ഥികളായി പോയെന്നുവരാം.

അഴിമതി നടത്താന്‍ 24 x 7

കണ്ണു തുറക്കാത്ത ദൈവങ്ങളേ... എന്നൊരു പഴയ സിനിമാപ്പാട്ടുണ്ട്. ഈ പാട്ടിന് വേണമെങ്കില്‍ ഒരു ന്യൂജെന്‍ ടച്ച് കൊടുക്കാം. അഴിമതി നടത്താന്‍ കണ്ണ് തുറന്നിരിക്കും ദൈവങ്ങളേ എന്നായിരിക്കണം ഈ പുതിയ ഫ്യൂഷന്‍ ഗാനത്തിന്റെ തുടക്കമാകേണ്ടത്. കരാറുകാരും ഉപകരാറുകാരും ചേര്‍ന്ന് ഖജനാവ് കൊള്ള ചെയ്തിരുന്ന പഴയകാലം ഇന്നില്ല. കാരണം ഖജനാവ് കാലിയെന്നല്ല, ആ കുറ്റന്‍ പണപ്പത്തായം എലിയോ പൂച്ചയോ എല്ലാം പ്രസവ വാര്‍ഡായി മാറ്റപ്പെടുത്തിയിരിക്കാമെന്ന് പൊതുജനം സംശയിക്കുന്നുമുണ്ട്. അതാതു വര്‍ഷത്തെ വാഹന നികുതി പുട്ടടിക്കാന്‍ മതിയാവില്ലെന്നു കണ്ടപ്പോഴാണല്ലോ, ഭരണകൂടം വണ്ടി വാങ്ങുമ്പോള്‍ 15 വര്‍ഷത്തെ വാഹന നികുതി ഒന്നിച്ചു പിരിച്ചു തുടങ്ങിയത്. എന്നിട്ടോ, റോഡുകള്‍ നന്നായോ? ദേശീയ പാത എന്ന മുന്തിയ ഇനം രാജവെമ്പാല പോലുള്ള റോഡുകള്‍ നിര്‍മ്മിക്കാന്‍ സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ചതും, പണിതീരാതെയും തീര്‍ക്കാതെയും ടെന്‍ഡര്‍ തുക തോന്നിയതുപോലെ ഉയര്‍ത്തിയതുമെല്ലാം നമ്മുടെ ഓര്‍മ്മയിലുണ്ട്. ഓരോ കമ്പനികള്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ പോയതുമൂലം നമ്മുടെ റോഡുകള്‍ എത്ര മനുഷ്യജീവനുകള്‍ കവര്‍ന്നു? കേരളത്തിലെ റോഡുകളിലെ കുഴികളില്‍ കൊല്ലപ്പെട്ട യാത്രക്കാരുടെ ചുടുചോര മാത്രമല്ല വര്‍ഷങ്ങളായി പരന്നൊഴുകിയിട്ടുള്ളത്. സത്യസന്ധരായ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും കണ്ണീര്‍ കൂടി നമ്മുടെ പെരുംപാതകളെ നനച്ചിട്ടുണ്ട്.

ആഡംബരമല്ല, അനിവാര്യം തന്നെ....

ഒരു വീട്ടില്‍ ഒരു വാഹനമെന്നത് ആഡംബരമായിരുന്ന കാലമുണ്ടായിരുന്നു. സീനിയര്‍ സിറ്റിസന്മാരുടെ എണ്ണം വീടുകളില്‍ വര്‍ധിച്ചതിനാല്‍ ഇപ്പോള്‍ ടൂവീലറുകള്‍ മാത്രം പോരാ, ഒരു ഫോര്‍ വീലര്‍ കൂടി വേണം. അങ്ങനെ വരുമ്പോള്‍ ഒരു കുടുംബം വാഹനങ്ങള്‍ക്കായി മുടക്കേണ്ടിവരുന്ന പ്രതിമാസ വിഹിതം വല്ലാതെ വര്‍ധിച്ചുകഴിഞ്ഞു. പാതകള്‍ നിര്‍മ്മിച്ചതിന്റെ നിര്‍മ്മാണച്ചെലവും അതിന്റെ പത്തും പതിനഞ്ചും ഇരട്ടിയും സ്വകാര്യ കമ്പനികള്‍ ഊറ്റിയെടുത്തിട്ടും ഇന്ത്യയിലെങ്ങും ടോള്‍ കൊള്ള തുടരുകയാണ്. ഇത്തരം ചൂഷണങ്ങള്‍ക്കെതിരെയുള്ള സംഘാതവും വ്യക്തിപരവുമായ നിയമപോരാട്ടങ്ങള്‍ ഏതാണ്ട് നിലച്ചമട്ടാണ്. ഇതിനിടെ ടോള്‍ പിരിക്കാന്‍ ബാങ്കുകളിലൂടെ ഓണ്‍ലൈന്‍ രീതി കൂടി നടപ്പാക്കപ്പെട്ടു. പണമടച്ച് നേരിട്ട് ഒരു വാഹന ഉടമയ്ക്ക് ടോള്‍ പ്ലാസയിലൂടെ കടന്നുപോകാനാവാത്ത ഗതികേടും നിലവിലുണ്ട്. ചരക്കു വാഹനങ്ങള്‍ എല്ലാ സര്‍ക്കാരിന്റെയും ട്രാഫിക് വകുപ്പിന്റെയും പണം വറ്റാത്ത കറവപ്പശുക്കളാണ് എക്കാലത്തും.

അഴിമതി എനക്കും എന്റാളുകള്‍ക്കും !

കേരളത്തിലെ റോഡുകളില്‍ എ ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറകള്‍ കെല്‍ട്രോണ്‍ റോഡുകളില്‍ സ്ഥാപിച്ചിട്ട് ഒരു വര്‍ഷമായി. കേരളത്തിലെ റോഡുകളില്‍ 232 കോടി രൂപ മുടക്കി 726 എ ഐ ക്യാമറകളാണ് ഇപ്പോള്‍ ഈ പട്ടികയിലുള്ളത്. ഉപകരാറുകള്‍ പാടില്ലെന്ന് ധനവകുപ്പ് വിലക്കിയിട്ടും 236 കോടി രൂപയുടെ പദ്ധതി കെല്‍ട്രോണ്‍ 81 കോടി രൂപയ്ക്ക് ഉപകരാറുകാരെ ഏല്‍പ്പിച്ചു. ഇപ്പോഴത്തെ ഗതാഗത വകുപ്പുമന്ത്രി പറയുന്നത് കെല്‍ട്രോണിന് ഉപകരാറുകള്‍ നല്‍കാന്‍ അധികാരമുണ്ടെന്നാണ്. ഈ പദ്ധതി കടലാസില്‍ പരുവപ്പെടുത്തിയ പഴയ വകുപ്പ് മന്ത്രി പറയുന്നത് കരാര്‍ സംബന്ധിച്ച ഒരു കാര്യങ്ങളും ഓര്‍മ്മയില്ലെന്നാണ്. എ ഐ ക്യാമറകള്‍ സംബന്ധിച്ച 6 ഉത്തരവുകള്‍ ഇറക്കിയാണ് ഈ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഏറ്റവും ഒടുവില്‍ ഇത്രയേറെ പണം മുടക്കിയത് പാഴാകരുതെന്ന ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കുറിപ്പോടെ 'ക്യാമറ പദ്ധതി' ഓണാക്കാന്‍ മന്ത്രിസഭ അനുമതി നല്‍കുകയായിരുന്നു. ക്യാമറകളിലൂടെ 5 വര്‍ഷം കൊണ്ട് 424 കോടി രൂപ റോഡുകളില്‍ നിന്ന് തുത്തൂവാരാമെന്ന 'അനുബന്ധ മാത്തമാറ്റിക്‌സ്' കൂടി കേട്ടതോടെ, മന്ത്രിമാര്‍ ശബ്ദത്തോടെയും മുഖ്യമന്ത്രി സൈലന്റായും കൈയടിച്ച് പദ്ധതി പാസാക്കി. എല്ലാവര്‍ക്കും സീറ്റ് ബെല്‍റ്റ്, ടൂ വീലറില്‍ യാത്രക്കാര്‍ ടൂ മാത്രം, ഭാര്യാ ഭര്‍ത്താക്കന്മാര്‍ അല്ലാതെ ഒരു കൂട്ടി കൂടി യാത്രക്കാരായി ടൂ വീലറില്‍ പാടില്ല, ഹെല്‍മെറ്റ് നിര്‍ബന്ധം തുടങ്ങി പലവിധ നിബന്ധനകള്‍ എഴുതിയുണ്ടാക്കി വീഡിയോയിലും മറ്റും ഷൂട്ട് ചെയ്തു ജനങ്ങളെ അറിയിക്കാന്‍ മോട്ടര്‍ വാഹന വകുപ്പ് കാണിച്ച ശുഷ്‌ക്കാന്തി അപാരമായിരുന്നു.

അവര്‍ കരാറുകാരോ, കള്ളലാക്കുകാരോ

എ ഐ ക്യാമറ സ്ഥാപിക്കാനുള്ള ഉപകരാര്‍ കോഴിക്കോട്ടെ പ്രസോദിയോ ടെക്‌നോളജിസ് എന്ന കമ്പനിക്ക് എന്തിന് കെല്‍ട്രോണ്‍ നല്‍കിയെന്ന ചോദ്യത്തിന്റെ ഉത്തരം തേടിയപ്പോള്‍ മറ്റൊരു 'കറുത്ത പൂച്ച' പുറത്തുവന്നു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി. എന്നാല്‍ വീണ്ടും മറ്റൊരു കമ്പനി കൂടി ചിത്രത്തില്‍ തെളിഞ്ഞു. ആദ്യം ഊരാളുങ്കല്‍ ഞങ്ങളറിഞ്ഞില്ലേ എന്നു പറഞ്ഞുവെങ്കിലും പുതിയതായി കണ്‍സോര്‍ഷ്യം കരാര്‍ ഒപ്പിട്ട എസ് ആര്‍ ഐ ടി കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാള്‍ ഊരാളുങ്കലിന്റെയും ഡയറക്ടര്‍മാരില്‍ ഒരാളാണെന്ന കമ്പനി രേഖകള്‍ ചോര്‍ന്നതോടെ ഊരാളുങ്കല്‍ മലക്കം മറിഞ്ഞു. എസ് ആര്‍ ഐ ടിയുടെ ഓഫീസ് തേടിയ മാധ്യമപ്രവര്‍ത്തകരെ അടച്ചിട്ട ഓഫീസിനു മുമ്പില്‍ എത്തിച്ചുവെങ്കിലും ആ കമ്പനിയുമായി തങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് ഊരാളുങ്കല്‍ പിന്നാലെ പത്രക്കുറിപ്പിറക്കി. ഇപ്പോള്‍ ഗോവിന്ദന്‍മാഷ് പറയുന്നത് എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ തിരുത്തുമെന്നാണ്. ഇതിനായി വൈകാതെ നികുതിപ്പണം 'ഊര്‍ത്തിയെടുക്കാന്‍' ഒരു അന്വേഷണ കമ്മീഷനെ പാര്‍ട്ടിയോ സര്‍ക്കാരോ നിയമിച്ചേക്കാം. മുട്ടില്‍ മരം മുറിക്കേസില്‍ കെ പി സി സി പ്രഖ്യാപിച്ച അന്വേഷണം പോലും ശൂന്യതയിലാണിപ്പോള്‍.

ഇങ്ങനെ നിരീക്ഷിക്കാന്‍ നിയമമില്ല ഹേ....

എ ഐ ക്യാമറകള്‍ ജനങ്ങളുടെ ഭരണഘടനാധിഷ്ഠിതവും നിയമപരവുമായ എന്ന ചര്‍ച്ചയ്ക്ക് തുടക്കമായിട്ടുണ്ട്. ഒരാള്‍ സ്വന്തം കാറില്‍ അയാളുടെ ഭാര്യയുമായി പോകുന്നത് മറ്റൊരാള്‍ ക്യാമറയിലൂടെ നിരീക്ഷിക്കുന്നത് അത്ര സുഖമുള്ള ഏര്‍പ്പാടല്ലെന്നാണ് ജനാഭിപ്രായം. കേരളാ പൊലീസ് ആക്ട് (119 ബി) ഇന്ത്യന്‍ ശിക്ഷാ നിയമം 364(സി) ഐ ടി നിയമം 67 തുടങ്ങിയ നിയമങ്ങളുടെ ലംഘനങ്ങള്‍ ഈ ഒളിഞ്ഞുനോട്ടം വഴി ഉണ്ടാകാം. ഇതു സംബന്ധിച്ച് മോട്ടര്‍ വാഹനവകുപ്പിനോ സര്‍ക്കാരിനോ വിശദീകരണമേയില്ല.

ഇപ്പോള്‍ തന്നെ റോഡുകളില്‍ നിയമലംഘകരെ കുടുക്കാന്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ പലതും പ്രവര്‍ത്തനരഹിതമാണ്. പൊലീസ് സ്ഥാപിച്ചിട്ടുള്ള ഈ ക്യാമറകളുടെ ഗതിതന്നെ എ ഐ ക്യാമറകള്‍ക്കും വരാം. കാരണം കരാറനുസരിച്ചുള്ള പണിമിടപാട് വരെ മാത്രമേ ബന്ധപ്പെട്ട അധികൃതര്‍ക്ക് താല്‍പ്പര്യമുള്ളൂ. കിട്ടാനുള്ള 'ചക്രം' കീശയില്‍ വീണാല്‍ പിന്നെ എല്ലാം പുല്ലെന്ന മട്ടിലാണവര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org