ബാലഗോപാലന്‍സാറിന്റെ 'സൂര്യോദയസമ്പദ്ഘടന' മറിയക്കുട്ടിച്ചേടത്തിയുടെ മാത്തമാറ്റിക്‌സ് തന്നെ!

ബാലഗോപാലന്‍സാറിന്റെ 'സൂര്യോദയസമ്പദ്ഘടന' മറിയക്കുട്ടിച്ചേടത്തിയുടെ മാത്തമാറ്റിക്‌സ് തന്നെ!

ഇന്ന് കേരളം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പ്രത്യക്ഷമായി മറുപടി നല്കാതെ 'സൂര്യോദയ സമ്പദ്ഘടന'യെന്ന ഓമനപ്പേര് നല്കി ഒരു 'തള്ള് ബജറ്റ്'. മന്ത്രി കെ എന്‍ ബാലഗോപാല്‍ ഫെബ്രുവരി 5-ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെപ്പറ്റി ഇങ്ങനെ മാത്രമേ പറയാനാവൂ.

കേന്ദ്രത്തിന്റെ അവഗണന തുടര്‍ന്നാല്‍ 'പ്ലാന്‍ ബി' പുറത്തെടുക്കുമെന്ന് ധനമന്ത്രി വക വിരട്ടല്‍ വേറെയുമുണ്ട്. ചൈനയുടെ സമ്പദ്ഘടന എട്ടല്ല, പതിനാറ് നിലയില്‍ പൊട്ടി നില്‍ക്കെ, കേരളം ചൈനീസ് മോഡല്‍ വികസനം നടപ്പാക്കുമെന്നു പറയുന്നത് എന്തൊരു മണ്ടത്തരമാണ്!

17 വര്‍ഷങ്ങള്‍ക്കു മുമ്പ് വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ വിദേശ നിക്ഷേപം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ടി പി ശ്രീനിവാസന്റെ മുഖം നോക്കി 'പെടച്ച' എസ് എഫ് ഐ ക്കാരുടെയും ഡി വൈ എഫ് ഐ ക്കാരുടെയും നേതൃനിരയിലുണ്ടായിരുന്ന 'ബാലഗോപാലന്‍ സാറു' തന്നെ വിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല ആരോഗ്യം, കായികം എന്നീ വകുപ്പുകളില്‍ കൂടി വിദേശ നിക്ഷേപത്തിനു ബജറ്റില്‍ പച്ചക്കൊടി കാണിച്ച് ചുവപ്പു പരവതാനി വിരിച്ചത് വിധിയുടെ വിളയാട്ടമെന്നല്ലാതെ എന്തു പറയാന്‍?

  • ഇങ്ങനെയൊക്കെ തള്ളാമോ?

ഇടതു പ്രകടനപത്രികയില്‍ ക്ഷേമപെന്‍ഷന്‍ പ്രതിമാസം 2,500 രൂപയാക്കുമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ അതേ പെന്‍ഷന്‍ 6 മാസം കുടിശ്ശികയാണ്. റബറിന്റെ താങ്ങ് വില 250 രൂപയാക്കുമെന്ന് ഇതേ പത്രികയില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ 10 രൂപയാണ് താങ്ങ് വിലയില്‍ വര്‍ധിപ്പിച്ചത്. അതും മൂന്നിലേറെ മാസങ്ങളിലെ റബര്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡി മുടങ്ങിയിരിക്കെ. ധനമന്ത്രി തിങ്കളാഴ്ച (ഫെബ്രു. 5) നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കെ, സെക്രട്ടറിയേറ്റ് നടയില്‍ കെ എസ് ആര്‍ ടി സി പെന്‍ഷന്‍കാരുടെ സമരം നടക്കുന്നുണ്ടായിരുന്നു. ശരാശരി 25-30 വര്‍ഷങ്ങളിലെ സര്‍വീസ് ഉള്ള പെന്‍ഷന്‍കാരാണ് സമരത്തില്‍ പങ്കെടുത്തിരുന്നത്. കെ എസ് ആര്‍ ടി സി യുടെ 47,000 പെന്‍ഷന്‍കാര്‍ക്ക് കോടതി പറഞ്ഞിട്ടും പെന്‍ഷന്‍ ഇതുവരെ നല്കാനായിട്ടില്ല.

  • എന്താണ് കാരണങ്ങള്‍?

ഒന്നാമതായി ധനവകുപ്പ് കൈകാര്യം ചെയ്യുകയെന്നു പറയുന്നത് ആര്‍ക്കും നയാപൈസ കൊടുക്കാതിരിക്കലാണെന്ന ധനകാര്യ മാനേജ്‌മെന്റിന്റെ വഴിയെയാണ് ഭരണകൂടം മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ജനങ്ങളില്‍ നിന്ന് നികുതി പിരിക്കുകയും അവരുടെ പരാതികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാതിരിക്കുകയും ചെയ്യുന്ന ഇന്നത്തെ സാമ്പത്തിക കാലാവസ്ഥ സൃഷ്ടിച്ചത് ആരാണ്? ജനങ്ങളുടെ ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കാന്‍ 'ചില്ലറ' വാങ്ങിയിട്ട് അതുപോലും നിറവേറ്റാന്‍ കഴിയാത്ത ഭരണകൂടം എന്ത് ന്യായമാണ് പറയുന്നത്? മോട്ടോര്‍ വാഹനവകുപ്പ് വാഹനയുടമകള്‍ക്ക് നല്‌കേണ്ട ആര്‍ സി ബുക്ക് അച്ചടിക്കാനും തപാലില്‍ അയയ്ക്കാനും 'കത്തി' റേറ്റാണ് സര്‍ക്കാര്‍ വാങ്ങുന്നത്: 1560 രൂപ. ഈ തുക വാങ്ങി പെട്ടിയിലിട്ടിട്ട് കഴിഞ്ഞ ഏതാനും മാസങ്ങളായി ആര്‍ സി ബുക്ക് വാഹനയുടമകള്‍ക്ക് നല്കാത്തതാണോ ചൈനീസ് മോഡല്‍ വികസനം? ടാക്‌സി ഓടിക്കുന്ന ഒരാള്‍ക്ക് പെട്ടെന്ന് വാഹനം വര്‍ക്ക്ഷാപ്പില്‍ കയറ്റേണ്ടി വന്നാല്‍ ആദ്യം പണയം വച്ച് പണമൊപ്പിക്കുവാന്‍ ആര്‍ സി ബുക്ക് അനിവാര്യമാണെന്ന് എല്ലാവര്‍ക്കുമറിയാം.

ആര്‍ സി ബുക്ക് അച്ചടിക്കേണ്ട സ്വകാര്യ പ്രസിന് 8 കോടി രൂപയാണ് കുടിശ്ശിക. തപാല്‍ വകുപ്പിന് ആര്‍ സി ബുക്ക് അയച്ച വകയില്‍ നല്കാനുള്ളത് 3 കോടി രൂപയും. കേരളീയത്തിന് ലേറ്റസ്റ്റായി അനുവദിച്ച 10 കോടിയില്‍ 5 കോടിയെങ്കിലും ഈ കുടിശ്ശിക തീര്‍ക്കാന്‍ മാറ്റിവച്ചിരുന്നെങ്കില്‍ ആ അവസ്ഥ ഒഴിവാക്കാമായിരുന്നില്ലേ? അപ്പോള്‍ ഒരു കാര്യം വ്യക്തമാണ്. സര്‍ക്കാരിന്റെ 'മുന്‍ഗണന' ഇവന്റ് നടത്തിപ്പിലാണ്. പോസ്റ്റര്‍ ഒട്ടിച്ച്, ചെണ്ടകൊട്ടി, ആളെകൂട്ടി ആട്ടവും പാട്ടും നടത്തി സര്‍ക്കാരിന്റെ ഗുണഗണങ്ങള്‍ വാഴ്ത്തുന്ന തത്രപ്പാടില്‍ പൊതുജനങ്ങളെ ഇടതു സര്‍ക്കാര്‍ ഒരു ദയാദാക്ഷിണ്യവുമില്ലാതെ മറന്നുകളയുകയാണ്.

പണ്ട് കേരളത്തിലെ പല വലിയ തറവാടുകളും വെറും 'തറ' മാത്രമായി ദുര്‍ഗതിയിലായത്, നാട്ടിലെ പല ഇവന്റുകളും ഒറ്റയ്ക്ക് നടത്തിയും കേസ് പറഞ്ഞുമാണെന്ന കാര്യം മലയാളികള്‍ മറന്നിട്ടില്ല. തറവാട് കാരണവന്മാര്‍ നാടകങ്ങള്‍ അവതരിപ്പിച്ചും കഥാപ്രസംഗകരെ വിളിച്ചുവരുത്തിയുമെല്ലാം നടത്തിയ അന്നത്തെ ഇവന്റുകള്‍ ഭൂസ്വത്തും പെട്ടിയിലെ പുത്തനുമെല്ലാം മുച്ചൂടും നശിപ്പിച്ചു കളഞ്ഞ എത്രയോ കഥാഖ്യാനങ്ങള്‍ നാം വായിച്ചിട്ടുണ്ട്. അതേ കാരണവന്മാരുടെ പാതയിലാണോ നമ്മുടെ ഇപ്പോഴത്ത ഭരണത്തലവന്മാര്‍? ഏതായാലും കേസ് നടത്തിപ്പില്‍ കേരളം ഏത് സംസ്ഥാനങ്ങളെയും കടത്തിവെട്ടിക്കഴിഞ്ഞു. എക്‌സാലോജിക് എന്ന ബിസിനസ് സംരംഭത്തെ 'വൈറ്റ് വാഷ്' ചെയ്ത് തടിതപ്പാന്‍ കെ എസ് ഐ ഡി സി 30 ലക്ഷത്തിലേറെ രൂപ സുപ്രീം കോടതിയിലെ ഒരു അഭിഭാഷകന് നല്കിക്കഴിഞ്ഞു. മട്ടന്നൂര്‍ ഷൂഹൈബ് വധക്കേസിന് (96.34 ലക്ഷം രൂപ), പെരിയ ഇരട്ടക്കൊലക്കേസ് (1.14 കോടി), നിയമസഭാ ആക്രമണകേസ് (16.50 ലക്ഷം), ഇതര സംസ്ഥാന ലോട്ടറിക്കേസ് (1.78 കോടി), ലൈഫ് മിഷന്‍ (55 ലക്ഷം), ചെറുവള്ളി എസ്റ്റേറ്റ് കേസ് (16.50 ലക്ഷം), രാജ്യസഭാ ഇലക്ഷന്‍ കേസ് (60 ലക്ഷം) എന്നിങ്ങനെയാണ് കേസ് നടത്തിപ്പിനായി സര്‍ക്കാര്‍ ചെലവിട്ട തുകകള്‍. ഡെല്‍ഹിയില്‍ സംസ്ഥാനത്തിന്റെ കേസ് വാദിക്കാനുള്ള സംവിധാനമുണ്ടായിരിക്കെ, വിദഗ്ദ്ധ അഭിഭാഷകരെ എഴുന്നള്ളിക്കുന്നതിലെ അനൗചിത്യം സര്‍ക്കാര്‍ കാണുന്നതേയില്ല. പാര്‍ട്ടിയണികള്‍ ഉള്‍പ്പെട്ട കൊലക്കേസ് വാദിക്കാന്‍ പൊതുജനത്തിന്റെ നികുതിപ്പണം ഉപയോഗിക്കുന്നതിലെ ഉളുപ്പില്ലായ്മയ്ക്ക് ഈ സര്‍ക്കാരിന് 'കേരളരത്‌ന' കൊടുക്കേണ്ടി വരാം.

  • എവിടെ മാന്ദ്യ വിരുദ്ധ പാക്കേജ്?

മാന്ദ്യ വിരുദ്ധ പാക്കേജ് വരുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം പോലും പാഴായിക്കഴിഞ്ഞു. മാന്ദ്യം സൂര്യോദയ പരുവത്തിലാണെന്ന് എഴുതിവായിച്ച മന്ത്രിയുടെ തലയില്‍ എന്താണാവോ?

'തമിഴ്‌നാട്ടില്‍ കൃഷിയുണ്ടായാല്‍ മതി കേരളത്തില്‍ കൃഷി ഇല്ലെങ്കില്‍ എന്താ' എന്നുള്ള മന്ത്രി സജി ചെറിയാന്റെ 'കമന്റ്' ഏതായാലും ധനമന്ത്രിയുടെ കൂടി അഭിപ്രായമാണെന്ന് കാര്‍ഷിക മേഖലയോടുള്ള സമീപനം തന്നെ വ്യക്തമാക്കുന്നുണ്ട്. റബ്ബറിന് താങ്ങുവിലയില്‍ 'നക്കാപ്പിച്ച' വര്‍ധന വരുത്തിയ ധനമന്ത്രി റബ്ബര്‍ കര്‍ഷകരെ കളിയാക്കുകയല്ലേ ചെയ്തത്? വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് തടയാനോ, കാര്‍ഷികോല്പ്പന്നങ്ങളുടെ വിലത്തകര്‍ച്ച പിടിച്ചു നിര്‍ത്താനോ ബജറ്റില്‍ പണമൊന്നും നീക്കിവച്ചിട്ടില്ല. ഇതെന്ത് അനീതിയാണ്?

  • മറിയക്കുട്ടിച്ചേടത്തിയുടെ 'മാത്തമാറ്റിക്‌സ്' തന്നെ

നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള പ്ലാന്‍ 'ബി' ബക്കറ്റ് പിരിവായിരിക്കുമെന്ന് ചാനല്‍ ചര്‍ച്ചകളില്‍ ചിലര്‍ പരിഹസിച്ചു കണ്ടു. ഉച്ചക്കഞ്ഞി, സര്‍ക്കാര്‍ സ്‌കൂളുകളുടെയും ആശുപത്രികളുടെയും അറ്റകുറ്റപ്പണികള്‍ തുടങ്ങി പല മേഖലകളിലും പൊതുജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കുമെന്നു മന്ത്രി പറഞ്ഞു കഴിഞ്ഞു. ക്ഷേമ പെന്‍ഷന്‍ കിട്ടാതായപ്പോള്‍ പിച്ചച്ചട്ടിയുമായി പെരുവഴിയിലേക്കിറങ്ങിയ മറിയക്കുട്ടിച്ചേടത്തിയുടെ ധനകാര്യ മാനേജ്‌മെന്റ് തന്നെയല്ലേ ഇത്?

ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഓരോ വീട്ടുകാരുടെയും മുമ്പിലൂടെ പോകുന്ന 'പൊതുവഴി' പിരിവിട്ട് നന്നാക്കാന്‍ സര്‍ക്കാര്‍ പറഞ്ഞേക്കാം. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് നടുവിലും 85 വിദേശ യാത്രകള്‍ നടത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ വിമാനയാത്രകളുടെ ചെലവുകള്‍ കൂടി വഹിക്കാന്‍ പൊതുജനത്തോട് ആവശ്യപ്പെടുമോ? ഒരന്തോം കുന്തോമില്ലാത്ത ഈ 'പിരിവ് പരിപാടി'യില്‍ നിന്ന് നാം എവിടെ പോയൊളിക്കും?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org