ആന്റണി ചടയംമുറി
സോഷ്യല്‍ മീഡിയയിലെ സംഗീതമാജിക്കാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. തൃപ്പൂണിത്തുറക്കാരനാണ്. ഹരീഷ് പാടുകയും പറയുകയും ഒരുമിച്ച് ചെയ്യുന്നുവെന്നതാണ് ആ യുവസംഗീതജ്ഞന്റെ മിടുക്ക്. ജോണ്‍സണ്‍-ഗിരീഷ് പുത്തഞ്ചേരി ടീമിന്റെ ഒരു സിനിമാപ്പാട്ടിന്റെ ഉള്ളിലെ ഈ ണച്ചിമിഴുകളിലെ രാഗദീപങ്ങള്‍ ഹരീഷ് നമുക്ക് പറഞ്ഞുതരുന്നു; പാടിത്തരുന്നു. സംഗീതത്തോടുള്ള സത്യസന്ധമായ സമീപനമായതുകൊണ്ട് ഇന്നും യൂട്യൂബില്‍ ഹരീഷിനെ തിരയുന്നവര്‍ ഏറെ. ഏകദേശ കണക്കില്‍ ഹരീഷിന്റെ ഒരു ഗാനാവതരണം കാണുന്നവര്‍ പത്തു ലക്ഷത്തില്‍ ഏറെയാണ്. അതായത് ഹരീഷിനെ "ലൈക്ക്' ചെയ്യുന്നവര്‍ എപ്പോഴും 10 ലക്ഷത്തിലും ഏറെയാണെന്നു ചുരുക്കം.
ഇപ്പോള്‍ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ 'ഡിസ്‌ലൈക്ക്' ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ടെലിവിഷനിലെ വാര്‍ത്തകള്‍ കാണാനും പച്ചയ്ക്ക് പക്ഷം പിടിക്കുന്ന പത്രങ്ങള്‍ വായിക്കാനും ആളുകള്‍ കുറയുന്നു. കോവിഡായതുകൊണ്ട് പാര്‍ട്ടി പത്രങ്ങള്‍ മിക്കതും ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന പരുവത്തിലാണ്. അതായത് അവയെല്ലാം തന്നെ വെന്റിലേറ്ററിലാണ്.
എന്തുകൊണ്ട് സത്യത്തെ പിന്തുണയ്ക്കുന്നവരുടെയും നേരിന്റെ പിന്‍പേ പോകുന്നവരുടെയും എണ്ണം കൂടുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? കാരണം, ഏത് പാര്‍ട്ടി ഭരിച്ചാലും ഏതു മഹാമാരി വന്നാലും സത്യത്തിന് ഒരു നിറമേയുള്ളൂ. ആ നിറത്തില്‍ ചുവപ്പും പച്ചയുമൊക്കെ മാറി മാറി ചേര്‍ക്കാന്‍ ശ്രമമുണ്ടാകാം. പക്ഷെ, അതൊരിക്കലും ദീര്‍ഘകാലം വിജയിക്കില്ല. മമ്മൂട്ടിയുടെ തീപ്പൊരി അഡ്വക്കേറ്റ് വേഷമായ നന്ദകുമാര്‍മാരാര്‍ 'നരസിംഹ'ത്തില്‍ പറയുന്ന 'സത്യം എപ്പോഴെങ്കിലും മറനീക്കി' പുറത്തുവരുമെന്നുള്ള ഡയലോഗ് ഈ കാലഘട്ടത്തിന് നന്നായി ചേരും.
കാരണം മന്ത്രി ജലീല്‍ പറയുന്നത് 'സത്യം ജയിക്കു'മെന്നാണ്. സത്യമെന്ന പദം കേരളത്തില്‍ ഇത്രയേറെ വിനിയോഗിക്കപ്പെട്ട കാലമുണ്ടോയെന്നു സംശയിക്കണം. നുണകള്‍ പെരുകുമ്പോഴാണ്, സത്യത്തിന്റ വേഷം ധരിച്ച മിമിക്രിക്കാര്‍ (ക്ഷമിക്കണേ, മിമിക്രിക്കാര്‍ക്ക് സംഘടനയെല്ലാമുള്ള കാലമാണേ, അവരെ മോശക്കാരാക്കാന്‍ പറഞ്ഞതല്ല. ഇത് സത്യമെന്ന് ഈയുള്ളവന്‍ ഏറ്റുപറയുന്നു) കൂടുതലായി പുലികളിക്ക് ഇറങ്ങുന്നതെന്നത് എക്കാലത്തെയും വിരോധാഭാസമാണ്.
അദ്ദേഹം സത്യത്തോടൊപ്പമാണുള്ളതെങ്കില്‍, മാധ്യമങ്ങളെ കാണാതെ ജലീല്‍ 'ഗംഗ'യെന്ന ഔദ്യോഗിക വസതിയില്‍ മാത്രമായി ഒതുങ്ങിക്കൂടുന്നതെന്തെന്ന ചോദ്യമുയരാം. ചിലപ്പോള്‍ 'ഗംഗ'യില്‍ സ്‌നാനം ചെയ്ത് തന്റെ 'രാഷ്ട്രീയചാരിത്ര്യം' തെളിയിക്കാമെന്ന് ഹൈന്ദവ പുരാണമറിയുന്ന ഏതെങ്കിലും പേഴ്‌സണല്‍ സ്റ്റാഫ് ഉപദേശിച്ചു കാണുമോ ആവോ?
താന്‍ സത്യമാണ് പറയുന്നതെ ന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയില്‍ ആണയിട്ട് പറയുന്നു. ഒരു പ്രൊസിക്യൂട്ടറെ വയ്ക്കാന്‍ നാല് ദിവസമെടുത്തുവെന്നു മുഖ്യമന്ത്രി പറഞ്ഞു. വളരെ അര്‍ജന്റ് ആയിട്ടുള്ള ഒരു 'കടലാസ്' ഇതിനായി തന്റെ മേശപ്പുറത്തെത്താന്‍ നാല് ദിവസമെടുത്തുവെന്ന് മുഖ്യമന്ത്രി തന്നെ 'സ ത്യമായും' വിളിച്ചുപറഞ്ഞു. 'അതിവേഗം, ബഹുദൂരം' എന്ന രീ തിയില്‍ പാഞ്ഞ മുന്‍മുഖ്യന്‍ ഉമ്മന്‍ചാണ്ടിയുടെ മുമ്പില്‍വച്ച് ഈ വേഗക്കണക്ക് പറയാമോയെന്നുപോലും മുഖ്യമന്ത്രി ചിന്തിച്ചതേയില്ല. കഷ്ടം!
വേഗക്കണക്കിന്റെ കാര്യം പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ഓര്‍മ്മയിലെത്തുന്നത്. ഭാരവാഹനങ്ങളില്‍ ജി.പി.എസ്. (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം) വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ 2016-ല്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതാണ്. മാത്രമല്ല, ഭാരവാഹനങ്ങള്‍ അമിതഭാരം കയറ്റാതിരി ക്കാനുള്ള നിബന്ധനയും ആ ഉത്തരവില്‍ ഉണ്ടായിരുന്നു. രണ്ട് കേന്ദ്ര ഉത്തരവുകളും 'സാങ്കേതി ക കാരണങ്ങള്‍' പറഞ്ഞ് കേരളം നടപ്പാക്കിയിട്ടില്ല. ഇതുവരെ നഷ്ടത്തിലാണെങ്കിലും കെ.എസ്.ആര്‍.ടി.സി. 50 ജിപിഎസ് സിസ്റ്റങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്തു ഉത്തരവ് പാലിക്കുമെന്നുള്ള സൂചന നല്കിയിട്ടുണ്ട്. ഖനന മാഫിയകളെ സഹായിക്കാനാണ് ഭാരവാഹനങ്ങളെ സംബന്ധിച്ച കേന്ദ്ര നിയമങ്ങളില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തതെന്ന പരാതിയുണ്ട്. റേഷന്‍ സാധനങ്ങള്‍ കയറ്റുന്ന വാഹനങ്ങള്‍ക്ക് ജി.പി.എസ്. നിര്‍ബ ന്ധമാക്കിയതിന്റെ ഗുണം ഭക്ഷ്യവകുപ്പിനു ലഭിച്ചുകഴിഞ്ഞിട്ടും എന്തേ ടിപ്പറുകള്‍ക്കും, ടോറസ് ലോറികള്‍ക്കും ഈ നിബന്ധന നടപ്പിലാക്കാന്‍ സര്‍ക്കാരിനു മടി? കരിങ്കല്ലും മണ്ണുമെല്ലാം കയറിവരുന്ന ഭാരവാഹനങ്ങള്‍ക്ക് ജിപിഎസ് നിര്‍ബന്ധമാക്കണമെന്ന് മൈനിംഗ് വകുപ്പും ആവശ്യപ്പെട്ടിരുന്നു. ഇതുവരെ ഉത്തരം നഹി, നഹി..!
മറ്റൊരു ഫലിതം വേറെയുമുണ്ട്. ജി.പി.എസ്. ഭാരവാഹനങ്ങളില്‍ വേണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിഷ്‌ക്കര്‍ഷിച്ച 2016-ല്‍ തന്നെയാണ് 'സത്യാനന്തരം' എന്ന പദം 2016-ലെ പ്രധാനവാക്കായി ഓക്‌സ്‌ഫോര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്തത്. സത്യാനന്തര കാലത്തെ ഭരണാധികാരികള്‍ക്കു പോലും സാദൃശ്യമേറെയുണ്ട്. നോക്കൂ ട്രംപ് 'അമേരിക്ക'യെ 'ഗ്രേറ്റ്' ആക്കാന്‍ നോക്കുമ്പോള്‍ മോഡി പറയുന്നത് 'ഭാരത'ത്തിന് അതേ മഹത്പരിവേഷം നല്കുമെന്നാണ്. 'വന്ദേഭാര ത്' വിമാനത്തില്‍ പോലും 10 കോടി രൂപയുടെ കള്ളസ്വര്‍ണ്ണം കയറ്റി കേരളത്തില്‍ എത്തിച്ചുവെന്ന് വിവാദനായിക സ്വപ്ന ഏറ്റു പറയുമ്പോള്‍, നമുക്ക് 'കല്ലുകടി' അനുഭവപ്പെടുന്നു. എല്ലാ ഏകാധിപതികളും അഭിനയ വീരന്മാരായിരുന്നിട്ടുണ്ട്. നമ്മുടെ ചുറ്റിലുമുള്ള നെഞ്ചളവ് കണക്കും ഇരട്ടച്ചങ്കന്‍ പ്രയോഗവുമെല്ലാം മനഃപൂര്‍വമായുള്ള വാക്ചമയങ്ങളാണോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.
സത്യാനന്തര കാലഘട്ടത്തില്‍ രൂപപ്പെടുന്ന സാമൂഹികമായ അവലക്ഷണങ്ങളെക്കുറിച്ച് എന്തേ നാം ബോധവാന്മാരാകാത്തത്? ഒരു മന്ത്രിയെ സാമ്പത്തിക കുറ്റാന്വേഷണത്തിന്റെ ചുമതലയുള്ള ഒരു ഏജന്‍സി വിളിപ്പിച്ചപ്പോള്‍ ആ ക്ഷണം മന്ത്രിക്കല്ല, ജലീല്‍ എന്ന വ്യക്തിക്കായിരുന്നുവെന്നു പറയുന്നതാണ് സത്യാനന്തര കാലഘട്ടത്തിലെ മലക്കംമറിച്ചില്‍. മുഖ്യമന്ത്രി പോലും ആരോപണങ്ങള്‍ക്കു മുമ്പില്‍ ക്ഷുഭിതനാകുന്നത്, സത്യാനന്തര കാലഘട്ടത്തില്‍ രൂപംകൊള്ളുന്ന ഏകാധിപത്യത്തിന്റെ രോഗലക്ഷണമായിരിക്കാം.
സത്യത്തോടൊപ്പം, അത് തെളിയിക്കാന്‍ നാം നിരത്തുന്നത് വസ്തുതകളായിരിക്കണം. "നിങ്ങള്‍ പറഞ്ഞു ഞാന്‍, ഒരാളെ കൊന്നുവെന്ന്, ഇതാ അയാള്‍ ജീവിച്ചിരിക്കുന്നു" എന്ന മട്ടിലായിരിക്കണം വസ്തുതകളുെട അവതരണം. 'നിങ്ങള്‍ കള്ളം പറയുന്നു. ഞാന്‍ അയാളെ അറിയുകയേയില്ല, പിന്നെ എങ്ങനെയാണ് ഞാന്‍ അയാളെ കൊല്ലുന്നത്?' എന്ന് നിങ്ങള്‍ ന്യായീകരിക്കുകയാണെങ്കില്‍ ഇവിടെ യഥാര്‍ത്ഥ വസ്തുത, അല്ലെങ്കില്‍ യാഥാര്‍ ത്ഥ്യം നിങ്ങള്‍ 'തട്ടിന്‍പുറത്തോ പാര്‍ട്ടി ഓഫീസിലോ' ഒളിപ്പിച്ചുവച്ചിരിക്കുകയാണെന്ന ആരോപണമുയരും.
ഒരു ഉദാഹരണം കൂടി പറയാം, ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാര്‍ പറയുന്നത് 50,000 പേര്‍ക്ക് തൊഴില്‍ നല്കുമെന്നാണ്. ഇനിയുള്ള ഭരണനാളുകള്‍ എണ്ണപ്പെട്ടിരിക്കെ ഈ പ്രഖ്യാപനത്തിനു പിന്നിലെ വസ്തുത എന്താണ്? പ്രളയ കോവിഡ് കാലഘട്ടങ്ങളിലെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറയാന്‍ കണക്കുകളെ ആശ്രയിക്കാമെങ്കിലും അത്തരം കണക്കുകള്‍ കൃത്യമായി നല്കാന്‍ ഭരണവര്‍ഗത്തിനു കഴിയുന്നില്ല. പി.എസ്.സി. വിവാദമുണ്ടായപ്പോള്‍ മുഖ്യമന്ത്രി നേരിട്ട് പത്രക്കാര്‍ക്ക് നല്കിയ കണക്ക് പോലും പൊളിഞ്ഞു പാളീസായി.
പ്രതിപക്ഷം ആരോപണം ഉന്നയിക്കും. മാധ്യമങ്ങള്‍ വിമര്‍ശിക്കും. പക്ഷെ, വസ്തുതകള്‍ നിരത്തി, മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'നെറികെട്ട' ഈ നീക്കങ്ങള്‍ ചെറുക്കാന്‍ മടിയില്‍ കനമല്ല, കണക്കാണ് വേണ്ടത്. എത്ര പേര്‍ക്ക് ദിവസവും ശമ്പളം നല്കുന്നുണ്ടെന്നുപോലും അറിയാത്ത ഭരണകര്‍ത്താക്കളേ, കമ്മീഷന്റെ കണക്ക് മാത്രം കിറുകൃത്യം അറിഞ്ഞാല്‍ പോരാ, ജനങ്ങളുടെ പണം ആര്‍ക്കെല്ലാം നല്കുന്നുണ്ടെന്ന് അറിഞ്ഞിരിക്ക ണം. അത് അറിയാതെ പോകുന്നത് ഒരര്‍ത്ഥത്തില്‍ തോന്ന്യവാസമാണ്. പക്ഷെ, തോന്നിയതുപോലെ ഭരിക്കാന്‍ 'ജനാധിപത്യം' അനുവദിക്കുന്നില്ല. മാസായിട്ട് ഒരു ഡയലോഗ് കൂടി പറയട്ടെ, 'ഇതപ്പിടി നാറ്റക്കേസാ.' കുളിച്ചുകയറണം, സാറന്മാരേ, എന്നിട്ട് നെഞ്ചത്തടിച്ച് സത്യം പറയണം, ഞങ്ങളല്ല, കൂടെ നിന്നവരാ കട്ട ത്, പക്ഷെ, പെട്ടത് ഞങ്ങളാ… അതല്ലെങ്കില്‍, പഴയ മുദ്രാവാക്യമില്ലേ, 'എല്ലാം ശരിയാകും' എന്ന ആ മുദ്രാവാക്യമൊന്നു മാറ്റിയെഴുതേണ്ടി വരും. ശരിയാ, എല്ലാം 'അവന്മാരും അവളുമാരും' (ഇവിടെ ചേര്‍ക്കേണ്ട പേരുകള്‍ വായനക്കാര്‍ക്ക് പൂരിപ്പിക്കാം) കൂടി ശരിയാക്കി… അപ്പോള്‍പിന്നെ തലശ്ശേരി ഭാഷയില്‍ പറഞ്ഞാല്‍ 'എന്തേനു.' തിര്വോന്തരം ഭാഷയില്‍ പറഞ്ഞാല്‍ 'ശരി അപ്പീ!'