ഭരിക്കുന്നവരേ, വെട്ടിമുറിച്ച് കടിച്ചുപറിച്ച് ശാപ്പിടാം, ജനം ''ചങ്കൂരിചിക്കന്‍'' പരുവത്തില്‍

ഭരിക്കുന്നവരേ, വെട്ടിമുറിച്ച് കടിച്ചുപറിച്ച് ശാപ്പിടാം, ജനം ''ചങ്കൂരിചിക്കന്‍'' പരുവത്തില്‍
ജനങ്ങളുടെ ജീവിത നിലവാര പട്ടിക ഇങ്ങനെ: ഒന്ന്, യാത്രാനിരക്ക് കൂട്ടി. രണ്ട്, എല്ലാറ്റിനും വില കൂടി. മൂന്ന്, ഭൂമിയുടെ പേരില്‍ ജനം സര്‍ക്കാര്‍ ഓഫീസുകളും കോടതികളും കയറിയിറങ്ങേണ്ടി വരുന്നു. ഭൂമി തരംമാറ്റ കേസുകള്‍ ഹൈക്കോടതിയില്‍ മാത്രം 93,000. തീരപരിപാലന നിയമലംഘനത്തിന് പത്തു ജില്ലകളില്‍ ഭൂവുടമകള്‍ക്കെതിരെ 27,735 കേസുകള്‍. നാല്, കെ റെയില്‍, ഹൈവേ-കനാല്‍ വികസനങ്ങള്‍ തുടങ്ങിയവ നടപ്പാക്കുമ്പോള്‍ കിടപ്പാടം നഷ്ടപ്പെടുന്നവര്‍ 25,000 ലേറെ കുടുംബങ്ങള്‍. ഇനി പറയൂ... ജനത്തിന്റെ ചങ്ക് പറിയില്ലേ?

വിലക്കയറ്റം വാ പൊളിച്ച് ജനത്തെ വിഴുങ്ങിക്കഴിഞ്ഞു. ഇന്ധനവില കൂട്ടി... കൂട്ടി... പുരപ്പുറത്തെത്തിച്ച കേന്ദ്ര സര്‍ക്കാര്‍ ഇനി 143 ഇനങ്ങളുടെ നികുതിനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം ചോദിച്ചിരിക്കുകയാണ്. 92% ഇനങ്ങളുടെ നികുതിനിരക്ക് 18%-ല്‍ നിന്ന് 28% ആക്കി ഉയര്‍ത്തുമത്രെ. ലോകസഭാ തെരഞ്ഞെടുപ്പിനുമുമ്പ് നികുതി നിരക്ക് കുറച്ച ഇനങ്ങള്‍ക്കാണ് ഇപ്പോള്‍ നികുതി ഉയര്‍ത്തുന്നത്. ഇന്ധനവില കൂട്ടിയതു മൂലം ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ളതിന് വിലകൂടിയിരിക്കെ, ജനത്തിന്റെ ദുരിതമൊന്നും കണക്കിലെടുക്കാതെ അവശ്യസാധനങ്ങളുടെ വില പോലും കൂട്ടുന്നതില്‍ സംസ്ഥാന ഭരണകൂടങ്ങളും തലകുലുക്കാനാണ് സാധ്യത.

കേരളത്തെ സംബന്ധിച്ചിടത്തോളം ജനം പ്രശ്‌നങ്ങളുടെ ശര ശയ്യയിലാണ്. തീരദേശ ഗ്രാമങ്ങളില്‍ തീരപരിപാലന നിയമങ്ങളും മലയോരങ്ങളില്‍ പരോക്ഷമായ നിര്‍മ്മാണ നിയന്ത്രണങ്ങളും ചേര്‍ന്ന് ജനം 'ചങ്കൂരി ചിക്കന്‍' പോലെ അടിമുടി വെന്തുമലര്‍ന്നമട്ടിലാണ്. കെ റെയില്‍, ഇടപ്പള്ളി ഹൈവേ തുടങ്ങിയ സ്ഥലമെടുപ്പുകളും കല്ലിടലുകളുമെല്ലാം നാട്ടില്‍ വിഷുപ്പടക്കം പോലെ പൊട്ടിത്തെറിക്കുന്നുണ്ട്. പ്രശ്‌നങ്ങളുടെ ഈ പൂരപ്പറമ്പിലേക്ക് കോവിഡിന്റെ നാലാം തരംഗം കൂടി കടന്നുവന്നാല്‍ സംഗതി കാസറഗോഡുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ജോറുബാറാ'കും!

വീണ്ടും കോവിഡിന്റെ നാലാം തരംഗത്തിന് കാത്തിരിക്കുകയാണ് ജനം. എന്നാല്‍, അതിനനുസരിച്ചു സര്‍ക്കാര്‍ സംവിധാനം ഉണര്‍ന്നമട്ടിലല്ല പ്രവര്‍ത്തിക്കുന്നത്. 3.25 ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍പെട്ട ഗവണ്‍മെന്റ് ആശുപത്രികളിലെ അപ്പോത്തിക്കിരിമാര്‍ കലിപ്പിലാണ്. ശമ്പളപരിഷ്‌കരണം വന്നപ്പോള്‍, ഡോക്ടര്‍മാരുടെ 'പേ സ്‌കെയില്‍' മറ്റുള്ളവരെക്കാള്‍ താഴെയായെന്ന പരാതി അവര്‍ക്കുണ്ട്. കോവിഡ് മൂലം അധിക ജോലി ചെയ്യേണ്ടി വന്നതൊന്നും സര്‍ക്കാര്‍ കണ്ട മട്ട് നടിച്ചില്ല. ആരോഗ്യ പ്രവര്‍ത്തകരോട് 'കരുണ കാണിക്കാത്ത' മന്ത്രിയെന്ന ചീത്തപ്പേര് പഴയ മാധ്യമ പ്രവര്‍ത്തകയായ 'ആരോഗ്യ ശ്രീമതി'ക്കുണ്ടെന്നാണ് തലസ്ഥാനത്തെ ചായക്കടകളില്‍ പറഞ്ഞു കേള്‍ക്കുന്നത്.

രോഗങ്ങള്‍ ക്യൂവിലാണ്

എന്തായാലും കോവിഡിനു വേണ്ടിയുള്ള മുന്നൊരുക്കത്തെക്കാള്‍, കേന്ദ്ര സര്‍ക്കാര്‍ വ്യാജ പ്രചരണം നടത്തുന്നതിനെ പ്രതിരോധിക്കാനാണ് ആരോഗ്യമന്ത്രിയുടെ കഠിന ശ്രമം. എന്താണ് കേരളീയരുടെ ഇപ്പോഴത്തെ ആരോഗ്യ ഗ്രാഫ്? സംസ്ഥാനത്തെ പുരുഷന്മാരില്‍ 27%, സ്ത്രീകളില്‍ 19% എന്നിങ്ങനെയാണ് പ്രമേഹരോഗക്കണക്ക്. പ്രമേഹവും രക്താതി സമ്മര്‍ദ്ദവും ചികിത്സിക്കുന്നവര്‍ പണ്ടേ കുറവാണ്. കോവിഡ് വന്നുപോയതോടെ, ഈ രണ്ട് രോഗങ്ങള്‍ക്കും ചികിത്സ തേടുന്നവര്‍ 15 ശതമാനത്തില്‍ കുറവാണ്. ഈ രണ്ട് രോഗങ്ങളും യഥാസമയം ചികിത്സിച്ചാല്‍, ഹൃദ്രോഗവും വൃക്ക തകരാറും പക്ഷാഘാതവും ഒഴിവാക്കാമെന്ന് സാധാരണക്കാര്‍ക്ക് അറിയില്ല. മാനസികാരോഗ്യത്തിലും നാം പിന്നിലാണ്. കേരളീയരില്‍ 12.08% പേര്‍ക്കും മാനസിക രോഗത്തിനു ചികിത്സ വേണ്ടവരാണ്. രോഗങ്ങള്‍ വര്‍ദ്ധിക്കുകയും ഡോക്ടര്‍മാര്‍ കുറയുകയുമാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഒരു അലോപ്പതി ഡോക്ടര്‍ പ്രതിവര്‍ഷം 6810 രോഗികളെ ചികിത്സിക്കുന്നു വെന്നാണ് കണക്ക്. അന്തര്‍ദേശീയതലത്തില്‍ ആറിരട്ടിയും ദേശീയ നിരക്കില്‍ 10 മടങ്ങും കൂടുതലാണിത്.

ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു ഡോക്ടര്‍

കേരളത്തില്‍ ഏറ്റവും കുറവ് ഡോക്ടര്‍മാര്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്. 8673 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്നാണ് അനുപാതം. രണ്ടാം സ്ഥാനത്ത് പാലക്കാടും മൂന്നാം സ്ഥാനത്ത് കോഴിക്കോടുമാണുള്ളത്. പത്തനംതിട്ടയില്‍ മാത്രം 4054 രോഗികള്‍ക്ക് ഒരു ഡോക്ടര്‍ എന്ന കണക്കുണ്ട്. കൂടുതല്‍ രോഗികളുള്ള തിരുവനന്തപുരത്ത് 5500 രോഗികള്‍ക്ക് ഒരു ഡോക്ടറേയുള്ളൂ. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്നും ഡോക്ടര്‍ക്കു ചുറ്റും വലിയ ആള്‍ക്കൂട്ടമാണ്. കാരണം 1963-ലെ സ്റ്റാഫ് ഘടനവച്ചാണ് ഇപ്പോഴും ഡോക്ടര്‍മാരുടെ നിയമനം നടക്കുന്നത്. കാഷ്വാലിറ്റി മെഡിക്കല്‍ ഓ ഫീസര്‍മാരുടെ തസ്തികകളില്‍ പോലും 40 ശതമാനം നികത്താനുണ്ട്.

എന്തുകൊണ്ടാണ് ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും തസ്തികകള്‍ ഇങ്ങനെ ഒഴിഞ്ഞുകിടക്കുന്നത്? ദേശീയ തലത്തില്‍പോലും ആഭ്യന്തര ഉല്‍പാദനത്തിന്റെ 1.35 ശതമാനമാണ് ആരോഗ്യ രംഗത്ത് ചെലവിടുന്നത്. ഇന്ത്യയില്‍ 138 കോടി ജനങ്ങള്‍ക്ക് 1.4 ആള്‍ക്ക് ഒരു ആശുപത്രിക്കിടക്ക എന്നാണ് കണക്ക്.

ആരോഗ്യ മേഖല ഐ.സി.യുവില്‍

കേരളത്തിലെ പൊതു ആരോഗ്യമേഖലയോട് അധികൃതര്‍ കാണിക്കുന്ന അനാസ്ഥയറിയാന്‍ ആരോഗ്യവകുപ്പിലെ വാഹനങ്ങളിലേക്ക് നോക്കിയാല്‍ മതി. 40 ശതമാനം വാഹനങ്ങള്‍ക്കേ സര്‍ക്കാര്‍ സാരഥികളെ നിയമിച്ചിട്ടുള്ളൂ. ഒരു തരത്തില്‍ പറഞ്ഞാല്‍, കോവിഡിനു മുമ്പുള്ള നാളുകളെ അടിസ്ഥാനമാക്കിയല്ല ആരോഗ്യ വകുപ്പില്‍ നടപടികള്‍ ഉണ്ടാകേണ്ടത്. പകരം, ഔഷധ ഭീമന്മാരെ നിലയ്ക്കുനിര്‍ത്തിയും രോഗപ്രതിരോധ രംഗത്ത് കൂടുതല്‍ ശ്രദ്ധയൂന്നിയുംവേണം ആരോഗ്യ മന്ത്രാലയം പ്രവര്‍ത്തിക്കേണ്ടത്. അതിനുവേണ്ടി, മൊത്തമായി രോഗമൊഴുകിവരുന്ന വന്‍ ടാപ്പുകള്‍ അടയ്ക്കണം. അതില്‍ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ് ഭക്ഷ്യ സുരക്ഷ.

കഴിഞ്ഞ ദിവസങ്ങളിലായി റേഷന്‍ കടകളില്‍ വിതരണം ചെയ്യാനുള്ള അരിയുടെ 'അവസ്ഥ' നാം മാധ്യമങ്ങളില്‍ കണ്ടു; വായിച്ചു. ഇടുക്കിയില്‍ വിഷമീന്‍ കഴിച്ച് ആളുകള്‍ ആശുപത്രിയിലായെന്ന വാര്‍ത്തയും കണ്ടു. വിഷരഹിത പച്ചക്കറിയും വിഷംതളിക്കാത്ത മീനും, ആന്റിബയോട്ടിക് മരുന്ന് കുത്തിവയ്ക്കാത്ത ചിക്കനുമെല്ലാം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കുറേക്കൂടി ചടുലമായ നീക്കങ്ങള്‍ വേണം. വിഷുവിന് കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി വിദേശ രാജ്യങ്ങളിലേക്ക് കയറ്റിവിട്ട പച്ചക്കറിയുടെ 70 ശതമാനവും തമിഴ് നാട്ടില്‍നിന്നുമായിരുന്നു. നമ്മുടെ കാര്‍ഷിക മേഖല വയല്‍ മുതല്‍ ചന്ത വരെയും മൂല്യവര്‍ദ്ധിത പണിപ്പുരകള്‍ വരെയും കൃത്യമായി പ്ലാന്‍ ചെയ്യാനാകുന്ന വിധത്തിലുള്ള അഴിച്ചുപണി കൃഷിവകുപ്പില്‍ ആവശ്യമാണ്. പച്ചക്കറിക്കും പഴ വര്‍ഗ്ഗങ്ങള്‍ക്കും വില കൂടുമ്പോള്‍ വിലക്കയറ്റം തടയാനെന്ന മട്ടില്‍ നടത്തുന്ന വിപണന പ്രഹസനങ്ങളില്‍ കീശ നിറയുന്നത് ചില ഉദ്യോഗസ്ഥരുടെയും ഇടത്തട്ടുകാരുടേതുമാണ്. കീശ കാലിയാകുന്നത് ജനത്തിന്റെയും. ഇപ്പോഴത്തെ കൃഷിവകുപ്പുമന്ത്രി എന്തെങ്കിലും നല്ല കാര്യങ്ങള്‍ കാര്‍ഷിക മേഖലയില്‍ നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ്; അഴിമതിക്കാരനല്ല. എന്നിട്ടും കൃഷിവകുപ്പില്‍ മന്ത്രിയറിയാതെ, ചില ഉദ്യോഗസ്ഥ മേധാവികള്‍ നട്ടുനനച്ചുണ്ടാക്കുന്ന കൈക്കൂലിപ്പന്തലുകളില്‍ ഏത് ഉത്സവ സീസണിലും വിലക്കയറ്റത്തിന്റെ കയറില്‍ തൂങ്ങിയാടുന്നത് പാവം ജനമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org