61 സമരദിനങ്ങളും 9464 ഉദ്യോഗാര്‍ത്ഥികളും; കുറെ 'ആടുജീവിതങ്ങള്‍' ബിരിയാണിച്ചെമ്പില്‍ പിടഞ്ഞുവീണ 'റീയല്‍ കേരളാ സ്റ്റോറി'

61 സമരദിനങ്ങളും 9464 ഉദ്യോഗാര്‍ത്ഥികളും; കുറെ 'ആടുജീവിതങ്ങള്‍' ബിരിയാണിച്ചെമ്പില്‍ പിടഞ്ഞുവീണ 'റീയല്‍ കേരളാ സ്റ്റോറി'
എനിക്ക് എതിരെ, എന്റെ സര്‍ക്കാരിനെതിരെ സമരമോ? അതൊന്നും നടപ്പില്ല. പോകാന്‍ പറ. ചെടിച്ചട്ടികൊണ്ട് തലയ്ക്കടിച്ചും ബോംബുണ്ടാക്കിയും രക്ഷാപ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയോടാണോ നിങ്ങളുടെ പിപ്പിടി കാണിക്കല്‍? കടക്ക് പുറത്ത് എന്നു കൂടി പറഞ്ഞാല്‍ ഈ സീനിലെ ഡയലോഗ് പൂര്‍ണ്ണം! ആര്, ആരോട്, എപ്പോള്‍ ഇതെല്ലാം പറഞ്ഞുവെന്ന ചോദ്യമൊക്കെ ആകാം. പക്ഷെ, എനിക്ക് പറയാനുള്ളത് ഞാന്‍ പറയും. നിങ്ങള്‍ കേട്ടാല്‍ മതിയെന്ന റേഡിയോ ശൈലിയില്‍ സംസാരിക്കുന്നത് സി പി എം പോലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന് ചേരുമോയെന്ന് ചോദിക്കരുത്. ബോംബുണ്ടാക്കുമ്പോള്‍ പരുക്കേറ്റവന്റെ വീട്ടില്‍ നേതാക്കള്‍ പോകുന്നത് നാട്ടുമര്യാദ. വന്യജീവികള്‍ കവര്‍ന്നെടുത്ത കുടുംബനാഥന്റെ വീട് സന്ദര്‍ശിക്കാത്തത് പാര്‍ട്ടിമര്യാദ. ഇങ്ങനെ പുതിയ രാഷ്ട്രീയ ശൈലി കേരളത്തില്‍ വേവുന്നത്, ഇനിയും സത്യം മൂടിവയ്ക്കപ്പെടുന്ന സത്യാനന്തര കാലഘട്ടത്തില്‍ ദുര്‍മന്ത്രവാദി പോറ്റിയെപോലെയുള്ള രാഷ്ട്രീയ നേതാക്കളുടെ ചെപ്പടി വിദ്യയെന്ന് ഓര്‍ത്ത് സമാധാനിക്കാം.
  • തിരഞ്ഞെടുപ്പടുക്കുമ്പോള്‍ 'പ്രേമലു' ഡയലോഗ്, അത് കഴിഞ്ഞാലോ?

തിരഞ്ഞെടുപ്പു കാലം വരുമ്പോള്‍, വോട്ടര്‍മാരോട് പ്രേമലു പരുവത്തില്‍ പ്രസംഗങ്ങള്‍ കാച്ചുകയും, തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ജനങ്ങളെ രക്ഷപ്പെടാനാവാത്ത വിധം ഗുണാകേവ്‌സില്‍ (മഞ്ഞുമ്മല്‍ ബോയ്‌സിനോട് കടപ്പാട്) തള്ളിയിടുകയും ചെയ്യുകയാണ് ഭരിക്കുന്നവരുടെ ഇപ്പോഴത്തെ സ്ഥിരം പരിപാടി.

തിരഞ്ഞെടുപ്പടുക്കുമ്പോള്‍ കേന്ദ്രം ഇന്ധനവില കുറയ്ക്കുന്നു. ഇതിനു മുമ്പെല്ലാം മാര്‍ച്ച് 8-ന് വനിതാദിനം ആചരിച്ചിട്ടും കുറയ്ക്കാതിരുന്ന പാചകവാതകത്തിന്റെ വില എണ്ണക്കമ്പനികള്‍ 100 രൂപ കുറച്ചതും നാം കണ്ടു. ഇന്ധനവിലയില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് എപ്പോഴും പറഞ്ഞിരുന്ന മോദിജി പാചക വാതകത്തിനു വിലകുറച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത് നേരിട്ടാണ്.

എന്നാല്‍ ഇപ്പോഴുള്ള സംസ്ഥാന ഭരണകൂടം ജനപ്രിയ പരിപാടികള്‍ നടപ്പാക്കാനാവാതെ നക്ഷത്രമെണ്ണുകയാണ്. പണമില്ലാത്തതു മൂലം എസ് എസ് എല്‍ സി പരീക്ഷാപേപ്പര്‍ നോക്കിയതിനുള്ള കഴിഞ്ഞ വര്‍ഷത്തെ പ്രതിഫലം പോലും സര്‍ക്കാര്‍ ഇനിയും നല്കിയിട്ടില്ല. ഇത്തവണ പരീക്ഷാപേപ്പര്‍ കെട്ടി ഭദ്രമാക്കി പരീക്ഷാഭവനിലേക്ക് അയയ്ക്കാനുള്ള പണവും സ്‌കൂളുകള്‍ തന്നെ ചെലവഴിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. പണം എന്നു തരുമെന്ന ചോദ്യം സ്‌കൂളുകള്‍ ഉന്നയിക്കുന്നതേയില്ല. കാരണം കാശ് വരട്ടെ, അപ്പോള്‍ തരാം എന്നാണ് മന്ത്രി ബാലഗോപാല്‍ പറയുന്നത്. 4 ലക്ഷം കോടി രൂപ കടമെടുത്തു കഴിഞ്ഞ് ഒരു തരം 'നക്കാപ്പിച്ച പരുവ'ത്തില്‍ നില്‍ക്കുന്ന മന്ത്രിയോട് പണമെന്നു കിട്ടുമെന്ന് ചോദിക്കുന്നതെങ്ങനെ? തിരഞ്ഞെടുപ്പിന്റെ തകിലുമേളം തകര്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് കിട്ടാനുള്ള റേഷന്‍ പോലും സമയാസമയം നല്കാനാവാതെ ഈ പോസ് സംവിധാനത്തെ പഴിച്ച് തടിതപ്പുകയാണ് സര്‍ക്കാര്‍.

  • ആടായിട്ടും മാടായിട്ടും സമരവേഷം കെട്ടിയവര്‍ പെരുവഴിയില്‍

സിവില്‍ പൊലീസ് ഓഫീസര്‍ മാരെ നിയമിക്കാനുള്ള പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റ് നടയില്‍ 61 ദിവസം സമരം നടത്തി. നിലത്തുകിടന്ന് ഉരുണ്ടും മണ്ണ് തിന്നും പുല്ല് തിന്നും മുട്ടിലിഴഞ്ഞും തലമൊട്ടയടിച്ചും ഭരിക്കുന്നവരുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള ആ യുവതയുടെ സമരം ഭരണകൂടം പൂര്‍ണ്ണമായി അവഗണിച്ചുകളഞ്ഞു. 9464 പേരുകളായിരുന്നു 2024 ഏപ്രില്‍ 13-ന് കാലാവധി തീരുന്ന റാങ്ക് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഏഴ് പൊലീസ് ബറ്റാലിയനുകളിലായി 13,975 പേരുടെ റാങ്ക് ലിസ്റ്റ് 2023 ഏപ്രില്‍ 13-നാണ് നിലവില്‍ വന്നത്. ഈ ലിസ്റ്റില്‍ നിന്ന് പി എസ് സി അഡൈ്വസ് മെമ്മോ നല്കിയത് 4511 പേര്‍ക്കു മാത്രം. പി എസ് സി നടത്തിയ പരീക്ഷാ പരിഷ്‌കരണത്തിലും തൊഴിലില്ലാത്ത ഈ പാവം യുവാക്കള്‍ ദുരിതമനുഭവിക്കേണ്ടി വന്നു. നേരത്തെ ഒറ്റക്കട്ട ഒ എം ആര്‍ (ഒപ്റ്റിക്കല്‍ മാര്‍ക്ക് റീഡര്‍ എന്ന് മുഴുവന്‍ നാമം. ഉത്തരങ്ങള്‍ എഴുതുന്നതിനു പകരം വൃത്താകൃതിയിലുള്ള ഉത്തരസൂചനാവൃത്തങ്ങള്‍ മഷികൊണ്ട് കറുപ്പിക്കുന്ന രീതി) പരീക്ഷയുടെയും കായികക്ഷമതാപരീക്ഷയുടെയും അടിസ്ഥാനത്തിലായിരുന്നു റാങ്ക് പട്ടിക തയ്യാറാക്കിയിരുന്നത്. പിന്നീട് പ്രിലീമിനറി, മെയിന്‍ പരീക്ഷകളും കായികാക്ഷമതാ ടെസ്റ്റും വേണമെന്ന് പി എസ് സി നിഷ്‌കര്‍ഷിക്കുകയായിരുന്നു. ഈ പരീക്ഷകള്‍ക്കായി ഉറക്കമിളച്ച് പഠിച്ചതും വിയര്‍പ്പൊഴുക്കിയതും ഇപ്പോള്‍ പാഴായിക്കഴിഞ്ഞു.

രാഷ്ട്രീയക്കാര്‍ സൃഷ്ടിച്ച ഭ്രമ യുഗ കാലഘട്ടത്തില്‍ പകച്ചു നില്‍ക്കുകയാണ് തൊഴിലില്ലാത്ത യുവതീയുവാക്കള്‍. ഒരുതരം ശത്രുതാമനോഭാവത്തോടെയാണോ ഭരിക്കുന്നവര്‍ തൊഴില്‍ തേടുന്നവരെ കാണുന്നത്?

  • പോഷകസംഘടനകളുടെ നിര്‍വികാരത ഇത്രത്തോളമാകാമോ?

കേരളത്തില്‍ 3 ലക്ഷം പേരാണ് പ്രതിവര്‍ഷം തൊഴിലില്ലാപ്പടയില്‍ ചേരുന്നത്. സര്‍ക്കാര്‍ ജോലികളെ ആശ്രയിച്ചിരുന്ന യുവതീയുവാക്കള്‍ ഇപ്പോള്‍ നിരാശരാണ്. തൊഴിലില്ലായ്മ പരിഹരിക്കുന്ന കാര്യത്തില്‍ ഫലപ്രദമായി ഇടപെടാന്‍ അധ്വാനവര്‍ഗത്തിന്റെ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന സി പി എം ന് കടമയുണ്ട്. എന്നാല്‍ ചുവപ്പന്‍ യുവതയുടെ സംഘടനയെന്നറിയപ്പെടുന്ന ഡി വൈ എഫ് ഐ ഇക്കാര്യത്തില്‍ പ്രകടിപ്പിക്കുന്ന അനാസ്ഥയും നിസ്സംഗതയും കുറ്റകരമാണെന്നു പറയുമ്പോള്‍ പിണങ്ങരുത്. 'ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ' എന്ന മുദ്രാവാക്യമൊക്കെ പൊളിയാണ്. പക്ഷെ, തൊഴിലില്ലായ്മ പരിഹരിക്കാന്‍ പാര്‍ട്ടിയുടെ അടിമക്കണ്ണുകളായി മാറി പിന്‍വാതില്‍ വഴി നിയമനം നേടിയെടുക്കാമെന്നു യുവതയോട് പറയുന്നത് നാണക്കേടല്ലേ?

മുണ്ടുടുത്ത മോദിയും മുണ്ടുടുക്കാത്ത മോദിയും തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ ഒരേ തൂവല്‍ പക്ഷികളാണ്. ഇന്ത്യയിലെ തൊഴില്‍ രഹിതരില്‍ 83 ശതമാനവും യുവജനങ്ങളാണ്. ഹയര്‍ സെക്കണ്ടറി പാസ്സായവരുടെ തൊഴിലില്ലായ്മ ഇന്ത്യയില്‍ ഇരട്ടിയായെന്ന് ഇന്‍ര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കുണ്ട്. 2000-ല്‍ ദേശീയതലത്തില്‍ 35.2 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. 2022-ലെ കണക്കനുസരിച്ച് ഇതേ നിരക്ക് 65.7 ശതമാനമാണ്!

  • തൊഴിലുണ്ട്, പക്ഷെ, നിയമിക്കില്ലെന്ന ശാഠ്യമെന്തിന് ?

റെയില്‍വേയില്‍ രണ്ടരലക്ഷം തസ്തിക ഒഴിഞ്ഞു കിടക്കുന്നു. കേന്ദ്ര സര്‍വീസില്‍ 9 ലക്ഷം തസ്തികകളില്‍ നിയമനം നടക്കേണ്ടതുണ്ട്. രണ്ടു വര്‍ഷം മുമ്പുള്ളതാണ് ഈ ഔദ്യോഗിക കണക്ക്. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ഈ കണക്ക് പുറത്തുവിട്ടിട്ടേയില്ല!

ഇന്ത്യ, വന്‍ സാമ്പത്തിക ശക്തിയാകുമെന്ന് വീമ്പടിക്കുന്ന ദേശീയ നേതാക്കള്‍, തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ കാര്യം വിസ്മരിച്ച മട്ടാണ്. സൈന്യത്തിലേക്കുള്ള നിയമനങ്ങള്‍ പോലും യുവതീ യുവാക്കളുടെ നല്ല പ്രായത്തിലെ കായിക്ഷമത ഊറ്റിയെടുക്കുന്ന വിധം പരിഷ്‌ക്കരിച്ചു കഴിഞ്ഞു. ഊതിവീര്‍പ്പിച്ച ബലൂണുകളുടെ നിറമെന്തായാലും, അവ പൊട്ടിത്തെറിച്ചാല്‍ കാണുന്ന വര്‍ണ്ണഭംഗിക്കപ്പുറം യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടറിയാന്‍ ഭരിക്കുന്നവര്‍ക്ക് കഴിയണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org