ജനകീയ സമരങ്ങളുടെ 'തല്ലുമാല' നേരിടാന്‍ 'ഇച്ചീച്ചി' വെള്ളം നിറച്ച ജലപീരങ്കി മതിയോ സാറന്മാരേ...

ജനകീയ സമരങ്ങളുടെ 'തല്ലുമാല' നേരിടാന്‍ 'ഇച്ചീച്ചി' വെള്ളം നിറച്ച ജലപീരങ്കി മതിയോ സാറന്മാരേ...

ജനത്തിന്റെ 'തല്ലുമാല' തിരമാലകള്‍പോലെ വന്നലച്ചാല്‍, അതിനുമുമ്പില്‍ നെഞ്ചുവിരിച്ചുകാണിക്കുന്ന നേതാവാരായാലും അയാളുടെ തലയ്ക്കുള്ളില്‍ കളിമണ്ണല്ല, അതിലും ചീപ്പായ എന്തോ ആണെന്ന് കരുതണം. തിരുവനന്തപുരത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന തീരദേശ ജനതയുടെ സമരത്തെ മുന്‍കൂട്ടി തയ്യാറാക്കിവച്ച സമരമാണെന്ന് മുഖ്യമന്ത്രി ആഗസ്റ്റ് 23-ന് നിയമസഭയില്‍ പ്രസ്താവന നടത്തി. ബി.ജെ.പി.യുടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാകട്ടെ കൂടങ്കുളം സമരത്തില്‍നിന്ന് എത്തിയ 'അന്യസംസ്ഥാന ബാധ' എന്ന രീതിയിലാണ് ഈ സമരത്തെക്കുറിച്ച് പ്രതികരിച്ചത്.

കടലിരമ്പിവരുമ്പോള്‍ കൈകെട്ടിനില്‍ക്കല്ലേ

തലസ്ഥാനത്ത് ഒരു ജനതതി മുഴുവന്‍ സമരമുഖത്തുണ്ട്. സ്ത്രീകളുടെ വലിയ പങ്കാളിത്തം സമരരംഗത്തുണ്ട്. ഒപ്പം കത്തോലിക്കാസഭയുടെ മറ്റ് രൂപതകളില്‍നിന്നുള്ള വൈദികര്‍പോലും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തലസ്ഥാനത്തെത്തുന്നു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ ഇടവക ജനങ്ങള്‍ വൈദികരുടെ നേതൃത്വത്തില്‍ സമരം ചെയ്യുന്നവരുടെ കൂടെ ചേര്‍ന്നുനില്‍ക്കുന്നു. ഇങ്ങനെയുള്ള ഒരു ജനകീയ സമരത്തെ എപ്പോഴും ജനങ്ങളോടൊപ്പം എന്നു വീമ്പിളക്കുന്ന ഇടതുഭരണകൂടം ഇങ്ങനെയാണോ കൈകാര്യം ചെയ്യേണ്ടത്?

കടലോരം മുഴുവന്‍ ഇന്ന് മുഴുപ്പട്ടിണിയിലാണ്. ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം അവസാനിച്ച ദിവസംപോലും കടലില്‍ പോകാന്‍ കാലാവസ്ഥ മുന്നറിയിപ്പനുസരിച്ച് ബോട്ടുകള്‍ക്ക് കഴിഞ്ഞില്ല. കടലോരത്ത് വട്ടിപ്പലിശ ദിവസക്കണക്കിനാണ്. കൊടുങ്കാറ്റിലും പേമാരിയിലും കടലിന്റെ മക്കള്‍ കടലില്‍ മീന്‍പിടിക്കാന്‍ പോകുന്നത് ഉല്ലാസത്തിനല്ല, ഒരു ദിവസത്തെ ബ്ലേഡ് പലിശയെങ്കിലും ഒഴിവാക്കാമല്ലോ എന്നു കരുതിയാണ്. തീര പരിപാലന നിയമത്തിന്റെ വിശദാംശങ്ങള്‍ ഇനിയും കേന്ദ്ര സര്‍ക്കാരിന് കേരളം സമര്‍പ്പിച്ചിട്ടില്ല. തീരത്ത് വസിക്കുന്നവര്‍ തീരപരിപാലന നിയമത്തിന്റെ കുരുക്കിലായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമം സര്‍ക്കാരിനെ മുമ്പില്‍നിര്‍ത്തി ആരൊക്കെയോ ഖനനംചെയ്തുകൊണ്ടിരിക്കുകയാണ്. ടൂറിസ വികസനത്തിന്റെ പേരില്‍ കടല്‍ത്തീരം 'ചെത്തിയെടുക്കുന്ന' അറവുകാരായ കുത്തകകള്‍ വേറെ.

നിരോധനം നല്ലതു തന്നെ; കഞ്ഞിക്കലം കാലിയായാലോ?

സര്‍ക്കാര്‍ കടലില്‍ പോകരുതെന്നു പറഞ്ഞാല്‍, അന്നത്തെ 'ചെലവ് കാ' നഷ്ടപരിഹാരമെന്ന നിലയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കിട്ടേണ്ടതാണ്. അതൊന്നും ഇപ്പോള്‍ നാട്ടുനടപ്പല്ലെന്നമട്ടിലാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രമാണെങ്കില്‍ മണ്ണെണ്ണ വില നിരന്തരം കൂട്ടുന്നു. സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ പിശുക്ക് കാണിക്കുന്നു. കരിഞ്ചന്തയില്‍ മണ്ണെണ്ണ വാങ്ങി കടലില്‍ പോയാല്‍ നഷ്ടമിരട്ടിക്കുമെന്ന അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികള്‍. കടലിന്റെ മക്കളില്‍നിന്ന് കഴിയുന്നത്ര അകന്നു നടക്കാന്‍ ഭരണകര്‍ത്താക്കള്‍ ശ്രദ്ധിക്കുന്നു. രാജിവച്ച ഫിഷറീസ് മന്ത്രി സജി ചെറിയാനു പകരം ആ വകുപ്പിനായി പുതിയ മന്ത്രിയെ ഇതുവരെ മുഖ്യമന്ത്രി നിയമിച്ചിട്ടില്ല. പല മന്ത്രിമാര്‍ക്ക് പങ്കുവച്ച വകുപ്പുകളില്‍ ഫിഷറീസ് വകുപ്പിന് പ്രത്യേക പരിഗണനയൊന്നും സര്‍ക്കാര്‍ നല്‍കിയിട്ടില്ല.

തുറമുഖ നിര്‍മ്മാണം തകൃതി, പുനരധിവാസ പദ്ധതിയോ?

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയാണ് ഇപ്പോള്‍ തീരദേശ ജനത സമരരംഗത്തുള്ളത്. തുറമുഖ നിര്‍മ്മാണം സര്‍ക്കാരിന്റെ പ്രസ്റ്റീജ് വികസന പദ്ധതിയാണെന്നും അത് നിര്‍ത്തിവയ്ക്കാനാവില്ലെന്നും ഭരണകൂടം പറയുമ്പോള്‍, പദ്ധതിക്കുവേണ്ടി പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി സംബന്ധിച്ച് യാതൊരു ചര്‍ച്ചകള്‍ക്കും സര്‍ക്കാര്‍ സന്നദ്ധരല്ല. ആകെക്കൂടി 19.5 ഏക്കര്‍ സ്ഥലം പുനരധിവാസത്തിനായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു പറയുമ്പോള്‍, വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിലൂടെ ഭവനരഹിതരും തൊഴില്‍ രഹിതരുമായി മാറുന്നവരുടെ ജീവിതാവസ്ഥയെക്കുറിച്ച് ഭരിക്കുന്നവര്‍ എന്തുകൊണ്ട് ആകുലപ്പെടുന്നില്ല?

ഓഖി ചുഴലിക്കാറ്റ് വീശിയടിച്ച കടല്‍ത്തീരങ്ങളുടെ സങ്കടങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് 400 കോടിയിലേറെ രൂപ ഖജനാവില്‍ നീക്കിയിരിപ്പുണ്ട്. നാലര വര്‍ഷത്തിലേറെയായി ഒരു സിമന്റ് ഗോഡൗണില്‍ താമസിച്ചുവരുന്ന വലിയതുറയിലെ 17 കുടുംബങ്ങളുടെ ദയനീയ കഥ ഇതിനിടെ ചാനലില്‍ കണ്ടു. ആരാണ് ആ കുടുംബങ്ങളുടെ കണ്ണീരു കാണുക?

സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വിഴിഞ്ഞം തുറമുഖംകൊണ്ട് കൂടുതല്‍ ഗുണമൊന്നും കിട്ടില്ലെന്ന് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചിരുന്നു. കേരളത്തിലെ തീരം നേരിടുന്ന അതിഭീകരാവസ്ഥ 2019-ല്‍ത്തന്നെ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് (NCCR) മുന്നറിയിപ്പ് നല്‍കിയതുമാണ്. ഇന്ത്യയ്ക്ക് ആകെ 8117 കിലോമീറ്റര്‍ കടല്‍ത്തീരമാണുള്ളത്. 2.01 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ് ഇന്ത്യന്‍ സമുദ്രത്തിന്റെ വിസ്തൃതി. ഈ തീരത്തുള്ളത് 118 ചെറുകിട തുറമുഖങ്ങളും 12 വലിയ തുറമുഖങ്ങളും. ഇന്ത്യന്‍ കടല്‍ത്തീരത്തിന്റെ 44 ശതമാനം നഷ്ടപ്പെട്ടതായി എന്‍.സി.സി.ആര്‍. ചൂണ്ടിക്കാണിച്ചിട്ടും, വിഴിഞ്ഞത്ത് 3.01 കിലോമീറ്റര്‍ ദൂരം നീളമുള്ള പുലിമുട്ട് അങ്ങോട്ട് (അദാനിക്ക്) പണംകൊടുത്ത് നിര്‍മ്മിക്കണമെന്ന വാശി ആരുടേതാണ്?

കടലിലുള്ളത് കവരാന്‍ കൂട്ടുകൂടുന്ന കുത്തകകള്‍

665 ഇനം മത്സ്യങ്ങളാണ് ഇന്ത്യന്‍ സമുദ്ര മേഖലയിലുള്ളത്. ഈ മത്സ്യ സമ്പത്തുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവര്‍ 40 ലക്ഷം മനുഷ്യര്‍. പരോക്ഷമായി കടലുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഇന്ത്യയിലെ 17 കോടി ജനങ്ങളെ കടല്‍ത്തീരത്തുനിന്ന് ആട്ടിയോടിക്കുന്നതിന്റെ 'കമ്പോള രഹസ്യം' എന്തായിരിക്കാം? ബ്ലൂ എക്കോണമി എന്ന പേരില്‍ മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്, കടല്‍ത്തട്ടിലെ 20 ലക്ഷം ക്യുബിക് മീറ്റര്‍ എണ്ണയും പ്രകൃതിവാതകവും മാത്രമല്ല കോടികള്‍ വിലമതിക്കുന്ന ധാതുസമ്പത്തുകൂടിയാണ്.

ഒരു വര്‍ഷം നമ്മുടെ മത്സ്യത്തൊഴിലാളികള്‍ പിടിച്ചെടുക്കുന്നത് 53 ദശലക്ഷം ടണ്‍ മീനാണ്. ഇതിനായി കടലില്‍ പോകുന്നത് 3.12 ലക്ഷം യാനങ്ങള്‍. സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ പോയ സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യ 35 ശതമാനം വര്‍ദ്ധന നേടിയപ്പോള്‍ ഈ രംഗത്ത് കേരളം എന്തുകൊണ്ട് അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു? ഇന്ത്യ ചെമ്മീന്‍ കയറ്റുമതിയില്‍നിന്നുമാത്രം 47,200 കോടി രൂപ നേടിയപ്പോള്‍, ഇതില്‍ കേരളത്തിന്റെ വിഹിതം 4800 കോടി രൂപയുടേതാണ്. ഏറെ രസകരമായ മറ്റൊരു കാര്യമുണ്ട്. അന്യ സംസ്ഥാനത്തുനിന്നെത്തിച്ച ചെമ്മീനാണ് ഇതില്‍ 65 ശതമാനവും! 1950 മുതല്‍ സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ കേരളം ഒന്നാം സ്ഥാനത്തായിരുന്നു. 2005 മുതല്‍ കേരളം പിന്നോക്കം പോകാന്‍ തുടങ്ങി.

മണ്ണെണ്ണ സബ്‌സിഡി എന്ന മാജിക്!

മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്ക്കല്‍, വില കൂട്ടല്‍ തുടങ്ങിയ ലീലാ വിലാസങ്ങള്‍ നടത്തി കേന്ദ്രം മത്സ്യത്തൊഴിലാളികളുടെ കഴുത്തിന് കുത്തിപ്പിടിക്കുകയാണ്. മണ്ണെണ്ണ സബ്‌സിഡി ലഭ്യമാക്കാന്‍ വഞ്ചികളുടെ ഉടമസ്ഥര്‍ വിധേയരാകേണ്ടത് ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ് തുടങ്ങിയ ഏജന്‍സികളുടെ സംയുക്ത പരിശോധനയ്ക്കാണ്. 9 ജില്ലകളില്‍ പല വഞ്ചിയുടമകള്‍ക്കും മണ്ണെണ്ണ പെര്‍മിറ്റുകള്‍ ഇത്തവണ പുതുക്കിക്കിട്ടിയിട്ടില്ല. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വഞ്ചികള്‍ക്ക് സബ്‌സിഡി നല്‍കില്ല എന്നതടക്കം വിചിത്രമായ കാരണങ്ങളാണ് ഉദ്യോഗസ്ഥര്‍ ഇതിനായി പറഞ്ഞത്. 350 ലിറ്റര്‍ വരെ സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ കിട്ടിയ വഞ്ചിക്ക് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ കനിഞ്ഞ് അനുവദിക്കുന്നത് 50 ലിറ്ററാണ്. ബജറ്റില്‍ മണ്ണെണ്ണ സബ്‌സിഡി നല്‍കാന്‍ 60 കോടി രൂപ സംസ്ഥാനം നീക്കിവച്ചിട്ടുണ്ടെങ്കിലും, അതൊന്നും കടലിന്റെ മക്കള്‍ക്ക് കിട്ടുന്നില്ല.

കടലില്‍നിന്ന് കോരിയും പാര്‍ട്ടിയുടെ 'പള്ള' നിറയ്ക്കും

2018-ലെ ഫിഷറീസ് ആക്ടനുസരിച്ച് കേരളം ബോട്ടുകള്‍ക്ക് 12000 മുതല്‍ 25,000 രൂപവരെയാണ് വാര്‍ഷിക ഫീസ് ചുമത്തിയിട്ടുള്ളത്. ഇതേ ഫീസ് തമിഴ്‌നാട്ടില്‍ 300 രൂപയും കര്‍ണാടകത്തില്‍ 1000 രൂപയുമാണ്. ഇതിനുപുറമേ ക്ഷേമനിധി പിരിവുമുണ്ട്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും റോഡ് സെസ് 18 രൂപ ഇല്ലല്ലോ. പക്ഷെ, കേരളതീരത്ത് ബോട്ട് ഓടിക്കാന്‍ ക്ഷേമനിധി വിഹിതമായി 18 രൂപതന്നെ നല്‍കണം. മത്സ്യഫെഡ് വക കഴുത്തറപ്പന്‍ പരിപാടി വേറെയുമുണ്ട്. മത്സ്യലേലം വഴി കഴിഞ്ഞ വര്‍ഷം മത്സ്യഫെഡിന് കിട്ടിയത് 6,89,66,000 രൂപ. പോയ പത്തുവര്‍ഷത്തില്‍ മത്സ്യഫെഡ് തീരദേശ ജനതയ്ക്ക് സഹായമെത്തിക്കാന്‍ ചെലവഴിച്ചത് തുലോം തുച്ഛമായ തുകയാണ്! മത്സ്യത്തൊഴിലാളികളെ 'രക്ഷിക്കാന്‍' വേറൊരു നിയമം ഇടതുസര്‍ക്കാര്‍ കൊണ്ടുവരികയുണ്ടായി. ഇതിന്റെ മുഴുവന്‍ പേര് 'കേരള മത്സ്യ സംഭരണ ലേല ഗുണനിലവാര പരിപാലന നിയമ'മെന്നത്രെ. മത്സ്യലേലക്കാരെ സര്‍ക്കാര്‍ നിയമിക്കും. ഇപ്പോഴുള്ള ഫിഷ് ലാന്റിംഗ് സെന്ററുകള്‍ 204 എണ്ണമാണ്. തിരുവനന്തപുരം-42, കൊല്ലം-25, ആലപ്പുഴ-22, എറണാകുളം-24, തൃശൂര്‍-23, മലപ്പുറം-15, കോഴിക്കോട്-20, കണ്ണൂര്‍-13, കാസറഗോഡ്-20 എന്നിങ്ങനെയാണ് വിശദമായ കണക്ക്.

ഈ ലാന്‍ഡിംഗ് സെന്ററുകള്‍ സി.പി.എം. നിയന്ത്രണത്തിലാക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാര്‍. 222 കടലോര ഗ്രാമങ്ങളിലായി 346 ഫിഷറീസ് സഹകരണ സംഘങ്ങളെ ഇതിനായി സര്‍ക്കാര്‍ സഹായമായ 'കോംപ്ലാന്‍' കൊടുത്ത് പോഷിപ്പിക്കും. ഇവിടെ മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കാത്ത ദുരവസ്ഥ എന്താണെന്നോ? 18,000 പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളില്‍ നാലിലൊന്നുപോലും ഈ സഹകരണ സംഘങ്ങളുടെ സഹായംകൊണ്ട് വാങ്ങിയതല്ല. എന്നിട്ടും 5 ശതമാനം ലേലക്കമ്മീഷനില്‍ ഒരു ശതമാനം ഈ സംഘങ്ങള്‍ക്ക് കിട്ടും. നാലില്‍ ഒന്നുപോലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത സി.പി.എം.ന്റെ പരോക്ഷ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ 150 കോടി രൂപയാണ് നല്‍കാന്‍ പോകുന്നത്. ഇന്ധനം, വളം, എഞ്ചിന്‍ എന്നിവയ്‌ക്കെല്ലാം 18 ശതമാനമാണ് ജി.എസ്.ടി. ഒരു കിലോഗ്രാം അരി ഉല്‍പ്പാദിപ്പിക്കാന്‍ 22 രൂപ മുതല്‍ 30 രൂപവരെ പല തലങ്ങളിലായി ഭരണകൂടങ്ങള്‍ സബ്‌സിഡി നല്‍കുമ്പോള്‍ കടലിന്റെ മക്കള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഓരോന്നായി കുറച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ മാത്രമുള്ളത് കേരളത്തില്‍ 2 ലക്ഷം കുടുംബങ്ങളാണ്. വ്യക്തികളുടെ കണക്കില്‍ 10 ലക്ഷം പേര്‍. ഇവരുടെ നിലവിളി കേള്‍ക്കാതെപോകുമ്പോള്‍, ആ ജനത കടലാകും; കടലിരമ്പമാകും. അതിനെ ചെറുക്കാന്‍ പാര്‍ട്ടിയും പൊലീസും മതിയാകുമെന്ന് കരുതരുത്.

പുരപണിതാല്‍ തീരം തകരും, വന്‍പദ്ധതികള്‍ ഡബിള്‍ ഓകെ!

കടല്‍ത്തീരം സംബന്ധിച്ച് 1991, 2011, 2019 തുടങ്ങിയ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ വിജ്ഞാപനങ്ങളിറങ്ങിയിട്ടും, ഇപ്പോഴും തീരപരിപാലന നിയമം പൂര്‍ണരൂപത്തിലാകാത്തത് എന്തുകൊണ്ട് ? തിരുവനന്തപുരം ജില്ലയില്‍ 31-ലും കൊല്ലത്ത് 19-ലും കോട്ടയത്ത് 22-ലും പത്തനംതിട്ടയില്‍ മൂന്നിടത്തും ആലപ്പുഴയില്‍ 31-ലും ഇടുക്കിയില്‍ മൂന്നിടത്തും എറണാകുളത്ത് 43-ലും തൃശൂരില്‍ 69-ലും പാലക്കാട് 19-ലും മലപ്പുറത്ത് 20-ലും വയനാട്ടില്‍ 17-ലും കോഴിക്കോട്ട് 52-ലും കണ്ണൂരില്‍ 45-ലും കാസറഗോഡ് 15-ലും പഞ്ചായത്തുകളിലെ ജനങ്ങള്‍ തീരപരിപാലന നിയമത്തിലെ അവ്യക്തതയും അപാകതയും മൂലം ഒരു കൂരവയ്ക്കാന്‍പോലും കഴിയാതെ വലയുന്നത് സര്‍ക്കാര്‍ ഇനിയെങ്കിലും കാണാതെ പോകരുത്.

മോദി സര്‍ക്കാരിന്റെ 'സാഗര്‍മാല' പദ്ധതിയില്‍ തുറമുഖങ്ങള്‍ക്കു പുറമേ തീരദേശങ്ങളില്‍ നിര്‍മ്മിക്കാന്‍ പോകുന്നത് 609 കൂറ്റന്‍ കെട്ടിട സമുച്ചയങ്ങളാണ്. കൂടാതെ 14 കോസ്റ്റല്‍ ഡെവലപ്‌മെന്റ് സോണുകള്‍, 12 കോസ്റ്റല്‍ ടൂറിസ്റ്റ് സര്‍ക്യൂട്ടുകള്‍ എന്നിവ കൂടാതെ 2000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മ്മിതിയും ഈ പദ്ധതിയില്‍ ഉള്‍പ്പെടും. കടല്‍ത്തീരവും കായലോരവും പുഴയോരവും സംരക്ഷിക്കാനല്ല, കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ഒരുങ്ങുന്നതെന്ന് തീര്‍ച്ച. തീരദേശവാസികള്‍ ഒരു കുടില്‍ കെട്ടിയാല്‍ 'തീരദേശം' ഇടിഞ്ഞുപോകുമെന്നു കരുതുന്നവര്‍ വന്‍കിട പദ്ധതികള്‍ക്ക് തീരം കവരാന്‍ ചൂട്ടുകാണിച്ചുകൊടുക്കുകയാണ്. ഒരു കാര്യം പറയാം: കലിതുള്ളുന്ന കടല്‍ കണ്ടിട്ടും പേടിക്കാത്തവരെ ടാങ്കുകളില്‍നിന്ന് ചീറ്റിത്തെറിപ്പിക്കുന്ന 'ഇച്ചിച്ചീ' വെള്ളംകൊണ്ട് വിരട്ടാമെന്നു കരുതുന്നത് ഭരണകക്ഷിയുടെ ഏത് 'അളിഞ്ഞ' അടവുനയത്തിലാണ് പെടുക?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org