ആശ്വസിപ്പിച്ചില്ലെങ്കിലും ജനത്തെ ഇങ്ങനെ ചവിട്ടിക്കൂട്ടുന്നതെന്തിന്?

ആശ്വസിപ്പിച്ചില്ലെങ്കിലും ജനത്തെ ഇങ്ങനെ ചവിട്ടിക്കൂട്ടുന്നതെന്തിന്?

വൈദ്യുതി ബോര്‍ഡ് ചിലര്‍ക്ക് വെള്ളാനയല്ല, തങ്കപ്പെട്ട ഗജവീരനാണ്. എപ്പോഴും കാശുകുലുക്കിയെത്തിക്കുന്ന കരിവീരന്‍. ജനത്തിനോ നിരക്കുവര്‍ദ്ധനയുടെ കൊമ്പുകുലുക്കി നാടിളക്കിവരുന്ന നാട്ടാന. വൈദ്യുതിനിരക്ക് വര്‍ദ്ധനയും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കലുമെല്ലാം തത്ക്കാലം മാറ്റിവയ്ക്കരുതോ സര്‍ക്കാരെ?

ഏതെല്ലാം മാര്‍ഗ്ഗത്തിലൂടെ ജനങ്ങളുടെ ദുരിതം കുറയ്ക്കാന്‍ കഴിയുമെന്ന് ചിന്തിക്കുന്നവരാണ് നല്ല ഭരണകര്‍ത്താക്കള്‍. മാത്രമല്ല, വരാന്‍ പോകുന്ന ദുരിതങ്ങള്‍ ജനങ്ങളെ ബാധിക്കാതെ തടയണകള്‍ നിര്‍മ്മിക്കുകയെന്നതും ഒരു നല്ല ഭരണകൂടത്തിന്റെ കടമയും കര്‍ത്തവ്യവുമാണ്.

ഇന്ധനവില നിരക്ക്, ഈ പംക്തി അച്ചടിച്ച് നിങ്ങളുടെ കൈകളിലെത്തുമ്പോള്‍ എവിടെയായിരിക്കുമെന്ന് ചിന്തിക്കുന്നതുേപാലും സാധാരണക്കാരുടെ തല കറങ്ങാനിടയാക്കുമെന്ന കാര്യം ഉറപ്പ്. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ കോവിഡാനന്തരനാളുകളില്‍ ജനത്തിന്റെ മേല്‍ അധികഭാരം വച്ചുകൊടുക്കുന്നതില്‍ മത്സരിക്കുകയാണ്.

നമുക്ക് സംസ്ഥാന സര്‍ക്കാരിനെക്കുറിച്ച് ചിന്തിക്കാം. സിപിഎംന്റെ സംസ്ഥാന സമ്മേളനം കഴിഞ്ഞതോടെ, പാര്‍ട്ടി സെക്രട്ടറി പ്രഖ്യാപിച്ചതിന്റെ രത്‌നച്ചുരുക്കം ഇതാണ്: ഞങ്ങള്‍ അടുത്ത കാല്‍നൂറ്റാണ്ട് കൂടി ഭരണത്തിലുണ്ടാകും. അധികാരത്തിലൂടെ പണമുണ്ടാക്കും, ആ പണം കൊണ്ട് അധികാരം നിലനിര്‍ത്താനുള്ള എല്ലാ അടവുകളും പയറ്റുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പാര്‍ട്ടി നേതാക്കള്‍ക്ക്, പാര്‍ട്ടിയിലെ കീഴാപ്പീസര്‍മാര്‍ക്ക് വരെ ശമ്പളം നല്കുമെന്ന തീരുമാനവും എറണാകുളം സമ്മേളനത്തിലുണ്ടായി. അതെല്ലാം പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമെന്ന് ഒരു വാദത്തിനങ്ങ് സമ്മതിക്കാം. പക്ഷെ, കാര്യങ്ങള്‍ ഇഴകീറി പരിശോധിക്കുമ്പോള്‍, ചില അപസ്വരങ്ങള്‍ കേള്‍ക്കുന്നില്ലേ?

തെളിവുണ്ട് മാഷേ, പറയാം

ഭരിക്കുന്ന പാര്‍ട്ടികള്‍ ഇപ്പോള്‍ ബക്കറ്റ് പിരിവെല്ലാം നടത്തുന്നത് പേരിനു മാത്രമാണ്. കരാറുകളിലൂെട കരകവിഞ്ഞൊഴുകുന്ന കൈക്കൂലിപ്പണം പമ്പ് വച്ചടിച്ച് വിദേശത്തോ സ്വദേശത്തോ ശേഖരിക്കാനുള്ള തന്ത്രങ്ങളെല്ലാം മിക്ക രാഷ്ട്രീയ പാര്‍ട്ടികളും പഠിച്ചുകഴിഞ്ഞു. വായനക്കാര്‍ സ്വാഭാവികമായും ഒരു ചോദ്യം ഉന്നയിച്ചേക്കാം. ഈ ആരോപണങ്ങള്‍ക്ക് തെളിവുണ്ടോ? ഉണ്ടല്ലോ, അതാണ് ഇനി പറയാന്‍ പോകുന്നത്.

ഏപ്രില്‍ മുതല്‍ കെ.എസ്.ഇ.ബി. വൈദ്യുതി നിരക്ക് കൂട്ടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രിതന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇതിന് കാരണവും പറഞ്ഞിട്ടുണ്ട്. കേരളം പവര്‍കട്ടില്ലാതെ പിടിച്ചുനില്‍ക്കുന്നത് അന്യസംസ്ഥാനങ്ങളില്‍നിന്നു വാങ്ങുന്ന വൈദ്യുതി കൊണ്ടാണത്രെ. വെറുതെയല്ല, മന്ത്രി പറഞ്ഞത് കണക്കുകള്‍ ഉദ്ധരിച്ചാണ്. കഴിഞ്ഞവര്‍ഷം കേരളം ഉപയോഗിച്ചത് 25125 മില്യണ്‍ യൂണിറ്റ് വൈദ്യുതിയായിരുന്നു. ഇതില്‍ 18268 മില്യണ്‍ യൂണിറ്റ് വൈദ്യുതിയും പുറത്തുനിന്നു വാങ്ങേണ്ടി വന്നു. ഇതിന് 8680 കോടി രൂപയായി. ഇത്തവണ വൈദ്യുതി വാങ്ങാനുള്ള തുക 9000 കോടി കടക്കുമത്രെ. ഓരോ വര്‍ഷവും വൈദ്യുതിയുടെ ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് വച്ച് വര്‍ദ്ധിക്കുന്നുണ്ട്. രണ്ടാമത്തെ കാര്യം വൈദ്യുതിച്ചാര്‍ജ് കുടിശ്ശിക പിരിഞ്ഞു കിട്ടുന്നില്ലത്രേ. ബോര്‍ഡിന്റെ ഇപ്പോഴത്തെ കുടിശ്ശിക 3200 കോടി രൂപയാണ്. വാട്ടര്‍ അതോറിറ്റിയുടെ കുടിശ്ശിക മാത്രം 2000 കോടി രൂപ വരും. ഒരു കോടി രൂപയും അതിലേറെയും കുടിശ്ശിക വരുത്തിയിട്ടുള്ള 84 സ്വകാര്യ വ്യക്തികള്‍ വേറെയുമുണ്ട്. ഇതെന്താ സാറന്മാര് പിരിച്ചെടുക്കാത്തതെന്നു ചോദി ച്ചാല്‍ അതിനും ബോര്‍ഡിന് മറുപടിയുണ്ട്. കോടതി സ്‌റ്റേയുണ്ട് പലര്‍ക്കും. കെ.എസ്.ഇ.ബി. ശമ്പളം നല്കി നിയമിച്ചിരിക്കുന്ന ചില അഭിഭാഷകര്‍ സ്റ്റേ നീട്ടിക്കിട്ടാന്‍ പല കുടിശ്ശികക്കാര്‍ക്കും കൂടപിടിച്ചു കൊടുക്കുന്നുണ്ടെന്ന പരാതിയുമുണ്ട്. സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശിക തവണകളായെങ്കിലും വാങ്ങിയെടുക്കാന്‍ എന്തേ ബോര്‍ഡിലെ ഉന്നതര്‍ താത്പര്യം കാണിക്കാത്തത്?

കള്ളുകച്ചവടം പോലെതന്നെ കറന്റ് കച്ചവടവും!

ഇനി വൈദ്യുതി വാങ്ങുന്ന കരാറുകള്‍ക്ക് പിന്നിലും കള്ളക്കളികളുണ്ട്. അത് സര്‍ക്കാരിനും പാര്‍ട്ടിക്കും ബോര്‍ഡിനുമറിയാം. അതുകൊണ്ട് ഒരു മുന്നണി ഭരിക്കുമ്പോള്‍, പഴയ മുന്നണിയാണ് അധികനിരക്കിന് വൈദ്യുതി വാങ്ങിയതെന്ന് ജനത്തോടു പറയും. ഒരു തമാശ കൂടി പറയാം. ഇപ്പോഴത്തെ സ്‌പോര്‍ട്‌സ് വകുപ്പ് സെക്രട്ടറി എം. ശിവശങ്കര്‍ യു.ഡി.എഫിന്റെ കാലത്ത് ബോര്‍ഡ് ചെയര്‍മാനായിരുന്നു. പ്രതിപക്ഷത്തായിരിക്കെ, ശിവശങ്കറിനെതിരെ ഇടതുമുന്നണി നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പിണറായി മുഖ്യമന്ത്രിയായതോടെ, എം. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി! അപ്പോള്‍, ഇരുമുന്നണികളും പരസ്പരം 'തുപ്പിക്കളിച്ച്' ജനത്തെ മണ്ടന്മാരാക്കുകയല്ലേ.

പണിതീരാത്ത പദ്ധതികള്‍ പാഴാകുന്ന കോടികള്‍

വൈദ്യുതിയുടെ ഉപഭോഗം കൂടുമെന്നിരിക്കെ, ബോര്‍ഡ് എന്തുകൊണ്ട് 128 നിര്‍ദ്ദിഷ്ട ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കാത്തത്? ബോര്‍ഡിന് 8 ചീഫ് എഞ്ചിനീയര്‍മാരുണ്ടായ പഴയകാലം നമുക്ക് മറക്കാം. 22 ചീഫ് എഞ്ചിനീയര്‍മാരും 795 എഞ്ചിനീയര്‍മാരുമുണ്ടായിട്ടും ഇപ്പോള്‍ എന്തുകൊണ്ട് ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നില്ല? കെ.എസ്.ഇ.ബിയിലെ ഈ സാങ്കേതിക വിദഗ്ദ്ധര്‍ക്ക് പണിയറിയാത്തതല്ല. ഓര്‍മ്മിക്കുന്നില്ലേ, വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിച്ച ഒഡീഷയില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വൈദ്യുതി വിതരണം താറുമാറായ നാളുകള്‍ - അന്ന് നമ്മുടെ ഈ എഞ്ചിനീയര്‍മാരാണ് എല്ലാ കുഴപ്പവും പരിഹരിച്ച് വൈദ്യുതിവിതരണം സാധാരണ നിലയിലാക്കിയത്. സ്വകാര്യ കമ്പനികളുടെ സാങ്കേതിക വിദഗ്ദ്ധര്‍ക്ക് വൈദ്യുതി വിതരണത്തകരാര്‍ പരിഹരിക്കാന്‍ കഴിയാതിരിക്കെയാണ് കെ.എസ്.ഇ.ബിയിലെ എഞ്ചിനീയര്‍മാര്‍ അഹോരാത്രം പണിയെടുത്ത് പ്രശ്‌നം പരിഹരിച്ചത്. ഈ മിടുക്കന്മാരായ എഞ്ചിനീയര്‍മാരെ ആരാണ് പിന്നോട്ട് വലിക്കുന്നത്?

കഴിഞ്ഞ ദിവസം സിയാലിന്റെ (നമ്മുടെ നെടുമ്പാശ്ശേരി വിമാനക്കമ്പനി), പയ്യന്നൂരില്‍ ഒരു സോളാര്‍ പ്ലാന്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിന്റെ പരസ്യവും പടവും വാര്‍ത്തയുമെല്ലാം പത്രങ്ങളില്‍ കണ്ടില്ലേ? പയ്യന്നൂരാണ് ഈ പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. മലബാര്‍ മേഖലയില്‍ മാത്രം അണക്കെട്ട് നിര്‍മ്മിക്കേണ്ടതില്ലാത്ത ചെറുകിട വൈദ്യുത നിലയങ്ങള്‍ പണി പൂര്‍ത്തിയാകാതെ കിടക്കുന്നതിനെക്കുറിച്ച് കമാന്നൊരു അക്ഷരം പറയാതെ എന്തുകൊണ്ട് സര്‍ക്കാര്‍ പുതിയ പദ്ധതികളുടെ പിന്നാലെ പോകുന്നു? നിര്‍ദ്ദിഷ്ട പഴശിസാഗര്‍ പദ്ധതിയില്‍ മാത്രമാണ് നിര്‍മ്മാണം പേരിനെങ്കിലും നടന്നുവരുന്നത്. പയ്യാവൂര്‍ പഞ്ചായത്തിലെ വഞ്ചിയം പദ്ധതി 1993-ല്‍ പണി തുടങ്ങി. 20 ശതമാനം പണി കഴിഞ്ഞപ്പോള്‍ അനക്കമില്ലാതായി. പയ്യാവൂര്‍, എരുവേശ്ശിരി പഞ്ചായത്തുകള്‍ക്ക് പൂര്‍ണ്ണമായും വൈദ്യുതിയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയുമായിരുന്ന ഈ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ചിട്ട് 28 വര്‍ഷമായി!

സംഗതി ചൈനയല്ലേ, എന്ത് ഗ്യാരന്റി?

ജലവൈദ്യുതി പദ്ധതികള്‍ ഇങ്ങനെ മുടങ്ങിക്കിടന്നാലേ വൈദ്യുതി പുറത്തുനിന്ന് വാങ്ങാനാവൂ എന്ന് ബോര്‍ഡിലുള്ള ഉന്നതര്‍ക്കറിയാം. അതു മാത്രമല്ല കാര്യമെന്ന് കൂടുതല്‍ ''തുരന്നു നോക്കിയാല്‍'' മനസ്സിലാകും. കെ.എസ്.ഇ.ബിയുടെ നിര്‍മ്മാണം മുടങ്ങിയ നാലു പദ്ധതികള്‍ ചൈനീസ് ബന്ധമുള്ളവയാണ്. 60 മെഗാവാട്ട് ഉത്പ്പാദിപ്പിക്കാവുന്ന പള്ളിവാസലിന്റെ പണി 2007-ല്‍ തുടങ്ങി. 2011-ല്‍ പണി പൂര്‍ത്തിയാകേണ്ടതാണ്. പദ്ധതി ഇതുവരെ വൈകിയത് 11 വര്‍ഷം. രണ്ടാമത്തേത് തൊട്ടിയാര്‍. 40 മെഗാവാട്ട് ശേഷി. 2009-ല്‍ പണി തുടങ്ങി 2013-ല്‍ തീര്‍ക്കണമായിരുന്നു.ലേറ്റായത് 9 വര്‍ഷം. 24 മെഗാവാട്ട് ശേഷിയുള്ള പെരിങ്ങല്‍ക്കൂത്ത് 2014-ല്‍ തുടങ്ങി 2018-ല്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നു. 4 വര്‍ഷം ഇപ്പോള്‍ തന്നെ വൈകി. നാലാമത്തേത് ഭൂതത്താന്‍കെട്ട്. 24 മെഗാവാട്ട് ശേഷി. വൈകിയത് 4 വര്‍ഷം. ഇനിയാണ് ഗുട്ടന്‍സ്. ചിന്നാറും പഴശ്ശിസാഗറും ഒഴികെയുള്ള നാല് പദ്ധതികളില്‍ സ്ഥാപിക്കുന്നത് ചൈനീസ് ടര്‍ബൈനുകളും ജനറേറ്ററുകളുമാണ്. പള്ളിവാസലില്‍ സ്ഥാപിക്കേണ്ട ടര്‍ബൈനുകളും യന്ത്രസാമഗ്രികളും 2010-ല്‍ സൈറ്റിലെത്തി. പദ്ധതി നിര്‍മ്മാണം നീണ്ടുപോയതോടെ ഈ യന്ത്രസാമഗ്രികളുടെ ഗ്യാരന്റി പിരിയഡും 2013-ല്‍ തീര്‍ന്നു. ഇപ്പോള്‍ ഗ്യാരന്റി തീര്‍ന്നുപോയ ഈ യന്ത്രസാമഗ്രികള്‍ക്കു പകരം പുതിയത് വാങ്ങണം. ഇതോടെ നിര്‍മ്മാണച്ചെലവ് 100 കോടിയില്‍നിന്ന് 300 കോടിയാകും. തുരുമ്പെടുത്ത യന്ത്രങ്ങള്‍ക്കു പകരം പുതിയത് വാങ്ങാന്‍ 1000 കോടി രൂപയെങ്കിലും വേണം. ഈ കരാറുകള്‍ 'ഇഷ്ടക്കാര്‍ക്ക്' കൊടുക്കാനുള്ള ചരടുവലികള്‍ ബോര്‍ഡില്‍ ശക്തമാണ്. നമ്മുടെ മന്ത്രി ഇതെല്ലാം അറിയുന്നുണ്ടോ? പാഴായിപ്പോകുന്ന കോടികളും പിരിച്ചെടുക്കാത്ത കുടിശ്ശികകളും യൂണിയന്‍കാര്‍ സ്വയം സൃഷ്ടിക്കുന്ന പ്രൊമോഷനുകളും ശമ്പളവര്‍ദ്ധനയുമെല്ലാം പാവം ജനത്തിനുമേല്‍ അടിച്ചേല്പിക്കാനാണോ നാം മന്ത്രിമാരെ തെരഞ്ഞെടുക്കുന്നത്? ബോര്‍ഡിലെ ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത്? ഇതിലും ഭേദം, കൊച്ചുപിച്ചാത്തിയുമെടുത്ത് നട്ടപ്പാതിരയ്ക്ക് മോഷ്ടിക്കാനിറങ്ങുന്നതല്ലേയെന്ന് ചോദിച്ചാല്‍ ആര് ഉത്തരം നല്കും? ഉത്തരംമുട്ടുമ്പോള്‍ ആ മാന്യവിശ്വാമിത്രന്മാര്‍ ചിരിച്ചേക്കാം. പക്ഷെ, ആ ചിരി മഞ്ഞച്ചതാണെന്നു പറയരുത്. ആ ചിരി ചുവന്നിരിക്കും, നമ്മുടെ ബഹുമാനപ്പെട്ട 'കിഷ്ണന്‍കുട്ടി'മന്ത്രിയാണേല്‍ സത്യം, സത്യം.'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org