
അടുത്തകാലത്തായി മന്ത്രിമാരും മറ്റും വിശേഷിപ്പിക്കുന്ന 'ഒറ്റപ്പെട്ട സംഭവ'മെന്ന ന്യായീകരണങ്ങള്‍ നാം വിശ്വസിക്കേണ്ടതുണ്ടോ? ഓരോ ഒറ്റപ്പെട്ട സംഭവങ്ങളുടെയും, പിന്നാമ്പുറത്ത് ഇരുട്ടിലേക്ക് വീണുപോകുന്ന മനുഷ്യരെ കാണാനോ ആശ്വസിപ്പിക്കാനോ നമ്മുടെ ഭരണകര്‍ത്താക്കള്‍ ശ്രമിക്കുന്നുണ്ടോ?
പഴയ 'വി.എസ്. പനി'യോ മറ്റ് വൈറസുകളുമുണ്ടോ?
ഓരോ ഒറ്റപ്പെട്ട സംഭവങ്ങളും ചില അപ്രിയസത്യങ്ങളുടെ ചമയമണിയുകയാണ് ഇന്ന്. കെ.റെയില്‍ പോലുള്ള വികസനപദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള സാമൂഹികാഘാതത്തെക്കുറിച്ച് പഠിക്കാന്‍ മിന്നല്‍വേഗത്തില്‍ 'പണവും ഏജന്‍സി'യുമെല്ലാം ഏര്‍പ്പെടുത്തിയ ഭരണകൂടം സാധാരണക്കാരായ പൗരന്മാര്‍, കോവിഡാനന്തര കാലഘട്ടത്തില്‍ നേരിടുന്ന ജീവിതദുരിതങ്ങളെപ്പറ്റി ഇനിയും പഠിച്ചുതുടങ്ങിയിട്ടില്ല. അഴിമതിയുടെ അധികം കറപുരളാതിരുന്ന സി.പി.എം. ഇന്ന് പല മാഫിയകളുടെയും സ്വാധീനത്തിലാണെന്നു പരാതികളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനില്‍ അധികാരവും പാര്‍ട്ടി നടത്തിപ്പും കേന്ദ്രീകരിച്ചിരിക്കെ, ആ സമുന്നതനായ നേതാവിന് യഥാര്‍ത്ഥ ജനകീയ പ്രശ്‌നങ്ങള്‍ കാണാനാവാത്തവിധം 'ഇരുമ്പുമറ' തീര്‍ക്കുന്നുണ്ടോ ആരെങ്കിലും? ഉണ്ടെന്ന് ചിന്തിക്കുന്ന 'ഇടതുപക്ഷ സ്‌നേഹികള്‍' ഇന്ന് ഏറെയുണ്ട്. പിണറായിസത്തിനെതിരെ, സംസ്ഥാന വ്യാപകമായി ജനാധിപത്യ രീതിയില്‍ പാര്‍ട്ടിയില്‍തന്നെ പ്രതിരോധനിര ഉയരരുതെന്ന ശാഠ്യം മുഖ്യന്ത്രി പ്രകടിപ്പിച്ചുകഴിഞ്ഞു. ദേശീയ സംസ്ഥാന പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് ഒരുക്കമായുള്ള ജില്ലാ സമ്മേളനങ്ങളില്‍ നേരിട്ട് പങ്കെടുത്ത് പഴയ 'വി.എസ്. പനി'യോ മറ്റെന്തെങ്കിലും പിണറായി വിരുദ്ധ വൈറസുകളോ ഉണ്ടെങ്കില്‍ അവയെ നേരിട്ടുതന്നെ വാക്‌സിനേഷന്‍ നല്കി നിര്‍വീര്യമാക്കുന്നുണ്ട് മുഖ്യമന്ത്രി. മുഖ്യധാരാ പത്രങ്ങളെല്ലാം തന്നെ സര്‍ക്കാര്‍ പരസ്യങ്ങളെ ആശ്രയിക്കുന്ന കാലമാണിത്. പതിവായി പരസ്യങ്ങള്‍ നല്കുന്ന കോര്‍പ്പറേറ്റുകള്‍ പോലും അവരുടെ അജണ്ടയായി 'ഭരണകക്ഷി പ്രീണന'ത്തിന് പത്രങ്ങളെയും ചാനലുകളെയും നിര്‍ബന്ധിക്കുന്നുണ്ടെന്നു പറയുന്നു. പ്രാദേശിക എഡിഷനുകളില്‍ 'ഒതുക്കി' ഭരണവിരുദ്ധ സ്വഭാവമുള്ള വാര്‍ത്തകള്‍ ചുരുട്ടിക്കൂട്ടുന്ന പത്രങ്ങളുടെ 'പതിവ് പരിപാടി' സമൂഹമാധ്യമങ്ങള്‍ ഏതായാലും പൊളിച്ചടുക്കുന്നുണ്ട് പലപ്പോഴും. അതുകൊണ്ടാണ്, ഒരു ചാനല്‍മാധ്യമ പ്രവര്‍ത്തകയായിരുന്ന ആരോഗ്യവകുപ്പ് മന്ത്രിപോലും, മാധ്യമങ്ങള്‍ക്ക് വാര്‍ത്ത കൊടുക്കരുതെന്ന് തന്റെ വകുപ്പിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നല്കിയത്. ഏറെ വിമര്‍ശനമുയര്‍ന്നുവെങ്കിലും 'മന്ത്രിപ്പണി'യുടെ മിനുക്കത്തില്‍ പഴയ മാധ്യമ പ്രവര്‍ത്തക മാധ്യമ സ്വാതന്ത്ര്യമെല്ലാം മറന്നു പോയതും ഒറ്റപ്പെട്ട സംഭവമായിരിക്കാം.
അനന്തുവും ഇര്‍ഫാനും ആത്മഹത്യ ചെയ്യുമ്പോള്‍
ഇനി ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കു പിന്നിലെ തീപ്പുകയ്ക്ക് പിന്നാലെ പോകാം. കേരളപ്പിറവി ദിനത്തില്‍ എറണാകുളം ജില്ലയിലെ കുമ്പളം സ്വദേശിയായ അനന്തുവെന്ന ഇരുപത്തിയഞ്ചു വയസ്സുകാരന്റെ മൃതദേഹം നേവല്‍ബര്‍ത്തിനു സമീപം കണ്ടെത്തി. ലോക്ഡൗണ്‍ മൂലം മരടിലെ ഷോപ്പിംഗ് മാളില്‍ ഉണ്ടായിരുന്ന ജോലി അനന്തുവിന് നഷ്ടപ്പെട്ടിരുന്നതായി വാര്‍ത്തയില്‍ പറയുന്നുണ്ട്. ഇനി രണ്ടാമത്തെ വാര്‍ത്ത. 2021 ഡിസംബര്‍ 17നാണ് പത്രത്തില്‍ ഈ വാര്‍ത്ത വന്നത്. എടയാര്‍ വലിയങ്ങാടി ഷൗക്കത്തിന്റെ ഇരുപത്തിമൂന്നുകാരനായ മുഹമ്മദ് ഇര്‍ഫാന്റെ മൃതദേഹം പെരിയാറില്‍ മണപ്പുറം പാലത്തിനു താഴെ കണ്ടെത്തി. മരണകാരണം ഈ വാര്‍ത്തയിലില്ല.
കുട്ടനാട്ടില്‍ നിന്നൊരു കെട്ടവാര്‍ത്ത
സാഹിത്യകാരനും ഡോക്യുമെന്ററി സംവിധായകനുമായ മങ്കൊമ്പ് ശിവദാസ് (62) വീട്ടില്‍ തൂങ്ങിമരിച്ചതായി 2021 ഡിസംബര്‍ 14-ലെ വാര്‍ത്തയിലുണ്ട്. കോട്ടയം ഏജീസ് ഓഫീസില്‍നിന്ന് റിട്ടയര്‍ ചെയ്ത ശിവദാസ് ആലപ്പഴ മങ്കൊമ്പിലെ സ്വന്തം വീട് വെള്ളക്കെട്ടിലായതോടെ, കഴിഞ്ഞ എട്ടു മാസമായി ചങ്ങനാശ്ശേരി കുറിച്ചിയില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. ഈ വാര്‍ത്തയില്‍ ശിവദാസ് എന്തുകൊണ്ട് മരിച്ചുവെന്നു പറയുന്നില്ലെങ്കിലും സ്വന്തം വീട് എട്ടുമാസമായി വെള്ളം കയറിക്കിടന്നാല്‍ ഒരു കുടുംബനാഥന് എന്തു ചെയ്യാനാകുമെന്ന ചോദ്യമുയരുന്നില്ലേ?
ഇനി 2022-ലെ നവവത്സരദിനത്തില്‍ കൊച്ചിനഗരം സാക്ഷ്യം വഹിച്ച ഒരു കൂട്ടക്കൊലയുടെ വാര്‍ത്ത കേള്‍ക്കൂ. തമിഴ്‌നാട്ടുകാരനായ നാരായണന്‍ എറണാകുളം കടവന്ത്രയില്‍ പൂക്കളുടെ മൊത്തവ്യാപാരം നടത്തിവന്നിരുന്നു. ഭാര്യയെയും രണ്ട് മക്കെളയും കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച നാരായണന്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. കോവിഡ് മൂലമുള്ള സാമ്പത്തിക ബാധ്യതയാണത്രെ നാരായണന്റെ കുടുംബത്തെ ഈ ദുരന്തത്തിലേയ്ക്കു നയിച്ചത്.
മദ്യം വാങ്ങൂ, ദുരിതത്തിലേക്ക് ഒരു ടിക്കറ്റെടുക്കൂ...
മുകളില്‍ വിവരിച്ച സംഭവങ്ങള്‍ ഒറ്റപ്പെട്ടവയാണോ? വായനക്കാര്‍ തീരുമാനിക്കട്ടെ. കോവിഡ് മഹാമാരിക്കാലത്ത്, ആരോഗ്യവും ജീവനും സംരക്ഷിക്കുകയെന്ന തികച്ചും സാങ്കേതികമായ ഉത്തരവാദിത്വമാണോ ഭരണകൂടം നിറവേറ്റേണ്ടത്? ഇനി ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍മൂലം ഉണ്ടാകുന്ന ജീവിതദുരിതങ്ങളിലേക്കു കൂടി നോക്കാം. സര്‍ക്കാരിന്റെ മദ്യനയം തിരുത്തിയേ പറ്റൂ എന്ന മുന്നറിയിപ്പ് നല്കുന്ന എത്രയോ വാര്‍ത്തകളാണ് നാം ഇപ്പോള്‍ വായിക്കുന്നത്. 2021 ഡിസംബര്‍ 15 ലെ വാര്‍ത്തയില്‍ മദ്യപിച്ചു വന്ന് അതിക്രൂരമായി ഭാര്യയെയും മകളെയും മര്‍ദ്ദിക്കുന്ന കുടുംബനാഥനായ ശങ്കര്‍ എന്ന 55 കാരനെ ഭാര്യയും മകളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് പോലീസ് പറയുന്നു. അമിത മദ്യപാനശീലം തകര്‍ക്കുന്ന കുടുംബങ്ങളെക്കുറിച്ച് ഭരണകൂടം മൗനംപാലിച്ചാല്‍ മതിയോ? ശരിയാണ്, 2020-21-ല്‍ മദ്യവില്പനയില്‍ നിന്നുള്ള കേരള സര്‍ക്കാരിന്റെ റവന്യൂ വരുമാനം 11,744 കോടി രൂപയാണ്. 1950-കളില്‍ മദ്യപാനികളുടെ കുറഞ്ഞ പ്രായം 28 ആയിരുന്നു. 80-കളില്‍ 19-ഉം 90-കളില്‍ 17-ഉം നടപ്പുവര്‍ഷത്തില്‍ 10-12 പ്രായക്കാരുമാണ് മദ്യപാനികളെന്ന കാര്യം സര്‍ക്കാരിനറിയില്ലെന്നുണ്ടോ? മദ്യം കഴിക്കുന്നയാള്‍ ഇത്രത്തോളം അക്രമാസക്തനാകുന്നതെന്തുകൊണ്ടെന്ന ചോദ്യത്തിന് മദ്യനിരോധന സമിതികള്‍ പോലും അന്വേഷണം നടത്തുന്നില്ല. ഓരോ മദ്യത്തിലും കലക്കിച്ചേര്‍ക്കുന്നതെന്തെന്ന്, സ്വകാര്യലാബുകളില്‍ പരിശോധിച്ചാല്‍ അറിയാവുന്നതേയുള്ളൂ. മദ്യത്തെ മറികടക്കാന്‍ മറ്റ് വിവിധ ലഹരി മാഫിയകള്‍ 'എല്ലാ അടവുകളും' ഇപ്പോള്‍ പയറ്റുന്നുണ്ട്. താമസിയാതെ സര്‍ക്കാരിന്റെ ഔദ്യോഗിക മദ്യവിപണനത്തെ മറികടന്ന് മയക്കുമരുന്നുകളും രാസലഹരികളും മാര്‍ക്കറ്റ് പിടിച്ചടക്കാം, വീടുകളിലേക്കുള്ള ഓണ്‍ലൈന്‍ വിപണന ശൃംഖലകള്‍ പോലും ഇതിനായി കുരുട്ടുബുദ്ധിയുള്ള മാഫിയകള്‍ പ്രയോജനപ്പെടുത്തിയെന്നും വരാം.
സാമൂഹികദുരന്തങ്ങളുടെ ആദ്യതീപ്പൊരികള്‍
സര്‍ക്കാരേ, ഇനിയെങ്കിലും ഒരു കാര്യം ഓര്‍മ്മിക്കൂ. ഇപ്പോള്‍ നടക്കുന്ന ആത്മഹത്യകള്‍, കൊലപാതകങ്ങള്‍, ഗുണ്ടാ ആക്രമണങ്ങള്‍ ഒന്നും ഒറ്റപ്പെട്ടതല്ല. അവയെല്ലാം തന്നെ സമൂഹത്തില്‍ പടരാവുന്ന വന്‍സാമൂഹികദുരന്തങ്ങളുടെ ആദ്യതീപ്പൊരികളാണ്. പണംകൊണ്ട് പാര്‍ട്ടിയും സമുദായങ്ങളും പ്രസ്ഥാനങ്ങളും എക്കാലവും സുരക്ഷിതമായിരിക്കുമെന്ന 'നിര്‍ഗുണമായ' കാഴ്ചപ്പാടുകള്‍ കോവിഡാനന്തരകാലത്ത് തിരുത്തിയേപറ്റൂ. എങ്ങനെയെങ്കിലും പണമുണ്ടാക്കി ഭരിച്ചാല്‍ മതിയെന്നു കരുതുന്ന ഭരണകൂടവും പാര്‍ട്ടികളും, പ്രസ്ഥാനങ്ങളും സാധാരണക്കാരായ ജനങ്ങള്‍ അനുഭവിക്കുന്ന ദുരന്തങ്ങളുടെ 'മിന്നല്‍ പ്രളയ'ത്തില്‍ തകര്‍ന്നുപോകാം. അതുകൊണ്ട്, ഓരോ കുടുംബങ്ങളും തീരാദുരിതങ്ങളില്‍ ഒഴുകിപ്പോകാതെ തടയണകള്‍ നിര്‍മ്മിക്കുകയെന്നതാകട്ടെ, കേരളീയരുടെ പുതുവത്സര പ്രതിജ്ഞ.
തൊഴിലില്ലായ്മ എന്ന അതിഭീകരമായ സാമൂഹിക ദുരന്തത്തിന് മറുമരുന്നായി നമ്മുടെ സര്‍ക്കാരുകള്‍ കഴിഞ്ഞ 24 വര്‍ഷമായി നല്കി വരുന്ന പ്രതിമാസ നക്കാപ്പിച്ച 120 രൂപയാണ്! അതെ, കൂട്ടരേ ഇതെല്ലാം ഒരു വഴിപാട് മാത്രമാണെന്ന് ഇപ്പോഴെങ്കിലും മനസ്സിലായില്ലേ?