
സഹകരണ പ്രസ്ഥാനത്തിന്റെ നാള്‍വഴികളില്‍ സി പി എം നല്കിയ സംഭാവനകള്‍ക്ക് രത്‌നശോഭയേറെ. ആ തിളക്കം നഷ്ടപ്പെടുത്തിയതാര്? ചിന്തിക്കേണ്ടത് പാര്‍ട്ടിക്കാര്‍ തന്നെയാണ്.
ആ പി വി ആരാണ്? ഞാനല്ലെന്ന് പലരും സംശയിക്കുന്ന ഒരാള്‍ പറഞ്ഞു കഴിഞ്ഞു. എന്നാല്‍ കരുവന്നൂര്‍ ബാങ്ക് കൊള്ളയില്‍ ഉള്‍പ്പെട്ട പാര്‍ട്ടിക്കാരും പാര്‍ട്ടി അനുഭാവികളും ഇനീഷ്യലുകളൊന്നും ഉപയോഗിക്കാതെ മുഴുവന്‍ പേരും വെളിപ്പെടുത്തിക്കൊണ്ടാണ് 'കൃത്യം' നടത്തിയതെന്ന് മാധ്യമങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ 'പ്രതികളെ' ക്രൈംബ്രാ ഞ്ച് പിടിച്ച് തുറുങ്കിലടച്ചുകൊണ്ടിരിക്കേ, ഇ ഡി ഇടപെട്ട് എല്ലാം കുളമാക്കിയെന്ന് ഞായറാഴ്ചത്തെ അന്തിച്ചര്‍ച്ചയില്‍ ഒരു സി പി എം നേതാവ് അവകാശപ്പെടുന്നതു കേട്ടു. ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത് രണ്ട് മാസത്തോളം വിയ്യൂര്‍ ജയിലില്‍ അടച്ചത് 2 വീട്ടമ്മമാര്‍ ഉള്‍പ്പെട്ട പ്രതികളെയായിരുന്നു. ബാങ്ക് സെക്രട്ടറിയോ പാര്‍ട്ടി നേ താവോ പറയുന്നിടത്ത് ഒപ്പിട്ടുവെന്നതല്ലാതെ ഈ പാവങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അവര്‍ ചാനലുകളില്‍ തന്നെ ഏറ്റു പറയുന്നത് പൊതുസമൂഹം കേട്ടതാണ്. എന്നിട്ടും നാവിന് എല്ലില്ലാതെ ഇങ്ങനെ പറയുന്നത് രാഷ്ട്രീയ പാപ്പരത്തമല്ലേ?
ഒറ്റുകൊടുക്കുമോ? പാര്‍ട്ടിക്ക് സംശയം
നിക്ഷേപമെല്ലാം നഷ്ടപ്പെട്ട് അടിമുടി പുകഞ്ഞ് നില്ക്കുന്ന പാര്‍ട്ടിയണികളോട് മുഖ്യമന്ത്രി പറയുന്നത് അവരുടെ ചില്ലിക്കാശുപോലും നഷ്ടപ്പെടില്ലെന്നാണ്. പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍മാഷ് തൃശൂരില്‍ പറഞ്ഞത് പാര്‍ട്ടി വലിയ പ്രതിസന്ധിയിലാണെന്നും ഈ സന്ദര്‍ഭം നോക്കി പാര്‍ട്ടിയെ അണികള്‍ തന്നെ ഒറ്റുകൊടുക്കല്ലേ എന്നുമാണ്!
മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരും വേട്ടയാടുകയാണെ ന്ന പതിവ് 'കുട്ടിസ്റ്റോറി' (മാസ്റ്റര്‍ എന്ന സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ വിജയ്‌ന്റെ പാട്ടിനോട് കടപ്പാട്) ഇപ്പോള്‍ പൊതുസമൂഹം വിശ്വസിക്കുമോ? പഴയ തലമുറയില്‍പ്പെട്ട സി പി എം നേതാക്കള്‍ പാര്‍ട്ടിക്കാരെല്ലാം ഇപ്പോള്‍ പാര്‍ട്ടിപത്രം മാത്രം വായിച്ച് വളരുകയല്ല, വിളറുകയാണെന്ന കാര്യം മറന്നു കളയുന്നതെന്ത്? ന്യൂജെന്‍ തലമുറയില്‍ പെട്ട പല യുവനേതാക്കളും പാര്‍ട്ടി വളര്‍ത്താനല്ല, പാര്‍ട്ടി വഴി എന്തു നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് ചിന്തിക്കുന്നവരായി മാറിയെന്നതല്ലേ സത്യം? ഇന്ത്യയിലെ ജനാധിപത്യത്തിന്റെ കാവല്‍നിരയിലും സഹകരണ പ്രസ്ഥാനത്തി ന്റെ നാള്‍ വഴികളിലും ഇടതുകക്ഷികള്‍ നല്കിയ എല്ലാ സംഭാവനകളും കാറ്റില്‍ പറത്താന്‍ ശ്രമിക്കുന്നവരെ എന്തിന് പാര്‍ട്ടി നേതാക്കള്‍ പൊതിഞ്ഞു പിടിക്കണം?
ഒറ്റ്, കൊത്ത്, കണ്ണൂര്‍ സ്‌ക്വാഡ്... ക്ലൂ തരുന്ന സിനിമാപ്പേരുകള്‍
ഒറ്റ്, കൊത്ത്, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങിയ സിനിമാപ്പേരുകള്‍ പോലും 'അത് ഞങ്ങളെ തന്നെ ഉദ്ദേശിച്ചല്ലേ' എന്ന് സി പി എം നേതാക്കള്‍ സംശയിക്കുന്നു. 'കണ്ണൂര്‍ സ്‌ക്വാഡ്' എന്ന സിനിമയുടെ നിര്‍മ്മാതാവാകട്ടെ കൈരളി ടി വി യുടെ ചെയര്‍മാനായ മമ്മൂട്ടിയാണ്. വാടകയ്‌ക്കെടുത്ത സൈബര്‍ തൊഴിലാളികള്‍ക്കു പോലും ന്യായീകരിക്കാന്‍ കഴിയാത്തവിധം സി പി എം ഗുരുതരാവസ്ഥയിലാണെന്ന് ഗോവിന്ദന്‍ മാഷിന്റെ ഇപ്പോഴത്തെ ശരീരഭാഷ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 2011-ല്‍ കരുവന്നൂര്‍ ബാങ്കിലെ തിരിമറികളെപ്പറ്റി സി പി എം ജില്ലാ നേതൃത്വത്തിനു പരാതി കിട്ടിയെങ്കിലും, അതൊന്നും പിന്നീടുള്ള നാളുകളില്‍ പാര്‍ട്ടി അന്വേഷിക്കാതെ പോയതിന് ആരാണ് കുറ്റക്കാര്‍? നിക്ഷേപകരാണോ? 2015-ല്‍ ചാവക്കാട് സമ്മേളനത്തില്‍വച്ച് വി എസ് പക്ഷത്തായിരുന്ന ഒരു ജില്ലാ നേതാവ് പിണറായി പക്ഷത്തേക്ക് കൂറു മാറിയതുതന്നെ, സഹകരണ മേഖലയില്‍ നടത്തിവന്ന കൊള്ളകള്‍ക്ക് മറയിടാനായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. 2017, 2019 തുടങ്ങിയ വര്‍ഷങ്ങളില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനുകളെ വച്ചുവെങ്കിലും, അതെല്ലാം പ്രഹസനമായി മാറി. പൊലീസ് കേസെടുത്താല്‍ അഴിമതിക്കഥകള്‍ പുറത്തായേക്കാമെന്ന 'തോന്നല്‍' ഉണ്ടായതോടെ 2021 ല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തെടുത്ത് ചില നേതാക്കളെ പാര്‍ട്ടി തരം താഴ്ത്തുകയും ചെയ്തു. സഹകരണ സ്ഥാപനങ്ങളെക്കുറിച്ച് പല വട്ടം സംസ്ഥാന കമ്മിറ്റി മുന്നറിയിപ്പ് നല്കിയിട്ടും, പ്രാദേശിക തലത്തില്‍ അഴിമതിക്കാരെ പിടികൂടാനോ, പുറത്താക്കാ നോ സഹകരണ മേഖല 'ശുദ്ധീകരിക്കാനോ' കഴിയാത്തവിധം പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍നിന്ന് ചിലര്‍ ഇടപെട്ടുവെന്ന് കരുതപ്പെടുന്നുണ്ട്.
പദയാത്രകളെ എന്തിനു പേടിക്കണം
എന്തുകൊണ്ട് പത്തുവര്‍ഷത്തോളം പാര്‍ട്ടിയിലെ ചിലര്‍ വെ ള്ളപൂശി മറച്ചുവച്ച കരുവന്നൂര്‍ വിവാദത്തെ ന്യായീകരിക്കാന്‍ ഗോവിന്ദന്‍മാഷും മറ്റ് നേതാക്ക ളും ഇപ്പോള്‍ ഒരുമ്പെട്ടിറങ്ങുന്നുവെന്ന ചോദ്യത്തിനുള്ള മറുപടി രാഷ്ട്രീയമെന്നു തന്നെയാണ്. ഈ ലേഖനം വായനക്കാരില്‍ എ ത്തുമ്പോഴേക്കും (സെപ്തംബര്‍ 27) തൃശ്ശൂര്‍ എം പി, ടി എന്‍ പ്രതാ പന്‍ കരുവന്നൂരില്‍നിന്ന് കളക്ടറേറ്റിലേക്ക് പദയാത്ര നടത്തിക്കഴിഞ്ഞിരിക്കും. അടുത്തയാഴ്ച (ഒക്‌ടോബര്‍ 2) സുരേഷ് ഗോപി യും ഇതേ റൂട്ടില്‍ കരുവന്നൂര്‍ തട്ടി പ്പ് തുറന്നു കാട്ടാന്‍ പദയാത്ര നടത്തുന്നുണ്ട്. സി പി എം അണികളില്‍ തന്നെയുള്ളവര്‍ തട്ടിപ്പിന് മുന്‍കൈ എടുത്തവരെ ഇ ഡി യുടെ മുമ്പില്‍ ഒറ്റിയെന്ന തിരിച്ചറിവില്‍ പാര്‍ട്ടി സര്‍വശക്തിയും സമാഹരിച്ച് കോണ്‍ഗ്രസിന്റേയും ബി ജെ പി യുടെയും രാഷ്ട്രീയ പ്രചാരണത്തെ പ്രതിരോധിക്കാനിറങ്ങിയിട്ടുണ്ട്. കേന്ദ്രം സഹകരണ മേഖലയെ തകര്‍ക്കാന്‍ ഇ ഡി യെ ഉപകരണമാക്കുന്നു, സു രേഷ് ഗോപിക്ക് തൃശ്ശൂരില്‍ മത്സരിക്കാന്‍ കരുവന്നൂര്‍ തട്ടിപ്പ് ബി ജെ പി കരുവാക്കുന്നു എന്നു തുടങ്ങിയ ആരോപണങ്ങള്‍ ഗോവിന്ദന്‍ മാഷ് ഉയര്‍ത്തുന്നുണ്ടെങ്കി ലും അതൊന്നും വേരുപിടിക്കുമോയെന്ന കാര്യത്തില്‍ സി പി എം ന് പോലും ഉറപ്പില്ല.
ആട്ടിപ്പായിക്കേണ്ടത് മാഫിയ സംഘത്തെ
ഇങ്ങനെ 'പച്ച'യ്ക്ക് രാഷ്ട്രീ യം പറയുന്നത് ഇടതുകക്ഷികളോടുള്ള വിരോധം കൊണ്ടല്ല. ജനാധിപത്യം സംരക്ഷിക്കാന്‍ ബാധ്യതയുള്ള ഇടതുപാര്‍ട്ടികള്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്ന 'ചങ്ങാ ത്ത മുതലാളിത്തം' ഒന്നുകൂടി ചീ ഞ്ഞ് 'മാഫിയാ സൗഹൃദ'ത്തിലേ ക്ക് തലകുത്തിവീണത് ഏറെ ദുഃഖത്തോടെയാണ് റിയല്‍ കമ്മ്യൂ ണിസ്റ്റുകാര്‍ കാണുന്നത്. സാധാരണ ജനങ്ങള്‍ വിശ്വസിച്ച് ആശ്ര യിച്ചിരുന്ന സഹകരണ സാമ്പത്തികസ്ഥാപനങ്ങള്‍ തന്നെ പാവങ്ങളുടെയും ഇടത്തരക്കാരുടെയും ഭാവി തകര്‍ത്തുവെന്നതിന് ചാനലുകളില്‍ ദൃശ്യസാക്ഷ്യങ്ങളേറെയുണ്ട്. തട്ടിപ്പ് നടത്തിയവരുടെ പാര്‍ട്ടിയല്ല നോക്കേണ്ടത്. അവര്‍ ചെയ്ത കൊടുംക്രൂരതയ്ക്ക്, ജന ക്ഷേമത്തിന്റെ കാര്യത്തില്‍ നൂറ്റാണ്ടുകളുടെ ചരിത്രമുള്ള പാര്‍ട്ടികളെ പഴിപറയരുത്. അതിനു പകരം പാര്‍ട്ടിയില്‍ കയറി കുടില്‍ കെട്ടി, പിന്നീടത് കൊട്ടാരമാക്കി മാറ്റിയ മാഫിയകളെയാണ് നില യ്ക്ക് നിര്‍ത്തേണ്ടതും പാര്‍ട്ടിയില്‍ നിന്ന് ആട്ടിപ്പായിക്കേണ്ടതും.
എന്നാല്‍ സി പി എം ലെ യുവനേതാക്കളുടെ നിരയില്‍ പ്രമുഖനായ എം ബി രാജേഷ്, സഹകരണ ബാങ്കുകളിലെ തട്ടിപ്പിനെ പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പുകള്‍ നിരത്തി ന്യായീകരിച്ചത്, ഒരു കാലത്ത് മികച്ച പാര്‍ലിമെന്റേറിയനെന്ന ബഹുമതി നേടിയ നേതാവാണെന്നു പറയാന്‍ പോലും നാണമാകുന്നുണ്ട്. ബി ജെ പി, കോണ്‍ഗ്രസ്, ലീഗ് തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഭരിച്ച ബാങ്കുകളില്‍ പോലും തട്ടിപ്പ് നടന്നുവെന്ന് ഒരു നേതാവ് ചാനലില്‍ ന്യായീകരിക്കുന്നതും നാം കേട്ടു. കരുവന്നൂര്‍ ബാങ്ക് മാത്രമല്ല, തട്ടിപ്പു നടന്ന പട്ടികയിലുള്ളത്. മഹാരാഷ്ട്ര സ്വദേശിയായ ഒരാള്‍ ഒരു ബാങ്കിലെ ചിട്ടികളില്‍ 99 നറുക്കുകള്‍ വരെ ചേര്‍ന്ന കാര്യവും പുറത്തുവന്നിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലേക്ക് താമസം മാറ്റിയ പാര്‍ട്ടിയനുഭാവികളുടെ രാഷ്ട്രീയ ബന്ധം പലരും ചൂണ്ടിക്കാണിച്ചതും ഇപ്പോള്‍ സംശയം ജനിപ്പിക്കുന്നു.
പാര്‍ട്ടി എന്നു പറയുന്നത് ഏ കെ ജി സെന്ററും അവിടെയുള്ള സ്ഥിരം സന്ദര്‍ശകരുമായ നേതാക്കളുമല്ലല്ലോ. പാര്‍ട്ടിക്കു വഴിതെറ്റുന്നുവെന്ന് പറയരുത്. പകരം പാര്‍ട്ടി നേതൃത്വത്തിലുള്ള ചിലര്‍ തെറ്റായ പാതയിലാണെന്നതാണ് ശരി. കുട്ടനാട്ടില്‍ സി പി എം വിട്ട് സി പി ഐ യില്‍ ചേരുന്നവര്‍ കൂടി വരികയാണ്. അവിടെ ഏതാനും ചോട്ടാ നേതാക്കള്‍ പാര്‍ട്ടി വിടുന്നവര്‍ക്കെതിരെ നടത്തുന്ന വെല്ലുവിളി ശൈലിയാണോ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ എക്കാലത്തും അനുകൂലിക്കുന്ന സി പി എം സ്വീകരിക്കേണ്ടത്?
ഒരിക്കല്‍ കൂടി പറയാം: മടിയില്‍ കനമുണ്ടാക്കാന്‍ ഏതു തരത്തിലുള്ള കുംഭകോണവും നടത്താന്‍ മടിയില്ലാത്തവരുടെ ഒരു സംഘം ഇപ്പോള്‍ പാര്‍ട്ടിയുടെ മേല്‍ത്തട്ടിലുണ്ട്. അവരെ ന്യായീകരിച്ചുകൊണ്ട് സി പി എം മുന്നോട്ടു പോകരുത്. ബംഗാളും ത്രിപുരയും നഷ്ടപ്പെട്ട സി പി എം ന് ഇനിയും രാഷ്ട്രീയ നഷ്ടമുണ്ടാകരുത്. കോര്‍പ്പറേറ്റുകളും മാ ഫിയകളും വിഴുങ്ങിയ ഒരു പാര്‍ട്ടിയായി സി പി എം അധഃപതിക്കുമ്പോള്‍, ഒരുപാട് വിയര്‍പ്പൊഴുക്കി ചോരവീഴ്ത്തി ഒരുപറ്റം മനുഷ്യര്‍ കെട്ടിപ്പൊക്കിയ ജനാധിപത്യ സൗധമാണിവര്‍ തകര്‍ത്തു കളയുന്നത്. യഥാര്‍ത്ഥ ഒറ്റുകാരാരാണെന്ന് ഏതായാലും ഇതിനകം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്.