നാദാപുരത്തെ 'കുഞ്ഞിക്കണാരന്റെ' തിരോധാനവും ബാലന്‍ വക്കീലിന്റെ രാഷ്ട്രീയ ന്യായീകരണ ബാലെയും!

നാദാപുരത്തെ 'കുഞ്ഞിക്കണാരന്റെ' തിരോധാനവും ബാലന്‍ വക്കീലിന്റെ രാഷ്ട്രീയ ന്യായീകരണ ബാലെയും!
'ശ്ശെടാ, ഈ കുഞ്ഞിക്കണാരന്‍ എവിടെ പോയി?' നാട്ടുകാര്‍ സംഘടിതമായി ഈ ചോദ്യമുന്നയിച്ചിട്ടും ഒരു തുമ്പും കിട്ടുന്നില്ല. കുഞ്ഞിക്കണാരന്റെ സ്വദേശം നാദാപുരമാണ്. മുന്‍മന്ത്രി അഡ്വ. ഏ കെ ബാലന്റെ സ്വദേശം കൂടിയാണിത്. ഈ കുഞ്ഞിക്കണാരന്റെ കഥയുടെ കോപ്പിറൈറ്റും ബാലന്‍ വക്കീലിനാണ്. ഈയിടെയാണ് കര്‍ഷകത്തൊഴിലാളിയായ കുഞ്ഞിക്കണാരന്‍ ചൈനയില്‍ പോയത്. ഒരു ലക്ഷം രൂപ പോലുമായില്ല ആ യാത്രയ്‌ക്കെന്ന് മുന്‍ മന്ത്രി ബാലന്‍ വക്കീല്‍ പറയുകയുണ്ടായി. അതുകൊണ്ട് കുഞ്ഞിക്കണാരന്‍ 'ഇടതു പുളകിത രാജ്യമായ' ക്യൂബയിലേക്കെങ്ങാനും പോയോ എന്നാണ് നാട്ടുകാരിലെ താത്വികാചാര്യനായ 'ചാരു' ശങ്കരന്‍ സംശയിക്കുന്നത്. ചാരു മഞ്ജുംദാറിനോടുള്ള പിതാവിന്റെ കടുത്ത ആരാധനയുടെ ചുവന്നശേഷിപ്പാണ് ശങ്കരന്റെ പേര് പോലും! ഏതായാലും കുഞ്ഞിക്കണാരന്റെ കഥയുടെ ക്ലൈമാക്‌സ് ഈ ലേഖനത്തിന്റെ ശുഭമെന്ന ലാസ്റ്റ് കാര്‍ഡിനു മുമ്പായി രേഖപ്പെടുത്തിക്കൊള്ളാമെന്ന് ഉറപ്പുതരുന്നു.

ഈ ആമുഖം സി പി എമ്മിന്റെ കേന്ദ്ര സെക്രട്ടറിയേറ്റംഗം ഏ കെ ബാലന്‍ മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് നടത്തിയ വിശദീകരണത്തിന്റെ തുടര്‍ച്ചയായി കണ്ടാല്‍ മതി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ബാലന്‍ മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ഈ വിധത്തില്‍ ന്യായീകരിച്ചത്. സി പി എം നേതാക്കളില്‍ വ്യത്യസ്തനായ ബാലന്‍ ചില വസ്തുതകളോ ന്യായീകരണങ്ങളോ ആണ് വാര്‍ത്താലേഖകരുടെ മുമ്പില്‍ വച്ചത്. പ്രപഞ്ചം സൃഷ്ടിച്ച ദൈവം പോലും ഒരു ദിവസം വിശ്രമിച്ചില്ലേയെന്നായിരുന്നു ബാലന്റെ ആദ്യത്തെ അവകാശവാദം. കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും സംഘടന-ഭരണ രംഗങ്ങളില്‍ താങ്ങാവുന്നതില്‍ അധികം ഭാരമെടുത്ത മുഖ്യമന്ത്രിക്ക് രണ്ടാഴ്ചക്കാലം വിദേശരാജ്യങ്ങളില്‍ പോയി വിശ്രമിക്കാന്‍ അവകാശമില്ലേയെന്ന് ബാലന്‍ ചോദിച്ചു. മുഖ്യമന്ത്രി പോയത് ഒരുപാട് ദൂരത്തേക്കൊന്നുമല്ലെന്നും ഇന്ത്യയുടെ തെക്കേ മുനമ്പായ നിക്കോബാറിലെ കാംപല്‍ബേ ദ്വീപില്‍ നിന്ന് വെറും 60 കിലോമീറ്റര്‍ അകലെയുള്ള ഇന്തോനേഷ്യയിലേക്കാണെന്നും ബാലന്‍ പറഞ്ഞു. 'പിണറായി വിജയാ' എന്ന് നീട്ടി വിളിച്ചാല്‍ കേള്‍ക്കാവുന്ന ദൂരത്താണ് നമ്മുടെ മുഖ്യമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ വിദേശയാത്ര വിവാദമാക്കുന്നവര്‍ മരിച്ചാലും കണ്ണടയില്ലെന്നുള്ള ബാലന്റെ മുട്ടന്‍ പ്‌രാക്ക് വേറെയുമുണ്ട്.

  • ജനമനസ്സ് പുകയുമ്പോള്‍ എന്തിനാണീയാത്ര?

ഇനി നമുക്ക് രാഷ്ട്രീയം വിട്ട് നാട്ടുകാര്യത്തിലേക്ക് കടക്കാം. സോഷ്യല്‍ മീഡിയയില്‍ നമ്മുടെ സംസ്ഥാനത്തെപ്പറ്റി ഉയരുന്ന കുറെ വിലാപങ്ങളുണ്ട്. ഒന്ന്: മെയ് 31 ന് 20000 ത്തോളം സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ വിരമിക്കുകയാണ്. അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ 7000 മുതല്‍ 10000 കോടി രൂപ വരെ വേണം. അതിനായുള്ള തുട്ട് ഇപ്പോള്‍ സര്‍ക്കാരിന്റെ കൈവശമില്ല. റിട്ടയര്‍ ചെയ്യേണ്ടവരെല്ലാം തന്നെ ഈ ആനുകൂല്യങ്ങള്‍ ഒരുമിച്ച് കിട്ടുമ്പോള്‍ പൂര്‍ത്തിയാക്കേണ്ട ചില കാര്യങ്ങളെപ്പറ്റി നേരത്തെ പ്ലാന്‍ ഇട്ടിരിക്കാം. ആ പ്ലാനെല്ലാം തല്‍ക്കാലം തട്ടിന്‍പുറത്തു വച്ചാല്‍ മതിയെന്നു സര്‍ക്കാര്‍ പറയുമോ ആവോ? രണ്ട്: കേരളത്തിലെ ക്രമസമാധാന നില ഭദ്രമല്ല. ഒരാളെ നടുറോഡില്‍ വെട്ടിക്കൊല്ലുന്നത് ചാനലുകളില്‍ കണ്ട് കൂമ്പ് കലങ്ങി നില്‍ക്കുകയാണ് ജനം. ബാറിലുണ്ടായ ഒരു തര്‍ക്കത്തെ തുടര്‍ന്ന് ഇങ്ങനെ 'ലോ ആന്‍ഡ് ഓര്‍ഡര്‍' കൈയിലെടുക്കാന്‍ നാട്ടിലെ ക്രിമിനലുകള്‍ മുതിരുന്നത് ഇതാദ്യമല്ല. കഴിഞ്ഞമാസം ഇങ്ങനെ പരസ്യമായി കൊല്ലപ്പെട്ടത് 6പേരാണ്. അതില്‍ ഒരാളുടെ വെട്ടിയെടുത്ത കാല്‍ പൊലീസ് സ്റ്റേഷന് സമീപം ഉപേക്ഷിക്കാനും കൊലയാളികള്‍ 'ധീരത' കാട്ടിയത് പൊലീസുകാരുടെ നേര്‍ക്കുള്ള കൊഞ്ഞനം കുത്തലായി.

  • കൃഷിവകുപ്പല്ല, ഇത് അനങ്ങാപ്പാറ വകുപ്പ്!

മൂന്ന്: പാലക്കാട്ട് പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് കര്‍ഷകര്‍ കൃഷി ചെയ്ത നെല്ല് കൊയ്ത് കളങ്ങളില്‍ ശേഖരിച്ചിട്ടും സര്‍ക്കാരിന്റെ നെല്ല് സംഭരണം ഇതുവരെ അനങ്ങിത്തുടങ്ങിയിട്ടില്ല. അവസരം മുതലാക്കാന്‍ നോക്കി നില്‍ക്കുന്ന മില്ലുകാരാകട്ടെ നെല്ല് അളക്കുമ്പോള്‍ പതിരിന്റെ പേരില്‍ മൂന്ന് ശതമാനം കുറവ് വരുത്തുന്ന പതിവുണ്ട്. ഈ പതിവു പരിപാടിക്കു പകരം പതിര് പാറ്റിക്കളഞ്ഞതിനുശേഷമേ നെല്ലെടുക്കൂ എന്നാണ് മില്ലുകാരുടെ പുതിയ പിടിവാശി. നഷ്ടമാണെങ്കിലും അതിനും തയ്യാറായി കര്‍ഷകര്‍. അപ്പോഴാകട്ടെ മില്ലുകാര്‍ നെല്ലിന് വില തീരെ താഴ്ത്തിക്കളഞ്ഞു. എപ്പോള്‍ വേണമെങ്കിലും മഴ പെയ്യാമെന്ന അവസ്ഥയാണ് ഇപ്പോള്‍ പാലക്കാട്ടുള്ളത്. മഴപെയ്താല്‍ പിന്നെ ഈര്‍പ്പത്തിന്റെ പേരിലായിരിക്കും മില്ലുകാര്‍ പുതിയ വെട്ടിക്കുറവ് വരുത്തുക. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടേണ്ട കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തികച്ചും ഉദാസീനമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. മില്ലുകാര്‍ പറയുന്ന വിലയ്ക്ക് നെല്ല് കൊടുക്കേണ്ടിവന്നാല്‍ വന്‍ നഷ്ടം നേരിടേണ്ടി വരുമെന്ന് പാലക്കാട്ടെ പാടശേഖരസമിതി നേതാക്കള്‍ പറയുന്നു. അവര്‍ അടുത്ത കൃഷി ഉപേക്ഷിക്കുമെന്ന ഭീഷണിയും ഉയര്‍ത്തിക്കഴിഞ്ഞു. മൃഗങ്ങളുടെ ശല്യം മലയോര ജനതയുടെ ഉറക്കം കെടുത്തിയിട്ട് നാളേറെയായി. പടയപ്പയെ കാട് കടുത്താമെന്നും കടുവയ്ക്ക് കെണിവയ്ക്കാമെന്നുമുള്ള സ്ഥിരം പല്ലവിയാണ് വനംവകുപ്പ് മന്ത്രിയുടേത്. ഇനി കടലോരങ്ങളുടെ കാര്യം. കടുത്ത പട്ടിണി തീരദേശ ജനതയെ വലയ്ക്കുകയാണ്. ഏതെങ്കിലും വിധത്തിലുള്ള ആശ്വാസനടപടി സ്വീകരിക്കേണ്ട ഫിഷറീസ് വകുപ്പ് ഇപ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയത്തിലാണ് ജനം. ഇതിനിടെ ടിപ്പര്‍ ലോറികളും ട്രാന്‍സ്‌പോര്‍ട്ട് ബസുകളും തുടരെത്തുടരെ അപകടങ്ങള്‍ വരുത്തിയിട്ടും മന്ത്രി ഗണേഷ് കുമാര്‍ കാര്യമായ രീതിയില്‍ നടപടിക്ക് മുതിരുന്നില്ല. കാരണം, സി പി എം ന്റെ ഓഫീസിലെ ചിലര്‍ മോട്ടര്‍ വാഹന വകുപ്പിലെ കാര്യങ്ങള്‍ പുറത്തുനിന്ന് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതായി ഗണേഷ് സംശയിക്കുന്നു. ഡ്രൈവിംഗ് ടെസ്റ്റ് പ്രശ്‌നത്തില്‍ സി പി എം പാലം വലിച്ചതായും മന്ത്രി സംശയിക്കുന്നുണ്ട്. ഏറ്റവും ലേറ്റസ്റ്റായ പ്രശ്‌നം മലബാറിലെ പ്ലസ് ടു സീറ്റുകളെ സംബന്ധിച്ചുള്ളതാണ്. ഇതുവരെ സീറ്റുകള്‍ വര്‍ധിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമേകാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

നാടു കത്തുന്നു, ജനം നീറി നീറി കഴിയുന്നു. ഈ ജനത്തെ നോക്കി ചളിവര്‍ത്തമാനം പറയാന്‍ അപാരചങ്കൂറ്റം വേണം. ബാലന്‍ വക്കീലേ, ഇതാ ഞങ്ങള്‍ കാലില്‍ വീഴുന്നു!

  • പരലോകം കണ്ടോ ആ പരാതികള്‍?

ജനങ്ങള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ ഇനിയുമുണ്ട്. അതൊന്നും വിവരിക്കുന്നില്ല. നവകേരള സദസിന്റെ കൗണ്ടറില്‍ ക്യൂ നിന്ന് ജനം എഴുതി നല്‍കിയ പരാതികള്‍ എത്ര പരിഹരിച്ചുവെന്നോ എത്രയെണ്ണം പരിഹരിക്കാന്‍ കഴിയുമെന്നോ ഇനിയും ഔദ്യോഗികമായി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. പടുവൃദ്ധര്‍ക്ക് പെന്‍ഷനും ഭിന്നശേഷിക്കാര്‍ക്ക് നക്കാപ്പിച്ചയായി നല്‍കുന്ന സഹായവും മാസങ്ങളായി നല്‍കാതെ മുഖ്യമന്ത്രിയും കുടുംബവും 'വിനോദിക്കാന്‍' പോയതിനെ എങ്ങനെ ന്യായീകരിക്കും? പ്രതിപക്ഷത്തിന്റെ വായടപ്പിക്കാന്‍ മന്ത്രിമാരുടെയും എം എല്‍ എ മാരുടെയും ശമ്പളവും ആനുകൂല്യങ്ങളും ഇരട്ടിയാക്കി ഉയര്‍ത്തുമെന്നുള്ള ഒരു പത്രറിപ്പോര്‍ട്ട് വായുവില്‍ നിന്നെന്ന പോലെ നമ്പര്‍വണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തതും നാം കണ്ടു. അധ്വാനവര്‍ഗത്തിന്റെ പാര്‍ട്ടിയല്ലേ, ഇതിലപ്പുറവും ചെയ്യാന്‍ അവര്‍ക്ക് ഉളുപ്പില്ലാതായിരിക്കുന്നുവെന്നേ പറയാനാവൂ.

ഇതിനിടെ നവകേരള സദസ്സിനെപ്പറ്റി സി പി എം ഒരു റിവ്യൂ നടത്തിയ കാര്യം പറയാന്‍ മറന്നു. 140 നിയോജക മണ്ഡലങ്ങളിലായി സദസ്സില്‍ പങ്കെടുത്തത് 23 ലക്ഷം പേരാണെന്ന് പാര്‍ട്ടി റിപ്പോര്‍ട്ടിലുണ്ട്. വിലയിരുത്തലുകള്‍ നടത്തി പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ കീഴ്ഘടകങ്ങള്‍ നല്‍കിയ നിര്‍ദ്ദേശം 'യഥാവിധി' നിറവേറ്റപ്പെടുമോയെന്ന കാര്യത്തിലേ എല്ലാവര്‍ക്കും സംശയമുള്ളൂ. ഏതായാലും നവകേരള ബസ് ബാംഗ്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്താനായി കെ എസ് ആര്‍ ടി സിക്ക് നല്‍കിക്കഴിഞ്ഞു. ഇനി അത് 'പറക്കും തളിക' സിനിമയിലെ 'താമരാക്ഷന്‍ പിള്ള' ബസ് ആയി രൂപാന്തരപ്പെടുന്നത് സമീപഭാവിയില്‍ ജനത്തിനു കാണാനായേക്കും.

ഈ ലേഖനത്തിന്റെ അവസാന ഭാഗത്തേക്കായി മാറ്റിവച്ച കുഞ്ഞിക്കണാരന്റെ തിരോധാന കഥയുടെ ക്ലൈമാക്‌സാകട്ടെ ഇനി. ഒരു കട്ടച്ചുവപ്പന്‍ സഖാവായ കുഞ്ഞിക്കണാരന്‍ ബാലന്‍ വക്കീലിന്റെ വാക്ക് വിശ്വസിച്ച് നിക്കോബാറിലെ കാംപല്‍ബേ ദ്വീപിലെത്തി. മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ചാല്‍ കേള്‍ക്കാന്‍ വേണ്ടി പഴയ ഒരു ഉച്ചഭാഷിണിയുടെ പുറം കവറെല്ലാമെടുത്ത് കുഞ്ഞിക്കണാരന്‍ നീട്ടി വിളിച്ചു: പക്ഷേ, മുഖ്യമന്ത്രിയുടെ മറുപടിയൊന്നുമില്ല. കാംപല്‍ബേയില്‍ നിന്ന് 60 കിലോമീറ്ററല്ല 148.5 കിലോമീറ്റര്‍ (80 നോട്ടിക്കല്‍ മൈല്‍) ദൂരമാണ് ഇന്തോനേഷ്യയിലേക്കുള്ളതെന്ന് ഗൂഗിള്‍ മദാമ്മ വിശദീകരിച്ചതു കേട്ട് കുഞ്ഞിക്കണാരന്‍ നാദാപുരത്തേക്ക് മടങ്ങി. ഒടുവില്‍ നാട്ടിലെത്തിയ സഖാവ് കുഞ്ഞിക്കണാരന്‍ നേതാവിനോടുള്ള ഭക്തിമൂത്ത് 'നന്ദനം' സിനിമയിലെ നായിക നവ്യനായരുടെ കഥാപാത്രമായ ബാലാമണി പറഞ്ഞതുപോലെ ഫേസ്ബുക്കില്‍ ഒരു കമന്റിട്ടു: 'ഞാന്‍ കേട്ടു, സഖാവിന്റെ ശബ്ദം. ഞാനേ കേട്ടുള്ളൂ!'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org