
ആന്റണി ചടയംമുറി
മാതാപിതാക്കള്‍ തന്തവൈബും തള്ളവൈബും, അതല്ലെങ്കില്‍ ഓള്‍ഡ് സ്‌കൂള്‍. രാത്രിയും ഉണര്‍ന്നിരിക്കുന്ന പാശ്ചാത്യരാജ്യങ്ങളിലേക്ക് കണ്ണയച്ച് ചാറ്റ് ചെയ്ത് ജീവിക്കുന്ന ന്യൂജെന്‍ യുവത്വം. അവര്‍ എഴുന്നേല്‍ക്കുമ്പോള്‍ ഉച്ചയോടടുക്കും, പ്രഭാതഭക്ഷണമില്ല. ഉച്ചയ്‌ക്കെഴുന്നേറ്റ് കിട്ടുന്നതെല്ലാം കൊണ്ട് വയര്‍ നിറയ്ക്കും. നാട്ടിലെ പട്ടാപ്പകല്‍ ന്യൂജെന്‍ പിള്ളേര്‍ക്ക് കട്ടനൈറ്റാണ്. അതെ, കേരളീയ കുടുംബങ്ങള്‍ അടിമുടി മാറുകയാണ്. തന്ത-തള്ള വൈബുമാര്‍ തലയില്‍ കൈവച്ച് അലറിക്കരഞ്ഞാലും മക്കളും പേരക്കിടാങ്ങളും മൈന്‍ഡ് ചെയ്യാത്തവിധം നമ്മുടെ കുടുംബങ്ങള്‍ക്ക് സംഭവിച്ചിട്ടുള്ള വഴിത്തെറ്റുകള്‍ ശരിയാക്കാനും, കുടുംബജീവിതത്തിലേക്ക് സ്‌നേഹം വിളക്കിച്ചേര്‍ക്കാനുമുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കേണ്ടതുണ്ട്.
മുന്നറിയിപ്പുകള്‍ക്ക് പുല്ലുവില
ഒരു സമൂഹത്തിന്റെ കാലഗതി വിശകലനം ചെയ്യുന്നതിലും ആവശ്യമായ മാറ്റങ്ങളിലേക്ക് പുതുതലമുറയെ തോളത്ത് കൈയിട്ട് കൂടെ നടത്തുന്നതിലും നമുക്ക് പിഴവ് പറ്റിയെന്നതിന് കണക്കുകള്‍ തന്നെ തെളിവ്. 2019-ല്‍ ചില അപകട സിഗ്നലുകള്‍ നാം സമൂഹത്തില്‍ കണ്ടിരുന്നു. സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ സര്‍വേയില്‍ 11,72,443 കുട്ടികള്‍ വീടുകളില്‍ പോലും ആ നാളുകളില്‍ സുരക്ഷിതരല്ലെന്ന് കണ്ടെത്തുകയുണ്ടായി. 2018-ല്‍ സംസ്ഥാനത്ത് മദ്യപാനാസക്തി 39 ശതമാനം വര്‍ധിച്ചുവെന്നും 3% സ്ത്രീകള്‍ കൂടി ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയെന്നും ഇതേ സര്‍വേയിലുണ്ട്. 2019-ല്‍ ആത്മഹത്യയില്‍ ഏഴാം സ്ഥാനത്തായിരുന്നു കേരളം. ഒന്നോ രണ്ടോ കുട്ടികള്‍ വീടുകളിലോ മറ്റിടങ്ങളില്‍വച്ചോ മാനസികമായും ശാരീരികമായും ദിവസേന പീഡിപ്പിക്കപ്പെടുന്നതായും ഇതേ കണക്കുകളിലുണ്ട്. എന്നാല്‍ ഈ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി സമൂഹത്തിലെ മാനസികാരോഗ്യ രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഭരണകര്‍ത്താക്കള്‍ മടിച്ചു. ഇപ്പോള്‍ ആ നിസ്സംഗതയുടെ ദൂഷ്യഫലങ്ങള്‍ സമൂഹത്തിലേക്കും കുടുംബങ്ങളിലേക്കും വെടിച്ചില്ലുകളായി തറഞ്ഞു കയറുമ്പോള്‍ പൊതുസമൂഹം ഒരു നിലയില്ലാക്കയത്തിന്റെ വിഹ്വലതയിലേക്ക് ആണ്ടുപോവുകയാണ്.
ആത്മഹത്യാകണക്കില്‍ കേരളം മൂന്നാമത്
ആത്മഹത്യാപ്രവണതകള്‍ വര്‍ധിക്കാന്‍ ഭരണകൂടങ്ങളുടെ നിര്‍വികാര സമീപനങ്ങളും കാരണമായിട്ടുണ്ട്. ഒപ്പം മക്കളെ 'പണം കായ്ക്കുന്ന മരങ്ങളായി' വളര്‍ത്താനുള്ള ചില മാതാപിതാക്കളുടെ മനോഭാവങ്ങളും ആത്മഹത്യകളുടെ എണ്ണം കൂടാന്‍ കാരണമായി. പ്രളയം, കോവിഡ് തുടങ്ങിയ ദുരന്തങ്ങള്‍ സമ്മാനിച്ചത് എണ്ണിയാലൊടുങ്ങാത്ത ജീവിതപ്രശ്‌നങ്ങളാണ്. നോട്ട് പിന്‍വലിക്കലിന്റെ ആഘാതത്തില്‍ കാലിടറി നില്‍ക്കവേയാണ് കേരളം പ്രളയത്തെയും കോവിഡിനെയും അഭിമുഖീകരിക്കേണ്ടി വന്നത്, കോവിഡിനുശേഷം 92,000 ഹോട്ടലുകളും 24,000 അറേബ്യന്‍ രുചിക്കടകളും ഷട്ടറിട്ടു. ചെറുകിട ഉല്‍പ്പാദന, കച്ചവട യൂണിറ്റുകള്‍ക്കും പിടിച്ചുനില്‍ക്കാന്‍ കോവിഡാനന്തര നാളുകളില്‍ കഴിഞ്ഞില്ല. ഈ നാളുകളില്‍ ദേശീയ തലത്തില്‍ 3,60,000 ചെറുകിട ഉല്‍പ്പാദന യൂണിറ്റുകള്‍ അടച്ചുപൂട്ടി.
ആത്മഹത്യകളുടെയും വിവാഹമോചനങ്ങളുടെയും നാടാണിപ്പോള്‍ കേരളം. കുടുംബങ്ങളില്‍ കനല്‍ കോരിയിടുന്ന ഈ പ്രശ്‌നങ്ങളിലേക്ക് കണ്ണയയ്ക്കുമ്പോള്‍, സമൂഹത്തിന്റെയും അതുവഴി കുടുംബങ്ങളുടെയും മാനസികാരോഗ്യരംഗത്ത് നാം പുലര്‍ത്തിയ നിസ്സംഗതയെക്കുറിച്ച് ഇനിയെങ്കിലും ചര്‍ച്ച നടക്കേണ്ടതല്ലേ?
കുടുംബങ്ങളുടെ നിത്യനിദാനച്ചെലവുകളും, വിവിധ വായ്പകളുടെ തിരിച്ചടവുകളും ഇതിനകം താളംതെറ്റി. ഒപ്പം ചികിത്സാരംഗത്ത് പല കുടുംബങ്ങളും ചെലവഴിക്കേണ്ടി വന്ന ലക്ഷങ്ങളും കുടുംബങ്ങളില്‍ തീക്കൂനകള്‍ കൂട്ടി. ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരില്‍ നിന്ന് ഒരു കൈസഹായം പോലും ജനങ്ങള്‍ക്ക് കിട്ടിയില്ലെന്നു മാത്രമല്ല, പലപ്പോഴും സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ കുടിശ്ശികയായതും ജനങ്ങളെ വലച്ചു. രോഗചികിത്സയ്ക്കും, മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമെല്ലാമായി സഹകരണബാങ്കുകളില്‍ പണം നിക്ഷേപിച്ചവര്‍ക്കുപോലും കൈപൊള്ളി.
ഇപ്പോള്‍ കേരളം ആത്മഹത്യാ കണക്കില്‍ ദേശീയ തലത്തില്‍ മൂന്നാം സ്ഥാനത്തെത്തിക്കഴിഞ്ഞു. 2019-ലെ ഏഴാം സ്ഥാനത്തുനിന്ന് ഒറ്റക്കുതിപ്പിന് മൂന്നാമതെത്തിയതിന്റെ കാര്യകാരണങ്ങള്‍ തിരക്കാനോ, സാമ്പത്തിക പിന്തുണയും കരുതലും നല്‍കി കുടുംബങ്ങളെ ചേര്‍ത്തുനിര്‍ത്താനോ ഭരണകൂടം തുനിഞ്ഞില്ല. ആത്മഹത്യാകണക്കില്‍ 2021-ല്‍ അഞ്ചാം സ്ഥാനം, '22-ല്‍ നാലാം സ്ഥാനം, '23-ല്‍ ആറാം സ്ഥാനം എന്നിങ്ങനെ നിലകൊണ്ട കേരളം 2024-ല്‍ മൂന്നാം സ്ഥാനത്തെത്തിയതിനെ ക്കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നതുപോലുമില്ല.
വിവിധ കാരണങ്ങളുടെ ഊരാക്കുടുക്കുകള്‍
വീട്, റോഡ്, കാട്, രോഗം, കടം എന്നിങ്ങനെ ആത്മഹത്യയ്ക്കുള്ള കാരണങ്ങളുടെ പശ്ചാത്തലം പലതാണ്. വീട്ടുമുറ്റത്തുനിന്ന് കളിക്കുന്ന കുഞ്ഞിനെ പേപ്പട്ടി കടിച്ചുകീറുമ്പോഴും, കൃഷിയിടങ്ങളില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ തത്രപ്പെടുന്ന കര്‍ഷകനെ വന്യജീവികള്‍ ആക്രമിക്കുമ്പോഴും ആ കുടുംബങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ എങ്ങനെ വിവരിക്കും? റോഡ് ടാക്‌സ് മുന്‍കൂര്‍ അടച്ചും അമിതമായ ടോള്‍ നല്‍കിയും വാഹനമോടിക്കുന്ന മലയാളികള്‍ റോഡുകളില്‍ കൊല്ലപ്പെടുമ്പോഴും പരുക്കേല്‍ക്കുമ്പോഴും ആ കുടുംബം ചികിത്സയ്ക്കായി പരക്കം പായുന്നത് നാം കണ്ടിട്ടില്ലേ?
സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടികളെ വിശ്വസിച്ച് ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും നാട്ടിലെ സഹകരണബാങ്കുകളിലും കുടുതല്‍ പലിശ കിട്ടുന്ന സ്വകാര്യ ബ്ലേഡുകളിലും നിക്ഷേപിച്ച് കുടുങ്ങിയവരെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം ഇന്ന് പഴങ്കഥ.
ആത്മഹത്യാകണക്കിന്റെ ഒരു താളില്‍ രോഗചികിത്സയ്ക്ക് ലക്ഷങ്ങള്‍ മുടക്കേണ്ടി വരുന്നവരുടെ കണക്ക് കൂടി വായിക്കാം: ആരോഗ്യപ്രശ്‌നങ്ങളുടെ പേരില്‍ രാജ്യത്ത് ജീവനൊടുക്കിയവരുടെ ശതമാനക്കണക്ക് 19 ആണ്. കേരളത്തില്‍ ഇത് 21.9 ശതമാനവും (എണ്ണക്കണക്കില്‍ 2405 പേര്‍). സര്‍ക്കാരിന്റെ പി ആര്‍ വില്ലന്മാര്‍ പറഞ്ഞു തരാത്ത മറ്റൊരു കണക്കുണ്ട്, തൊഴിലില്ലാത്തതിന്റെ പേരില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്തത് കേരളത്തിലാണ്! (തലയെണ്ണിയാല്‍ അവരുടെ എണ്ണം 2191). കൂട്ട ആത്മഹത്യകളുടെ കാര്യത്തിലും കേരളം 2024 ല്‍ രണ്ടാമതെത്തി.
ഉണ്ണിയാര്‍ച്ചകളുടെ ദുര്‍ഗതി
ഉണ്ണിയാര്‍ച്ചയുടെ പേരില്‍ അറിയപ്പെടുന്ന കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടിയിട്ടുണ്ട്. 2024-ലെ എന്‍ സി ആര്‍ ബിയുടെ കണക്കില്‍ ഇത്തരം അതിക്രമങ്ങള്‍ വല്ലാതെ വര്‍ധിച്ചതായി പറയുന്നു. കുടുംബങ്ങളുടെ അടിത്തറതന്നെ തകര്‍ക്കുന്ന വിവാഹമോചനക്കേസുകളും കേരളത്തില്‍ കൂടുന്നു. 2025 ജൂണ്‍ വരെ മാത്രം 16732 വിവാഹമോചന കേസുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. പഴയ കേസുകള്‍ 37474. ഇതില്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞത് 16139 എണ്ണം മാത്രമാണ്. ബാലിക മാതാക്കളുടെ എണ്ണത്തിലും കുതിപ്പുണ്ട്. 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളിലെ ഗര്‍ഭധാരണം അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടിയായി. ഈ ആധികാരിക രേഖകള്‍ക്കു പുറത്തായി സമൂഹത്തില്‍ രൂപപ്പെടുന്ന അപകടസൂചനകളെക്കുറിച്ച് കൂടി പറയാം. പാലക്കാട് ജില്ലയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ 2010 നും 2023 നും മധ്യേ ദുരൂഹമായി കാണാതായത് 28 കുട്ടികളെയാണ്. പൊലീസ് രേഖകളില്‍ ആത്മഹത്യയായും മുങ്ങിമരണമായും ഈ കുട്ടികളുടെ തിരോധാനം രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് 4.4 ശതമാനം മാത്രമാണ്. ദേശീയതലത്തിലാകട്ടെ 11.8% ഉം.
കടക്കെണികളുടെ ചങ്ങലക്കിലുക്കങ്ങള്‍
6 മാസം മുമ്പ് റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ മൊത്തം വിദ്യാഭ്യാസ വായ്പ 90,000 ലക്ഷം രൂപയായിരുന്നു. കേരളീയരുടെ വിദ്യാഭ്യാസ വായ്പാവിഹിതം തീര്‍ച്ചയായും മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കൂടുതലായിരിക്കാം. വിദേശ രാജ്യങ്ങളിലെ വിസാ നിയമങ്ങള്‍ മാറി മറിയുമ്പോള്‍, ഞെട്ടിത്തെറിക്കുന്നത് 15 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെ വായ്പയെടുത്ത് മക്കളെ വിദേശ പഠനത്തിനയച്ച മലയാളികളായ മാതാപിതാക്കളാണ്. വീട് വിറ്റ് മക്കളെ വിദേശത്തേക്ക് പഠിക്കാന്‍ അയച്ച് വാടകവീടുകളില്‍ അഭയം തേടിയവര്‍ പോലും ഈ പട്ടികയിലുണ്ട്. പ്രതീക്ഷിക്കാത്ത ഇത്തരം സാമ്പത്തികക്കുഴപ്പങ്ങളെ അതിജീവിക്കാന്‍ ഭരണകൂടങ്ങള്‍ ചെറുവിരലനക്കില്ല. അവര്‍ക്ക് ജനം നേരിടുന്ന ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് അറിയേണ്ടതില്ലല്ലോ. കച്ചവടം നടക്കാത്ത കടകളും, കൂലിപ്പണി പോലും ലഭിക്കാത്ത ജീവിതാവസ്ഥകളും ഈ സമൂഹത്തിന്റെ ഉറക്കം കെടുത്തും, ദേശീയ കണക്കനുസരിച്ച് ദിവസവേതനം ലഭിച്ചിരുന്ന ഒരു കോടി തൊഴിലാളികള്‍ക്ക് ഇപ്പോള്‍ തൊഴില്‍ നഷ്ടമായിട്ടുണ്ട്.
6 മാസം മുമ്പ് റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ മൊത്തം വിദ്യാഭ്യാസ വായ്പ 90,000 ലക്ഷം രൂപയായിരുന്നു. കേരളീയരുടെ വിദ്യാഭ്യാസ വായ്പാവിഹിതം തീര്‍ച്ചയായും മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കൂടുതലായിരിക്കാം. വിദേശ രാജ്യങ്ങളിലെ വിസാ നിയമങ്ങള്‍ മാറി മറിയുമ്പോള്‍, ഞെട്ടിത്തെറിക്കുന്നത് 15 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെ വായ്പയെടുത്ത് മക്കളെ വിദേശ പഠനത്തിനയച്ച മലയാളികളായ മാതാപിതാക്കളാണ്.
ഒട്ടും ശുഭകരമല്ലാത്ത വിധം കുടുംബങ്ങളില്‍ നിന്ന് 'കട്ടപ്പൊക' ഉയരുമ്പോള്‍, വാഴവെട്ടാന്‍ നില്‍ക്കാതെ പുതിയ സാമൂഹിക സാന്ത്വന സമാശ്വാസ പദ്ധതികളെക്കുറിച്ചു ചിന്തിക്കാനും പരിഹാരമുണ്ടാക്കാനും സാമുദായിക, സാംസ്‌കാരിക, രാഷ്ട്രീയസംഘടനകളുടെ കൂട്ടായ്മകള്‍ ഇനിയും വൈകിക്കൂടാ.