
ജനത്തിന് സീന്‍ കോണ്‍ട്രാ ആയിട്ട് കുറെ നാളായി. എല്ലാ നിരക്കുകളും സര്‍ക്കാര്‍ കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഈ പട്ടികയില്‍ ഏറ്റവും അവസാനം എഴുതിച്ചേര്‍ത്തിട്ടുള്ളത് വൈദ്യുതി നിരക്കാണ്. മെട്രോ റെയില്‍ വീടിനു മുമ്പിലൂടെ കടന്നുപോകുന്നതിന്റെ പേരില്‍ കെട്ടിട നികുതി 50 ശതമാനം വര്‍ദ്ധിപ്പിച്ചതായിരുന്നു ഈ നിരയില്‍ ജനത്തിന്റെ ചങ്കില്‍ പൊട്ടിയ മറ്റൊരു കതിനവെടി.
എന്തു നഷ്ടം വന്നാലും ജനത്തിന്റെ നെഞ്ചത്തേയ്‌ക്കോ?
ഭരിക്കുന്നവര്‍ ഏതു ലോകത്താണ് ജീവിക്കുന്നതെന്ന ജനത്തിന്റെ മണ്ടന്‍ ചോദ്യത്തിനു മുമ്പില്‍ വൈദ്യുതി വകുപ്പ് മന്ത്രി 'കിഷണന്‍കുട്ടിച്ചേട്ടന്‍' ഒരു പുഴുങ്ങിയ ചിരി പാസ്സാക്കി നില്‍പ്പാണ്. വൈദ്യുതി നിരക്ക് വര്‍ദ്ധനയെക്കാള്‍ കൂടുതല്‍ പ്രാധാന്യം 'വയനാട്ടി'ലെപ്രശ്‌നങ്ങള്‍ക്കാണെന്നു കരുതുന്ന കോണ്‍ഗ്രസ് പോലും ഭരണപക്ഷം എറിഞ്ഞു കൊടുത്ത 'പൊതിയാത്തേങ്ങ'കള്‍ തട്ടിക്കളിക്കുകയാണ്. നമ്മുടെ വൈദ്യുതി മന്ത്രിയല്ലേ ഇങ്ങനെയൊക്കെ പറയാമോ, അല്പം സംസ്‌ക്കാരം കലര്‍ന്ന ഭാഷയില്‍ സംസാരിച്ചുകൂടേയെന്ന് ചിലര്‍ മനസ്സില്‍ ചോദിക്കാം. അവരോട് ചില കാര്യങ്ങള്‍ തിരിച്ചു ചോദിക്കട്ടെ. എന്തിനാണ് ജനങ്ങള്‍ ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുത്ത് അയയ്ക്കുന്നത്? ജനത്തിന് ഗുണകരമായത് ചെയ്യാനല്ലേ? എന്നിട്ട് ഈ മന്ത്രി ചെയ്തതെന്താണ്? ജനം അടിമുടി പുകഞ്ഞു നില്‍ക്കുമ്പോള്‍ വൈദ്യുതി നിരക്ക് കൂട്ടാനാണോ നാം ഈ 'കര്‍ഷകപ്രതിഭ'യെ നിയമസഭയിലേക്ക് അയച്ചത്? എന്തെല്ലാം കന്നംതിരിവുകളാണ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്? സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും വന്‍കിട സ്വകാര്യ കമ്പനികളുടേയും കുടിശ്ശിക എന്തുകൊണ്ട് ബോര്‍ഡ് പിരിച്ചെടുക്കുന്നില്ല? ഇനിയും പൂര്‍ത്തിയാക്കാത്ത ജലവൈദ്യുത ഉല്പ്പാദന യൂണിറ്റുകള്‍ എത്രയുണ്ട്? ആരാണ് ബോര്‍ഡിന്റെ പണം പാഴാക്കിയത്? ഇറക്കുമതി ചെയ്ത ജനറേറ്ററുകള്‍ പോലും തുരുമ്പെടുത്തുകിടക്കുന്നതിനു കാരണം, കേരളത്തിലെ വൈദ്യുതി ഉപയോക്താക്കളാണോ? എന്തിന് ബോര്‍ഡിലെ ജീവനക്കാര്‍ക്ക് 28 മുതല്‍ 33 ശതമാനം വരെ ശമ്പളം കൂട്ടി? കൂറ്റന്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ ബോര്‍ഡിനോടും ജനത്തോടും പ്രതിബദ്ധത കാണിക്കാത്തതെന്തേ?
ജനങ്ങളുടെ കഴുത്തു ഞെരിച്ചും പണം പിരിക്കലോ?
വൈദ്യുതി വകുപ്പ് 'യൂണിയന്‍ കാര്‍' ഭരിച്ച് കുളമാക്കിയെന്നും, ഇപ്പോള്‍ ബോര്‍ഡ് ലാഭത്തിലാണെന്നുമല്ലേ ഈയിടെ ബോര്‍ഡ് ചെയര്‍മാന്‍ വച്ചുകാച്ചിയത്? ആ ലാഭക്കണക്ക് എവിടെപ്പോയി? ഇനിയും മാധ്യമങ്ങള്‍ വിളിച്ചു പറയാത്ത ഒരു രഹസ്യം കൂടിയുണ്ട്. തുടര്‍ച്ചയായി അഞ്ചുവര്‍ഷം നിരക്ക് കൂട്ടിയാലേ ബോര്‍ഡ് ലാഭത്തിലാക്കാന്‍ കഴിയൂ എന്ന വിചിത്ര വാദമാണിത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ബ്ലേഡ് തുണിക്കച്ചവടക്കാര്‍ ചെയ്യുന്ന ഒരു 'വിദ്യ' ഇവിടെ ബോര്‍ഡിന്റെ അജണ്ടയിലുണ്ട്. അതായത് വൈദ്യുതി വിലവര്‍ദ്ധനയിലൂടെ അഞ്ചുവര്‍ഷം കൊണ്ട് നേടിയെടുക്കേണ്ട ചാര്‍ജ് വര്‍ദ്ധനയുടെ 50 ശതമാനവും ബോര്‍ഡിന്റെ പെട്ടിയില്‍ മുന്‍കൂര്‍ വിഴുന്ന വിധത്തിലാണ് ഇപ്പോഴത്തെ നിരക്ക് വര്‍ദ്ധന, ഒരു യൂണിറ്റിന് 23.92 പൈസ കൂട്ടണമെന്ന ബോര്‍ഡിന്റെ നിര്‍ദ്ദേശം റഗുലേഷന്‍ അതോറിറ്റി 92 പൈസ വേണ്ടെന്നുവച്ച് 23 പൈസയാക്കുകയായിരുന്നു. പഴയ കണക്കനുസരിച്ച് 5 വര്‍ഷം കൊണ്ട് ജനങ്ങള്‍ നല്‌കേണ്ടത് 4145 കോടി രൂപയായിരുന്നു. ഇപ്പോഴത്തെ നിരക്ക് വര്‍ദ്ധനയിലൂടെ ആദ്യവര്‍ഷം തന്നെ ഏകദേശം 2249 കോടി രൂപ ബോര്‍ഡിന് കിട്ടും.
ശമ്പളം കൂട്ടിയത് സര്‍ക്കാരും ബോര്‍ഡും അറിഞ്ഞില്ലെന്ന്!
എന്തുകൊണ്ട് ബോര്‍ഡില്‍ കെടുകാര്യസ്ഥതയുണ്ടായി? ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ ശമ്പളവര്‍ദ്ധനയുടെ കാര്യത്തില്‍ 'കട്ട'യ്ക്ക് നിന്നുവെന്നതാണ് രസകരം. അതങ്ങനെയാണല്ലോ. എന്തെങ്കിലും 'കിട്ടപ്പോരി'ന്റെ കാര്യമാണെങ്കില്‍ കൊടികള്‍ക്ക് ഒരേയൊരു നിറമല്ലേയുള്ളൂ. ബോര്‍ഡില്‍ 4190 ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്കിയത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ്. 1 കോടി 35 ലക്ഷം ഉപയോക്താക്കളുള്ള കെ.എസ്.ഇ.ബിയില്‍ ഇപ്പോള്‍ ഉള്ളത് 33000 ജോലിക്കാരാണ്. ഇക്കഴിഞ്ഞ റിട്ടയര്‍മെന്റിനു മുമ്പുള്ള കണക്കാണിത്. ചാര്‍ജ് കൂട്ടാന്‍ അനുമതി നല്‌കേണ്ടവൈദ്യുതി റഗുലേറ്ററി കമ്മീഷന്‍അറിയാതെ ബോര്‍ഡില്‍ 6000 തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടു. ബോര്‍ഡിന്റെ എം.ഡി. പോലും അറിയാതെ 90 നിയമനങ്ങളും നടത്തി. ഈ നിയമനങ്ങള്‍ പ്രാബല്യത്തിലാക്കാമെന്ന് കോടതിയില്‍ ബോര്‍ഡ് സമ്മതിച്ച കാര്യവും എം.ഡി. അറിഞ്ഞതേയില്ല. സര്‍ക്കാര്‍ അറിയാതെ രണ്ട് ശമ്പള പരിഷ്‌ക്കരണങ്ങള്‍ ബോര്‍ഡില്‍ നടന്നു. ആദ്യത്തെ ശമ്പളക്കരാറനുസിച്ച് ബോര്‍ഡിന് വന്ന അധികച്ചെലവ് 1200 കോടി രൂപ. ദേശീയ തലത്തില്‍ വൈദ്യുതി വിതരണ ചെലവ് യൂണിറ്റിന് 1.71 രൂപയാണെങ്കില്‍ കേരളത്തില്‍ അത് 2.88 രൂപയാണെന്നു കൂടി ഓര്‍മ്മിക്കണം.
ഇടനിലക്കാരായി പാര്‍ട്ടിയും യൂണിയന്‍ നേതാക്കളും?
പുറത്തുനിന്ന് വൈദ്യുതി വാങ്ങലും ലക്കും ലഗാനുമില്ലാത്ത ശമ്പള പരിഷ്‌ക്കരണങ്ങളുമാണ് വൈദ്യുതി ബോര്‍ഡിനെ നഷ്ടത്തിലാക്കിയത്. ഏത് മുന്നണി ഭരിച്ചാലും അവിടെ ഉന്നതങ്ങളില്‍ എക്കാലവും വിരാജിക്കുന്നത് എം. ശിവശങ്കറിനെപോലെയുള്ള ഉദ്യോഗസ്ഥരാണ്. കെ.എസ്.ഇ.ബിയിലെ ചെയര്‍മാന്‍ പദത്തിലിരുന്നാണ് ശിവശങ്കര്‍ ഇരുമുന്നണികളുടെയും പ്രിയങ്കരനായതത്രെ. ആ തസ്തികക്കയറ്റം അദ്ദേഹത്തെ പിണറായിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പദവിയിലെത്തിക്കുയായിരുന്നു. ബോര്‍ഡിന് കിട്ടാനുള്ള കുടിശ്ശിക 2872 കോടി രൂപയാണത്രെ. 2021 നവംബര്‍ 30 വരെയുള്ള കണക്കനുസരിച്ചുള്ള കുടിശ്ശികയാണിത്. 2017-ല്‍ 2100 കോടിയായിരുന്നു ഇത്. 1 കോടി രൂപയ്ക്കുമേല്‍ കുടിശ്ശിക വരുത്തിയ 264 സ്ഥാപനങ്ങളുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ബോര്‍ഡിന്റെ നഷ്ടം 7160.42 കോടിയായിരുന്നു. പത്താം വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്ക് പ്രകാരം 1803.72 കോടിരൂപ നഷ്ടമുള്ള സ്ഥാപനമാണ് കെ.എസ്.ഇ.ബി. 15169.30 കോടി രൂപ വരവും 16973.13 കോടി രൂപ ചെലവുമുള്ള ഒരു സ്ഥാപനമെന്ന് റിപ്പോര്‍ട്ടില്‍ വിശദമാക്കിയിട്ടുണ്ട്. 2019-20-ല്‍ മാത്രം നഷ്ടം വര്‍ദ്ധിച്ചത് 1562.73 കോടിയാണ്. വരുമാനത്തില്‍ 314.79 കോടിയുടെ വര്‍ദ്ധന ഈ കാലയളവിലുണ്ടായി. 2019-20-ല്‍ ബോര്‍ഡ് നല്കി വന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും 3047.48 കോടിയായിരുന്നുവെങ്കില്‍ 2020-21-ല്‍ ഇത് 5153.17 കോടിയായി. അതായത് 2105.62 കോടി ഈ ഇനത്തില്‍ വര്‍ദ്ധിച്ചു. ബോര്‍ഡിന്റെ ഇപ്പോഴത്തെ വരുമാനത്തില്‍ 47 ശതമാനവും വൈ ദ്യുതി വാങ്ങാനാണ് ചെലവഴിക്കുന്നത്. 30 ശതമാനം ശമ്പളം-പെന്‍ ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്കാനും വേണം. 2020-21-ല്‍ വൈദ്യുതി വാങ്ങാന്‍ 8057.93 കോടി രൂപ ചെലവഴിക്കുകയുണ്ടായി. കേരളത്തില്‍ നിര്‍മ്മാണം മുടങ്ങിക്കിടക്കുന്ന ജലവൈദ്യുതി ഉല്പാദന കേന്ദ്രങ്ങളുടെ നിര്‍മ്മാണം എന്തുകൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി മടിക്കുന്നു? വൈദ്യുതി വാങ്ങുമ്പോഴുള്ള കമ്മീഷന്‍ ഭരണകക്ഷികളും യൂണിയന്‍കാരും പങ്കിെട്ടടുക്കുകയാണെന്ന ആരോപണമുണ്ട്. ശരിയാണോ എന്തോ?
കുടിശ്ശിക പിരിക്കല്ലേ, അവര്‍ക്ക് നോവും?
വൈദ്യുതി ബോര്‍ഡ് ശമ്പളം നല്കി നിയമിച്ച ചില അഭിഭാഷകരുടെ അനാസ്ഥയും കുടിശ്ശിക പിരിച്ചെടുക്കാന്‍ തടസ്സമാകുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ കുടിശ്ശിക വരുത്തിയ 1023 കോടിരൂപയില്‍ 200 കോടിക്കുമേല്‍ കോടതിയില്‍ കേസ് ഫയലുകളായി കിടക്കുകയാണിപ്പോഴും. എന്തിന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വരെ നല്കാനുണ്ട് 76.41 കോടി രൂപ. മന്ത്രിയും ബോര്‍ഡും മറുപടി പറയേണ്ട കാര്യങ്ങളാണിത്.
ഇനി കെ.എസ്.ഇ.ബി. കൊണ്ടുവരാന്‍ പോകുന്ന പ്രീപെയ്ഡ് സിസ്റ്റത്തിന്റെ നിയമ വശമെന്താണെന്നു ചിന്തിക്കാം. മുന്‍കൂറായി റോഡ് നികുതി അടച്ചതിനുശേഷം ദേശീയ, സംസ്ഥാന പാതകളിലെ കുഴിക്കെണികളില്‍ വീണ് വലയുന്ന ജനം, ഇനി മുന്‍കൂര്‍ വൈദ്യുതി നിരക്കടച്ച് ഇരുട്ടില്‍ കഴിയേണ്ട അവസ്ഥ വരുമോ? വൈദ്യുതി നിലച്ചാലെന്താ, ഞങ്ങള്‍ക്ക് കിട്ടാനുള്ള കാശ് മുന്‍കൂട്ടി വാങ്ങി പെട്ടിയിലിട്ടില്ലേയെന്ന മട്ടിലുള്ള ജോലിക്കാരുടെ അനാസ്ഥയും പ്രതീക്ഷിക്കാവുന്നതാണ്.
അങ്ങോട്ട് പ്രീപെയ്ഡ്, ഇങ്ങോട്ട് പോസ്റ്റ്-പോസ്റ്റ് പെയ്ഡ്?
സര്‍ക്കാര്‍ നല്കാനുള്ള പണമെല്ലാം പോസ്റ്റ് പെയ്ഡാക്കി ജനത്തെ 'പോസ്റ്റാക്കി' നിര്‍ത്തുകയും ഖജനാവിലെത്താനുള്ള പണം 'പ്രീപെയ്ഡ്' പരുവത്തില്‍ മുന്‍കൂറായി വാങ്ങിയെടുക്കുകയും ചെയ്യുന്ന ഭരണ സംവിധാനത്തെ എങ്ങനെ ന്യായീകരിക്കാനാകും? ഒരു സ്ഥാപനത്തിന്റെ ദൈനംദിന ചെലവില്‍ വലിയൊരു തുക വൈദ്യുതി വാങ്ങാനായി മുന്‍കൂര്‍ അടയ്‌ക്കേണ്ടി വരുമ്പോള്‍, ആ സ്ഥാപനം ഇക്കാലത്ത് നേരിടേണ്ടി വരുന്ന സാമ്പത്തിക ഞെരുക്കത്തെപ്പറ്റി സര്‍ക്കാര്‍ ചിന്തിക്കാത്തതെന്തേ? വൈദ്യുതി നിരക്ക് എസ്.എം.എസ്. ആയി വരുമ്പോള്‍, ഉപയോക്താക്കള്‍ അറിയാന്‍ ആഗ്രഹിക്കുന്ന വിശദാംശങ്ങള്‍ക്ക് കസ്റ്റമര്‍ അക്ഷയയില്‍ കയറി വേറെ പണം മുടക്കണോ? ഇപ്പോഴത്തെ ജീവിതാവസ്ഥയില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സാധാരണക്കാര്‍ ഏറെയുണ്ട്. നിരക്ക് വര്‍ദ്ധനയും പ്രീപെയ്ഡ് സമ്പ്രദായവും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഇടതുമുന്നണിയുടെ ഭരണം അതിക്രൂരമായി ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയാണ്.
ആരാണ് ഭരിക്കുന്നത് ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ?
ജനത്തിന്റെ വോട്ട് വാങ്ങി ജയിച്ചത് രാഷ്ട്രീയ പാര്‍ട്ടികളാണ്. ഉദ്യോസ്ഥരല്ല. അവരെ നിയന്ത്രിക്കേണ്ടത് ഭരണകര്‍ത്താക്കളാണ്.പ്രളയവും കോവിഡും തകര്‍ത്തെറിഞ്ഞ കേരളത്തിലെ വീടുകളില്‍ അന്നന്നുള്ള ആഹാരത്തിനുവേണ്ടി ഉള്ളുരുകുന്ന മനുഷ്യര്‍ ഏറെയുണ്ട്. അവരുടെ നികുതിപ്പണമെടുത്ത് കിയ കാര്‍ണിവല്‍ വാങ്ങിയും അരക്കോടി രൂപ ചെലവാക്കി 'ഗോസ്‌നേഹസോപ്പിടലും' നടത്തുന്ന ഭരണകര്‍ത്താക്കളെ ഇനിയും കയറൂരി വിടാമോ? ജനം ചിന്തിക്കണം, അവിടെയും ഇവിടെയുമായി നടക്കുന്ന 'അസ്വാഭാവിക മരണങ്ങള്‍' ഒരു നാട്ടില്‍ രൂപമെടുക്കുന്ന, ജീവിത ദുരിതങ്ങളുടെ തമോഗര്‍ത്തങ്ങളാണ്. ആ തമോഗര്‍ത്തങ്ങളില്‍ വീണ് മരിക്കുന്നവരുടെ കൊടിയടയാളങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയം നോക്കാതെ അണിനിരക്കുന്ന മഹാഭൂരിപക്ഷത്തിനായി നമുക്ക് വഴിയൊരുക്കണം, അവിടെ ചുവപ്പ് പരവതാനി വേണ്ട, കാരണം, ആ പരവതാനിക്ക് ചുവപ്പ് നിറം വന്നത് പാവങ്ങളുടെ കണ്ണീരും വിയര്‍പ്പും രക്തവും ചാലിച്ചു ചേര്‍ത്തതുകൊണ്ടാണ്. ഭരണകര്‍ത്താക്കള്‍ക്കെതിരെ തിരിയുന്നവരെ അര്‍ബന്‍ നക്‌സലുകളെന്നും രാജ്യദ്രോഹികളെന്നും പിപ്പിടി കാണിച്ച് ഇനിയും പേടിപ്പിക്കരുതേ. ജീവിത ദുരിതമുനമ്പുകളില്‍നിന്ന് ഏതു നിമിഷവും വീണുമരിക്കുമെന്നു കരുതുന്നവര്‍ ഇനി ആരെ ഭയപ്പെടാന്‍?